2017-06-06 12:45:00

കപടനാട്യക്കാരന്‍ കൊലയാളി-കൗടില്യം അക്രൈസ്തവികം


കൗടില്യം ഒരു സമൂഹത്തെ അപ്പാടെ ഇല്ലായ്മചെയ്യാന്‍ കഴിവുറ്റതാണെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച (06/06/17) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനവിശകലനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ഉദ്ബോധനം നല്കിയത്

സീസറിന് നികുതികൊടുക്കുന്നത് നിയമാനുസൃതമാണൊ എന്ന് യേശുവിനെ കുടുക്കുന്നതിനുവേണ്ടി ഫരിസേയര്‍ അവിടത്തോടു ചോദ്യം ഉന്നയിക്കുന്ന സംഭവം ഉള്‍ക്കൊള്ളുന്ന മര്‍ക്കോസിന്‍റെ സുവിശേഷം 12:13-17 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

കാപട നാട്യം യേശുവിന്‍റെ ശൈലി ആയിരുന്നില്ലയെന്നും, ആകയാല്‍, അത് ക്രൈസ്തവരുടെ ശൈലി ആകരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വേദപുസ്തകത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നന്ന നിയമജ്ഞരെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അവര്‍ ഒന്നു പ്രകടിപ്പിക്കുകയും മറ്റൊന്നു ചിന്തിക്കുകയും ചെയ്യുന്നുവെന്നും, അവര്‍ പറയുകയും വിധിനടത്തുകയും ചെയ്യുമ്പോള്‍ ചിന്തിക്കുന്നതാകട്ടെ മറ്റൊന്നാണെന്നും പാപ്പാ വിശദീകരിച്ചു.

കപടനാട്യക്കാരന്‍ എല്ലായ്പോഴും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍  സ്തുതിപാഠകനായിരിക്കുമെന്ന് ഫരിസേയര്‍ യേശുവിനെ കുടുക്കാനുള്ള ചോദ്യം ഉന്നയിക്കുന്നതിനുമുമ്പ് അവിടത്തെ പുകഴ്ത്തുന്ന സംഭവം അനുസ്മരിച്ചുകൊണ്ടു പാപ്പാ പറഞ്ഞു.

സത്യം പറയാതിരിക്കുന്നതും, പൊടിപ്പും തൊങ്ങലും വച്ചു അതു പറയുന്നതും പൊങ്ങച്ചത്തിന് കാരണമാകുന്നതും ഒരു തരം മുഖസ്തുതിപറയല്‍ ആണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

കൗടില്യ ശൈലി ഏദന്‍ തോട്ടത്തില്‍ വച്ച് സര്‍പ്പം ഹവ്വായോടു കാട്ടിയ ശൈലിതന്നെയാണെന്ന് പാപ്പാ വിശദീകരീച്ചു.

കപടനാട്യം സമൂഹത്തിനും സഭയ്ക്കും ഏറെ തിന്മവിതയ്ക്കുമെന്ന് പറഞ്ഞ പാപ്പാ നാശംവിതയ്ക്കുന്നതായ പാപകരമായ ഈ മനോഭാവത്തില്‍ നിപതിക്കാതെ ജാഗ്രതയുള്ളവരായിരിക്കാന്‍ ക്രൈസ്തവരെ ആഹ്വനം ചെയ്തു.

കാപട്യമുള്ളവന്‍ കൊലയാളിയാണെന്ന് പാപ്പാ മുന്നറിയിപ്പുനല്കി.  








All the contents on this site are copyrighted ©.