സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് വെളിപ്പറമ്പില്‍ ഓര്‍മ്മയായി

മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് വെളിപ്പറമ്പില്‍ - RV

16/05/2017 18:29

പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് വെളിപ്പറമ്പില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ മെയ് 15-Ɔ൦ തിയതി തിങ്കളാഴ്ച 86-Ɔമത്തെ വയസ്സില്‍ എറണാകുളത്തെ ലൂര്‍ദ് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

ചൊവ്വാഴ്ച, മെയ് 16-Ɔ൦ തിയതി വൈകുന്നേരം അദ്ദേഹത്തിന്‍റെ ഇടവകയായ ചേരാനല്ലൂര്‍ നിത്യസഹമായ മാതാവിന്‍റെ പള്ളിയില്‍ അന്തിമോപചാര ശുശ്രൂഷകള്‍ നടത്തപ്പെട്ടു. വരാപ്പുഴ അതിരുപതയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സഭയുടെ നലംതികഞ്ഞ മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായിരുന്നു ഫാദര്‍ ജോര്‍ജ്ജ് വെളിപ്പറമ്പിലെന്ന് യാത്രാമൊഴിയായി ന‌ടത്തിയ പ്രഭാഷണത്തില്‍ ആര്‍ച്ചുബിഷപ്പ് കളത്തിപ്പറമ്പില്‍ വിശേഷിപ്പിച്ചു. വരാപ്പുഴ അതിരൂപതയുടെ അച്ചടികേന്ദ്രം ഐ.എസ്സ്. പ്രസ്സിന്‍റെ മാനേജര്‍, പിന്നീട് അവിടെ വളര്‍ന്ന ‘കേരളടൈംസ്’ ദിനപത്രത്തിന്‍റെ പത്രാധിപര്‍ എന്നീ നിലകളില്‍  അദ്ദേഹം ദീര്‍ഘനാള്‍ കാഴ്ചവച്ച കഠിനാദ്ധ്വാനവും നിസ്വാര്‍ത്ഥസേവനവും ആര്‍ച്ചുബിഷപ്പ് കളത്തിപ്പറമ്പില്‍ നന്ദിയോടെ അനുസ്മരിച്ചു.

ഭാരതത്തിലെ കത്തോലിക്ക മെത്രാന്‍ സമിതി (C.B.C.I.) 1975-ല്‍ തുടക്കമിട്ട കത്തോലിക്ക മാധ്യമ പ്രവര്‍ത്തക പ്രസ്ഥാനത്തിന്‍റെ (I.C.P.A. - Indian Catholic Press Association)  സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളും പ്രഥമ ദേശീയ പ്രസിഡന്‍റുമായിരുന്നു ഫാദര്‍ ജോര്‍ജ്ജ് വെളിപ്പറമ്പില്‍. മൂന്നുതവണ അദ്ദേഹം പ്രസ്ഥാനത്തിന്‍റെ ദേശീയ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

എറണാകുളത്ത് ചേരാനല്ലൂര്‍ സ്വദേശിയാണ്  വെളിപ്പറമ്പിലച്ചന്‍.  വെളിപ്പറമ്പില്‍ പീറ്റര്‍ മേസ്തരിയുടെയും മേരിയുടെയും മകനായി 1930 ഒക്ടോബര്‍ 19-ന് അദ്ദേഹം ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തെ മൈനര്‍ സെമിനാരിയിലും, തുടര്‍ന്ന് ആലുവയിലെ പൊന്തിഫിക്കല്‍ സെമിനാരിയിലും തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1961-ല്‍ പൗരോഹിത്യം സ്വീകരിച്ചു. പഠിക്കുന്ന കാലത്തുതന്നെ എഴുത്തിലും വായനയിലും മാധ്യമപ്രവര്‍ത്തനത്തിലും അദ്ദേഹം താല്പര്യം പ്രകടമാക്കിയിരുന്നു. വെളിപ്പറമ്പിലച്ചന്‍റെ സ്വയസിദ്ധമായ വാക്ചാതുരിയും പ്രസംഗശൈലിയും എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു.

