സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

ക്രിസ്തു നീട്ടിത്തരുന്ന ദൈവികജീവനിലേയ്ക്കുള്ള ക്ഷണം

സ്വര്‍ഗ്ഗാരോഹണം - സ്പാനിഷ് പെയിന്‍റിംഗ് - RV

27/05/2017 17:28

വിശുദ്ധ മത്തായിയുടെ സുവിശേഷം 28, 16-20. 

കേരളത്തില്‍ വരാപ്പുഴ അതിരൂപതയിലെ വൈദികശ്രേഷ്ഠനായിരുന്നു മോണ്‍സീഞ്ഞോര്‍ ഇമ്മാനുവല്‍ ലോപെസ്. അദ്ദേഹത്തിന്‍റെ നാമകരണനടപടിക്രമങ്ങള്‍ അതിരൂപത ആരംഭിച്ചുവെന്നത് സന്തോഷകരമായ വാര്‍ത്തയാണ്. സെമിനാരിയില്‍ ചേര്‍ന്ന കാലത്ത്, ആദ്യഘട്ടങ്ങളില്‍ അദ്ദേഹം ക്ലാസ്സെടുക്കുമായിരുന്നു. മോണ്‍സീഞ്ഞോര്‍ ലോപെസ് ആവര്‍ത്തിച്ചു പറഞ്ഞിരുന്ന സംഭവങ്ങളില്‍ ഒന്ന് ഫ്രാന്‍സിലെ വിശുദ്ധനായ ലൂയി രാജാവിനെക്കുറിച്ചായിരുന്നു.

‘ഒരു രാജാവിന്‍റെ ഭരണപാടവവും ആത്മീയനന്മകളും വ്യക്തിത്വത്തില്‍ സമന്വയിപ്പിച്ച വീരപുരുഷനായിരുന്നു ഫ്രാന്‍സ് ഭരിച്ച ലൂയി ഒമ്പതാമന്‍ രാജാവ്! പതിനൊന്നാമത്തെ വയസ്സില്‍ (1226-ല്‍) ഫ്രാന്‍സിന്‍റെ രാജ്യഭാരം ഏറ്റെടുത്ത അദ്ദേഹം നാല്‍പതു വര്‍ഷക്കാലം രാജ്യം ഭരിച്ചു. റെയിംസ് എന്ന സ്ഥലത്താണ് സ്ഥാനാരോഹണച്ചടങ്ങുകള്‍ നടന്നത്. എന്നാല്‍, രാജചിഹ്നത്തിനു താഴെ പോയ്സ്സിയിലെ ലൂയി, King Louis of Poissy എന്നെഴുതിയ രാജാവിനോട് പലരും കാരണമന്വേഷിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, “ജീവിതത്തിലെ ഏറ്റവും വലിയ ബഹുമാനം എനിക്കു ലഭിച്ചത് പോയ്സിയില്‍വച്ചാണ്.” ഞാന്‍ ജ്ഞാനസ്നാനം സ്വീകിരിച്ചത് അവിടെയാണ്. ദൈവരാജ്യത്തിന്‍റെ അംഗത്വം അവിടെവച്ചാണ് എനിക്ക് ലഭിച്ചത്.” റെയിംസിലെ രാജത്വത്തെക്കാള്‍ പോയ്സ്സിയിലെ പൗരത്വമാണ് പിന്നീട് വിശുദ്ധനായി തീര്‍ന്ന ലൂയി ഒന്‍പതാമന്‍ രാജാവ് വിലമതിച്ചതെന്ന്, മോണ്‍. ലോപെസ് പറയുമായിരുന്നു. സ്വര്‍ഗ്ഗത്തിന്‍റെ പൗരന്‍ ഭൂമിയില്‍വന്ന് മനുഷ്യര്‍ക്കെല്ലാവര്‍ക്കും സ്വര്‍ഗ്ഗരാജ്യത്തിന്‍റെ പൗരത്വം നല്കിയതിനുശേഷം തിരിച്ച് സ്വര്‍ഗ്ഗംപൂകിയ സംഭവമാണ് നാം ആചരിക്കുന്ന സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍!

