സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

ദിവ്യകാരുണ്യം : നിത്യതയുടെ ഔഷധവും മഹത്തായ കൂദാശയും

ജരൂസലേമിലെ അന്ത്യത്താഴശാല - ബൈസന്‍റൈന്‍ ചിത്രീകരണം.

17/06/2017 15:45

യേശുവിന്‍റെ തിരുശരീര രക്തങ്ങളുടെ മഹോത്സവം - വിശുദ്ധ യോഹന്നാന്‍ 6, 51-59

1.  ക്രിസ്തുവിന്‍റെ  അന്ത്യത്താഴശാല    2014-ല്‍ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധനാട്ടിലേയ്ക്കു നടത്തിയ തീര്‍ത്ഥാടനത്തിന്‍റെ പരിസമാപ്തി കുറിച്ചത് ക്രിസ്തുവിന്‍റെ അന്ത്യത്താഴ വിരുന്നുശാലയിലെ സമൂഹ ബലിയര്‍പ്പണത്തോടെയായിരുന്നു. സ്ഥലത്തെ മെത്രാന്‍ സംഘത്തോടൊപ്പമായിരുന്നു ബലിയര്‍പ്പണം. ഈ പുണ്യസ്ഥാനത്തോട് ക്രൈസ്തവര്‍ക്കുള്ള ആത്മബന്ധവും അവകാശവും പാപ്പാ അടിവരയിട്ടു പ്രസ്താവിച്ച ദിവസമായിരുന്നു അത്. ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്കൊപ്പം അവസാന വിരുന്നു നടത്തിയ സ്ഥാനം ഇന്ന് ഇസ്രായേലിന്‍റെ അധീനത്തിലാകയാല്‍ അവിടെ ദിവ്യബലിയര്‍പ്പിക്കുക സാദ്ധ്യമല്ല. യേശു പരിശുദ്ധകുര്‍ബ്ബാന സ്ഥാപിച്ച സെഹിയോണ്‍ ഊട്ടുശാലയില്‍ ബലിയര്‍പ്പിക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്ന സത്യം പാപ്പാ ഖേദപൂര്‍വ്വം ലോകത്തെ അറിയിച്ചു. ഈ വേദി തനിക്കായി മാത്രമല്ല സകലര്‍ക്കുമായി തുറക്കപ്പെടണമെന്ന് ഇസ്രായേലി അധികൃതരോട് പാപ്പാ പരസ്യമായി അഭ്യര്‍ത്ഥിക്കുകയുംചെയ്തു.

2.  പരിശുദ്ധകുര്‍ബ്ബാനയുടെ മഹോത്സവം    പരിശുദ്ധ കുര്‍ബാനയുടെ മനോഹാരിത പ്രകടമാക്കുന്ന മഹോത്സവമാണ് ക്രിസ്തുവിന്‍റെ തിരുശരീരത്തിന്‍റെ  തിരുനാള്‍ (Corpus Christi, Corpus Domini). 13-Ɔ൦ നൂറ്റാണ്ടില്‍ ബെല്‍ജിയത്തുള്ള അഗസ്തീനിയന്‍ സന്യാസിനി, വിശുദ്ധ ജൂലിയാനയ്ക്കാണ് ദിവ്യകാരുണ്യ തിരുനാളിന്‍റെ ദര്‍ശനമുണ്ടായത് (1191-1258). ബെല്‍ജിയത്ത് അഗസ്തീനിയന്‍ സന്ന്യാസികള്‍ക്കിടയില്‍ ആരംഭിച്ച്, ഏറെ പ്രചുരപ്രചാരം സിദ്ധിച്ച സാഘോഷമായ ദിവ്യബലിയും, അതിനെ തുടര്‍ന്നുള്ള ദിവ്യകാരുണ്യപ്രദക്ഷിണവും ആശീര്‍വ്വാദവും സാര്‍വ്വത്രിക സഭയുടെ മഹോത്സവമായി 1264-ല്‍ ഊര്‍ബന്‍ 4‍-Ɔമന്‍ പാപ്പ അംഗീകരിക്കുകയും പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇക്കാലഘട്ടത്തിലാണ് ഇറ്റലിയിലെ ഓര്‍വിയെത്തോയില്‍ ദിവ്യാകാരുണ്യാത്ഭുതം നടന്നത്. ഒപ്പം വിശുദ്ധ തോമസ് അക്വിനാസ് പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ ദൈവശാസ്ത്രത്തില്‍ കൂടുതല്‍ വെളിച്ചമേകുന്നതും ഇക്കാലയളവില്‍ത്തന്നെയാണ്. പരിശുദ്ധത്രിത്വത്തിന്‍റെ അനുസ്മരണം കഴിഞ്ഞുവരുന്ന മൂന്നാം ദിവസം, വ്യാഴാഴ്ച ദിവ്യകാരുണ്യത്തിരുനാള്‍ കൊണ്ടാടുന്ന പാരമ്പര്യമായിരുന്നു ആദ്യം. പിന്നീട് അജപാലന കാരണങ്ങളാല്‍ അത് തുടര്‍ന്നുള്ള ഞായറാഴ്ചയിലേയ്ക്ക് മാറ്റിയാണ് ഇന്ന് ലോകമെമ്പാടും ആചരിക്കപ്പെടുന്നത്.

