2017-05-15 18:48:00

“കുട്ടികള്‍ എന്‍റെ പക്കല്‍ വരട്ടെ…” പാപ്പാ ഫാത്തിമയില്‍


മെയ് 12, 13 വെള്ളി ശനി ദിവസങ്ങളിലായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ രാജ്യാന്തര മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഫാത്തിമയിലേയ്ക്കുള്ള തീര്‍ത്ഥാടനം. ദൈവമാതാവ് മൂന്ന് ഇടയക്കുട്ടികള്‍ക്ക്  പ്രത്യക്ഷപ്പെട്ടതിന്‍റെ 100-Ɔ൦ വാര്‍ഷികമായിരുന്നു തീര്‍ത്ഥാടനത്തിന്‍റെ അവസരം.

ആദ്യദിനമായ വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4.20-ന് പാപ്പാ പോര്‍ച്ചുഗലിന്‍റെ വ്യോമസേനയുടെ ലേരിയ വിമാനത്താവളത്തില്‍ ഇറങ്ങി. അവിടെനിന്നും 40 കി. മി. അകലെ ഫാത്തിമാ ദര്‍ശനസ്ഥാനത്തേ്ക്ക് ഹെലിക്കോപ്റ്ററില്‍ യാത്രചെയ്തു.   1917 മെയ് 13-ന് കേവെ ദേ ഈരിയ താഴ്വാരത്താണ് ലൂസിയ, ജസീന്ത, ഫ്രാന്‍സിസ്കോ എന്നീ ഇടയക്കുട്ടികള്‍ക്ക് കന്യകാനാഥ ആദ്യദര്‍ശനം നല്കിയത്. തല്‍സ്ഥാനത്ത് അക്കാലത്തുതന്നെ പണികഴിപ്പിച്ച ചെറിയ കപ്പേളയില്‍ പാപ്പാ പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ഫാത്തിമയില്‍ പതിവുള്ള സായാഹ്ന ജപമാല സമര്‍പ്പണത്തിനും ദീപക്കാഴ്ചയ്ക്കും ഒരുക്കമായുള്ള പ്രാര്‍ത്ഥനകള്‍ നടത്തി. വിശ്വാസികള്‍ക്ക് ദര്‍ശനക്കപ്പേളയിലെ പെസഹാത്തിരിയില്‍നിന്നും തിരകള്‍ തെളിയിച്ചു നല്കി. പ്രദക്ഷിണത്തിനുശേഷം രാത്രി പത്തു മണിയോടെയാണ് ഫാത്തിമയിലെ താല്‍ക്കാലിക വസതിയായ കര്‍മ്മല തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് മടങ്ങിയത്. 6 ലക്ഷത്തില്‍ അധികംപേര്‍ പങ്കെടുത്ത ദീപക്കാഴ്ചയും ജനപ്രവാഹവും ഫാത്തിമയിലെ ഒരു നൂറ്റാണ്ടു പഴക്കമുള്ള നിലയ്ക്കാത്ത വിശ്വാസ നീരുറവയാണെന്ന് പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു.

മെയ് 13 ശനിയാഴ്ച. ഫാത്തിമാനാഥയുടെ ബസിലിക്കയുടെ ഉമ്മറത്ത് 8-ലക്ഷത്തിലേറെ മരിയഭക്തര്‍ക്കൊപ്പം പാപ്പാ സമൂഹബലിയര്‍പ്പിച്ചു. ദര്‍‍ശനഭാഗ്യമുണ്ടാവുകയും 10, 7 വയസ്സുമാത്രം യഥാക്രമം പ്രായമുള്ളപ്പോള്‍ മരിച്ചുപോവുകയും ചെയ്ത ഫ്രാന്‍സിസ്ക്കോ, ജസീന്ത എന്നീ ഇടയക്കുട്ടികളെ ദിവ്യബലിമദ്ധ്യേ പാപ്പാ വിശുദ്ധരായി ഉയര്‍ത്തി.  

ഇടയക്കുട്ടികളായ ഫ്രാന്‍സിസ്കൊയെയും ജസീന്തയെയും വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ട്, ക്രിസ്തുവിനോടുള്ള അവരുടെ വിശ്വസ്തതയും സുവിശേഷസാക്ഷ്യവും ലോകത്തിനു മാതൃകയായി നല്കുന്നതോടൊപ്പം, സഭയോട് താന്‍ പ്രത്യേകം ആവശ്യപ്പെടുന്നത്, കുട്ടികളോട് നാം അതീവ പരിഗണനയുള്ളവരായിരിക്കണം എന്നാണ്.  ഇടയക്കുട്ടികള്‍ക്ക് ജീവിതവിശുദ്ധി ലഭിച്ചത് കന്യകാനാഥയുടെ ദര്‍ശനത്തിന്‍റെ ഫലമായിട്ടല്ല. മറിച്ച്, കന്യകാനാഥയുടെ ദര്‍ശനഭാഗ്യത്തോട് അവര്‍ കാണിച്ച ആര്‍ദ്രമായ വിശ്വാസത്തിന്‍റെയും വിശ്വസ്തതയുടെയും ഫലമായിരുന്നു. പോര്‍ച്ചുഗലിലെ കൊവെ ദി ഈരിയയിലെ താഴ്വാരത്ത് അതീവ സുന്ദരിയായ സ്ത്രീയെ ദര്‍ശിച്ച നാള്‍മുതല്‍, പിന്നെയും കുട്ടികള്‍ ദിവ്യാംബികയുടെ പക്കല്‍ ചെല്ലുകയും, ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുകയും, പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്യുകയും, ലോകത്ത് യുദ്ധം അവസാനിക്കാനും സമാധാനം വളരുന്നതിനുമായും പരിത്യാഗപ്രവര്‍ത്തികള്‍ ചെയ്യുകയും, ആത്മാക്കളുടെ രക്ഷയ്ക്കും ദൈവിക കാരുണ്യത്തിനുമായി പ്രാര്‍ത്ഥിക്കുകയുംചെയ്തു. ഇങ്ങനെയാണ് പാപ്പാ ഫ്രാന്‍സിസ് കുട്ടികളുടെ ജീവിതവിശുദ്ധിയെ വിവരിച്ചത്. 

 








All the contents on this site are copyrighted ©.