2017-05-20 13:06:00

പുറന്തള്ളലും അസമത്വങ്ങളും സാമ്പത്തികഘടനയില്‍-സഭയുടെ ആശങ്ക


പുറന്തള്ളലിന്‍റെയും അസമത്വങ്ങളുടെതുമായ സാമ്പത്തികഘടനയുടെ വ്യാപനത്തില്‍ സഭയുടെ ആശങ്ക പരിശുദ്ധസിംഹാസനത്തിന്‍റെ, സമഗ്രമാനവവികസനപരിപോഷണ വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്കസണ്‍ പ്രകടിപ്പിക്കുന്നു.

സ്വിറ്റ്സര്‍ലണ്ടിലെ ജനീവപട്ടണത്തില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധ സിംഹാസനത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥിരം നിരീക്ഷകസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച (18/05/17) സമഗ്ര മാനവ വികസനത്തെ അധികരിച്ച് സംഘടിപ്പിച്ച ഒരു പ്രത്യേക യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആഗോളവത്ക്കരണത്തിന്‍റെ ദൂഷ്യഫലമായി മനുഷ്യോചിതമല്ലാത്ത അവസ്ഥകളില്‍ ജനങ്ങള്‍ ജീവിക്കേണ്ടി വരുന്നതിനെക്കുറിച്ചും സൂചിപ്പിച്ച അദ്ദേഹം മാനവ ഔന്നത്യത്തോടു കൂടി മനുഷ്യന് ജീവിക്കണമെങ്കില്‍ അവന് മതസ്വാതന്ത്ര്യം, വിദ്യഭ്യാസം, പാര്‍പ്പിടം, തൊഴില്‍, ആഹാരം, ജലം, ആരോഗ്യപരിപാലനം എന്നിവ ആവശ്യമാണെന്ന് പ്രസ്താവിച്ചു.

സ്ഥായിയായ വികസന അജന്തയുടെ ലക്ഷ്യങ്ങളെക്കുറിച്ചും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പരാമര്‍ശിച്ചു.

സ്ഥായിയായ വികസനത്തിന്‍റെ മുഖ്യകര്‍ത്താവും, തത്ഫലമായി, രാഷ്ടങ്ങള്‍ക്കും അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കും ഇടയില്‍ കൂട്ടായ്മയും ഐക്യദാര്‍ഢ്യവും ഉളവാക്കുന്ന മാതൃകയും കുടുംബമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.