സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

സങ്കീര്‍ത്തനപഠനം : കര്‍ത്താവിന്‍റെ അങ്കണത്തെക്കുറിച്ച്

സങ്കീര്‍ത്തനപഠനം - RV

30/05/2017 16:38

84-Ɔ൦ സങ്കീര്‍ത്തനപഠനത്തിന്‍റെ രണ്ടാം ഭാഗമാണിത്. പദങ്ങളുടെ വ്യാഖ്യാന പഠനമാണല്ലോ നാം കഴിഞ്ഞ പരമ്പരയില്‍ തുടങ്ങിയത്. സിയോനെ, അല്ലെങ്കില്‍ ജരൂസലേമിനെ സ്തുതിക്കുന്ന സമാശ്വാസഗീതമാണ്,  അല്ലെങ്കില്‍ സിയോണ്‍ ഗീതമാണ് നാം പഠനവിഷയമാക്കിയിരിക്കുന്ന 84-Ɔ൦ സങ്കീര്‍ത്തനം. ഇസ്രായേലിനെ സംബന്ധിച്ച് ദൈവമായ കര്‍ത്താവിന്‍റെ വാസസ്ഥാനമായ ജരുസലേമില്‍ എത്തിച്ചേരുക, പിന്നെ അവിടെനിന്നുകൊണ്ട് കര്‍ത്താവിനെ സ്തുതിക്കുക, ഇതെല്ലാം ഏറെ സന്തോഷം പകരുന്നതും, ചാരിതാര്‍ത്ഥ്യവും ആത്മനിര്‍വൃതിയും ഉണര്‍ത്തുന്ന വസ്തുതകളാണെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ടാണ് ആമുഖ പദത്തില്‍തന്നെ സങ്കീര്‍ത്തനകന്‍ പാടുന്നത്, സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്രമോഹനം മനോഹരം!

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.  ആലാപനം, രമേഷ് മുരളിയും സംഘവും...

          Musical Version of Ps. 84  കര്‍ത്താവേ, അങ്ങേ വാസസ്ഥലം  എത്രമോഹനം മനോഹരം! (2).

യാഹ്വേയെ സ്തുതിക്കാന്‍ ഇസ്രായേല്‍ ജനം വര്‍ഷത്തില്‍ പലതവണ ജരൂസലേമില്‍ ഒത്തുചേര്‍ന്നിരുന്നു ഇസ്രായേല്യര്‍ എവിടെയായിരുന്നാലും പെസഹാ, കൂടാരത്തിരുനാള്‍ പോലുള്ള അവസരങ്ങളില്‍ വിശുദ്ധനഗരമായ ജരൂസലേത്ത്, കര്‍ത്താവിന്‍റെ മലയില്‍ എത്തിച്ചേരുക അവരുടെ സംസ്ക്കാരത്തിന്‍റെയും മത-സാമൂഹ്യ ജീവിതത്തിന്‍റെയും ഇന്നും തുടരുന്ന ഭാഗമാണ്. ഇസ്രായേല്‍ ജനത്തിന്‍റെ ദൈവവുമായുള്ള ആഴമേറിയ ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും ബന്ധം വിവരിക്കുന്ന സങ്കീര്‍ത്തകന്‍ ദൈവിക സാന്നിദ്ധ്യത്തിനായി കൊതിക്കുന്നു, ദാഹിക്കുന്നു, മോഹിക്കുന്നു. അങ്ങനെ ജരൂസലത്തോടുള്ള ഇസ്രായിലിന്‍റെ ആഴമായ ഭക്തി വ്യക്തമാക്കുന്ന ഗാനവുമാണിത്. ആദ്യപദങ്ങളുടെ പഠനത്തിലൂടെ നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍ ഇതു പറഞ്ഞതാണ്.

     Musical Version of Ps. 84

    എന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ അങ്കണത്തിലെത്താന്‍

   തീവ്രമായ് ആഗ്രഹിക്കുന്നു

   എന്‍റെ മനസ്സും ശരീരവും ജീവനുള്ള ദൈവത്തിനു

   സ്തോത്രഗീതം ആലപിക്കുന്നു.    