യഹൂദരുടെ സുപ്രീംകോടതിയാണ് സെന്‍ഹേദ്രിന്‍. അതിന്‍റെ തലവനായ പ്രധാന പുരോഹിതന്‍ കയ്യഫാസ് യേശുവിനോടു ചോദിച്ചു. “ജീവിക്കുന്ന ദൈവത്തിന്‍റെ നാമത്തില്‍ ആണയിട്ടു ചോദിക്കുന്നു, താങ്കള്‍ ദൈവപുത്രനായ ക്രിസ്തുവാണോ?” യേശു പറഞ്ഞു. “താങ്കള്‍ പറഞ്ഞുവല്ലോ, ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ പിതാവിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനാകും.” (മത്തായി 26, 63-64). ദൈവത്തിന്‍റെ വലത്തുഭാഗത്ത് മനുഷ്യപുത്രന്‍ ഉപവിഷ്ടനായതിന്‍റെ വിവരണമാണ് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും അവിടുത്തേയ്ക്കു നല്കപ്പെട്ടിരിക്കുന്നു, എന്ന ക്രിസ്തുവിജ്ഞാനീയ പ്രസ്താവം.

മരുഭൂമിയില്‍ ക്രിസ്തു നേരിട്ടത് മൂന്നു പരീക്ഷണങ്ങളാണ്. അവയില്‍ മൂന്നാമത്തേതില്‍ വളരെ ഉയര്‍ന്ന മലയിലേയ്ക്ക് പിശാച് അവിടുത്തെ കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ സകല രാജ്യങ്ങളും അവയുടെ മഹത്ത്വവും അവനെ കാണിച്ചുകൊണ്ട് പറഞ്ഞു, “ഇവയെല്ലാം ഞാന്‍ നിനക്കു തരാം.”  അപ്പോള്‍  “സാത്താനെ ദൂരെപ്പോകൂ!” എന്നാണ് ക്രിസ്തു പ്രത്യുത്തരിച്ചത്. അന്ന് രാജ്യവും രാജത്വവും നിഷേധിച്ച ക്രിസ്തു ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലരാജ്യവും ഗലീലിയിലെ മലമുകളില്‍നിന്നുകൊണ്ട് (മത്തായി 28, 16) അവകാശപ്പെടുന്നു. എന്താണ് ഇവിടെ സംഭവിച്ചത്?  തിന്മയുമായി പൊരുത്തമുണ്ടാക്കുകയാണെങ്കില്‍ രാജ്യം തരാം, എന്നതാണ് പ്രലോഭനം. യേശു അതു നിഷേധിച്ചു.

കാല്‍വരിയിലോ.., യഹൂദരുടെ രാജാവ് കുരിശില്‍ തൂങ്ങി മരിക്കുന്നു (മത്തായി 27, 37). തിന്മയുടെ ശക്തികളുമായി ഒത്തുതീര്‍പ്പിനു തയ്യാറല്ലാത്തതുകൊണ്ടുതന്നെ കുരിശുമരണത്തിലൂടെ നേടിയ ആത്മീയ രാജത്വം യേശു സ്വീകരിക്കുന്നു. സാത്താന്‍ മുന്നോട്ടുവച്ച അധികാരത്തിന്‍റെ സാമ്രാജ്യം അവിടുന്നു നിരാകരിക്കുന്നു. കുരിശിലൂടെ നേടിയ വിജയത്തിലൂടെ സ്വര്‍ഗ്ഗത്തില്‍ പിതാവിന്‍റെ വലത്തുഭാഗത്ത് അവിടുന്ന് ഉപവിഷ്ടനായിരിക്കുന്നു.

