2017-05-13 14:20:00

യുദ്ധങ്ങള്‍ അവസാനിക്കുന്നതിന് ഐക്യരാഷ്ട്രസഭയില്‍ പ്രാര്‍ത്ഥന


ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ അരങ്ങേറുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും  ജാതി മത വര്‍ഗ്ഗ പീഢനങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും അറുതിവരുന്നതിനായി ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ പ്രാര്‍ത്ഥിക്കുന്നു.

ഐക്യരാഷ്ട്രസഭയില്‍, അതായത്,യുഎന്‍ഒയില്‍,(UNO) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനാണ് ആര്‍ച്ചുബിഷപ്പ് ഔത്സ.

ഫ്രാന്‍സീസ് പാപ്പായുടെ ഫാത്തിമാസന്ദര്‍ശനത്തിന്‍റെ  പശ്ചാത്തലത്തില്‍, പ്രസ്തുത ദ്വിദിന സന്ദര്‍ശനത്തിന്‍റെ   ആദ്യദിനമായിരുന്ന വെള്ളിയാഴ്ച(12/05/17)  ഫാത്തിമാനാഥയുടെ ദര്‍ശനത്തിന്‍റെ  ശതാബ്ദിയെയും ഫാത്തിമായിലെ സമാധാനസന്ദേശത്തിന്‍റെ നൈരന്തര്യ പ്രാധാന്യത്തെയും കുറിച്ച് യുഎന്‍ഒയുടെ ആസ്ഥാനത്ത്, ന്യുയോര്‍ക്കില്‍, ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറിയ, കൊറിയ, ദക്ഷിണസുഡാന്‍, യെമന്‍, മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്ക്, കോംഗൊ റിപ്പബ്ലിക്ക്, ഉക്രയിന്‍ തുടങ്ങിയ സംഘര്‍ഷവേദികള്‍ ആര്‍ച്ചുബിഷപ്പ് ഔത്സ പേരെടുത്തു പറഞ്ഞുകൊണ്ട് ആ നാടുകള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

പരിശുദ്ധ കന്യകാമറിയം സമാധാനത്തിന്‍റെ ദൂതികയാണെന്ന് അനുസ്മരിച്ച അദ്ദേഹം ഇന്ന്  50ലേറെ സംഘര്‍ഷങ്ങളാല്‍ മുദ്രിതമായ ഒരു ലോകത്തില്‍  അവളുടെ ദൗത്യം സുപ്രധാനമാണെന്ന് പറഞ്ഞു.  

ഫാത്തിമയില്‍ ഇടയക്കുട്ടികള്‍ക്ക് പരിശുദ്ധ മറിയം പ്രത്യക്ഷയായ സംഭവത്തില്‍നിന്ന് ലോകത്തിലെ സകലജനതകള്‍ക്കും ഗുണകരമായ സമാധാനപദ്ധതിയും സാര്‍വ്വത്രിമായ പാഠവും ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നും ഈ പാഠം സമാധാനത്തിന്‍റെ  ഉത്ഭവം ഹൃദയത്തില്‍ നിന്നാണ് എന്നതാണെന്നും ആര്‍ച്ചുബിഷ്പ്പ് ഔത്സ വിശദീകരിച്ചു.

അതുപോലെതന്നെ രാഷ്ട്രത്തലവന്മാര്‍ക്കും മതനേതാക്കള്‍ക്കുമല്ല മറിച്ച് സാധാരണക്കാരായ മൂന്നു കുട്ടികള്‍ക്കാണ് മറിയം പ്രത്യക്ഷയായത് എന്ന യാഥാര്‍ത്ഥ്യം  കാട്ടിത്തരുന്നത് ലോകത്തില്‍ നിസ്സാരക്കാരും കഴിവില്ലാത്തവരും അല്ലെങ്കില്‍ ചെറിയവരുമായി കാണപ്പെടുന്നവരുമുള്‍പ്പടെ സകലര്‍ക്കും സമാധാനസംസ്ഥാപനത്തില്‍ പങ്കുവഹിക്കാനുണ്ടെന്നാണെന്നും അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.