തീര്‍ത്ഥാടകരുടെ അതിവിശിഷ്ടമായ മോഹങ്ങളും ആഗ്രഹവും, തീര്‍ത്ഥയാത്രയും പ്രാര്‍ത്ഥനയുമെല്ലാം സങ്കീര്‍ത്തനപദങ്ങളില്‍  സ്ഫുരിക്കുന്നുണ്ട്. ഒരു പക്ഷേ, കൂടാരത്തിരുന്നാളിന് ജരൂലേത്തെത്തുന്ന തീര്‍ത്ഥാടകന്‍ ദേവാലയ കവാടത്തിനു മുമ്പില്‍നിന്നുകൊണ്ട് യാഹ്വേയുടെ വാസസ്ഥലത്തെ സ്തുതിക്കുന്നതാകാം ഈ ഗീതമെന്ന് തോന്നിപ്പോകും. ദൈവിക ഭവനത്തിനായി തീവ്രമായി കാംക്ഷിക്കുന്ന ഭക്തരെയും വിശ്വാസികളെയുമാണ് നാം ഇവിടെ കാണുന്നത്. കര്‍ത്താവിന്‍റെ ഭവനത്തില്‍ വസിക്കുകയാണ് അവരുടെ ഏറ്റവും വലിയ ഭാഗ്യം. എന്നാല്‍ ഈ ഗീതത്തിന്‍റെ ഉറവിടത്തെക്കുറിച്ചു നിലനില്ക്കുന്ന മറ്റൊരു അഭിപ്രായം ശ്രദ്ധേയമാണ്. വിപ്രവാസകാലത്തിനുമുമ്പ് രചിക്കപ്പെട്ടതാണീ ഗീതമെന്നാണ് നിരൂപകന്മാരുടെ അഭിപ്രായം. അതായത്, ക്രിസ്തുവിന് ഏകദേശം 550 വര്‍ഷങ്ങള്‍ക്കുമുന്‍പ്. അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ ഈ ഗീതത്തില്‍ ദൈവത്തെ സൈന്യങ്ങളുടെ കര്‍ത്താവേ, യോദ്ധാവായ ദൈവമേ, എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. വിപ്രവാസത്തില്‍ കഴിയുന്നവര്‍ കര്‍ത്താവിന്‍റെ ഭവനത്തിലെത്താന്‍ കൊതിക്കുന്നു. അവര്‍ സ്വാതന്ത്ര്യത്തിനായി, വിമോചനത്തിനായി കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു.

ഇസ്രായേല്‍ ജനത്തിന്‍റെ ജീവിതത്തിന്‍റെയും നിലനില്പിന്‍റെയും പരിപാലനയുടെയും കേന്ദ്രസ്ഥാനമാണ് സീയോന്‍. അത് കര്‍ത്താവിന്‍റെ കോട്ടയും, അഭയകേന്ദ്രവും സങ്കേതവുമാണ്. പ്രകൃതിവിനാശവും, കൃഷിനാശവും രോഗങ്ങളുമെല്ലാം, യുദ്ധവും ശത്രുക്കളുമെല്ലാം തങ്ങളെ വലച്ചപ്പോള്‍ ഇസ്രായേല്യര്‍ കര്‍ത്താവിന്‍റെ മലയെ നോക്കി, പ്രത്യാശയോടെ ജീവിച്ചു, ദൈവത്തെ വിളിച്ചപേക്ഷിച്ചു. സകലത്തിന്‍റെയും നാഥനായവന്‍, സ്രഷ്ടാവും പരിപാലകനുമായ ദൈവം സിയോണില്‍നിന്നും തങ്ങളെ പരിരക്ഷിക്കുമെന്നുള്ള ഉറപ്പോടെയാണ് അവര്‍ മുന്നേറുന്നതെന്ന് പദങ്ങളുടെ ശക്തവും ബോധ്യവുമുള്ള പ്രയോഗങ്ങളില്‍നിന്നും നമുക്കു കാണാന്‍ സാധിക്കും.

             Musical Version Ps. 84    എന്‍റെ രാജാവും ദൈവവുമായ കര്‍ത്താവേ, അങ്ങേ ബലിപീഠമെന്‍റെ സങ്കേതം

എന്നേയ്ക്കുമങ്ങയെ സ്തുതിച്ചു ഞാന്‍  അവിടുത്തെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കുന്നു.

Recitation  എന്‍റെ രാജാവും സൈന്ന്യങ്ങളടെ ദൈവവുമായ കര്‍ത്താവേ,

കുരുകില്‍പ്പക്ഷി ഒരു സങ്കേതവും മീവല്‍പ്പക്ഷി കുഞ്ഞിനൊരു കൂടും  അങ്ങയുടെ ബലിപീഠത്തില്‍ കണ്ടെത്തുന്നുവല്ലോ.

