2017-06-01 09:30:00

ഡിജിറ്റല്‍ സങ്കീര്‍ണ്ണതയില്‍ കുട്ടികള്‍ സംരക്ഷിക്കപ്പെടണം


ഡിജിറ്റല്‍ ലോകത്തിന്‍റെ സങ്കീര്‍ണ്ണതയില്‍ കുട്ടികള്‍ സംരക്ഷിക്കപ്പെടണം. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്രാദ്ധ്യപകന്‍ ഫാദര്‍ പ്രഫസര്‍ ഹാന്‍സ് സോള്‍നറാണ് ഇങ്ങനെ പ്രസ്താവിച്ചത്.

“ഡിജിറ്റല്‍ ലോകത്ത് കുട്ടികളുടെ അന്തസ്സ്,” എന്ന പേരില്‍ ഒക്ടോബര്‍  3-മുതല്‍ 6-വരെ തിയതികളില്‍ റോമില്‍ നടക്കാന്‍പോകുന്ന രാജ്യാന്തര സമ്മേളനത്തെക്കുറിച്ച് അറിയിക്കുന്ന മെയ് 31-ന്‍റെ പ്രസ്താവനയിലാണ് ഫാദര്‍ സോള്‍നര്‍ ഇങ്ങനെ പറഞ്ഞത്.  

വെബ് സൈറ്റിന്‍റെയും അത്യാധുനീക മാധ്യമശൃഖലകളുടെയും ദൂഷിതവലയത്തില്‍ വീഴുന്ന കോടികള്‍വരുന്ന ലോകത്തെ ഇറ്റര്‍നെറ്റു ഉപഭോക്താക്കളില്‍ നാലില്‍ ഒരു ഭാഗവും കുട്ടികളാണെന്ന് പ്രസ്താവനയില്‍ ഫാദര്‍ സോള്‍നര്‍ ചൂണ്ടിക്കാട്ടി. ലൈഗിംക പീഡനത്തിന്‍റെ വിവിധങ്ങളായ സാമൂഹ്യസാഹചര്യങ്ങളില്‍ നിന്നെന്നപോലെ ഏറെ സങ്കീര്‍ണ്ണവും വിസ്തൃതവുമായ ഡിജിറ്റല്‍ ശൃംഖലയുടെ കെണികളില്‍നിന്നും കുട്ടികളെ രക്ഷിക്കേണ്ടതും, സംരക്ഷണ സാങ്കേതികതകള്‍ ഉപയോഗിച്ച്, അവരെ അറിവിന്‍റെയും നന്മയുടെയും നല്ല പാതയിലേയ്ക്ക് തിരിച്ചുവിടേണ്ടതും അനിവാര്യമാണെന്ന് ഫാദര്‍ സോള്‍നര്‍ പ്രസ്താവനയില്‍ വിശദീകരിച്ചു.

ഡിജിറ്റല്‍ ലോകത്തെ സങ്കീര്‍ണ്ണപ്രശ്നങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കാനുതകുന്ന ഒരു പൊതുപ്രസ്താന (Common Declaration) പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയില്‍ സമ്മേളനം പ്രസിദ്ധപ്പെടുത്തുമെന്നും ഫാദര്‍ സോള്‍നറുടെ പ്രസ്താവന വ്യക്തിമാക്കി.

രാജ്യാന്തര ‘സൈബര്‍’  വിദഗ്ദ്ധരും, പണ്ഡിതന്മാരും, ഡിജിറ്റല്‍ സാങ്കേതികതയുടെ വ്യവസായ പ്രമുഖരും, രാഷ്ട്രപ്രതിനിധികളും, കുട്ടികളുടെ നന്മയ്ക്കായുള്ള സ്ഥാപനങ്ങളുടെ അവയുടെ പ്രവര്‍ത്തകരും പ്രതിനിധികളുമായി 140 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇംഗ്ലണ്ടിലെ സൈബര്‍ സുരക്ഷയ്ക്കുള്ള കാര്യാലയത്തിന്‍റെ മേധാവി, ബാരണ്‍ ഷീല്‍ഡ്, കൂട്ടികളുടെ സുരക്ഷയ്ക്കുള്ള ആഗോളകൂട്ടായ്മ WePROTECT എന്നീ പ്രസ്ഥാനങ്ങള്‍ കുട്ടികളുടെ സുരക്ഷയും നന്മയും സംബന്ധിച്ച സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണയായി എത്തുന്നുണ്ട്.  

 








All the contents on this site are copyrighted ©.