3.  ദിവ്യകാരുണ്യത്തിന്‍റെ പ്രബോധകര്‍    അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്, വിശുദ്ധ തോമസ് അക്വിനാസ് എന്നിവര്‍ ദിവ്യകാരുണ്യ ഭക്തിയുടെ പ്രയോക്താക്കളായിരുന്നു. ‘നിത്യതയുടെ ഔഷധ’മെന്ന് വിശുദ്ധ ഇഗ്നേഷ്യസ് ദിവ്യകാരുണ്യത്തെ വിശേഷിപ്പിച്ചപ്പോള്‍, ‘ഏറ്റവും മഹത്തായ കൂദാശ’യെന്ന് തോമസ് അക്വിനാസും അതിനെ വിശേഷിപ്പിച്ചു. ലത്തീന്‍ ഭാഷയില്‍ വിശുദ്ധ അക്വിനാസ് രചിച്ചിട്ടുള്ള അഞ്ചു ദിവ്യകാരുണ്യഗീതികള്‍ പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രത്തിന്‍റെ സത്ത ഊറിയെത്തുന്നവയാണ്. Pange Lingua, Laudatione, Adore Te Devote, Sacris Solemnis, Verbum Supernum എന്നിവയാണ് ഇന്നും ഉപയോഗത്തിലുള്ള വിഖ്യാതമായ അക്വീനാസ് ദിവ്യകാരുണ്യഗീതികള്‍. അതില്‍ ഏറ്റവും ശ്രദ്ധേയവും ജനകീയവുമാണ് Pange Lingua / Tantum Ergo… ലത്തീന്‍ സഭയില്‍ “ഭക്ത്യാവണങ്ങുക സാഷ്ടാംഗംവീണു നാം...” എന്നാലപിക്കുന്ന ഗീതം.

വിശുദ്ധയായ മദര്‍ തെരേസയോട്, എത്ര കോണ്‍വെന്‍റുകള്‍ ലോകത്ത് അങ്ങേയ്ക്കുണ്ടെന്ന് ഒരഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്, ഞങ്ങള്‍ക്ക് 584 സക്രാരികള്‍ ഉണ്ടെന്നാണ്. അത്രത്തോളം ദിവ്യകാരുണ്യ കേന്ദ്രീകൃതമാണ് അമ്മയുടെയും ഉപവിയുടെ മിഷണറിമാരുടെയും ജീവിതങ്ങളെന്ന് മദറിന്‍റെ വാക്കുകള്‍ തെളിയിക്കുന്നത്. അങ്ങനെ എവിടെയും എപ്പോഴും തെരുവില്‍ അഗതികള്‍ക്കൊപ്പം ആയിരിക്കുന്നവരാണ് മദറും സഹോദരിമാരുമെങ്കിലും, അനുദിനം മണിക്കൂറുകള്‍ ദിവ്യകാരുണ്യ നാഥനില്‍നിന്നും ലഭിക്കുന്ന കരുത്തുമായിട്ടാണ് അവര്‍ മുന്നോട്ടുപോകുന്നത്. പരിശുദ്ധ ദിവ്യകാരുണ്യം നമുക്കേവര്‍ക്കും പാഥേയമാകണം, തിരുപ്പാഥേയമാകണം.

