2017-06-17 12:49:00

ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ പാപ്പായുടെ അനുശോചനം


ലണ്ടനില്‍ ഗ്രെന്‍ഫെല്‍ ടവറില്‍ അനേകരുടെ ജീവന്‍ അപഹരിച്ച അഗ്നിബാധ ദുരന്തത്തില്‍ മാര്‍പ്പാപ്പാ വേദന അറിയിച്ചു.

അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ ഫ്രാന്‍സീസ് പാപ്പാ വേദനിക്കുകയും മരണമടഞ്ഞവരുടെ ആത്മാവിനെ ദൈവത്തിന്‍റെ  കാരുണ്യത്തിന് സമര്‍പ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ഹൃദയംഗമമായ ദു:ഖം അറിയിക്കുകയും ചെയ്യുന്നുവെന്ന് വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതയുടെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ വിന്‍സന്‍റ്  നിക്കോള്‍സിന് വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടയച്ച അനുശോചന സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു.

ഈ ദുരന്തം മൂലം യാതനകളനുഭവിക്കുന്നവര്‍ക്ക് സഹായവുമായെത്തിയ എല്ലാവരെയും പാപ്പാ അഭിനന്ദിക്കുകയും എല്ലാവര്‍ക്കം സമാധാനവും ശക്തിയും ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഈ മാസം 14 നാണ് (14/06/17) ലണ്ടനിലെ 24 നില ഗ്രെന്‍ഫല്‍ ടവറിന് തീപിടിച്ചത്. ആ സമയത്ത് ഈ ബഹുനിലക്കെട്ടിടത്തിലെ 120 ഭവനങ്ങളിലായി 600 ഓളം പേര്‍ ഉണ്ടായിരുന്നു. 30 പേരുടെ മൃതദഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് മെട്രൊപ്പൊലിറ്റന്‍ പോലീസ് മേധാവി സ്റ്റുവര്‍ട്ട് കന്‍റി വെളിപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കാണാതായ 75 പേരെക്കുറിച്ചു യാതൊരു വിവരവും ഇല്ല. അവരെ ജീവനൊടെ കണ്ടെത്താന്‍ സാധ്യതയില്ല എന്നതാണ് അധികാരികളുടെ നിഗമനം.

എലിസബത്ത് രാജ്ഞിയും വില്യം രാജകുമാരനും ഗ്രെന്‍ഫല്‍ ടവറിലെ അന്തേവാസികളെ സന്ദര്‍ശിച്ച് സാന്ത്വനമേകി. ബ്രിട്ടന്‍റെ പ്രധാനമന്ത്രി ശ്രീമതി തെരേസാ മേയ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.








All the contents on this site are copyrighted ©.