സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

പരിശുദ്ധാത്മാവ് - ദൈവപിതാവിന്‍റെ സ്നേഹാംഗുലി

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ അള്‍ത്താരയിലെ ഗ്ലാസ് ചിത്രീകരണം - RV

03/06/2017 17:12

വി. യോഹന്നാന്‍ 20, 19-23  പരിശുദ്ധാത്മ മഹോത്സവം

രണ്ടായിരത്തി പതിനേഴാമാണ്ടിലെ പെന്തക്കോസ്ത മഹോത്സവത്തിന് ഏറെ പ്രത്യേകതയുണ്ട്. ലോകമെമ്പാടുമുള്ള സഭയുടെ കരിസ്മാരിറ്റ് പ്രസ്ഥാനങ്ങള്‍ സുവര്‍ണ്ണജൂബിലി ആഘോഷിക്കുകയാണ്. ഈ ആഘോഷത്തിനായി ഇറ്റലിയില്‍നിന്നുമുള്ള വന്‍സംഘം കൂടാതെ, മറ്റ് 130 രാജ്യങ്ങളില്‍നിന്നും 30,000 അതികം കരിസ്മാറ്റിക് മൂവ്മെന്‍റിലെ ​പ്രതിനിധികള്‍ അരൂപിയാല്‍ നിറഞ്ഞ് റോമില്‍ എത്തിയിട്ടുണ്ട്. പെന്തക്കൂസ്താദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പമുള്ള സമൂഹബലിയര്‍പ്പണത്തോടെ 4 ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങള്‍ അതിന്‍റെ ഉച്ചസ്ഥായിയിലെത്തുന്നു. ഒരു ചരിത്രമുഹൂര്‍ത്തം തന്നെ!

1. ഉത്ഥാനത്തിന്‍റെ അന്‍പതാംനാള്‍    ക്രിസ്തുവിന്‍റെ കാലത്ത് നിലനിന്നിരുന്ന ‘പെന്തക്കൂസ്താ’ എന്ന ഹെബ്രായ തിരുനാളിലാണ് പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം അപ്പസ്തോലന്മാര്‍ക്ക് അനുഭവവേദ്യമായത്! ‘ശക്തമായ കാറ്റിന്‍റെയും തീനാവിന്‍റെയും പ്രവാഹം ക്രിസ്തു ശിഷ്യന്മാര്‍ക്ക് അനുഭവപ്പെട്ടത്.’ അപ്പസ്തോല നടപടി പുസ്തകം ഇക്കാര്യം വിവരിക്കുന്നു (നടപടി 2, 3). ക്രിസ്തുവിന്‍റെ മരണശേഷം  ഭയവിഹ്വലരായിരുന്ന അപ്പസ്തോലന്മാര്‍ക്ക് അരൂപിയുടെ നിറവുണ്ടായപ്പോള്‍ ഭയം മാറി, ധൈര്യമുണ്ടായി. അവരുടെ നാവിന്‍റെ കുരുക്കുകള്‍ അഴിക്കപ്പെട്ടു. അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാനും, പുറത്തിറങ്ങി പ്രവര്‍ത്തിക്കാനും തുടങ്ങി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ അനായാസം ഇതര ഭാഷക്കാര്‍ എളുപ്പത്തില്‍ മനസ്സിലാക്കുകയുംചെയ്തു.

