2017-06-09 11:21:00

മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ കാനഡയിലെ മതസമൂഹങ്ങള്‍


കേഴുന്ന മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ കാനഡയിലെ മതസമൂഹങ്ങള്‍ കൈകോര്‍ക്കുന്നു.

മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളായ തെക്കന്‍ സുഡാന്‍, യമന്‍, നൈജീരിയ, സൊമാലിയ എന്നിവിടങ്ങളിലെ ഭക്ഷ്യക്ഷാമവും ദാരിദ്യവും കണക്കിലെടുത്താണ് കാനഡയിലെ വിവിധ മതസമൂഹങ്ങള്‍ അവിടേയ്ക്ക് സഹായമെത്തിച്ചു കൊടുക്കാന്‍ കൂട്ടമായി പരിശ്രമിക്കുന്നത്.   ക്രൈസ്തവ, യഹൂദ, മുസ്ലിം, സിക്ക്, ബഹായ് മതവിഭാഗങ്ങളാണ് “ഹൃദയങ്ങളുടെ ഒത്തുചേരല്‍,”  Hearts united in Solidarity എന്ന പൊതുവായ പദ്ധതിയുടെ പേരില്‍ ആഫ്രിക്കയിലെ കേഴുന്ന ജനങ്ങളെ സഹായിക്കാന്‍ മതാത്മകമായ വിഭാഗീയതകള്‍ മറന്ന് കൈകോര്‍ക്കുന്നത്.

രണ്ടു മഹായുദ്ധങ്ങള്‍ക്കുശേഷം ലോകം കണ്ട വന്‍മാനവിക ദുരന്തമാണ് മദ്ധ്യാഫ്രിക്കയിലെ  നാലു രാജ്യങ്ങളിലെ ജനങ്ങള്‍ ഇപ്പോള്‍ നേരിടുന്നത്. അവിടത്തെ ജനങ്ങളുടെ ജീവിതാവസ്ഥ ശോച്യമാണെന്ന്, പദ്ധതിയുടെ ചുക്കാന്‍പിടിക്കുന്ന ഹാമില്‍ഡന്‍റെ മെത്രാപ്പോലീത്തയും ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ഡഗ്ലസ് ക്രോസ്ബി ജൂണ്‍ 8-Ɔ൦ തിയതി വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.  10 ലക്ഷത്തില്‍ അധികം  കുട്ടികള്‍ ഉള്‍പ്പെടെ, രണ്ടു കോടിയിലധികം ജനങ്ങളാണ് 2017 ഫെബ്രുവരിയിലെ യുഎന്‍ കണക്കുകള്‍ പ്രകാരം ഈ നാലുരാജ്യങ്ങളിലുമായി ദുരിതങ്ങള്‍ അനുഭവിക്കുന്നത്.  അഭ്യന്തരകലാപം, കാലാവസ്ഥ കെടുതി, വരള്‍ച്ച എന്നിവമൂലം ഒരു വന്‍ജനസഞ്ചയമാണ് ഭവനരഹിതരാക്കപ്പെടുകയും, കൊടും ദാരിദ്ര്യത്തിന്‍റെ പിടിയില്‍ അമരുകയും ചെയ്യുന്നത്.  

പ്രാര്‍ത്ഥന, സാമ്പത്തിക സഹായം, ദുരന്തത്തെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുക, എന്നിങ്ങനെ മൂന്നു തരത്തിലും തലത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാനുള്ള പദ്ധതിയുടെ ബലതന്ത്രമായി സ്വീകരിച്ചിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ക്രോസ്ബി വെളിപ്പെടുത്തി.   കനേഡിയന്‍ സര്‍ക്കാരിന്‍റെ പിന്‍തുണയോടെ നീങ്ങുന്ന പദ്ധതി,  2017-ജൂണ്‍ മാസത്തിന്‍റെ അന്ത്യത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയും 4 രാജ്യങ്ങളിലെയും കേഴുന്ന ജനങ്ങള്‍ക്കുള്ള സഹായം എത്തിച്ചുകൊടുക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ക്രോസ്ബി പ്രസ്താവനയില്‍ വ്യക്തമാക്കി. 








All the contents on this site are copyrighted ©.