സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

ആശ്ലേഷം: തപ്തഹൃദയത്തിന് സന്തോഷം പകരുന്ന ഔഷധം, പാപ്പാ

ഫ്രാന്‍സീസ് പാപ്പാ ,പൊരിവെയിലില്‍ ജനസഞ്ചയത്തിനടിയില്‍, വത്തിക്കാന്‍, പൊതുകൂടിക്കാഴ്ച 14/06/17 - ANSA

14/06/2017 12:47

വേനല്‍ക്കാലത്തിന്‍റെ കാഠിന്യമേറിവരുന്ന ഒരു വേളയാണെങ്കിലും വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ സംബന്ധിക്കുന്നതിന് വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ ആയിരങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു ഈ ബുധനാഴ്ചയും (14/06/17).  രണ്ടുഘട്ടമായിട്ടായിരുന്നു പാപ്പായുടെ പൊതുദര്‍ശനം  അരങ്ങേറിയത് ഇത്തവണ. ആദ്യം പാപ്പാ രോഗികളുടെ ഒരു സംഘവുമായി, അവരുടെ അവസ്ഥ കണക്കിലെടുത്ത്, അവര്‍ക്ക് കടുത്ത സൂര്യതാപമേല്ക്കാതിരിക്കുന്നതിന്, വിശുദ്ധ പത്രോസിന്‍റ ബസിലിക്കയുടെ സമീപത്തുള്ള പോള്‍ ആറാമന്‍ ശാലയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ അവര്‍ക്ക് ഈ ശാലയിലിരുന്നു പങ്കുചേരുന്നതിന് വലിയ ടെലവിഷന്‍ സംവിധാനം ഒരുക്കിയിരുന്നു. ഒരേ പരിപാടിയില്‍ രണ്ടിടത്തിരുന്നു രണ്ടുവിഭാഗങ്ങള്‍ പങ്കുചേരുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ സഭയുടെ പ്രതീകാത്മകരൂപമായി  അതിനെ അവതരിപ്പിച്ചു. സഭയില്‍ പലവിഭാഗങ്ങള്‍ പലയിടത്തായികിടക്കുന്നുണ്ടെങ്കിലും അവ ഐക്യത്തിലാണ് കഴിയുന്നതെന്നും, പരിശുദ്ധാരൂപിയാണ് ഈ ഐക്യം സംജാതമാക്കുന്നതെന്നും പാപ്പാ രോഗികളോടു പറയുകയും നമ്മെ ഐക്യമുള്ളവരാക്കുന്നതിനായി ഈ അരൂപിയോടു പ്രാര്‍ത്ഥിക്കാന്‍ അവരെ ക്ഷണിക്കുകയും ചെയ്തു.

തുടര്‍ന്നു പാപ്പാ റൂഹാക്ഷണപ്രാര്‍ത്ഥനയും കര്‍ത്തൃപ്രാര്‍ത്ഥനയും ചൊല്ലിയതിനുശേഷം ബസിലിക്കാങ്കണത്തിലേക്കു പോയി. ചത്വരത്തിലേക്ക് വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ ആഗതനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ ഹര്‍ഷാരവങ്ങളാല്‍ അന്തരീക്ഷം മുഖരിതമായി.വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ പാപ്പാ അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

അവന്‍ എഴുന്നേറ്റ്, പിതാവിന്‍റെ അടുത്തേക്കു ചെന്നു. ദൂരെവച്ചുതന്നെ പിതാവ് അവനെ കണ്ടു.  മകന്‍ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വര്‍ഗ്ഗത്തിനെതിരായും നിന്‍റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല.  പിതാവാകട്ടെ തന്‍റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍. ഇവന്‍റെ കൈയ്യില്‍ മോതിരവും കാലി‍ല്‍ ചെരിപ്പും അണിയിക്കുവിന്‍. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്ഷിച്ച് ആഹ്ലാദിക്കാം.  എന്‍റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു.  (ലൂക്കാ 15,20-24a 

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, താന്‍ ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. ദൈവത്താല്‍ സ്നേഹിക്കപ്പെട്ട മക്കളാണ് നാമെന്നും, നമ്മുടെ പ്രത്യാശ ഉറപ്പുള്ളതാണെന്നും പാപ്പാ വിശദീകരിച്ചു

പ്രഭാഷണസംഗ്രഹം:

നമ്മിലാര്‍ക്കുംതന്നെ സ്നേഹം കൂടാതെ ജീവിക്കാനാകില്ല. സ്നേഹം യോഗ്യതയുടെ അടിസ്ഥാനത്തിലുള്ളതാണെന്നു കരുതുന്നത് മോശമായൊരു അടിമത്തമാണ്. ഇന്നത്തെ മനുഷ്യന്‍റെ ആശങ്കയുടെ നല്ലൊരുഭാഗവും, ഒരുപക്ഷെ, തുടക്കംകുറിക്കുന്നത് ഈ ചിന്തയില്‍ നിന്നാകാം. അതായത്, നാം ശക്തരും ഹൃദ്യരും സൗന്ദര്യമുള്ളവരുമല്ലെങ്കില്‍ ആരും നമ്മെ തിരിഞ്ഞു നോക്കില്ല എന്ന ചിന്ത. ഇത് യോഗ്യതയുടെ അല്ലെങ്കില്‍ കഴിവിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തിയെ തിരഞ്ഞെടുക്കുന്ന ഒരു സരണിയല്ലേ? ഇന്ന് അനേകര്‍ ഒരു ആന്തരിക ശൂന്യത നികത്തുന്നതിനായി  ഒരു തരം ദര്‍ശനീയത തേടുന്നു. എന്നാല്‍ നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ, മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചു പറ്റുന്നതിനായി എല്ലാവരും യാചകരാകുന്നതും ആരും പരസ്പരം നന്മകാംഷിക്കാത്തതുമായ ഒരു ലോകത്തെക്കുറിച്ച്. പരനന്മകാംക്ഷിക്കുന്നതിന്‍റെ അഭാവമുള്ളൊരു ലോകത്തെക്കുറിച്ചു ചിന്തിച്ചു നോക്കുക. അതൊരു മാനുഷിക ലോകമാണെന്നു തോന്നാമെങ്കിലും വാസ്തവത്തില്‍ ഒരു നരകമാണത്. ഏകാന്തതയനുഭവപ്പെടുന്ന ഒരവസ്ഥയില്‍ നിന്നാണ് മനുഷ്യന്‍റെ സ്വാത്മപ്രേമം ഉടലെടുക്കുന്നത്.

സ്നേഹിക്കപ്പെടുന്നില്ല എന്ന തോന്നല്‍ കൗമാരക്കാരെ അക്രമത്തിലേക്കു നയിക്കാം. നിരവധിരൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാമൂഹ്യവൈര്യങ്ങള്‍ക്കും  തെമ്മാടിത്തരങ്ങള്‍ക്കുമൊക്കെപ്പിന്നില്‍ പലപ്പോഴും കാണപ്പെടുന്നത് അംഗീകരിക്കപ്പെടാത്ത ഹൃദയമാണ്. മോശക്കാരായ കുട്ടികളില്ല, അതുപോലെതന്നെ തീര്‍ത്തും തെമ്മാടികളായ കൗമാരപ്രായക്കാരുമില്ല. എന്നാല്‍ സന്തോഷരഹിതര്‍ ഉണ്ട്. കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സ്നേഹാനുഭവമല്ലാതെ പിന്നെ മറ്റെന്താണ് നമുക്ക് ആനന്ദം പകരുന്നത്? മനുഷ്യനായി ജീവിക്കുകയെന്നത് പരസ്പരം നോക്കുകയാണ്. കണ്ണുകളിലേക്കു നോക്കുമ്പോള്‍ ഹൃദയവാതിലുകള്‍ തുറക്കപ്പെടുന്നു.