2.  അരൂപിയുടെ രണ്ടു പ്രത്യേകതകള്‍   സഭയുടെ പിറവിയും പ്രത്യക്ഷീകരണവും പ്രകടമാക്കുന്ന പെന്തക്കൂസ്താ മഹോത്സവത്തിന് രണ്ടു പ്രത്യേകതകളുണ്ട് – ഒന്ന് അത് നമ്മെ ആശ്ചര്യപ്പെടുത്തുന്നു, രണ്ടാമതായി അത് എല്ലാറ്റിനെയും പരിവര്‍ത്തനംചെയ്യുന്നു. പെന്തക്കോസ്തായുടെ ആദ്യ ഘടകം ആശ്ചര്യങ്ങളുടേതാണ്. ക്രിസ്തുവിന്‍റെ മരണശേഷം യഹൂദരെ ഭയന്നു ജീവിച്ച വളരെ നിസ്സാരരായിരുന്ന ശിഷ്യന്മാരില്‍നിന്നും ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല. ഗുരുവിന്‍റെ ഒരു പരാജിത സംഘമായിരുന്നു അവരെന്ന് ഒരുവിധത്തില്‍ പറയാം. എന്നാല്‍ ആശ്ചര്യാവഹമായതാണ് ജരൂസലേമില്‍ സംഭവിച്ചത്. “ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും, തങ്ങളുടെ ഓരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്തോലന്മാര്‍ സംസാരിക്കുന്നതു കേട്ട് അവര്‍ അത്ഭുതപ്പെടുകയും ചെയ്തു” (അപ്പസ്തോല നടപടി 2, 6-7, 11). “ക്രേത്യരും അറബികളും, താന്താങ്ങളുടെ ഭാഷകളിലാണ് അത്  മനസ്സിലാക്കിയത്”. ഇത് ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികള്‍ ആയിരുന്നെന്ന് അപ്പസ്തോലന്മാര്‍ വിവിരിക്കുന്നു.  

3. ഉയിര്‍ത്തെഴുന്നേറ്റ ഭീരുക്കള്‍    പെന്തക്കോസ്തായില്‍ വിരിഞ്ഞ സഭ ദൈവത്തില്‍നിന്നു ലഭിച്ച പ്രത്യേക ശക്തിയാലും, അവര്‍ പ്രഘോഷിച്ച നവമായ സ്നേഹസന്ദേശത്തിന്‍റെ സാര്‍വ്വലൗകിക സ്വഭാവത്താലും  ഭീതിയും അത്ഭുതവുമാണ് ആദ്യം ജനങ്ങളില്‍ ഉണര്‍ത്തിയത്. എന്നാല്‍ പരിശുദ്ധാത്മാവ് ഉന്നതങ്ങളില്‍നിന്നും വര്‍ഷിച്ച കൃപയുടെയും സ്വാതന്ത്ര്യത്തിന്‍റെയും സഹായത്താല്‍ ശ്ലീഹന്മാര്‍ ധൈര്യത്തോടും തുറവോടുകൂടെ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ക്രിസ്തുവിന്‍റെ സുവിശേഷം അവര്‍ സകലരോടും പ്രഘോഷിക്കുവാനും തുടങ്ങി. ഉത്ഥാനംചെയ്ത ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ടും, സകലരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ടും, ദൈവം മനുഷ്യരുടെമേല്‍ തന്‍റെ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു. നമ്മെ സൗഖ്യപ്പെടുത്തുവാനും നമ്മോട് ക്ഷമിക്കുവാനും പെന്തക്കൂസ്താനാളില്‍ ആദിമസഭയില്‍ അവിടുത്തെ കാരുണ്യം സമൃദ്ധമായി വര്‍ഷിക്കപ്പെട്ടിരിക്കുന്നെന്ന് അപ്പസ്തോലന്മാര്‍ പ്രഘോഷിച്ചു.

4.  സിഹിയോനില്‍നിന്നുള്ള പുറപ്പാട്    ക്രിസ്തുവിന്‍റെ മരണത്തോടെ ശിഷ്യന്മാര്‍ പേടിച്ചരണ്ട്, മുറിയില്‍ അടച്ചുപൂട്ടിയിരിക്കയായിരുന്നു. ഇനിയും കുഴപ്പമൊന്നും ഉണ്ടാക്കേണ്ട എന്നു കരുതി അവര്‍ അവിടെത്തന്നെ കഴിഞ്ഞു കൂടിയിരുന്നെങ്കില്‍...!? ഇങ്ങനെ ആഗ്രഹിച്ച ചിലരെങ്കിലും ജരൂസലേമില്‍ അക്കാലത്ത് ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ “പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു,” എന്നു പറഞ്ഞ് (യോഹ. 20, 21) ഉത്ഥിതനായ ക്രിസ്തു ശിഷ്യന്മാര്‍ക്ക് ധൈര്യം നല്കി അവരെ ലോകത്തിന്‍റെ നാനാഭാഗത്തേയ്ക്കും പറഞ്ഞയച്ചു. ഭൂമിയുടെ നാല് അതിര്‍ത്തിക്കളിലേയ്ക്ക് അവരെല്ലാം പരിശുദ്ധാത്മനിറവില്‍ നയിക്കപ്പെട്ടു. അതില്‍ ഒരാള്‍, തോമാശ്ലീഹാ കേരളക്കരയില്‍ എത്തിയെന്നും, ഏഴരപള്ളികള്‍ പണകഴിപ്പിച്ചുവെന്നതും നമ്മുടെ പാരമ്പര്യമാണ്.

