2017-05-13 19:11:00

ഫാത്തിമ അപ്പസ്തോലിക യാത്രയിലെ മങ്ങാത്ത സ്മരണകള്‍


പാപ്പാ ഫ്രാന്‍സിസിന്‍റെ ഫാത്തിമ തീര്‍ത്ഥാടനത്തിന്‍റെ രണ്ടാം ദിവസം – മെയ് 13 ശനിയാഴ്ചത്തെ പരിപാടികളുടെ റിപ്പോര്‍ട്ട് ശബ്ദരേഖയോടെ...

മെയ് 12-Ɔ൦ തിയതി വെള്ളിയാഴ്ച പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ച ഫാത്തിമ തീര്‍ത്ഥാടനത്തിന്‍റെ ഉച്ചകോടിയായിരുന്നു മെയ് 13 ശനിയാഴ്ചത്തെ പരിപാടികള്‍.  പ്രാദേശിക സമയം രാവിലെ 10 മണിക്ക് ദര്‍ശനത്തിന്‍റെ തീര്‍ത്ഥത്തിരുനടയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയും,  വാഴ്ത്തപ്പെട്ടവരായ ഫ്രാന്‍സിസ്കൊ, ജസീന്ത എന്നീ ഇടയക്കുട്ടികളുടെ വിശുദ്ധപദപ്രഖ്യാപനവും,  രോഗികള്‍ക്കുവേണ്ടി നടത്തപ്പെട്ട പരിശുദ്ധകുര്‍ബാനയുടെ ആശീര്‍വ്വാദവും ചരിത്രസ്മരണകള്‍ ഉയര്‍ത്തിയ സംഭവങ്ങളായിരുന്നു!

ഫാത്തിമയില്‍ പാപ്പാ ഫ്രാന്‍സിസ് വിശ്രമിച്ചത് അവിടെ കര്‍മ്മലനാഥയുടെ നാമത്തില്‍  (Our Lady of Carmel) തീര്‍ത്ഥാടകര്‍ക്കുള്ള പ്രത്യേക മന്ദിരത്തിലായിരുന്നു. ഫാത്തിമ സന്ദര്‍ശനം ഒരു തീര്‍ത്ഥാനമാകയാല്‍ രാഷ്ട്രത്തിന്‍റേതായ ഔദ്യോഗിക പരിപാടികളില്‍ ഇല്ലമായിരുന്നെന്നു പറയാം. എങ്കിലും രാവിലെ 9.10-ന് പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ്,  അന്തോണിയോ ലൂയി സാന്‍റോസ് കോസ്ത പാപ്പായുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നു. ഹ്രസ്വമായ സ്വകാര്യകൂടിക്കാഴ്ചയ്ക്കുശേഷം 200 മീറ്റര്‍ അകലെ ഫാത്തിമാനാഥയുടെ ബസിലിക്കയുടെ ഉമ്മറത്തുള്ള പൊതുവേദിയിലേയ്ക്ക് പാപ്പാ കാറില്‍ പുറപ്പെട്ടു.

1. സമൂഹബലിയര്‍പ്പണവും വിശുദ്ധപദപ്രഖ്യാപനവും     പത്തുലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഫാത്തിമ ചത്വരത്തില്‍ – തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ ഉമ്മറത്തെ ചത്വരത്തില്‍ തിങ്ങിനിന്ന് മരിയന്‍ഗീതികള്‍ ആലപിച്ചുകൊണ്ട് ആത്മനിര്‍വൃതിയോടെ നില്ക്കെ, ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9.40-ന് ബസിലിക്കയിലെത്തിയ പാപ്പാ, ആദ്യം സഭ വാഴ്ത്ത്പ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തിയിട്ടുള്ള ജസീന്ത, ഫ്രാന്‍സിസ്കൊ എന്നീ ഇടയക്കുട്ടികളുടെ കല്ലറയ്ക്കുമുന്നില്‍ മൗനമായി പ്രാര്‍ത്ഥിച്ചു. എന്നിട്ടാണ് ദിവ്യബലിക്ക് ഒരുങ്ങിയത്. മൂന്നു പാവപ്പെട്ട കുട്ടികള്‍ക്കു പ്രത്യക്ഷപ്പെട്ട ശുഭ്രവസ്ത്ര ധാരിണിയായ ഫാത്തിമാനാഥയുടെ തിരുനാള്‍ അനുസ്മരിപ്പിക്കുന്ന വെളുത്ത പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ്  പാപ്പാ ഫ്രാന്‍സിസും സഹകാര്‍മ്മികരും ബസിലിക്കയുടെ ഉമ്മറത്തെ അലങ്കിരിച്ച താല്‍ക്കാലിക വേദിയിലേയ്ക്ക് പ്രദക്ഷിണമായി നീങ്ങി. പോര്‍ച്ചൂഗിസ്, ലത്തീന്‍ ഭാഷകളിലായിരുന്നു ബലിയര്‍പ്പണം. ഗായസംഘം പ്രവേശനഗാനം ആലപിച്ചു. ത്രിത്വസ്തുതിയോടെ പാപ്പാ ദിവ്യബലി  ആരംഭിച്ചു.

