2017-06-06 16:14:00

‘കുരികില്‍പ്പക്ഷിക്ക് സങ്കേതമേകുന്നവന്‍' സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം


സങ്കീര്‍ത്തനം 84-ന്‍റെ മൂന്നാം ഭാഗം. സങ്കീര്‍ത്തനപഠനം 32-Ɔ൦ പരമ്പര.

84-Ɔ൦ സങ്കീര്‍ത്തനപഠനത്തിന്‍റെ മൂന്നാം ഭാഗമാണിത്. ഈ സീയോണ്‍ ഗീതത്തിന്‍റെ അല്ലെങ്കില്‍ സമാശ്വാസഗീതത്തിന്‍റെ ആമുഖപഠനത്തെ തടര്‍ന്ന്, രണ്ടു പദങ്ങളുടെ വ്യാഖ്യാനം കഴിഞ്ഞ പ്രക്ഷേപണത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. അതില്‍, സങ്കീര്‍ത്തകന്‍  കര്‍ത്താവിന്‍റെ ആലയമായ ജരൂസലേത്തെ സ്തുതിക്കുന്നു. കര്‍ത്താവിന്‍റെ ഭവനത്തില്‍ എത്തിച്ചേരുന്നതിലും അവിടെ ദൈവിക സാന്നിദ്ധ്യത്തില്‍ ആയിരിക്കുന്നതിലും ലഭിക്കുന്ന ആനന്ദനിര്‍വൃതിയാണ് ആദ്യപദങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ഗീതത്തിന്‍റെ രണ്ടു ആദ്യ പദങ്ങളുടെ സംഗീതരൂപം ശ്രവിച്ചുകൊണ്ട് 84-Ɔ൦ സങ്കീര്‍ത്തനപഠനം തുടരാം.

ഗാനാവിഷ്ക്കാരം ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.  ആലാപനം, രമേഷ് മുരളിയും സംഘവും...

          Musical Version of Ps. 84

          കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്രമോഹനം മനോഹരം! (2).

ഇന്ന് നാം ഈ സമാശ്വാസഗീതത്തിന്‍റെ 3- മുതല്‍ 9-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനമാണ് പഠിക്കുവാന്‍ പോകുന്നത്. പദങ്ങള്‍ ഓരോന്നായി നമുക്ക് പരിശോധിക്കാം, പഠിക്കാം.  ആദ്യമായി 5-മുതല്‍ 6-വരെയുള്ള പദങ്ങള്‍ ശ്രദ്ധിക്കാം.

           Recitation :

എന്‍റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ,

കുരികില്‍പ്പക്ഷി ഒരു സങ്കേതവും മീവല്‍പ്പക്ഷി കുഞ്ഞിന് ഒരുകൂടും

അങ്ങയുടെ ബലിപീഠത്തിങ്കല്‍ കണ്ടെത്തുന്നുവല്ലോ.

എന്നേയ്ക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്

അങ്ങയുടെ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍

അവരുടെ ഹൃദയത്തില്‍ സീയോനിലേയ്ക്കുള്ള രാജവീഥികളുണ്ട്.

തിരുമുറ്റത്തേയ്ക്കും മുന്‍മുറ്റത്തേയ്ക്കും ദൈവാലയത്തിന്‍റെ മറ്റ് എടുപ്പുകളിലേയ്ക്കും നോക്കുമ്പോള്‍, കുരവികളെയും മീവല്‍ പക്ഷികളെയും സങ്കീര്‍ത്തകന്‍ കാണുന്നതുപോലെയാണ് പദങ്ങള്‍ വരച്ചുകാട്ടുന്നത്. ദേവാലയത്തിന്‍റെ അധികം ഉപയോഗിക്കാത്ത ഭാഗങ്ങളില്‍, അല്ലെങ്കില്‍ മേല്‍ത്തട്ടില്‍ ഈ ചെറിയ പക്ഷികള്‍ കൂടുകൂട്ടിയിരിക്കുവാനും സാദ്ധ്യതയുണ്ട് എന്നു വേണം അനുമാനിക്കാന്‍, അത് വളരെ സ്വാഭാവികമാണ്. കുരുവികളുടെ സാന്നിദ്ധ്യം കണ്ടുകൊണ്ടായിരിക്കണം സങ്കീര്‍ത്തകന്‍ ഇങ്ങനെ ആലപിച്ചത്. ‘കര്‍ത്താവേ, കുരികള്‍പ്പക്ഷി ഒരു സങ്കേതവും മീവല്‍പ്പക്ഷി കുഞ്ഞിന് ഒരു കൂടം അങ്ങയുടെ ബലിപീഠത്തില്‍ കണ്ടെത്തുന്നുവല്ലോ.’   വളരെ സ്പഷ്ടമാണ്, വിസ്തൃതമായ ദേവാലയത്തിന്‍റെ എവിടെയോ ഒരു ഭാഗത്ത്, പക്ഷിക്കൂടു കണ്ടുകൊണ്ടു തന്നെയായിരിക്ക​ണം സങ്കീര്‍ത്തകന്‍ ഇങ്ങനെ കുറിച്ചത്. ദൈവത്തിന്‍റെ സാന്നിദ്ധ്യത്തിലും സാമീപ്യത്തിലുമുള്ള സംരക്ഷണയുടെയും സന്തോഷത്തിന്‍റെയും പ്രതീകങ്ങളാണ് ഈ പക്ഷികള്‍. എന്നും നമുക്കീ പ്രകൃതിയുടെ മനോഹാരിതയെയും സാന്നിദ്ധ്യത്തെയും നമുക്ക് വ്യാഖ്യാനിക്കാം.