പെന്തക്കോസ്തയെ തുടര്‍ന്നുള്ള സഭ നിര്‍ഗുണസമ്പന്നമായ ഒരാള്‍കൂട്ടമോ, ആലങ്കാരിക സഖ്യമോ, പ്രസ്ഥാനമോ ആയിരുന്നില്ല. മറിച്ച്, കേള്‍ക്കുന്നവരുടെ മനസ്സാക്ഷിയെ മഥിക്കുന്ന വിധത്തില്‍, നിര്‍ഭയം പുറത്തുവന്ന് ജനങ്ങളെ കാണുകയും, ക്രിസ്തു തങ്ങളെ ഭരമേല്പിച്ച സുവിശേഷസന്ദേശം അറിയിക്കുകയുമാണ് അപ്പസ്തോലന്മാര്‍ ചെയ്തത്.  വത്തിക്കാനില്‍ വരുന്നവരെ അതിശയിപ്പിക്കുന്ന കാഴ്ചയാണ് വിസ്തൃതവും മനോഹരവുമായ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിന് അതിരും അലങ്കാരവുമായി ചുറ്റും ഉയര്‍ന്നുനില്ക്കുന്നു. ബര്‍ണീനിയുടെ സ്തംഭാവലി, തൂണുകളുടെ നിര.. വിരിച്ചുപിടിച്ച ഒരമ്മയുടെ കരങ്ങളാണ് ശില്പിയുടെ ഭാവനയില്‍... അമ്മ മക്കളെ കരവലയത്തില്‍ അമര്‍ത്തി നിര്‍ത്തുകയല്ല, തുറന്ന കരങ്ങളുമായി ലോകത്തിലേയ്ക്ക് പറഞ്ഞയക്കുന്നതായിട്ടാണ് വാസ്തുശില്പി, ബര്‍ണീനി രൂപകല്പനചെയ്തിരിക്കുന്നത്. തങ്ങളുടെ കരങ്ങളില്‍ ലോകത്തെ അടക്കി ഭരിക്കാനല്ല,  മറിച്ച് ക്രിസ്തു-സ്നേഹത്തിന്‍റെ തുറന്ന കരങ്ങളുമായി സകല ജനതകളെയും ആശ്ലേഷിക്കുവാനുള്ള അന്യൂനവും സവിശേഷവുമായ ദൗത്യവുമായിട്ടാണ് അപ്പസ്തോലന്മാര്‍ ഇറങ്ങി പുറപ്പെട്ടത്. ഈ പുറപ്പാടിനു പിന്നില്‍ കര്‍ത്താവിന്‍റെ അരൂപിയാണ് പ്രവര്‍ത്തിച്ചത്.