മേല്പറഞ്ഞ ഈ രാജ്യങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. തിന്മയുടെ ശക്തികള്‍ മുന്നോട്ടു വയ്ക്കുന്ന രാജ്യം അധികാരത്തിന്‍റെയും സമ്പന്നതയുടെയും ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നു. അവര്‍ അത് മറ്റുള്ളരുടെമേല്‍ അടിച്ചേല്പിക്കുന്നു. കുരിശിലൂടെ നേടിയ രാജ്യം തോറ്റുപോയവന്‍റേതെന്ന് തോന്നിയേക്കാം. എന്നാല്‍ സകലരേയും സ്നേഹിച്ചവന്‍റേതാണത്. മനുഷ്യന് ദിവ്യത്വം പ്രാപ്തമാക്കിക്കൊടുക്കുന്ന സ്നേഹമാണത്. മനുഷ്യരാശിയെ അഗാധമായി സ്നേഹിക്കുന്ന ഒരാത്മീയ രാജ്യമാണ് കുരിശിലൂടെ ക്രിസ്തു നേടിയത്. സഹോദരങ്ങള്‍ക്കുവേണ്ടി നമ്മളും ജീവന്‍ പരിത്യജിച്ച്, (1 യോഹ. 3, 16) സഹോദരങ്ങള്‍ക്കൊപ്പം പിതാവിന്‍റെ വലതുഭാഗത്തിരിക്കാന്‍ ഒരുങ്ങണം. തിന്മയുമായി ഒത്തുതീര്‍പ്പില്ലാത്ത ജീവിതമാണത്. സ്നേഹം ജീവിക്കുന്നു, കാരുണ്യം വര്‍ഷിക്കപ്പെടുന്നു – ദൈവികകാരുണ്യം എന്നും നിലനില്ക്കുന്നു എന്നതാണ് ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണ സന്ദേശം.

ഇനി, കല്ലറയിലെത്തിയപ്പോള്‍ അത് ശൂന്യമായിരിക്കുന്നതു കണ്ട ക്രിസ്തുവിന്‍റെ ശിഷ്യഗണത്തില്‍പ്പെട്ട സ്ത്രീകള്‍ ഉത്ഥിതന്‍റെ സ്നേഹം അവിടെ കൂടുതല്‍ തിരിച്ചറിഞ്ഞു, (ലൂക്കാ 24, 4)! അതു മറ്റുശിഷ്യരുമായി അവര്‍ പങ്കുവച്ചു. തിന്മയെയും മരണത്തെയുംവെല്ലുന്നതാണ് ദൈവസ്നേഹം – എന്ന് തിരിച്ചറിഞ്ഞു. ഇതിനര്‍ത്ഥം ദൈവസ്നേഹത്തിന് നമ്മുടെ ജീവിതങ്ങളെ പരിവര്‍ത്തനംചെയ്യാമെന്നും, പാപത്താല്‍ വിജനമായ നമ്മുടെ ഹൃദയങ്ങളില്‍ സുകൃതിപൂക്കള്‍ വിരിയിക്കാമെന്നുമാണ്. അതേ, ദൈവസ്നേഹം അപാരമാണ്. താഴ്മയിലും, മരണത്തിന്‍റെ ത്യാഗത്തിലും, ദൈവത്തില്‍നിന്നും മനുഷ്യനെ വേര്‍പെടുത്തുന്ന തിന്മയുടെ അതിരുകളിലേയ്ക്കുമാണ് മനുഷ്യപുത്രന്‍ ദൈവസ്നേഹവുമായി കടന്നുവന്നത്. ആ ദൈവിക സ്നേഹംതന്നെയാണ് ക്രിസ്തുവിന്‍റെ മൃതഗാത്രത്തെ രൂപാന്തരപ്പെടുത്തി, ഉയിര്‍പ്പിച്ച് നിത്യതിയിലേയ്ക്ക് ആനയിച്ചത്. അങ്ങനെ അവിടുന്ന് സ്വര്‍ഗ്ഗാരോഹിതനായി.

