2017-06-09 09:52:00

സ്ത്രീകള്‍ സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രയോക്ത്രികള്‍


മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണസമ്മേളനം  ജൂണ്‍ 7-മുതല്‍ 9-വരെ തിയതികളില്‍ റോമില്‍ സമ്മേളിച്ചു.

“വിശ്വസാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രബോധനത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്ക്,” എന്ന പ്രതിപാദ്യവിഷയം കേന്ദ്രീകരിച്ചാണ് ഇക്കുറി സമ്പൂര്‍ണ്ണ സമ്മേളനം റോമില്‍ നടന്നത്. പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യുറാന്‍ വത്തിക്കാന്‍ റേഡിയോയ്ക്ക് ജൂണ്‍ 8-Ɔ൦ തിയതി വ്യാഴാഴ്ച നല്കിയ അഭിമുഖത്തില്‍ സമ്മേളനത്തെക്കുറിച്ച് പൊതുവായ അവലോകനം നടത്തി.

പുരുഷന്മാര്‍ക്കുള്ളതുപോലെ തന്നെയുള്ള അന്തസ്സ് സ്ത്രീകള്‍ക്കുണ്ടെന്നും, ക്രൈസ്തവവീക്ഷണത്തില്‍ ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ വിവിധ അവയവങ്ങള്‍പോലെ സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യാന്തസ്സോടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കണമെന്ന് കര്‍ദ്ദിനാള്‍ ട്യുറാന്‍ അഭിമുഖത്തില്‍ വിശദീകരിച്ചു. ‘അടിമകളെന്നും സ്വതന്ത്രരെന്നും രണ്ടുതരക്കാര്‍ ലോകത്ത് ഇല്ലെന്ന്,’ പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ട്യുറാന്‍ പ്രസ്താവിച്ചു (ഗലാത്തി. 3, 28).

സ്ത്രീ-പുരുഷ തുല്യാന്തസ്സിന്‍റെ ചിന്ത ഇനിയും സമൂഹത്തില്‍ വേരുപിടിച്ചിട്ടില്ലെങ്കിലും, ഉത്ഥാനത്തിന്‍റെ ആദ്യസാക്ഷികളും, അതിന്‍റെ ആദ്യ പ്രഘോഷകരും പ്രേഷിതരും സ്ത്രീകളായിരുന്നു. അതിനാല്‍ വിശ്വസാഹോദര്യത്തിന്‍റെയും ശാന്തിയുടെയും പ്രോബധകരും പ്രയോക്ത്രികളും സ്ത്രീകളാണ്. കര്‍ദ്ദിനാള്‍ ട്യുറാന്‍ സമര്‍ത്ഥിച്ചു.  

അമ്മയെന്ന നിലയില്‍ സ്ത്രീകള്‍ക്ക് കുടുംബത്തിലും സമൂഹത്തിലും ശ്രേഷ്ഠമായ സ്ഥാനമുണ്ട്.   കാരുണ്യം കാട്ടാനും, മറ്റുള്ളവരെ ശ്രവിക്കാനും, ശുശ്രൂഷിക്കാനുമുള്ള അവരുടെ കഴിവുകള്‍ വിശ്വസാഹോദര്യത്തിന്‍റെ മേഖലയില്‍ സ്ത്രീകള്‍ക്കുള്ള സാര്‍വ്വലൗകികമായ കരുത്തായി കാണേണ്ടതും അംഗീകരിക്കേണ്ടതുമാണ്. അതിനാല്‍ സ്ത്രീകള്‍ അമ്മയും അബലയും മാത്രമല്ല, തുല്യസ്ഥാനവും അന്തസ്സുമുള്ള വ്യക്തിത്വങ്ങളാണ്. പുരുഷന്മാരെപ്പോലെതന്നെ ഉത്തരവാദിത്വമുള്ളവരും സമൂഹത്തിന്‍റെ മുന്നിലും ദൈവത്തിന്‍റെ മുന്നിലും തുല്യരുമാണെന്ന് കര്‍ദ്ദിനാള്‍ ട്യുറാന്‍ പ്രസ്താവിച്ചു. പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ 2017-ലെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പ്രമുഖരായ നാലു സ്ത്രീകള്‍ വിശ്വാസാഹോദര്യത്തെ സംബന്ധിച്ച 4 പ്രബന്ധങ്ങള്‍ അവതരിപ്പിച്ച കാര്യം കര്‍ദ്ദിനാള്‍ ട്യുറാന്‍ അഭിമുഖത്തില്‍ എടുത്തുപറഞ്ഞു.

 








All the contents on this site are copyrighted ©.