2. വാഴ്ത്തപ്പെട്ട ഇടയക്കുട്ടികളുടെ വിശുദ്ധപദ പ്രഖ്യാപനം   ആമുഖപ്രാര്‍ത്ഥനയെ തുടര്‍ന്ന് വിശുദ്ധപദപ്രഖ്യാപനമായിരുന്നു. പരിശുദ്ധാത്മഗീതത്തോടെ  (Veni Creator Spiritus) ആരംഭിച്ചു. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ഈ വാഴ്ത്ത്പ്പെട്ടവരെ വിശുദ്ധരായി ഉയര്‍ത്തണമെന്ന് വിശ്വാസസമൂഹത്തിന്‍റെ പേരില്‍ പാപ്പായോട് അഭ്യര്‍ത്ഥിച്ചു. വാഴ്ത്തപ്പെട്ട ഇടയക്കുട്ടികളായ ജസീന്തയുടെയും ഫ്രാന്‍സിസിന്‍റെയും ഹ്രസ്വമായ ജീവചരിത്രങ്ങള്‍ പാരായണംചെയ്യപ്പെട്ടു :

ലൂസിയ, ഫ്രാന്‍സിസ്കോ, ജസീന്ത എന്നീ മൂന്നു കുട്ടികള്‍ക്കാണ് കന്യകാനാഥ ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടത്. ഫാത്തിമയിലെ മാര്‍ത്തോ കുടുംബത്തിലെ രണ്ടു മക്കളായിരുന്ന ഫ്രാന്‍സിസ്കൊയും ജസീന്തയും. മൂന്നുപേരില്‍ പ്രായംകൊണ്ട് മൂത്തവള്‍, ലൂസിയ അവരുടെ ബന്ധുവുമായിരുന്നു.  2005-വരെ‍ ജീവിച്ച ലൂസിയയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പറയുന്നത് 1917 മെയ് 13-ന് കൊവെ ദി ഈരിയയിലെ പുല്‍ത്തകിടിയിലെ മരച്ചില്ലകള്‍ക്കുമീതെ കന്യകാനാഥ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഫ്ര‍ാന്‍സിസിന് 9 വയസ്സും ജസീന്തയ്ക്ക് 7 വയസ്സും പ്രായമായിരുന്നെന്നാണ്.  ജപമാലചൊല്ലുകയും, ത്യാഗപ്രവൃത്തികള്‍ ചെയ്യുകയും, പാപികളുടെ മാനസാന്തരത്തിനായും ലോകസമാധാനത്തിനായും പ്രാര്‍ത്ഥിക്കുകയുംവേണമെന്നാണ് കന്യകാനാഥ ആവശ്യപ്പെട്ടതെന്ന് ലൂസിയ രേഖപ്പെടുത്തിയിരിക്കുന്നു. (അപൂര്‍ണ്ണം...). 

തുടര്‍ന്ന് സകലവിശുദ്ധരുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന (Litany of All Saints)  ആലപിക്കപ്പെട്ടു.  വിശുദ്ധപദപ്രഖ്യാപനമായിരുന്നു അടുത്തത്.  പരിശുദ്ധ ത്രിത്വത്തിന്‍റെ മഹത്വത്തിനായി ക്രിസ്തുവിലും വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ അധികാരത്തിലും, ദൈവസഹായത്തിനായുള്ള നിരന്തരമായ പ്രാര്‍ത്ഥനയുടെയും ഫലമായി വാഴ്ത്തപ്പെട്ടവരായ ജസീന്ത മാര്‍ത്തോയെയും, ഫ്രാന്‍സിസ്കൊ മാര്‍ത്തോയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നു. ഇതായിരുന്നു പാപ്പാ ഉറുവിട്ട പ്രാര്‍ത്ഥനയുടെ രത്നച്ചുരുക്കം.

