2017-05-23 12:30:00

കൂടിയേറ്റത്തെ നിഷേധാത്മക പ്രതിഭാസമായി കാണരുത്


കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടുമുള്ള മനോഭാവത്തില്‍ മാറ്റം അനിവാര്യമെന്ന് ഐക്യരാഷ്ട്രസഭയില്‍ (UNO) യില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ  സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

യുഎന്‍ഓയുടെ ആസ്ഥാനത്ത്, അതായത്, അമേരിക്കന്‍ ഐക്യനാടുകളിലെ‍ ന്യുയോര്‍ക്കില്‍, കുടിയേറ്റം, സ്ഥായിയായ വികസനം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നിവയെക്കുറിച്ച് തിങ്കളാഴ്ച (22/05/17) നടന്ന ഒന്നാം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുത്തുനില്പ്പ്, ഭയം, നിസ്സംഗത, പാര്‍ശ്വവത്ക്കരണം എന്നിവയില്‍ നിന്ന് സമാഗമ സംസ്കൃതിയിലേക്കും ഐക്യദാര്‍ഢ്യത്തിന്‍റെ ഉപരിസര്‍ഗ്ഗാത്മക രൂപങ്ങളിലേക്കും മനോഭാവം മാറേണ്ടത് ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔത്സ പറഞ്ഞു.

അന്താരാഷ്ട്ര അതിര്‍ത്തികള്‍ താണ്ടുന്ന കുടിയേറ്റക്കാരുടെ എണ്ണം ചരിത്രത്തില്‍ ഏറ്റം കൂടിയ ഒരു കാലഘട്ടമാണിതെന്നും തങ്ങള്‍ക്കും തങ്ങളുടെ കുടുംബങ്ങള്‍ക്കും  മെച്ചപ്പെട്ടൊരു ജീവിതം ഉറപ്പാക്കുന്നതിനുവേണ്ടി എത്തുന്ന ഇവരുടെ കാര്യത്തില്‍ രാഷ്ട്രങ്ങള്‍ക്കും അന്തര്‍ദ്ദേശീയ സമൂഹങ്ങള്‍ക്കും വലിയ പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

കൂടിയേറ്റത്തെ നിഷേധാത്മക പ്രതിഭാസമായി കാണാതെ കൂടുതല്‍ ഐക്യദാര്‍ഢ്യവും അതിനനുസൃതമായ അന്താരാഷ്ട്ര കര്‍മ്മപദ്ധതിയും ആവശ്യമുള്ള ഒരു സങ്കീര്‍ണ്ണ  യാഥാര്‍ത്ഥ്യമായി വീക്ഷിക്കാന്‍ ആര്‍ച്ചുബിഷപ്പ് ഔത്സ ആഹ്വാനം ചെയ്യുന്നു.

സ്ഥായിയായ വികസന അജണ്ട 2030 നടപ്പിലാക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്ന അദ്ദേഹം ഇതിന്‍റെ ഹൃദയസ്ഥാനത്തു വരുന്നത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും, ആരോഗ്യസംരക്ഷണം ഗുണമേന്മയേറിയ വിദ്യഭ്യാസം മാന്യമായ തൊഴില്‍ എന്നിവ എല്ലാവര്‍ക്കും  ഉറപ്പുവരുത്തലും ആണെന്ന് പ്രസ്താവിച്ചു.

കുടിയേറാന്‍ വ്യക്തികളെ നിര്‍ബന്ധിക്കുന്നതും നാടിനകത്തുതന്നെ പൗരന്മാരെ ചിതറിക്കുന്നതുമായ മനുഷ്യസൃഷ്ടിയായ പ്രതിസന്ധികളാണ് ഏറ്റം പരിതാപകരമെന്ന്  ആര്‍ച്ചുബിഷപ്പ് ഔത്സ കുടിയേറ്റത്തെ അധികരിച്ചു നടന്ന രണ്ടാം യോഗത്തില്‍ പറഞ്ഞു.








All the contents on this site are copyrighted ©.