നമ്മുടെ കാര്യത്തിലുള്ള ദൈവത്തിന്‍റെ ആദ്യ ചുവടുവയ്പ്പ് അവിടന്ന് ആദ്യം നിരുപാധികം നമ്മെ സ്നേഹിക്കുന്നു എന്നതാണ്. ദൈവമാണ് ആദ്യം നമ്മെ സ്നേഹിക്കുന്നത്. സനേഹമുളവാക്കാന്‍ കഴിയുന്ന എന്തെങ്കിലും നമ്മില്‍ ഉണ്ടായിട്ടല്ല ദൈവം നമ്മെ സ്നേഹിക്കുന്നത്. നാം പാപികളായിരിക്കെയാണ് അവിടന്നു നമ്മെ സ്നേഹിക്കുന്നത്. നിരുപാധികസ്നേഹം. ധൂര്‍ത്തനായപുത്രന്‍റെ ഉപമയിലെന്നപോലെ നമ്മള്‍ പിതാവില്‍ നിന്ന് ഏറെ അകലെ ആയിരുന്നു. നമുക്കു തെറ്റുപറ്റിയപ്പോഴും ദൈവം നമ്മെ സ്നേഹിച്ചു. അപ്പനോ അമ്മയ്ക്കോ അല്ലാതെ നമ്മിലാര്‍ക്കെങ്കിലും ഇങ്ങനെ സ്നേഹിക്കാന്‍ സാധിക്കുമോ? ഞാനോര്‍ക്കുന്നു എന്‍റെ രൂപതയില്‍ കാരഗൃഹത്തിനകത്തു കടക്കുന്നതിന് വരിവരിയായി നില്ക്കുന്ന നിരവധി അമ്മമാരെ. അവര്‍ ലജ്ജിച്ചില്ല. കാരണം സ്വന്തം മക്കളായിരുന്നു തടവറയില്‍. ഈ അമ്മമാര്‍ ഏറെ നിന്ദനങ്ങള്‍ സഹിച്ചു. സ്ത്രീയേ, നിന്‍റെ മകന്‍ ഒരു കുറ്റവാളിയല്ലേ എന്ന ചോദ്യത്തിനുമുന്നില്‍ അവന്‍ എന്‍റെ മകനാണ് എന്ന ഉത്തരം. ഈ മാതാപിതാക്കളുടെ സ്നേഹത്തിനുമാത്രമെ ദൈവത്തിന്‍റെ സ്നേഹം എപ്രകാരമാണെന്ന് മനസ്സിലാക്കിത്തരാന്‍ കഴിയുകയുള്ളു. മാനുഷിക നീതി ഇല്ലാതാക്കണമെന്ന് ഒരമ്മ ആവശ്യപ്പടുന്നില്ല, കാരണം എല്ലാ തെറ്റുകള്‍ക്കും ഒരു വീണ്ടെടുപ്പു ആവശ്യമുണ്ട്. എന്നിരുന്നാലും സ്വന്തം മകനെക്കുറിച്ച് ആ അമ്മ വേദനിക്കുന്നു. പുത്രന്‍ പാപിയാണെങ്കിലും അവനെ അമ്മ സ്നേഹിക്കുന്നു.

സന്തോഷരഹിതനായ ഒരു വ്യക്തിയുടെ ഹൃദയത്തിന് മാറ്റംവരുത്തനാനുള്ള ഔഷധം എന്താണ്? അത് അവനെ ആശ്ലേഷിക്കലാണ്. അവനെ എല്ലാവര്‍ക്കും ആവശ്യമുണ്ട്, അവന് ഒരു സ്ഥാനമുണ്ട് എന്ന തോന്നല്‍ അവനില്‍ ജനിപ്പിക്കലാണ്. അങ്ങനെ അവന്‍ അസന്തുഷ്ടിയില്‍ നിന്നു മുക്തനാകും. ഇവിടെ പ്രത്യാശയെന്ന ദാനം തളിരിടുന്നു. പിതാവായ ദൈവം നമ്മെ നാം ആയിരിക്കുന്നപോലെ സ്നേഹിക്കുന്നു എന്നതാണ് ആ പ്രത്യാശ. നമ്മെ എല്ലാവരെയും, ദുഷ്ടരെയും ശിഷ്ടരെയും അവിടന്ന് സദാ സ്നേഹിക്കുന്നു. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

സമാധാനദൗത്യനിര്‍വ്വണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടവരായ സൈനികരുടെ കുടുംബാംഗങ്ങളും പൊതുകുടിക്കാഴ്ചപരിപാടിയില്‍ സംബന്ധിച്ചിരുന്നതിനാല്‍ പാപ്പാ അവരെ പ്രത്യേകം അഭിവാദ്യം ചെയ്തു. തന്‍റെ സാമീപ്യവും സാന്ത്വനവും പാപ്പാ അവര്‍ക്കുറപ്പുനല്കി.

പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ജൂണ്‍ 13 പാദൊവയിലെ വിശുദ്ധ അന്തോണീസിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെട്ടത് അനുസ്മരിച്ചു.

പ്രഭാഷകനും പാവപ്പെട്ടവരുടെയും ക്ലേശിതരുടെയും സ്വര്‍ഗ്ഗീയസംരക്ഷകനുമായ ആ വിശുദ്ധന്‍റെ ക്രിസ്തീയ ജീവിത ശൈലി അനുകരിക്കാന്‍ പാപ്പാ യുവജനത്തെ പ്രത്യേകം ആഹ്വാനം ചെയ്തു.

അവസാനം, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

14/06/2017 12:47