സോളമന്‍റെ അത്ഭുതപ്പെടുത്തുന്ന സൗധങ്ങളും തന്‍റെ തീര്‍ത്ഥാടന ലക്ഷ്യം സാധിച്ചതിലുള്ള സന്തോഷവും കൃതജ്ഞതയുമെല്ലാം പദങ്ങളില്‍ പ്രകടമാകുന്നുണ്ട്. ഹീബ്രുവില്‍ വാസസ്ഥലങ്ങള്‍ എന്നുവച്ചാല്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന സവിശേഷമായ മന്ദിരമെന്നാണ് അര്‍ത്ഥമാക്കിയിരുന്നത്.   മാലാഖമാരുടെമദ്ധ്യേ സിംഹാസനാരൂഢനായിരിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവിന്‍റേതാണ് വാഗ്ദത്ത പേടകം. അത് സ്ഥാപിച്ചിരിക്കുന്ന ശ്രേഷ്ഠസ്ഥാനവും മന്ദിരവുമാണ് സിയോണ്‍! ജരൂസലേം!! അതുകൊണ്ടാണ് സൈന്യങ്ങളുടെ കര്‍ത്താവായ ദൈവം, എന്ന് ആദ്യപദത്തില്‍ത്തന്നെ പ്രയോഗിച്ചിരിക്കുന്നത്. പഴയനിയമത്തില്‍ ദൈവത്തെ അവര്‍ യുദ്ധത്തിന്‍റെ നാഥനും നായകനുമായി കണ്ടിരുന്നില്‍ നാം ആശ്ചര്യപ്പെടേണ്ട. കാരണം ദൈവമാണ് തങ്ങളെ ബന്ധനങ്ങളില്‍നിന്നും മോചിച്ചത്, ദൈവമാണ് പ്രതിസന്ധികളിലൂടെ തങ്ങളെ നയിച്ചതെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്.

ശത്രുരാജ്യങ്ങളുടെ കരങ്ങളില്‍നിന്നും അവിടുന്നാണ് ഇസ്രായേല്യരെ രക്ഷിച്ചത്... എന്നെല്ലാമുള്ള പഴയനിയമ സംഭവങ്ങള്‍ വ്യക്തമാക്കുമ്പോള്‍... വാഗ്ദത്ത ഭൂമിയിലെത്തിയ ഇസ്രായേലിന്‍റെ ദൈവസ്തുതിപ്പിന്‍റെ പദപ്രയോഗങ്ങളില്‍ വീണ്ടും ദൈവത്തെ സൈന്ന്യങ്ങളുടെ കര്‍ത്താവേ...   എന്നു വിളിക്കുന്നതില്‍, അല്ലെങ്കില്‍ വിശേഷിപ്പിക്കുന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. ദൈവത്തിന്‍റെ വാസസ്ഥലമായ സെഹിയോന്‍ സുന്ദരവും സുഭഗവും മനോജ്ഞവും പരിശുദ്ധവും മഹത്ത്വപൂര്‍ണ്ണവും മഹനീയവുമാണെന്ന് ഗായകന്‍ പ്രഘോഷിക്കുന്നു.

Musical Version Ps. 84 എന്‍റെ രക്ഷകനായ ദൈവമേ, അങ്ങേ അഭിഷിക്തനെ

നിത്യം കടാക്ഷിക്കണമേ, അങ്ങു നിത്യം കടാക്ഷിക്കണമേ

അന്യഗൃഹത്തില്‍ ആയിരം ദിനങ്ങളെക്കാള്‍

അങ്ങേ ഗൃഹത്തില്‍ വസിപ്പെതെത്രയോ ഭാഗ്യമിതേ, ഓ, ഭാഗ്യമിതേ...

Recitation   എന്നേയ്ക്കും അങ്ങയെ സ്തുതിച്ചുകൊണ്ട് ദൈവമായ കര്‍ത്താവേ,

            അങ്ങേ അങ്കണത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, സൗഭാഗ്യവാന്മാര്‍...

