സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

“ലോകത്തുള്ള കുട്ടികളെല്ലാം ഒരുപോലെയാണ്!”

അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപ് കുട്ടികളുടെ ആശുപത്രിയില്‍ - AFP

25/05/2017 18:35

കുട്ടികള്‍ക്കായുള്ള വത്തിക്കാന്‍റെ ആശുപത്രി സന്ദര്‍ശിച്ച മെലാനിയ ട്രംപ്.

റോമില്‍  ഉണ്ണീശോയുടെ നാമത്തില്‍ കുട്ടികള്‍ക്കായുള്ള വത്തിക്കാന്‍റെ ആശുപത്രി (Gesu Bambino Paediatric Hospital & Research Institute)    അമേരിക്കന്‍ ഐക്യനാടുകളുടെ പ്രഥമ വനിത, മെലാനിയ ട്രംപ് സന്ദര്‍ശിച്ചു.  മെയ് 24-Ɔ൦ തിയതി ബുധനാഴ്ച രാവിലെ പ്രസിഡന്‍റ് ട്രംപിനൊപ്പം പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയശേഷം വളരെ അടുത്തുള്ള വത്തിക്കാന്‍റെ വക കുട്ടികളുടെ ആശുപത്രി സന്ദര്‍ശിക്കാനും രോഗികളായ കുട്ടികളോട് ഇടപഴകാനും പ്രഥമ വനിത സമയം കണ്ടെത്തി.

ആശുപത്രിയുടെ പ്രസിഡന്‍റ് മരിയേലാ ഈനോക്, ഡയറക്ടര്‍ മാക്സ്മീലിയാനോ റപോണി, ഗവേഷണവിഭാഗം മേധാവി, ബ്രൂണോ ഡലാപിക്കോളാ എന്നിവര്‍ ചേര്‍ന്ന് മെലാനിയ ട്രംപിനെ സ്വീകരിച്ചു.

ആദ്യം ആശുപത്രിയുടെ അകം സന്ദര്‍ശിച്ച പ്രഥമ വനിത, കുട്ടികളുടെ ഹൃദയരോഗ ശസ്ത്രക്രിയ വിഭാഗം, അവയവങ്ങളുടെ മാറ്റിവയ്ക്കലിനുള്ള കേന്ദ്രം, പ്രത്യേകിച്ച് ശസ്ത്രക്രിയയിലൂടെ ക്രിതൃമഹൃദയം വച്ചുപിടിപ്പിക്കുന്ന വിഭാഗം എന്നിവ സന്ദര്‍ച്ചു മനസ്സിലാക്കി. ജീവനെ സഹായിക്കേണ്ടത് മനുഷ്യരാണ്! “Vite che aiutano la vita” എന്ന ആശുപത്രിയിലെ ലിഖിതവും അതിനു ചുറ്റുമുള്ള കുട്ടികളുടെ വര്‍ണ്ണാഭമായ വരയും കുറിയും മെലാനിയ ട്രംപിനെ ഏറെ ആകര്‍ഷിച്ചു.

ഇറ്റലി, ആഫ്രിക്ക, ഫിലിപ്പീന്‍സ്, ഇറാക്ക്, ലെബനോണ്‍, മാസിഡോണിയ, മൊറോക്കോ, നീപ്പാള്‍ ഉക്രെയിന്‍ എന്നീ രാജ്യങ്ങളില്‍നിന്നുമുള്ള 5-നും 16-നും ഇടയ്ക്ക് വയസ്സ് പ്രായമുള്ള കുട്ടികളുമായി സംവദിക്കുകയും ഇടപഴകുകയുംചെയ്തു. കുട്ടികള്‍ വരച്ച ചുവര്‍ച്ചിത്രം വെളിപ്പെടുത്തിയ “ലോകത്തുള്ള കുട്ടികളെല്ലാം ഒരുപോലയാണെ”ന്ന കാഴ്ചപ്പാട് മെലാനിയ  ട്രംപ് കൂടെയുള്ളവരോട് ലളിതമായ ഭാഷയില്‍ വിവരിച്ചു. കൂടിക്കാഴ്ചയുടെ മുറിയില്‍ ഉണ്ടായിരുന്ന  പാപ്പാ ഫ്രാന്‍സിന്‍റെ ചിത്രത്തിനു സമീപം രേഖപ്പെടുത്തിയിരുന്ന  സുവിശേഷത്തിലെ ഉദ്ധരണിയും കുട്ടികളെ സംബന്ധിച്ചായിരുന്നു, “ഇതുപോലുള്ള ഒരു ശിശുവിനെ എന്‍റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല. എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്”  (മര്‍ക്കോസ് 9, 37).

വത്തിക്കാന്‍റെ അയല്‍പക്കമായിരുന്ന 'സാല്‍വാത്തി'  കുടുംബത്തിലെ ഡോക്ടര്‍മാരായ മാതാപിതാക്കള്‍ അവരുടെ വാര്‍ദ്ധക്യത്തില്‍ 150 വര്‍ഷങ്ങള്‍ക്കുമുന്‍പ് വത്തിക്കാനു കൈമാറിയ ചെറിയ ഡിസ്പെന്‍സറിയാണ്  ഇറ്റലിയിലെ കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിയും  ആഗോളതലത്തില്‍ കുട്ടികളുടെ പരിചരണത്തിന് സഹായകമാകുന്ന ചികിത്സാശൃംഖലയുള്ള  ഗവേഷണ സ്ഥാപനവുമായി ഇന്ന് വളര്‍ന്നത്.  

അവസാനമായി ആശുപത്രിയിലെ കപ്പേള സന്ദര്‍ശിച്ച് മൗനമായി അല്പസമയം പ്രാര്‍ത്ഥിച്ചശേഷമാണ് മെലാനിയാ ട്രംപ് മടങ്ങിയത്.  


(William Nellikkal)

25/05/2017 18:35