2017-06-01 08:54:00

സംവാദമില്ലാതെ സമാധാനം സാദ്ധ്യമല്ല : പാത്രിയര്‍ക്കിസ് ബര്‍തലോമ്യോ


സംവാദം എവിടെയും സമാധാനത്തിന് വഴിതുറക്കും... പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ.

ജെര്‍മനിയിലെ ട്യൂബിന്‍ജെന്‍ യൂണിവേഴ്സിറ്റിയുടെ ദൈവശാസ്ത്രവിഭാഗം (Faculty of Theology of the University of Tubingen)  ബഹുമാനപുരസരം സമര്‍പ്പിച്ച ഡോക്ടര്‍ ബിരുദം മെയ് 30-Ɔ൦ തിയതി ചൊവ്വാഴ്ച സ്വീകരിച്ച വേദിയിലാണ് കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

സംവാദത്തിന് സാദ്ധ്യതകള്‍ നഷ്ടപ്പെടുകയും, അല്ലെങ്കില്‍ അതിനുള്ള അവസരങ്ങള്‍ തിരസ്ക്കരിക്കപ്പെടുകയും ചെയ്യുന്നിടങ്ങളില്‍ ഒറ്റപ്പെടലും വിദ്വേഷവും വളരുന്നു. അത് കൂട്ടായ്മയ്ക്കും, സ്വാന്ത്ര്യത്തിനും, സമാധാനത്തിനും നിരന്തരമായ ഭീഷണയാവുകയും ചെയ്യുന്നു. വളരുന്ന മതമൗലികവാദവും സ്വാര്‍ത്ഥമായ ദേശീയവാദവും ഇല്ലാതാക്കി സൗഹാര്‍ദ്ദവും സാമൂഹീകൈക്യവും നിലനിര്‍ത്താന്‍ ക്രൈസ്തവ സമൂഹങ്ങള്‍ സംവാദത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി സമൂഹത്തെയും പ്രഫസര്‍മാരുടെ കൂട്ടായ്മയെയും ഉദ്ബോധിപ്പിച്ചു.

ഭിന്നിച്ചുനില്ക്കുന്ന ക്രൈസ്തവസമൂഹങ്ങള്‍ അനുരഞ്ജനപ്പെട്ടാല്‍ കൂട്ടായ്മ വളര്‍ത്താമെന്നും, അങ്ങനെ സംവാദത്തിലൂടെ ആദ്യം ക്രൈസ്തവസമൂഹങ്ങളിലും, തുടര്‍ന്ന് ലോകത്തെവിടെയും സമാധാനവഴികള്‍ തുറക്കാനാകുമെന്നും പാത്രിയര്‍ക്കിസ് പ്രത്യാശപ്രകടിപ്പിച്ചു.  

ലൂതറന്‍ പ്രസ്ഥാനം സ്ഥാപിതമായതിന്‍റെ 500-Ɔ൦ വാര്‍ഷികം സംബന്ധിച്ച് ജര്‍മ്മനിയിലെ സ്റ്റുവാര്‍ട് നഗരം സംഘടിപ്പിച്ച ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ. ജര്‍മ്മനിയുടെ പ്രസിഡന്‍റ്, ഫ്രാങ്ക് വാള്‍ടര്‍ സ്റ്റെയിന്‍മിയറുമായും പാത്രിയര്‍ക്കിസ് കൂടിക്കാഴ്ച നടത്തും.  








All the contents on this site are copyrighted ©.