കര്‍ത്താവിന്‍റെ അങ്കണത്തിനുവേണ്ടിയുള്ള ദാഹവും മോഹവും കിതപ്പും കുതിപ്പുമാണ് പദങ്ങളിലെ പ്രതിപാദ്യം. മനുഷ്യജീവിതത്തിലെ പ്രതിസന്ധികളും പീ‍ഡനങ്ങളും ഇതിനു കാരണമാകാം (17, 11). അതുകൊണ്ട്, അവര്‍ രക്ഷയ്ക്കുവേണ്ടി കൊതിക്കുന്നു. യാഹ്വേയുടെ ശ്രീകോവിലിനായി കൊതിക്കുന്നു. യാഹ്വേയുടെ തിരുമുറ്റത്തേയ്ക്കു കടന്നുവരുവാന്‍ ജനങ്ങളോട് സങ്കീര്‍ത്തകന്‍ പദങ്ങളിലൂടെ ആഹ്വാനംചെയ്യുകയാണ്. തിരുനാളുകളില്‍  കര്‍ത്താവിന്‍റെ അങ്കണത്തില്‍ തീര്‍ത്ഥാടകര്‍ വസിക്കുന്നു. കര്‍ത്താവിന്‍റെ തിരുമുറ്റത്ത് തഴച്ചുവളരുന്നത് നീതിമാന്മാരാണെന്ന് പദങ്ങള്‍ സ്ഥാപിക്കുന്നു. ജീവിക്കുന്ന ദൈവമാണ് ശ്രീകോവിലിനുള്ളില്‍. അവിടുന്ന് ജീവന്‍റെ ഉറവയാണ്. അവിടുന്നു പ്രകാശത്തിന്‍റെ സ്രോതസ്സാണ്, അനാദിമുതലുള്ള വചനത്തിന്‍റെ ദീപമാണ്, തെളിദീപകമാണ്. ജീവജലത്തിന്‍റെ ഉറവയും അവിടുന്നുതന്നെ. അങ്ങനെ ജീവനാകുന്ന യാഹ്വേയ്ക്കുവേണ്ടി മനുഷ്യകുലം മുഴുവനും കാത്തിരിക്കുകയും അവിടുത്തെ സാമീപ്യം അന്വേഷിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, ദേവാലയവും അതിലെ ശുശ്രൂഷയും ആരാധനയും കീഴ്വഴക്കങ്ങളും ജീവിക്കുന്ന ദൈവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നുവെന്നാണ് പദങ്ങള്‍ വ്യക്തമാക്കുന്നത്. മനസ്സിലേയ്ക്കു കടന്നുവരുന്നത് 84-Ɔ൦ സങ്കര്‍ത്തനത്തിന്‍റെ വളരെ ജനകീയമായ മറ്റൊരു ഗാനാവിഷ്ക്കാരമാണ്. ഇവിടെ കവി, ഫാദര്‍ മൈക്കിള്‍ പനക്കലാണ്...  

 ശക്തായ ദൈവമേ, നിന്‍റെ കൂടാരാം എത്രയോ മനോഹരം സ്നേഹമയം,  കാത്തിരിക്കയാണു ഞാന്‍ ആശയോടെ ആ പൂമുഖത്തു പാദമൂന്നുവാനായ്....

‘സൈന്ന്യങ്ങളുടെ കര്‍ത്താവേ..,’ എന്ന മൂലരചനയിലെ പ്രയോഗം പനക്കലച്ചന്‍ ‘ശക്തനായ ദൈവമേ...’ എന്ന് വളരെ ലാഘവത്തോടെ പ്രയോഗിക്കുമ്പോള്‍, സൈന്യങ്ങളുടെ കര്‍ത്താവ് ശക്തനാണ് എന്നാണ് സ്പഷ്ടമാക്കുന്നത്.. തന്‍റെ ജനത്തെ സംരക്ഷിക്കുവാനും, അവര്‍ക്ക് അഭയം നല്കുവാനും കരുത്തുള്ളവനാണ് അവിടുന്നു. ശക്തനായ ദൈവത്തിനുമാത്രമേ തന്‍റെ ജനത്തെ നയിക്കുവാനും പരിപാലിക്കാനും സാധിക്കൂ, എന്ന് കടന്നുപോയ കവിയും കലാകാരനും സംഗീതജ്ഞനുമായ ഈ ഗുരുസ്ഥാനിയന്‍ സങ്കീര്‍ത്തകനോടൊപ്പം സമര്‍ത്ഥിക്കുകയാണ് വരികളില്‍...!!   ശക്താനായ ദൈവമേ, നിന്‍റെ കൂടാരാം എത്രയോ മനോഹരം സ്നേഹമയം..!

                     Musical Version of Ps. 84   കര്‍ത്താവേ, അങ്ങേ വാസസ്ഥലം  എത്രമോഹനം മനോഹരം! 


(William Nellikkal)

30/05/2017 16:38