ഉത്ഥാനാനന്തരം ക്രിസ്തു ഭൂമിയില്‍ തുടര്‍ന്നില്ല, അവിടുന്ന് ദൈവമഹത്വം പുല്‍കുകയായിരുന്നു. അവിടുന്ന് നമുക്കായി പ്രത്യാശയുടെ ഭാവി തുറക്കുകയായിരുന്നു. മനുഷ്യഭാവത്തിലാണ് അവിടുന്ന് സ്വര്‍ഗ്ഗീയമഹത്വം പൂകിയത്. സ്വര്‍ഗ്ഗാരോഹണത്തിന്‍റെ പൊരുള്‍ ഇതാണ്: അതൊരു പുറപ്പാടാണ്. തിന്മയുടെയും പാപത്തിന്‍റെയും അടിമത്വത്തില്‍നിന്നും സ്നേഹത്തിലേയ്ക്കും നന്മയിലേയ്ക്കുമുള്ള കടന്നുപോക്കും, പുറപ്പാടുമാണത്. കാരണം ദൈവം ജീവനാണ്. അവിടുന്ന് നിത്യജീവനാണ്. ദൈവികജീവന്‍ മനുഷ്യരില്‍ അധിവസിക്കുന്നു  (ഇറനേവൂസ്, പാഷണ്ഡതകള്‍ക്കെതിരെ 4, 20, 5-7). ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണം നമ്മെ ദൈവികജീവനില്‍ പങ്കുകാരാക്കുന്നു. ദൈവിക ജീവനിലേയ്ക്കു നമ്മെ അനുദിനം ക്ഷണിക്കുന്നു.

തിന്മയുടെ അടിമത്വത്തില്‍നിന്നും നന്മയുടെ സ്വാതന്ത്ര്യത്തിലേയ്ക്കു നമ്മെ നയിക്കുന്ന ഈ ഉത്ഥാനപ്രഭയും കടന്നുപോക്കും എല്ലായുഗങ്ങളിലും എക്കാലവും അനുദിനജീവിത മേഖലകളില്‍ യാഥാര്‍ത്ഥ്യമാകേണ്ടതാണ്. എത്രയോ മരുഭൂമികളാണ് മനുഷ്യര്‍ക്ക് ഇനിയും മറികടക്കാനുള്ളത്! സര്‍വ്വോപരി, ഹൃദയാന്തരാളത്തില്‍ ദൈവസ്നേഹമില്ലായ്മയുടെയും സഹോദര സ്നേഹമില്ലായ്മയുടെയും വരള്‍ച്ച വ്യാപിക്കുമ്പോള്‍ ദൈവം ഭരമേല്പിച്ച സൃഷ്ടിയുടെയും, അവിടുന്ന് ലോകത്ത് വര്‍ഷിക്കുന്ന നന്മകളുടെയും സംരക്ഷകര്‍ നാമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നു. മരുഭൂമിയില്‍ മരുപ്പച്ച വിരിയിക്കുവാനും, ഉണങ്ങിയ അസ്ഥികള്‍ക്ക് ജീവന്‍ നല്കുവാനും ദൈവികകാരുണ്യത്തിനു കഴിയുമെന്ന് പ്രവാചകന്‍ അനുസ്മരിപ്പിക്കുന്നു (എസേക്കിയ 37, 1-14).