ജനങ്ങള്‍ ദൈവത്തെ സ്തുതിച്ച് നന്ദിയര്‍പ്പിച്ചു (Laudate Dominum). ആനന്ദാരവം മുഴക്കി.   ഗ്ലോരിയ ഗീതം ആലാപിക്കപ്പെട്ടു. വചനപാരായണത്തോടെ ദിവ്യപൂജ തുടര്‍ന്നു. ആദ്യവായന - വെളിപാടു ഗ്രന്ഥത്തില്‍നിന്നും (വെളി. 11, 19a, 12, 1-6a). സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപാഠവുമാക്കിയ സ്ത്രീയുടെ വര്‍ണ്ണനയായിരുന്നു അതില്‍. രണ്ടാം വായന – പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്കേഴുതിയ ലേഖനത്തില്‍നിന്നും (5, 12. 17-19). ഒരു മനുഷ്യന്‍ കാരണമാക്കിയ പാപത്തെക്കുറിച്ചും..., മറ്റൊരു മനുഷ്യന്‍റെ..., ക്രിസ്തുവിന്‍റെ നീതിപൂര്‍വ്വകമായ പ്രവൃത്തിവഴി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം (19, 25-27). കുരിശിലെ അവസാനരംഗം... ക്രിസ്തു തന്‍റെ അമ്മയെ ലോകമാതാവായി, സകലര്‍ക്കും അമ്മയായി നല്കുന്ന ഭാഗം പാരായണംചെയ്യപ്പെട്ടു. ... പോര്‍ച്ചുഗീസില്‍ ആലാപിക്കപ്പെട്ടു. തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് വചനചിന്തകള്‍ പങ്കുവച്ചു:

പ്രിയ തീര്‍ത്ഥാടകരേ,  ഫാത്തിമാനാഥയില്‍ നമുക്കു ലഭിക്കുന്നത് ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ചു ജീവിക്കാന്‍ മക്കളോടു ചേര്‍ന്നുനില്കുന്ന ഒരമ്മയെയാണ്. ചരിത്രത്തില്‍ ആദി മനുഷ്യന്‍ കാരണമാക്കിയ പാപം, ക്രിസ്തുവിന്‍റെ നീതിപൂര്‍വ്വകമായ പ്രവൃത്തിവഴി സകല മാനവകുലത്തിനും ജീവദായകമായ നീതീകരണത്തിനുള്ള കാരണമായി. ഇതാണ് രക്ഷാകരചരിത്രം (റോമ. 5, 17). ക്രിസ്തു സ്വര്‍ഗ്ഗാരോഹിതനായതോടെ മറിയത്തിന്‍റെ ഉദരത്തില്‍ ഉള്‍ക്കൊണ്ട മാനവികതയെ പൂര്‍ണ്ണമായും സ്വര്‍ഗ്ഗീയ പിതാവിങ്കലേയ്ക്ക് ഒരിക്കലും പരത്യജിക്കപ്പെടാത്ത വിധത്തില്‍ മുഴുവനായും സമര്‍പ്പിക്കപ്പെട്ടു. അതിനാല്‍ സ്വര്‍ഗ്ഗീയപിതാവിന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തുവില്‍ പ്രത്യാശയുടെ നങ്കൂരമടിച്ച് നമുക്ക് ജീവിതയാത്രയില്‍ മുന്നേറാം (എഫേ. 2, 6). ഈ പ്രത്യാശയാണ് നമ്മുടെ ജീവിതങ്ങളെ നയിക്കേണ്ടത്. മരണസമയത്ത്, അവസാനശ്വാസംവരെ നമ്മെ നയിക്കുകയും നിലനിര്‍ത്തുകയുംചെയ്യേണ്ട പ്രത്യാശയാണിത്. 