4.  സ്നേഹത്തിന്‍റെ കൂദാശ    ജരൂസലേമിലെ മേല്‍മുറിയില്‍ ക്രിസ്തു അനുവര്‍ത്തിച്ചത് ത്യാഗത്തിന്‍റെ സ്നേഹമുള്ള ദിവ്യവിരുന്നായിരുന്നു. ഇന്നും ഓരോ ബലിയിലും ദിവ്യകാരുണ്യത്തിന്‍റെ വിരുന്നുമേശയിലും ക്രിസ്തു നമുക്കായി തന്നെത്തന്നെ സമര്‍പ്പിച്ചുനല്കുന്നു. അതിനാല്‍ പരിശുദ്ധകുര്‍ബ്ബാനയുടെ ദിവ്യവിരുന്നില്‍ നാമെല്ലാവരും ക്രിസ്തുവിന്‍റെ സ്നേഹിതരായി മാറുന്നു, അവിടുത്തെ ആത്മമിത്രങ്ങളായി രൂപാന്തരപ്പെടുന്നു.

                “മേലിലെന്‍ ഭൃത്യന്മാരെന്നല്ല നിങ്ങളെ   സ്നേഹിതന്മാരെന്നേ ഞാന്‍ വിളിപ്പൂ.

                നിങ്ങളെന്‍ കല്പനയാദരിച്ചീടുകില്‍  എന്നുമെന്‍ സ്നേഹിതരായിമേവും... ” - (യോഹ. 15, 15).

ദൈവസ്നേഹം ലോകത്തിനു വെളിപ്പെടുത്തിത്തരുവാന്‍ ക്രിസ്തു സ്വയാര്‍പ്പണംചെയ്യുകയും, നമ്മെ അവിടുത്തെ സ്നേഹിതരാക്കുകയും ചെയ്തു. നമ്മെ സ്നേഹത്തിന്‍റെ സാക്ഷികളാക്കിയ ഉടമ്പടി ഭദ്രമായ ആ ദിവ്യവിരുന്നിന്‍റെ നിത്യസ്മാരകമാണ് പരിശുദ്ധ ദിവ്യകാരുണ്യം! ക്രൈസ്തവരുടെ മാത്രം മനോഹാരിതയും സാദ്ധ്യതയുമാണിത്. ദിവ്യബലിയിലൂടെ നാം ക്രിസ്തുവിന്‍റെ സ്നേഹിതരായിത്തീരുന്നു, പരസ്പരം ആത്മമിത്രങ്ങളായിത്തീരുന്നു.

5.  ജീര്‍ണ്ണിച്ചു മുളയ്ക്കുന്ന വിത്തിന്‍റെ യുക്തി   ദിവ്യകാരുണ്യത്തിലെ ദൈവികരഹസ്യം ക്രൈസ്തവീകതയുടെ അമാനുഷികതയായി മനസ്സിലാക്കരുത്. ക്രൈസ്തവജീവിതത്തില്‍ കുറുക്കു വഴികളോ അത്ഭുതങ്ങളോ ദിവ്യകാരുണ്യം വാഗ്ദാനംചെയ്യുന്നില്ല. നിലത്തു വീണലിയുന്ന വിത്തിന്‍റെ ക്ഷമയുടെയും, വിനയത്തിന്‍റെയും യുക്തിയുമാണവിടെയുള്ളത്. മലയെ മാറ്റാന്‍ കരുത്തുള്ള കടുകുമണയോളം വലുപ്പമുള്ള വിശ്വാസത്തിന്‍റെ യുക്തിയുമാണത്. ചരിത്രത്തെയും ഈ പ്രപഞ്ചത്തെയും രൂപാന്തരപ്പെടുത്തുവാന്‍ പോരുന്ന മുറിക്കപ്പെടലിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സ്നേഹപ്രവാഹത്തിലെ ക്രിസ്തുവിന്‍റെ യുക്തിയും ബലതന്ത്രവുമാണ് പരിശുദ്ധ ദിവ്യകാരുണ്യത്തില്‍ ദൃശ്യമാകുന്നതും, നാം മനസ്സിലാക്കേണ്ടതും. ക്രിസ്തു നമുക്കായി പകര്‍ന്നുനല്കിയ അമൂല്യസമ്പത്തും മഹത്തായ കൂദാശയുമാണ് പരിശുദ്ധദിവ്യകാരുണ്യം. കഫര്‍ണാമിലെ സിനഗോഗില്‍ ക്രിസ്തു നല്കിയ ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രബോധനം വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നു.

