2017-06-15 09:27:00

“പാവങ്ങളുടെ ദിനം” ക്രിസ്തുവിന്‍റെ കാരുണ്യം പ്രസരിപ്പിക്കാന്‍


2017 നവംബര്‍ 19-ന് പാവങ്ങളുടെ പ്രഥമ ആഗോളദിനം...

ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും പ്രതിഫലിപ്പിക്കേണ്ട ദിവസമാണ് ആഗോള സഭ സംഘടിപ്പിക്കുന്ന “പാവങ്ങളുടെ ദിന”മെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല പ്രസ്താവിച്ചു. 2017 നവംബര്‍  19-നോ, അതോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയോ പാവങ്ങളുടെ ആഗോളദിനം സഭയില്‍ ആചരിക്കപ്പെടണമെന്നാണ് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തിട്ടുള്ളത്. ദൈവിക കാരുണ്യത്തിന്‍റെ പ്രേഷിതയായ വിശുദ്ധ ഫൗസ്തീനാ കൊവാല്‍സ്ക്കിന്‍റെ അനുസ്മരണദിനമായ നവംബര്‍ 19-നാണ് പാവങ്ങളുടെ പ്രഥമ ആഗോളദിനം ആചരിക്കപ്പെടുന്നത്.

ജൂണ്‍ 13, തിയതി പാദുവായിലെ വിശുദ്ധ അന്തോനീസിന്‍റെ അനുസ്മരണദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച ആഗോളസഭയിലെ ‘പാവങ്ങളുടെ പ്രഥമദിന സന്ദേശം’ റോമില്‍ ചൊവ്വാഴ്ച രാവിലെ പ്രകാശനംചെയ്യപ്പെട്ടു. കാരുണ്യത്തിന്‍റെ ജൂബിലവര്‍ഷം 2016-ലെ നവംബറില്‍ സമാപിക്കവെ പാപ്പാ ഫ്രാന്‍സിസിന്‍റെ മനസ്സില്‍ സ്വാഭാവികമായും പൊന്തിവന്നൊരു ആശയമാണ് പാവങ്ങള്‍ക്കായുള്ള ആഗോളദിനം. “വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ട് നമുക്ക് പാവങ്ങളെ സ്നേഹിക്കാം.” അങ്ങനെ ക്രൈസ്തവ കുടുംബങ്ങളും സമൂഹങ്ങളും പൂര്‍വ്വോപരി ആവശ്യത്തിലായിരിക്കുന്നവര്‍ക്ക് ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ അടയാളങ്ങളാകണമെന്നാണ്  ഈ ദിനാചരണംകൊണ്ട് പാപ്പാ ആഗ്രഹിക്കുന്നത്.

ക്രിസ്തുവില്‍ ദൃഷ്ടി പതിച്ചതിനാല്‍ പാവങ്ങളില്‍ ക്രിസ്തുവിനെ കാണാനും അവരെ ശുശ്രൂഷിക്കാനും സാധിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസാണ് ഈ തീരുമാനത്തിന്  പാപ്പാ ഫ്രാന്‍സിസിന് പ്രചോദനമായത്. ചരിത്രത്തെ മാറ്റിമറിക്കാനും യാഥാര്‍ത്ഥമായ വികസനം കൊണ്ടുവരാനും സാധിക്കണമെങ്കില്‍ നാം ലോകത്തുള്ള ബഹുഭൂരിപക്ഷംവരുന്ന പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കണമെന്നും, പരിത്യക്തരായവരെ സമൂഹത്തില്‍ ഉള്‍ചേര്‍ക്കുകയും വേണമെന്നുമുള്ളത് പാപ്പാ ഫ്രാന്‍സിസിന്‍റെ അടിസ്ഥാന വീക്ഷണമാണ്. അതിനാല്‍ സഭയുടെ പ്രേഷിതവേദിയില്‍ സമര്‍പ്പിച്ചിട്ടുള്ള സകലര്‍ക്കും സുവിശേഷവത്ക്കണം ത്വരിതപ്പെടുത്താനും യാഥാര്‍ത്ഥ്യമാക്കാനുമുള്ള നമ്മളൊരു ദിനമാണ് പാവങ്ങളുടെ ആഗോളദിനം.

ചൊവ്വാഴ്ച രാവിലെ റോമില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പി ഫിസിക്കേലാ വിശദീകരിച്ചു.

 








All the contents on this site are copyrighted ©.