‘എന്‍റെ രാജാവും എന്‍റെ ദൈവവും’ എന്ന പ്രയോഗം ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളില്‍ ഏറെ സാധാരണമാണ്. ദൈവത്തെ വിശേഷണം കലര്‍ത്തി വിളിച്ചപേക്ഷിക്കുന്ന രീതിയാണിത്. പിന്നെ ‘കര്‍ത്താവിന്‍റെ ഭവനത്തില്‍ വസിക്കുക,’ എന്നു പറഞ്ഞാല്‍ ദൈവത്തിന്‍റെ ആലയത്തില്‍, അക്ഷരാര്‍ത്ഥത്തില്‍ താമിസിക്കുന്നു, വസിക്കുന്നു എന്നല്ല, മറിച്ച് അവിടുത്തെ ആരാധിക്കുക, അവിടുത്തെ സ്തുതിക്കുക എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. നിരൂപകന്മാര്‍ സമര്‍ത്ഥിക്കുന്നുമുണ്ട്. അങ്ങനെ ദൈവത്തെ സ്തുതിച്ചും, ആരാധിച്ചും ജീവിക്കുന്നവര്‍... സന്തോഷവാന്മാരും ഭാഗ്യവാന്മാരുമാണ്. അവര്‍ ദൈവസാന്നിദ്ധ്യത്തില്‍ ജീവിക്കുന്നവരാണ്. വളരെ സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ ദൈവവിചാരമുള്ളവരാണ്... ഭാഗ്യവാന്മാരാണ്.  അങ്ങനെ യാഹ്വേയുടെ സാന്നിദ്ധ്യമുള്ള പുണ്യസ്ഥലം സമാധാനത്തിന്‍റെയും ജീവിത സാഫല്യത്തിന്‍റെയും മൂര്‍ത്തിമത് ഭാവമാണെന്നാണ് 5-ാമത്തെ വാചകം വ്യക്തമാക്കുന്നത്. കാരണം, ദൈവത്തെ ആരാധിക്കുന്നതും ജീവിക്കുന്ന ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതുമാണ് ഏറ്റവും വലിയ ആനന്ദം. നീതിമാതന്മാര്‍ക്ക് – ദൈവസ്നേഹത്തിലും സഹോദരസ്നേഹത്തിലും ജീവിക്കുന്നവര്‍ക്ക് ഇതിന് കൂടുതലായ സാദ്ധ്യതകളുണ്ടെന്നും പദങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