             “സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവന്‍റെ അപ്പം ഞാന്‍.

ഈ അപ്പം ഭക്ഷിക്കുന്നോര്‍ നിത്യമായ് ജീവിക്കും.

ഞാന്‍ നിങ്ങള്‍ക്കായി നല്കുന്നപ്പം

ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള എന്‍റെ ശരീരം” (യോഹ. 6, 51).

തന്നെത്തന്നെ ലോകത്തിന്‍റെ ജീവനുവേണ്ടിയും,  തന്നില്‍ വിശ്വസിക്കുന്നവരുടെ ആത്മീയ പോഷണത്തിനുവേണ്ടിയും നല്കുവാനുമാണ് ക്രിസ്തു മനുഷ്യാവതാരംചെയ്തത്. അവിടുന്നു സമാരംഭിച്ച കൂട്ടായ്മയും ത്യാഗസമര്‍പ്പണവുമാണ് അവിടുത്തെ അനുഗമിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്. അനുദിന ജീവിതത്തില്‍ സഹോദരങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെടുവാനും, ത്യാഗത്തില്‍ ജീവതങ്ങള്‍ സമര്‍പ്പിക്കുവാനുമുള്ള മനോഭാവം ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണം നല്കുന്ന മാതൃകയാണ്. നമുക്കായി പകുത്തുനല്കുന്ന ജീവന്‍റെ അപ്പം അവിടുത്തെ ശരീരമാകയാല്‍... പരിശുദ്ധ ദിവ്യകാരുണ്യം സഹോദരങ്ങള്‍ക്കായ് ജീവന്‍ സമര്‍പ്പിക്കുന്ന  നമ്മുടെ ആത്മീയ ശക്തിയാണ് . അപ്പോള്‍ ജീവിതം യഥാര്‍ത്ഥത്തില്‍ ക്രിസ്ത്വാനുകരണമായി മാറുന്നു !

ക്രിസ്തുവിന്‍റെ മരണശേഷം ഭീതിയാല്‍ ഓടിയൊളിച്ച ശിഷ്യന്മാരുടെ ജീവിതത്തിലെ സൂര്യന്‍ മങ്ങിമറഞ്ഞപ്പോഴും കൂടെയെത്തുന്ന ഉത്ഥിതനായ ക്രിസ്തു അപ്പം മുറിച്ച് പകുത്തുനല്കുകയും, അവരുടെ കണ്ണുകള്‍ തുറക്കുകയും ശക്തിപകരുകയും ചെയ്തു. അവിടുന്ന് ഉറപ്പുനല്കിയത്, “യുഗാന്ത്യംവരെ ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” എന്നായിരുന്നു (മത്തായി 28, 20). അങ്ങനെ ജീവിതത്തിന്‍റെ പ്രത്യാശ കെട്ടുപോകാതെ തുണയായ് നില്ക്കുന്ന യേശുവിന്‍റെ അതിരറ്റ വാത്സല്യത്തിനും, അസ്തമിക്കാത്ത സ്നേഹത്തിനും, വിശ്വസ്തതയ്ക്കും നന്ദിയര്‍പ്പിക്കാം! ക്രിസ്തുവിന്‍റെകൂടെ അപ്പം മുറിച്ചവര്‍ പറഞ്ഞതുപോലെ നമുക്കും ഏറ്റുപറയാം, “സന്ധ്യ മയങ്ങുന്നു, പകല്‍ തീരാറായി. കര്‍ത്താവേ, അങ്ങു ഞങ്ങളോടൊത്തു വസിച്ചാലും!” ലൂക്കാ 24, 29.