5.  സജീവമാക്കുന്ന കര്‍ത്തിവന്‍റെ ചൈതന്യം    ഉല്പത്തി പുസ്തകം വിവരിക്കുന്നതുപോലെ ദൈവത്തിന്‍റെ ചൈതന്യം ഈ പ്രപഞ്ചത്തിനു മീതെ ചലിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴും കര്‍ത്താവിന്‍റെ അരൂപി ചലിക്കുന്ന, അരൂപി എല്ലാറ്റിനെയും ചലിപ്പിക്കുന്നു! ക്രമമില്ലാതെയും ഭംഗിയില്ലാതെയും മര്‍ത്യജീവിതങ്ങള്‍ താഴെ ഉഴലുമ്പോള്‍ പരിശുദ്ധാത്മാവില്‍ അത് ക്രമമുള്ളതാക്കാന്‍ സാധിക്കും. ശിരസ്സിനുമീതെ വീശുന്ന കാറ്റിനെക്കുറിച്ച്  സുഹൃത്തായ നിക്കദേമൂസിനോട് ക്രിസ്തു പറഞ്ഞുകൊടുക്കുന്നുണ്ട്. “ദൈവത്തിന്‍റെ ആത്മാവ് കാറ്റുപോലെ വീശുന്നു. എവിടെനിന്നു വരുന്നുവെന്നോ എവിടേയ്ക്കു പോകുന്നുവെന്നോ നമുക്കറിയില്ല” (യോഹ. 3, 8). ‘റൂഹാ’ എന്ന വാക്കിന് കാറ്റ് എന്നും നിശ്വാസം എന്നും അര്‍ത്ഥമുണ്ട്. കാറ്റ് നിശ്വാസമാകുന്നതാണ് അഭിഷേകം Anointing - From wind  it transits to breath. നിശ്വാസം ഗാഢസൗഹൃദമാകുന്ന അനുഭവമാണ് അഭിഷേചനം. “നിന്‍റെ നിശ്വാസത്തിന് ആപ്പിളിന്‍റെ സുഗന്ധമാണ്,” എന്ന് ഉത്തമഗീതത്തിലെ വരികള്‍ ഓര്‍മ്മിപ്പിക്കുന്നു (ഉത്തമ. 7, 8). സൃഷ്ടികര്‍മ്മം അങ്ങനെയായിരുന്നു. മനുഷ്യന്‍റെ നാസാരന്ധ്രങ്ങളില്‍ ദൈവം നിശ്വസിച്ചു. ഈ നിശ്വാസം നമ്മില്‍നിന്നും ദൈവം തിരികെ എടുക്കുന്നതാണ് മരണം. സൃഷ്ടിക്കു മാത്രമല്ല പുനഃസൃഷ്ടിക്കും, നവീകരണത്തിനും നിശ്വാസം ആവശ്യമാണ്. അതുകൊണ്ടാണ് അവരുടമേല്‍ ഊതിക്കൊണ്ട് ക്രിസ്തു പറഞ്ഞത്. “ആത്മാവിനെ സ്വീകരിക്കുക!”  ദൈവാത്മാവിന്‍റെ നിശ്വാസത്തില്‍ സംഭവിക്കാവുന്നത്, ഒത്തിരി സാധ്യതകളാണ്. അത് ഉള്ളില്‍ സംഗീതം ഉണര്‍ത്തുകയും, തിരിതെളിയിക്കുകയും, നവജീവന്‍ പകരുകയുംചെയ്യും. പാഴ്മുളംതണ്ടിന്‍റെ ശൂന്യതയിലൂടെ ഈ നിശ്വാസം കടന്നുപോകുമ്പോള്‍ സാന്ദ്രലയം ഉതിരുന്നതുപോലെ ലളിതമാണത്. അപ്പോള്‍ ഒരാള്‍ക്കു പാടാതിരിക്കാനാവില്ല. ആത്മസന്തോഷം എന്നൊക്കെ നമ്മള്‍ വിളിക്കുന്നത് ആത്മാവിന്‍റെ സാന്നിദ്ധ്യാനുഭവമാണ്.

6. താളബദ്ധമായ  ജീവിതങ്ങളുടെ  സ്തുതിപ്പുകള്‍    ആത്മാവാല്‍ നിറഞ്ഞ നസ്രത്തിലെ മറിയം പാടുന്നു, “എന്‍റെ ആത്മാവ് കര്‍ത്താവില്‍ സന്തോഷിക്കുന്നു!” ആര്‍ക്കും കവര്‍ന്നെടുക്കാനാവാത്ത ഒരാന്തിരക താളത്തില്‍നിന്നാണ് ആ ഗീതം, മറിയത്തിന്‍റെ സ്തോത്രഗീതം, magnificat ഉയര്‍ത്തുന്നത്. അത് ആത്മാവിന്‍റെ നിറവാണ്, നിറസാന്നിദ്ധ്യമാണ്. വിശുദ്ധഗ്രന്ഥത്തില്‍ ഉടനീളം ഇത്തരം പാട്ടിലേയ്ക്ക് ഉണര്‍ന്നവരുടെ നിരവധി കഥകളുണ്ട്. അത്തി തളിര്‍ക്കാത്തതും, മുന്തിരി പൂക്കാത്തതൊന്നും അത്തരം ഗീതങ്ങളില്‍നിന്നും അവരെ പിന്തിരിപ്പിക്കുന്നില്ല. ജീവിതം താളബദ്ധമാകുന്നു എന്ന ബോധ്യത്തിലാണ് പരിശുദ്ധാത്മാവിന്‍റെ ഇടപെടല്‍ അവര്‍ക്ക് വെളിപ്പെട്ടുകിട്ടുന്നത്.

