2017-05-24 18:38:00

ട്രംപ് വത്തിക്കാനില്‍ - പാപ്പായുമായുള്ള ആദ്യനേര്‍ക്കാഴ്ച


മെയ് 24-Ɔ൦ തിയതി ബുധനാഴ്ച രാവിലെയാണ് അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റ്,  ഡോണള്‍ഡ് ട്രംപ് വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 8.15-ന് വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ എത്തിയ പ്രസിഡന്‍റ് ട്രംപ് 20-മിനിറ്റില്‍ അധികം പാപ്പായുമായി സ്വകാര്യസംഭാഷണത്തില്‍ ചെലവഴിച്ചു.

പാപ്പായും ട്രംപും വിപരീത ചിന്തഗതിക്കാരെന്ന് മാധ്യമങ്ങള്‍ പറഞ്ഞുപരത്തുമ്പോള്‍, ജീവന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യമനസ്സാക്ഷിയുടെയും തലങ്ങളില്‍ ഇരുപക്ഷത്തിനുമുള്ള ക്രിയാത്മകമായ നിലപാടുകളിലും, നല്ല ഉഭയകക്ഷി ബന്ധത്തിലും ആദ്യമായി രണ്ടുപേരും സംതൃപ്തി പ്രകടിപ്പിച്ചുവെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, കുടിയേറ്റം എന്നീ മേഖലകളില്‍ ആഗോളസമൂഹത്തെ സഹായിക്കുന്നതില്‍ അമേരിക്കയും കത്തോലിക്കാസഭയും തമ്മില്‍ സഹകരിച്ച് മുന്നോട്ടു നീങ്ങും. സംവാദത്തിലൂടെയും മതസൗഹാര്‍ദ്ദത്തിലുടെയും സമാധാനത്തില്‍ വളരേണ്ട രാഷ്ട്രങ്ങള്‍, ആഗോള പ്രതിസന്ധികള്‍, വിശിഷ്യാ മദ്ധ്യപൂര്‍വ്വദേശത്തെ പ്രശ്നങ്ങള്‍, ക്രൈസ്തവര്‍ക്കു ലഭിക്കേണ്ട സംരക്ഷണം എന്നീ രാജ്യാന്തര പ്രമേയങ്ങളെക്കുറിച്ച് ഇരുകൂട്ടരും തുറന്നസംവാദം നടന്നുവെന്ന്  വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് ഇറക്കിയ പ്രസ്താവന വെളിപ്പെടുത്തി.

അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപും, മകള്‍ ഇവാങ്ക ട്രംപും മകളുടെ ഭര്‍ത്താവ് യാരെഡ് കുഷ്നര്‍, സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടീലേഴ്സണ്‍ എന്നിവര്‍ അടങ്ങുന്ന 12 അംഗ പ്രതിനിധി സംഘത്തിന്‍റെ അകമ്പടിയോടെയാണ് പ്രസിഡന്‍റെ ട്രംപ് വത്തിക്കാനില്‍ എത്തിയത്.

അപ്പോസ്തോലിക അരമനയിലെ ഓഫിസില്‍ നടന്ന തികച്ചും സ്വകാര്യമായ ട്രംപ്-പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയ്ക്കുശേഷം, പ്രഥമ വനിത മെലാനിയയും അമേരിക്കന്‍ സംഘത്തിലെ പ്രമുഖരും, അപ്പസ്തോലിക അരമനയിലെ കൂടിക്കാഴ്ചാ വേദിയിലേയ്ക്കു ആനീതരായി. അവര്‍ വ്യക്തിപരമായി പാപ്പായ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ഇരുപക്ഷവും സ്നേഹോപഹാരങ്ങള്‍ കൈമാറി. പാപ്പാ അതിഥികള്‍ക്ക് ജപമാലകള്‍ നല്കിയും ആദരിച്ചു.  തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റു സന്ദര്‍ശിച്ച പ്രസ്ഡന്‍റ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ എന്നിവരുമായി ഊപചാരികമായ കൂടിക്കാഴ്ച നടത്തി.

ചരിത്രപുരാതനമായ സിസ്റ്റൈന്‍ കപ്പേള, വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക എന്നിവ സന്ദര്‍ശിക്കാനും പ്രസിഡന്‍റ് ട്രംപും കുടുംബവും സമയം കണ്ടേത്തി. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വലതുഭാഗത്തെ ചെറിയ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള മൈക്കിളാഞ്ചലോയുടെ ‘പിയത്താ’ എന്നറിയപ്പെടുന്ന വിശ്വത്തര ശില്പം കണ്ട് ട്രംപ് സ്തബ്ധനായി നിന്നു.

വത്തിക്കാനില്‍നിന്നും യാത്രപറഞ്ഞ്, ഇറ്റാലിയന്‍ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്കായി റോമിലുള്ള പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലേയ്ക്കാണ് ട്രംപ് തുടര്‍ന്നു യാത്രയായത്. ഈ സമയത്ത് മെലാനിയ ട്രംപ് ഉണ്ണിയേശുവിന്‍റെ നാമത്തില്‍ വത്തിക്കാന്‍റെ കീഴില്‍ റോമിലുള്ള കുട്ടികളുടെ  ആശുപത്രിയും ഗവേഷണകേന്ദ്രവും (Gesu Bambino Hosptial & Research Institute) സന്ദര്‍ശിച്ചു. അഭയാര്‍ത്ഥികള്‍ക്കായി സാന്‍ ഇജീഡിയോ ഉപവിപ്രസ്ഥാനത്തിന് (San Egidio) റോമിലുള്ള പ്രവര്‍ത്തന കേന്ദ്രങ്ങള്‍ മകള്‍ ഇവാങ്ക ട്രംപ് അതേസമയംതന്നെ സന്ദര്‍ശിച്ചതായും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

ബുധനാഴ്ച പ്രദേശിക സമയം 3.40-ന് പ്രസിഡംന്‍റ് ട്രംപും സംഘവും ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബസ്സല്‍സ്സിലേയ്ക്ക് യാത്രയായി. അവിടെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള സമ്മേളനത്തിലും, നാറ്റോ സംഗമത്തിലും പങ്കെടുക്കും. വെള്ളിയാഴ്ച വീണ്ടും ഇറ്റലിയിലെ സിസിലില്‍ എത്തുന്ന ട്രംപ് ജി-ഏഴ് (G7) രാഷ്ട്രങ്ങളുടെ സംഗമത്തില്‍ പങ്കെടുക്കും.

മെയ് 20-Ɔ൦ തിയതി ശനിയാഴ്ച സൗദി അറേബ്യയില്‍ തുടങ്ങിയ പ്രസിഡന്‍റിന്‍റെ  കന്നിയാത്ര ഇസ്രായേലും കഴിഞ്ഞാണ് ചൊവ്വാഴ്ച മെയ് 23-ന് വൈകുന്നരം യൂറോപ്പില്‍ എത്തിയത്. ശനിയാഴ്ച മെയ് 27-ന് പ്രസിഡന്‍റ് ട്രംപും പ്രതിനിധിസംഘവും (Airforce One) തെക്കെ ഇറ്റലിയിലെ സിസിലിയില്‍നിന്നും  വാഷിംഗ്ടണിലേയ്ക്ക് തിരിക്കും. 








All the contents on this site are copyrighted ©.