6.   ജീവിതയാത്രിയിലെ സ്നേഹശക്തി    ഓരോ തവണയും നാം ദിവ്യബലിയില്‍ പങ്കെടുക്കുകയും ക്രിസ്തുവിന്‍റെ ദിവ്യശരീരത്താല്‍ പരിപോഷിതരാകയും ചെയ്യുമ്പോള്‍ ഉത്ഥിതന്‍ അവിടുത്തെ പരിശുദ്ധാത്മാവാല്‍ നമ്മെ നിറയ്ക്കുകയും സജീവമാക്കുകയുംചെയ്യുന്നു. ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന ദൈവാരൂപി നമ്മുടെ മനോഭാവത്തെ സുവിശേഷമൂല്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിമറിക്കുന്നു. അത് നമ്മില്‍ സാഹോദര്യം വളര്‍ത്തുന്നു. ക്രിസ്തുവിനു സാക്ഷൃംവഹിക്കുവാനുള്ള ധൈര്യംനല്കുന്നു. അങ്ങനെ ക്രൈസ്തവര്‍ ആരെയും ആകര്‍ഷിക്കുന്ന സ്നേഹത്തിന്‍റെ ഉടമകളായിത്തീരും.  ആശയറ്റവര്‍ക്ക് പ്രത്യാശപകരാനുള്ള കരുത്തും, പരിത്യക്തരെ തുണയ്ക്കാനുള്ള കഴിവും അതു നമുക്കു നല്കും. ദിവ്യകാരുണ്യം അങ്ങനെ നമ്മെ പക്വമാര്‍ന്ന ക്രിസ്തീയ സ്നേഹത്തിലെത്തിക്കുന്നു.

ക്രിസ്തുവിന്‍റെ സ്നേഹം പരിശുദ്ധ ദിവ്യകാരുണ്യത്തില്‍ തുറവോടെ സ്വീകരിക്കുന്നവരില്‍   അത് മാറ്റങ്ങളുണ്ടാക്കുന്നു. അത് അവരെ രൂപാന്തരപ്പെടുത്തുന്നു. മറ്റുള്ളവരെ സ്നേഹിക്കാനുള്ള കഴിവ് നല്കുന്നു. എന്നാല്‍ അത് ലഭിക്കുന്നത് മാനുഷികമായ തോതിലല്ല, അളവും അതിരുമില്ലാത്ത ദൈവത്തിന്‍റെ രീതിയിലാണ്. ദൈവസ്നേഹം നമ്മിലുണ്ടെങ്കില്‍, സ്നേഹിക്കാത്തവരെപ്പോലും, ശത്രുക്കളെപ്പോലും സ്നേഹിക്കുവാനും, സേവിക്കുവാനുമുള്ള കരുത്തും കഴിവും നമുക്കു ലഭിക്കും. അങ്ങനെ തിന്മയെ നന്മകൊണ്ടു നേരിടുവാനും,  ക്ഷമിക്കുവാനും,  പങ്കുവയ്ക്കുവാനും,  എല്ലാം ഉള്‍ക്കൊള്ളുവാനുമുള്ള തുറവു നമുക്കു ലഭിക്കും. ഈ അത്യപൂര്‍വ്വ ദൈവികസ്നേഹത്തിനും ആത്മീയഭോജ്യത്തിനും ക്രിസ്തുവിനോടും അവിടുത്തെ അരൂപിയോടും എന്നും നന്ദിയുള്ളവരായിരിക്കാം. സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്ന ജീവാമൃതമായ പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ മനോഹാരിത കണ്ടെത്തി, അതിനെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദുവാക്കി ജീവിക്കാനുമുള്ള വിശ്വാസബോധ്യം തരണമേ! ദിവ്യകാരുണ്യ നാഥനോടു നമുക്കിങ്ങനെ ഇന്നേദിവസം പ്രാര്‍ത്ഥിക്കാം!

 


(William Nellikkal)

17/06/2017 15:45