2017-06-09 13:20:00

പ്രാര്‍ത്ഥനയുടെ സരണിയില്‍ സഞ്ചരിക്കുക-പാപ്പാ


ജീവിതത്തിലെ കയ്പുനിറഞ്ഞ അനുഭവങ്ങളുടെ വേളകളില്‍ വ്യര്‍ത്ഥതയുടെ ചതിക്കുഴിയില്‍ വീഴാതെ പ്രാര്‍ത്ഥനയുടെയും, ക്ഷമയുടെയും ദൈവത്തിലുള്ള ശരണത്തിന്‍റെയും പാത പിന്‍ചെല്ലുകയെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച (09/06/17) രാവിലെ അര്‍പ്പിച്ച ദിവ്യ പൂജാവേളയില്‍ വചനവിശകലനം നടത്തുകയാരുന്നു ഫ്രാന്‍സീസ് പാപ്പാ.

ജീവിതകാലമത്രയും സത്യത്തിന്‍റെയും നീതിയുടെയും മാര്‍ഗ്ഗത്തില്‍ ചരിച്ച തോബിത്തിനുണ്ടായ കഷ്ടപ്പാടുകളുടെ കാലത്ത് ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് ക്ഷമയോടെ, പരാതിയില്ലാതെ മുന്നോട്ടുപോയി പിന്നീട് അന്ധനായിത്തീര്‍ന്ന  അദ്ദേഹത്തിന് അവസാനം കാഴ്ചലഭിക്കുന്ന സംഭവം രേഖപ്പെടുത്തിയിരിക്കുന്ന വിശുദ്ധഗ്രന്ഥഭാഗം, തോബിത്തിന്‍റെ പുസ്തകം അദ്ധ്യായം 11, 5-17 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

തോബിത്ത് ജീവിതത്തില്‍ പീഢിപ്പിക്കപ്പെടുകയും പരിഹാസ്യനാകുകയും ഭാര്യ പോലും കുറ്റപ്പെടുത്തുകയും ചെയ്തെങ്കിലും എല്ലാ പരീക്ഷണങ്ങള്‍ക്കും ശേഷം കര്‍ത്താവ് അദ്ദേഹത്തെയും കുടുംബത്തെയും രക്ഷിക്കുന്നു, അവരുടെ ചാരെയെത്തുന്നു എന്ന് പാപ്പാ വിശദീകരിച്ചു.

ജീവിതത്തില്‍ ഇതു പോലെ സത്യത്തില്‍ മനോഹരങ്ങളായ സംഭവങ്ങള്‍ ഉണ്ടാകും എന്നാല്‍ കൃത്രിമ സന്തോഷത്തിന്‍റെതായ നിമിഷങ്ങളും കാണാം, അത് ആത്മാവിന്‍റെ സൗന്ദര്യമല്ല. ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും, സന്തോഷമായാലും സന്താപമായാലും കൃതജ്ഞതാപ്രാര്‍ത്ഥനയാല്‍ ഹൃദയം നിറയ്ക്കുകയാണ് വേണ്ടത് എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  

               








All the contents on this site are copyrighted ©.