2017-06-16 12:54:00

അഴിമതി മാനവ ഔന്നത്യത്തെ ചവിട്ടിമെതിക്കുന്നു-കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍


മാനവാന്തസ്സിനെ മാനിക്കുന്ന ഒരു സംസ്കൃതി അഴിമതിവിരുദ്ധപോരാട്ടത്തിന് അനിവാര്യമെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ അപ്പിയ ടര്‍ക്സണ്‍.

സമഗ്ര മാനവവികസനത്തിനായുള്ള റോമന്‍കൂരിയാവിഭാഗം സാമൂഹ്യ ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ സഹകരണത്തോടെ വത്തിക്കാനില്‍ വ്യാഴാഴ്ച(15/06/17) അഴിമതിയെ അധികരിച്ച് സംഘടിപ്പിച്ച ഏകദിന ചര്‍ച്ചായോഗത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് സമഗ്ര മാനവവികസനവിഭാഗത്തിന്‍റെ ചുമതലവഹിക്കുന്ന അദ്ദേഹം ഇതു പറഞ്ഞത്.

അഴിമതി മാനവ ഔന്നത്യത്തെ ചവിട്ടിമെതിക്കുന്ന ഒരു പ്രതിഭാസമാണെന്നും മനുഷ്യവ്യക്തിയുടെ മാഹാത്മ്യം ഒരിക്കലും ചിവിട്ടിമെതിക്കപ്പടാനും നിഷേധിക്കപ്പെടാനും തടസ്സപ്പെടുത്തപ്പെടാനും പാടില്ലയെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പറഞ്ഞു.

മനുഷ്യവ്യക്തിയുടെ ഔന്നത്യം സംരക്ഷിക്കുകയെന്ന ദൗത്യം സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗത്തിനുണ്ട് എന്നതു തന്നെയാണ് ഇത്തരമൊരു ചര്‍ച്ചായോഗം സംഘടിപ്പിക്കുന്നതിനുള്ള കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി.

അഴിമതിവിരുദ്ധ നിയമങ്ങളും നയങ്ങളും രൂപീകരിക്കുന്നതിന് സഹായകമായ സമൂര്‍ത്തനടപടികള്‍ എന്തെന്നു തിരിച്ചറിയുന്നതില്‍ തുടങ്ങുന്ന ബോധവല്‍ക്കരണശ്രമങ്ങള്‍ നടത്തുക ഈ ചര്‍ച്ചായോഗത്തിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് സമഗ്ര മാനവവികസന വിഭാഗത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് സില്‍വാനൊ മരിയ തൊമാസി വത്തിക്കാന്‍ റേഡിയോയോടു പറഞ്ഞു.

അഴിമതി മരംതീനിപ്പുഴു പോലെയാണെന്നും അത് ദിദ്ര-സമ്പന്നനാടുകളുടെ വികസനപ്രക്രിയയില്‍ തുളച്ചുകയറുകയും വ്യവസ്ഥാപനങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലുമുള്ള ബന്ധങ്ങളെ കാര്‍ന്നുതിന്നുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു.  

 








All the contents on this site are copyrighted ©.