മാനുഷികമായ അറിവിനെ അതിശയിപ്പിക്കുന്ന കൃപയാണ് ജ്ഞാനം. പണ്ഡിതന്മാരെയെല്ലാം ജ്ഞാനികള്‍ എന്നു വിശേഷിപ്പിക്കാനാവില്ല. ജന്മ നക്ഷത്രത്തിന്‍റെ പ്രഭയില്‍ അകക്കണ്ണ് തുറന്നവര്‍ പാല്‍മണമുള്ള ഇത്തിരിപ്പോന്ന കുഞ്ഞില്‍ വരുംകാലങ്ങളില്‍ ഭൂമിയെ കീഴ്പ്പെടുത്തേണ്ട ഒരാളെ തിരിച്ചറിഞ്ഞു. അവന്‍റെ പാദങ്ങളില്‍ രാജത്വത്തിന്‍റെ അടയാളമായി അവര്‍ പൊന്നും മിറയും കുന്തുരുക്കവും സമര്‍പ്പിച്ചു – കിഴക്കിന്‍റെ മൂന്നു രാജാക്കള്‍, പൂജരാജാക്കള്‍!  രണ്ടാമത്തെ കൂട്ടര്‍ കുഞ്ഞുങ്ങളുടെ നൈര്‍മ്മല്യവും സരളതയുമുള്ള മനുഷ്യരാണ്. കഴുതപ്പുറത്തെത്തിയ മനുഷ്യനില്‍ പ്രവാചകവചനങ്ങളുടെ പൂര്‍ണ്ണിമ കണ്ട ജരൂസലേം ജനത! വൃക്ഷങ്ങളില്‍നിന്ന് ചില്ലകള്‍ മുറിച്ച് വഴികളില്‍ നിരത്തി, അവിടുത്തെ മുമ്പിലും പിന്നിലും നടന്ന് അവര്‍ ആര്‍ത്തുവിളിച്ചു. “ദാവീദിന്‍റെ പുത്രനു ഹോസാന!” നിര്‍മ്മല ഹൃദയങ്ങളുടെ രാജാവാണവിടുന്ന്!  

കുരിശിലെ അവസാന നിമിഷത്തിലും അവിടുത്തെ രാജാവായി തിരിച്ചറിയാന്‍ ഭാഗ്യം ലഭിച്ച ഒരാളുണ്ട്. അകൃത്യങ്ങളുടെ പേരില്‍ ക്രിസ്തുവിനോടൊപ്പം കുരിശിലേറ്റപ്പെട്ടവന്‍! ഗാഢമായ മാനസാന്തരാനുഭവത്തിലേയ്ക്ക് ഉയര്‍ന്ന മനുഷ്യനാണയാള്‍! “യേശുവേ, അങ്ങേ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ,” എന്നു പ്രാര്‍ത്ഥിച്ചു. ചുരുക്കത്തില്‍ ക്രിസ്തു  കാണിച്ചുതരുന്നതും,  നമ്മെ അവിടുന്നു നയിക്കുന്നതുമായ ദൈവരാജ്യത്തെ തിരിച്ചറിയണമെങ്കില്‍ ഈ മൂന്ന് അനുഭവങ്ങളില്‍ ഏതെങ്കിലും ഒന്നിന്‍റെ പിന്‍ബലം നിങ്ങള്‍ക്കും എനിക്കും വേണ്ടിയിരിക്കുന്നു - ജ്ഞാനത്തിന്‍റെയോ ഹൃദയനൈര്‍മ്മല്യത്തിന്‍റെയോ ഗാഢമായ മാനസാന്തരാനുഭത്തിന്‍റെയോ പിന്‍ബലം! ആകയാല്‍ പുനരുത്ഥാനത്തിന്‍റെയും സ്വര്‍ഗ്ഗാരോഹണത്തിന്‍റെയും കൃപാസ്പര്‍ശം നമുക്കേവര്‍ക്കും സ്വീകരിക്കാം! ദൈവികകാരുണ്യത്താല്‍ നവീകൃതരാകാം. ഉത്ഥിതന്‍റെ സ്നേഹത്തില്‍ വളരാം! അവിടുത്തെ സ്നേഹശക്തി നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുകയും, ദൈവം ഭൂമിയെ നനച്ച് സൃഷ്ടിയെ സംരക്ഷിക്കാന്‍ പോരുന്ന വിധത്തില്‍ സമാധാനവും നീതിയും ഇവിടെ സമൃദ്ധമാകയുംചെയ്യട്ടെ, സമാധാനം പൂവണിയട്ടെ! വിദ്വേഷത്തെ സ്നേഹമായും, പകയെ ക്ഷമയായും, യുദ്ധത്തെ സമാധാനമായും മാറ്റണമേ, എന്ന് മരണത്തെ ജീവനാക്കിയ,  ഉത്ഥിതനായ,  പിന്നെ സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോഹിതനായ ക്രിസ്തുവിനോട് യാചിക്കാം.

 


(William Nellikkal)

27/05/2017 17:28