“കര്‍ത്താവേ, അങ്ങില്‍ അഭയം തേടുന്നവര്‍ ഭാഗ്യവാന്മാര്‍, അവരുടെ ഹൃദയങ്ങള്‍ രാജവീഥിയിലൂടെ നടക്കുന്നു.” ‘രാജവീഥികള്‍,’  തീര്‍ത്ഥാടനവഴികളാണവ, ദേവാലയത്തിലേയ്ക്കുള്ള രാജവീഥികളാണ്. അവ തീര്‍ച്ചായായും തീര്‍ത്ഥാടകര്‍ക്ക്, അവരുടെ ഹൃദയത്തിന് അനന്ദം പകരുന്നു. തീര്‍ത്ഥാടന വഴികള്‍ അവര്‍ക്ക് സന്തോഷം നല്‍കുന്നു എന്നു പറയുമ്പോള്‍, യാഹ്വേയുടെയും സെഹിയോന്‍റെയും ശക്തമായ സംരക്ഷണത്തിന് സ്വയം കയ്യാളിക്കുന്നുവെന്നും, സമര്‍പ്പിക്കുന്നുവെന്നും, അതില്‍ അവര്‍ക്കു ലഭിക്കുന്ന ആനന്ദം അനിവര്യമാണെന്നുമാണ് നാം മനസ്സിലാക്കേണ്ടത്. കാരണം സഹിയോന്‍ എന്നും സംരക്ഷണത്തിന്‍റെയും, അഭയത്തിന്‍റെയും സ്ഥാനമാണ്, സ്ഥലമാണ്.

                   Musical Version of Ps. 84

                  1. എന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ അങ്കണത്തിലെത്താന്‍ 

     തീവ്രമായ് ആഗ്രഹിക്കുന്നു

     എന്‍റെ മനസ്സും ശരീരവും ജീവനുള്ള ദൈവത്തിനു

     സ്തോത്രഗീതം ആലപിക്കുന്നു.

  Recitation

                         ഇനി നമുക്ക് 6-മുതല്‍ 7-വരെയുള്ള പദങ്ങള്‍ പരിശോധിക്കാം.

ബാക്കാത്താഴ്വരയിലൂടെ കടന്നുപോകുമ്പോള്‍

കര്‍ത്താവ് അതിനെ നീരുറവകളുടെ താഴ്വാരമാക്കുന്നു.

ശരത്ക്കാലവൃഷ്ടി അതിനെ ജലാശയങ്ങള്‍കൊണ്ടു നിറയ്ക്കുന്നു

അവര്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു.

അവര്‍ ദൈവത്തെ സീയോനില്‍ ദര്‍ശിക്കുന്നു.

തീര്‍ത്ഥാടകന്‍റെ വഴികളെപ്പറ്റിയാണ് പരാമര്‍ശം. ജരൂസലേത്തേയ്ക്കുള്ള ദുഷ്കരമായ യാത്രയില്‍പ്പോലും സെഹിയോനില്‍ ജീവിക്കുന്നതിന്‍റെ ആനന്ദവും സുരക്ഷിതത്വവം അനുഭവപ്പെടുന്നു. തീര്‍ത്ഥാടകര്‍ കടന്നു പോകുന്ന ബാക്കാ താഴ്വരയെപ്പറ്റി നമുക്കു വലിയ അറിവു ലഭിക്കുന്നില്ല. ഹീബ്രുവില്‍ അത് ഒരുതരം വൃക്ഷത്തെ സൂചിപ്പിക്കുന്നു (ബാള്‍സാ). ‘കരച്ചിലിന്‍റെ താഴ്വര’ എന്നും ചിലര്‍ മനസ്സിലാക്കുന്നു. അത്ഭുതകരമായി വെള്ളം പൊട്ടിപ്പുറപ്പെട്ട മരുഭൂമിയിലെ താഴ്വരയാണിതെന്നാണ് ഇസ്രായേലിലെ പാരമ്പര്യം. മരുഭൂമിയിലൂടെ യാത്രചെയ്യുന്ന തീര്‍ത്ഥാടകര്‍ക്കുവേണ്ടി യാഹ്വേ അരുവികള്‍ സൃഷ്ടിക്കുന്നതാണ് ഇവിടെ മുഖ്യമായ പ്രതിപാദ്യം. ജീവിക്കുന്ന ദൈവത്തിങ്കലേയ്ക്കുള്ള തീര്‍ത്ഥാടനത്തില്‍ അവര്‍ ഭൂമിയില്‍ സംരക്ഷിതരാണ്, എന്ന ആശയമാണ് നമുക്ക് ഈ വരികളില്‍ ലഭിക്കുന്നത്. തീര്‍ത്ഥാടനത്തിന്‍റെ, ജീവിതയാത്രയുടെ എല്ലാ പ്രയാസങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് അവര്‍ക്കു ലഭിക്കുന്നു.

വരണ്ട താഴ്വരയെ മുന്‍മഴ, മുന്‍പു പെയ്തമഴ തടാകമാക്കി മാറ്റുന്നു. വാക്യം 6 അതാണ് വിവരിക്കുന്നത്. ബാക്കാ താഴ്വാരയെ അവിടുന്ന് നീരുറവയുടെ താഴ്വാരമാക്കുന്നു.