7.  ധൂളിയിലെ കനല്‍ തെളിയിക്കുന്ന റൂഹാ’     ഓരോരുത്തരുടെയും ഉള്ളില്‍ ചില കനലുകള്‍ ചാരംമൂടി കിടപ്പുണ്ട്. മറവിയുടെ ധൂളികള്‍ക്കുള്ളില്‍ കിടക്കുന്ന കനലുകള്‍ നിശ്വാസത്തില്‍ നാളമായ് ഉയരുന്നു. അത് കത്തിജ്വലിക്കുന്നു. പ്രകാശം പരത്തുന്നു. ഹൃദയ ശൈത്യത്തില്‍ ആണ്ടുപോയ മേഖലകള്‍ ഊഷ്മളമാക്കപ്പെടുന്നു. എന്നില്‍ ആവശ്യമില്ലാത്തതൊക്കെ കത്തിയെരിഞ്ഞു ചാമ്പലായി മാറിക്കഴിയുമ്പോള്‍ ജീവിതത്തിന്‍റെ സുവര്‍ണ്ണശോഭ എനിക്കു വീണ്ടെടുത്തു തരുന്നു. അത് പരിശുദ്ധാത്മാവാണ്, അവിടുത്തെ ദിവ്യസ്നേഹാഗ്നിയാണ്!    ഭരത് പി.ജെ. ആന്‍റെണിയുടെ പഴയ ബ്ലാക്ക് അന്‍ഡ് വൈറ്റ് പടമാണ് ‘പെരിയാര്‍’.  വീട്ടിലെ പ്രാര്‍ത്ഥനാമുറിയുടെ അരണ്ടവെളിച്ചത്തില്‍ കുടുംബം പാടി പ്രാര്‍ത്ഥിക്കുന്നതാണ് രംഗം.  അന്തിവിളക്ക് പ്രകാശം പരത്തുന്നു   നിന്‍തിരുവുള്ളം കണക്കേ…   ജാനകിയമ്മ പാടിയ ഗാനം,  സംവിധായകനും നടനുമായ പി.ജെ. ആന്‍റെണി കുറിച്ച വരികള്‍ക്ക് ഈണംനല്കിയത് ജോബ് മാസ്റ്ററാണ്.    മനുഷ്യജീവിതത്തിന്‍റെ ഇരുളിലും പ്രകാശമായി തെളിയുന്ന ദൈവികസാന്നിദ്ധ്യം, ദൈവാരൂപിയുടെ സാന്നിദ്ധ്യം!  പ്രത്യാശയുടെ പ്രതീകമാണ്. നമ്മെ ജീവിതത്തില്‍ മുന്നോട്ടു ചലിപ്പിക്കുന്ന ചിലകശക്തിയും, ദിശാമാപിനിയുമാണ് പരിശുദ്ധാത്മാവ്!

ഗ്ലാസ്   ചിത്രീകരണം - വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അള്‍ത്താരയില്‍നിന്നും - 'പരിശുദ്ധാവിന്‍റെ പ്രാവ്'  - മൈക്കിളാഞ്ചലോ, ബര്‍ണീനി ചിത്രകാരന്മാരുടെ മേല്‍നോട്ടത്തില്‍ എകദേശം 1660-ല്‍   പണികഴിപ്പിച്ചത്. പകല്‍വെളിച്ചത്തില്‍ പ്രകാശിതം.

 

 


(William Nellikkal)

03/06/2017 17:12