2017-05-23 19:12:00

“മാഞ്ചസ്റ്റര്‍ സംഭവം ഹൃദയഭേദകം!” പാപ്പാ ഫ്രാന്‍സിസ്


തിങ്കളാഴ്ച മെയ് 22-Ɔ൦ തിയതി രാത്രി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേല്പിക്കപ്പെട്ടവരുടെയും വേദനയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുചേര്‍ന്നു. അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ന്തെയും സംഘവും അവതരിപ്പിച്ച സംഗീതനിശയുടെ ഒടുവിലായിരുന്നു കുട്ടികളും യുവജനങ്ങളുമടക്കം 22 പേരുടെ ജീവനെടുക്കുകയും 119 പേര്‍ക്ക് പരിക്കേല്ക്കുകയുംചെയ്ത അതിദാരുണമായ ആക്രമണം ഉണ്ടായത്.

കിരാതമായ ഈ ആക്രമണത്തിന് വിധേയരായ എല്ലാവരോടും പാപ്പാ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഉറ്റവരുടെ വിയോഗത്തില്‍ വേദനിക്കുന്നവരുടെ ദുഃഖം താന്‍ ഉള്‍ക്കൊള്ളുന്നുവെന്നും ദൈവം അവരെ സമാശ്വസിപ്പിക്കട്ടെയെന്നും,  എത്രയും വേഗം ദൈവിക സമാധാനവും സാന്ത്വനസ്പര്‍ശവും അവിടത്തെ ജനങ്ങള്‍ക്ക് ലഭ്യമാകട്ടെയെന്നും പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു.

വടക്കെ ഇംഗ്ലണ്ടിലെ ഹണ്‍ഡ്സ് ബാങ്ക് (Hunts Bank) എന്ന സ്ഥലത്ത് മാഞ്ചസ്റ്റര്‍ അരീന എന്ന് അറിയപ്പെടുന്ന ഈ സ്റ്റേഡിയം 21,000 പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ളതാണ്.

മെയ് 23-Ɔ൦ തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴിയാണ് പാപ്പാ മാഞ്ചെസ്റ്ററിലേയ്ക്ക് ഈ സാന്ത്വനസന്ദേശം അയച്ചത്.  








All the contents on this site are copyrighted ©.