അറുപതുകളില്‍ ഇന്ത്യയില്‍ ലഭ്യമായിരുന്ന അച്ചടിയുടെയും പത്രപ്രവര്‍ത്തനത്തിന്‍റെയും മികച്ച ശാസ്ത്രീയ സാങ്കേതിക അറിവ് കരസ്ഥമാക്കിയതോടെ പ്രേഷിതമേഖല മാധ്യമപ്രവര്‍ത്തനമായി അദ്ദേഹം തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള 3 പതിറ്റുണ്ടുകാലം അദ്ദേഹത്തിന്‍റെ തട്ടകം കത്തോലിക്കാ മാധ്യമ ലോകമായിരുന്നു. വരാപ്പുഴ അതിരൂപതയുടെ കീഴിലുണ്ടായിരുന്ന ഐ.എസ്സ്. പ്രസ്സും കേരളടൈംസ് ദിനപത്രവും കേന്ദ്രീകരിച്ച് അദ്ദേഹം 1962-മുതല്‍ 1992-വരെയുള്ള കാലയളവില്‍ സമൂഹത്തിനും സമുദായത്തിനും ചെയ്ത സേവനങ്ങള്‍ സമാനതകളില്ലാത്തതാണ്. നന്മയുടെ ജിഹ്വയായും ജനശബ്ദമായും അദ്ദേഹം മാധ്യമശേഷി ഉപയോഗപ്പെടുത്തി. സമൂഹികവും സാമൂദായികവുമായ നന്മയ്ക്കും പുരോഗതിക്കുമായി അദ്ദേഹം എഴുതുകയും വാചാലമാകുകയും ചെയ്തിരുന്നു.

കേരള സര്‍ക്കാരിന്‍റെ പ്രസ്സ് കമ്മിറ്റി, പ്രസ്സ് അക്കാഡമി, പ്രസ്സ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും ഫാദര്‍ വെളിപ്പറമ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിചയ സമ്പന്നനായ പത്രപ്രവര്‍ത്തകനും, പത്രാധിപരുമെന്ന നിലയില്‍ വിശ്രമജീവിതകാലത്തും അദ്ദേഹം കേരള പ്രസ്സ് അക്കാഡമിയില്‍ ക്ലാസ്സുകള്‍ എടുത്തിരുന്നു.

സാമൂഹിക പ്രതിബദ്ധതയും സാമുദായിക പുരോഗതിയും ലക്ഷ്യമാക്കിയുള്ള ഫാദര്‍ ജോര്‍ജ്ജ് വെളിപ്പറപ്പിന്‍റെ അജപാലനശുശ്രൂഷ തനിമയുള്ളതായിരുന്നു. അതിരൂപതയിലെ പുല്ലേപ്പടി, പെരുമാന്നൂര്‍, വെണ്ടുരുത്തി, ഓച്ചന്തുരുത്ത് എന്നീ ഇടവകകളില്‍ അദ്ദേഹം അജപാലനശുശ്രൂഷ ചെയ്തിട്ടുണ്ട്. വിശ്രമകാലത്തെ രണ്ടുവര്‍ഷങ്ങള്‍ അദ്ദേഹം വേളാങ്കണ്ണി ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിലെ അജപാലന ശുശ്രൂഷയ്ക്കായും സമര്‍പ്പിച്ചു. കത്തോലിക്ക മാധ്യമ ശുശ്രൂഷകള്‍ പരിഗണിച്ചാണ് 2009-ല്‍ മുന്‍പാപ്പാ ബനഡിക്ട് വെളിപ്പറമ്പിലച്ചന് ‘മോണ്‍സീഞ്ഞോര്‍’ പദവി നല്കി ആദരിച്ചത്.

നാടിന്‍റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളെ സ്പര്‍ശിച്ച്  മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് വെളിപ്പറമ്പില്‍  രചിച്ചതും ഇനിയും ഗ്രന്ഥരൂപത്തിലാകേണ്ടതുമായ ലേഖന പരമ്പരകളാണ്  ‘തീരം കേഴുന്നു…’,   ‘ഒരു സമുദായത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും’, ആദര്‍ശചിന്തകള്‍  എന്നിവ. സമര്‍പ്പിതനായ വൈദികന്‍റെയും മാധ്യമപ്രവര്‍ത്തകന്‍റെയും ആത്മാവിന് നിത്യവിശ്രാന്തി നേരുന്നു!

 


(William Nellikkal)

16/05/2017 18:29