സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

രോഗവ്യഥകള്‍ ശമിപ്പിക്കുന്ന സാഹോദര്യത്തിന്‍റെ ചികിത്സ

ഹണ്‍ടിംഗ്ടണ്‍ രോഗികള്‍ക്ക് ഒരു സാന്ത്വനസ്പര്‍ശം - AFP

19/05/2017 08:41

പാപ്പാ ഫ്രാന്‍സിസ് ഹണ്‍ടിംഗ്ടണ്‍ രോഗികള്‍ക്കൊപ്പം - ഒരപൂര്‍വ്വ കൂടിക്കാഴ്ച!

മെയ് 18-Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ഹണ്‍ടിംഗ്ടണ്‍ രോഗികളും അവരുടെ മാതാപിതാക്കളും പരിചാരകരുമായി ഏകദേശം 1500-ല്‍ അധികം പേര്‍ പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. ഇനിയും ഒളിഞ്ഞിരിക്കാതെ, പ്രത്യാശയുടെ സാക്ഷികളാകണമെന്ന് രോഗികളുടെ കൂട്ടായ്മയെയും കുടുംബങ്ങളെയും പാപ്പാ ആഹ്വാനംചെയ്തു.

തലച്ചോറിനെ ബാധിക്കുന്നതും, ഇനിയും ചികിത്സിച്ചു ഭേദപ്പെടുത്താനാവാത്തതുമായ അപൂര്‍വ്വരോഗമാണ് ഹണ്‍ടിംഗ്ടണ്‍. തലച്ചോറിലെ സൂക്ഷമമായ ഞരമ്പുകള്‍ മെല്ലെ ക്ഷയിച്ചാണ് ഈ രോഗമുണ്ടാകുന്നത്. വ്യക്തിയുടെ ചലനം, പെരുമാറ്റം, ഗ്രഹണശേഷി എന്നിവയെയാണ് ഈ രോഗം അടിസ്ഥാനപരമായി ബാധിക്കുന്നത്. നടക്കാനും, ചിന്തിക്കാനും, യുക്തിയോടെ സംസാരിക്കാനും പെരുമാറാനുമുള്ള കഴിവ് കാലക്രമത്തില്‍ നഷ്ടപ്പെടുന്നതാണ് രോഗലക്ഷണം. രോഗി മെല്ലെ മെല്ലെ പൂര്‍ണ്ണമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നു. ഒരു വ്യക്തിയെ ഏറെ വൈകാരികവും, മാനസികവും, സാമൂഹികവും സാമ്പത്തികവുമായി തകര്‍ക്കുന്ന രോഗമാണ് ഹണ്‍ടിംഗ്ടണ്‍.

രോഗികള്‍ക്കും പാപികള്‍ക്കും സമൂഹം കല്പിച്ചിരുന്ന അന്യവത്ക്കരണത്തിന്‍റെ ഭ്രഷ്ടും ഭിത്തിയും ക്രിസ്തു തകര്‍ത്തു. അവിടുന്ന് അവരെ തൊട്ടും സൗഖ്യപ്പെടുത്തി. രോഗം എത്ര വലുതായാലും രോഗികളെ അവിടുന്ന് സമൂഹത്തിന്‍റെ ഭാഗമായി അംഗീകരിക്കുകയും അവരുടെ മനുഷ്യാന്തസ്സ് മാനിക്കുകയുംചെയ്തു. രോഗിയായാലും വേദനിക്കുന്നവനായാലും മനുഷ്യന്‍ വിലപ്പെട്ടതാണ്. രോഗത്തിനോ ബലഹീനതയ്ക്കോ മനുഷ്യാന്തസ്സ് മായിച്ചുകളയാനാവില്ല. അതിനാല്‍  സമൂഹത്തിന്‍റെയും ദൈവത്തിന്‍റെയും മുന്നില്‍ രോഗികളായവര്‍ ഓരോരുത്തരും അമൂല്യമാണ്. പാപ്പാ സാന്ത്വനത്തോടെ ആഹ്വാനംചെയ്തു.

രോഗത്തിന്‍റെ ഏകാന്തതയും നിരാശയും ഇല്ലാതാക്കാന്‍ സഹായിക്കുന്നത് ആദ്യമായി കുടുംബാംഗങ്ങളാണ്. രോഗികളായ സഹോദരങ്ങളുടെ സമീപത്തായിരുന്നുകൊണ്ട്, പരിത്യാഗത്തോടെയും പതറാതെയും അവരുടെകൂടെ നടക്കുന്നവരാണ് കുടുംബാംഗങ്ങള്‍. ക്ലേശപൂര്‍ണ്ണമായ ജീവിതവ്യഥയുടെ പാതയിലെ അനുദിന സഹചാരികളാണ് മാതാപിതാക്കളും സഹോദരങ്ങളും, ഭാര്യയോ ഭാര്‍ത്താവോ, കുട്ടികളോ, സുഹൃത്തുക്കളോ ആകുന്ന കുടുംബാംഗങ്ങള്‍.

ഹണ്‍ടിംഗ്ടണ്‍ രോഗികളുടെ പരിചാരകരായ ഡോക്ടര്‍മാരെയും ഗവേഷകരെയും പാപ്പാ അഭിനന്ദിച്ചു. ഈ മേഖലയിലുള്ള വിദഗ്ദ്ധരുടെ സേവനവും സമര്‍പ്പണവും അമൂല്യമാണ്. വളരെ പ്രകടവും പ്രചോദനാത്മകവുമായ അവരുടെ പരിചരണവും ഓരോ സഹായവും, വാക്കുകളും പ്രവൃത്തികളും വേദനിക്കുന്നവര്‍ക്കും അവരുടെ  കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ പ്രത്യാശയും ആത്മവിശ്വാസവും പകരുന്നു.

രോഗനിര്‍മ്മാര്‍ജ്ജനത്തിനായി ഇനിയും അക്ഷീണം പരിശ്രമിക്കുന്നവരുടെ ഗവേഷണ പഠനങ്ങളെയും സൂക്ഷ്മനിരീക്ഷണങ്ങളെയും പാപ്പാ ശ്ലാഘിച്ചു. രോഗികളും പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പുറംതള്ളുന്ന ‘വലിച്ചെറിയല്‍ സംസ്ക്കാരം’  ഇല്ലാതാക്കണമെന്നും, അങ്ങനെ സാമൂഹികനന്മയുടെ വിസ്തൃതമായ പാത ഇന്ന് ലോകത്ത് തുറക്കണമെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.


(William Nellikkal)

19/05/2017 08:41