അങ്ങനെ ആ പ്രദേശം ഹരിതാഭ അണിഞ്ഞ് ഫലപുഷ്ടമാകുകയാണ്. തീര്‍ത്ഥാടകരും കരുത്താര്‍ജ്ജിക്കുന്നു. അവര്‍ ഏറെ ശക്തിയാര്‍ജ്ജിക്കുന്നു. മാനസിക സന്തോഷം അനുഭവിക്കുന്നു. വാടാതെ തളരാതെ, കരിയാതെ മുന്നേറുവാന്‍ അങ്ങനെ അവര്‍ക്കു സാധിക്കുന്നു.   സെഹിയോനിലെത്തി യാഹ്വേയുടെ സാന്നിദ്ധ്യം അനുഭവിക്കുന്നതുവരെ നിഗൂഢമായ ദൈവസഹായം അവര്‍ ജീവിതയാത്രയില്‍, മാര്‍ഗ്ഗമദ്ധ്യേ അനുഭവിക്കുന്നുവെന്ന് നീരുറവയുടെ നിര്‍ഝരിയുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു, വരികള്‍ വ്യക്തമാക്കുന്നു.

   Musical Version Ps. 84

   2. എന്‍റെ രാജാവും ദൈവവുമായ കര്‍ത്താവേ,

    അങ്ങേ ബലിപീഠമെന്‍റെ സങ്കേതം

    എന്നേയ്ക്കുമങ്ങയെ സ്തുതിച്ചു ഞാന്‍

    അവിടുത്തെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കുന്നു.

                Recitation

  ഇനി നമുക്ക് 8-മുതല്‍ 9-വരെയുള്ള     സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന ശ്രവിക്കണമേ        യാക്കോബിന്‍റെ ദൈവമേ, ചെവിക്കൊള്ളണേ.     ഞങ്ങളുടെ പരിചയായ ദൈവമേ, അങ്ങയുടെ അഭിഷിക്തനെ  കടാക്ഷിക്കണമേ!

രാജാവിനുവേണ്ടി, കര്‍ത്താവിന്‍റെ അഭിഷ്ക്തനുവേണ്ടി തീര്‍ത്ഥാടകര്‍ സൈന്ന്യങ്ങളുടെ കര്‍ത്താവിനോട്, പ്രാര്‍ത്ഥിക്കുന്ന, ഭരണമേറ്റിരിക്കുന്ന രാജാവിനുവേണ്ടിയാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. ഇസ്രായേലില്‍ യാഹ്വേയുടെ പ്രതിപുരുഷനായിരുന്നു രാജാവ്. രക്ഷിക്കുന്ന, ഭരിക്കുന്ന ദൈവത്തിന്‍റെ പ്രതിനിധിയാണ് രാജാവ്, എന്നതായിരുന്ന ഇസ്രായേല്യരുടെ രാജാവിനെക്കുറിച്ചുള്ള സങ്കല്പവും വിശ്വാസവും. ദൈവവും രാജാവും പരിചയായി വിശേഷിപ്പിക്കപ്പെടുകയാണ് 9-Ɔമത്തെ പദത്തില്‍. രാജാവു പരിചയാണ്. കാരണം, അദ്ദേഹം തന്‍റെ ജനത്തെ ശത്രുക്കളില്‍നിന്നു സംരക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്, പിന്നെയോ ദൈവിക സംരക്ഷണത്തിന്‍റെ അച്ചാരമാണ്. കൂടാതെ, പരിച പൗരസ്ത്യ പാരമ്പര്യം അനുസരിച്ച് ഭരിക്കുന്ന രാജാവിന്‍റെ ചിഹ്നമാണ്, ആടയാളമാണ് സൂചിപ്പിക്കുന്നത്.

Musical Version Ps. 84

എന്‍റെ രക്ഷകനായ ദൈവമേ, അങ്ങേ അഭിഷിക്തനെ

നിത്യം കടാക്ഷിക്കണമേ, അങ്ങു നിത്യം കടാക്ഷിക്കണമേ

അന്യഗൃഹത്തില്‍ ആയിരം ദിനങ്ങളെക്കാള്‍

അങ്ങേ ഗൃഹത്തില്‍ വസിപ്പെതെത്രയോ ഭാഗ്യമിതേ, ഓ, ഭാഗ്യമിതേ...








All the contents on this site are copyrighted ©.