ഫാത്തിമയുടെ മരിയന്‍ സന്നിധാനത്തില്‍ നാം സംഗമിച്ചിരിക്കുന്നത് കഴിഞ്ഞൊരു നൂറ്റാണ്ടില്‍ നാം സ്വീകരിച്ച സ്വര്‍ഗ്ഗീയ നന്മകള്‍ക്ക് നന്ദിപറയാനാണ്.  കന്യകാനാഥ വിരിച്ചുപിടിച്ചിരിക്കുന്ന തന്‍റെ മേലങ്കിയുടെ സംരക്ഷണയില്‍ ആദ്യം പോര്‍ച്ചുഗലും, പിന്നെ ലോകത്തിന്‍റെ നാല് അതിരുകളും ലോകം മുഴുവനും പ്രതാശയാല്‍ നിറയുകയാണ്. ദൈവത്തിന്‍റെ അനന്തമായ സ്നേഹപ്രകാശത്തിലേയ്ക്ക് ആനീതരാകുകയും,  അവിടുത്തെ ആരാധിക്കാന്‍ ഫാത്തിമയില്‍വച്ച് കന്യകാംബിക പഠിപ്പിക്കുകയും,  മാതാവിന്‍റെ സന്ദേശം സ്വീകരിക്കുകയുംചെയ്ത വിശുദ്ധരായ ഫ്രാന്‍സിസ്ക്കോയും ജസീന്തയും നമുക്ക് മാതൃകയും പ്രചോദനവുമാകട്ടെ!  ദൈവപിതാവിനെ സ്നേഹിക്കാനും ആരാധിക്കാനും അവര്‍ ഇന്നും നമ്മെയും ക്ഷണിക്കുകയാണ്! ജീവിതത്തിലെ പീഡനങ്ങളെയും പ്രയാസങ്ങളെയും മറികടക്കാന്‍ അവര്‍ക്കു ശക്തി ലഭിച്ചത് ദൈവത്തിലുള്ള പ്രത്യാശയാണ്. ദൈവികസാന്നിദ്ധ്യം അവര്‍ക്ക് എന്നും അനുഭവവേദ്യമായി. അതുകൊണ്ടാണ് അവര്‍ നിരന്തരമായി പാപികളുടെ മാനസാന്തരത്തിനായും ലോകസമാധാനത്തിനായും പ്രാര്‍ത്ഥിച്ചത്. അതുകൊണ്ടാണ് ദിവ്യസക്രാരിയില്‍ അപ്പത്തിന്‍റെ രൂപത്തില്‍ സന്നിഹിതനായ ക്രിസ്തുവുമായി അവര്‍ എന്നും ഗാഢമായബന്ധം പുലര്‍ത്തിയതും.

വിശ്വാസപ്രമാണം പാടിയശേഷം, വിവിധ ഭാഷകളില്‍ വിശ്വാസികളുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കപ്പെട്ടു.  പരിശുദ്ധ ജപമാലരാജ്ഞിയേ, ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ! എന്ന് ‍ലത്തീന്‍ ഭാഷയില്‍ ജനങ്ങള്‍  പ്രത്യുത്തരിച്ചു പാടിയത് ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. കാഴ്ചവയ്പ്- മാര്‍ത്തോ കുടുംബത്തിന്‍റെ പ്രതിനിധികള്‍ ജസിന്തയുടെ മുടിയുടെ അംശവും, ഫ്രാന്‍സിസ്ക്കോയുടെ അസ്ഥിയുടെ ഭാഗവും വിശുദ്ധരുടെ കല്ലറയില്‍നിന്നു ശേഖരിച്ച പൂജ്യശേഷിപ്പുകളായി പാപ്പായ്ക്കും സമര്‍പ്പിച്ചു. അവര്‍ കൊണ്ടുവന്ന രണ്ടു കുട്ടികളെ  പാപ്പാ പ്രത്യേകം ആശ്ലേഷിച്ചുകൊണ്ടാണ് കാഴ്ചകള്‍ സ്വീകരിച്ചത്. ആമുഖഗീതി, സ്തോത്രയാഗപ്രാര്‍ത്ഥന, സ്തോത്രയാഗകര്‍മ്മം എന്നിവയോടെ ദിവ്യബലി തുടര്‍ന്നു. സ്വര്‍ഗ്ഗസ്ഥനായപിതാവേ... പോര്‍ച്ചുഗീസില്‍ ആലപിച്ചത് ജനം ഒന്നായി ഏറ്റുപാടിയത് ആത്മനിര്‍വൃതി ഉണര്‍ത്തി. ദിവ്യകാരുണ്യസ്വീകരണം കഴിഞ്ഞ്, പാപ്പാ ദിവ്യകാരുണ്യപ്രാര്‍ത്ഥനചൊല്ലി.

3. ദിവ്യകാരുണ്യ ആരാധനയും രോഗികള്‍ക്കുള്ള ആശീര്‍വ്വാദവും   തീര്‍ത്ഥാടനത്തിന്‍റെ മൂന്നാം ഘട്ടത്തിലെ ദിവ്യകാരുണ്യ ആരാധനയായിരുന്നു അടുത്തത്. ഏതാനും നിമിഷത്തെ നിശ്ശബ്ദമായ ആരാധനയെ തുടര്‍ന്ന്, ശതാബ്ദിവേദിയില്‍ എത്തിയിരുന്ന നൂറുകണക്കിന് രോഗികളെ പാപ്പാ പ്രത്യേകമായി അഭിസംബോധനചെയ്തു:

പ്രിയ തീര്‍ത്ഥാടകരേ, പരിശുദ്ധ കുര്‍ബ്ബാനയില്‍ മറഞ്ഞിരിക്കുന്ന ക്രിസ്തുവിന്‍റെ മുന്നിലാണ് നാം സമ്മേളിച്ചരിക്കുന്നത്. രോഗികളായ നമ്മുടെ സഹോദരീ സഹോദരന്മാരിലും അവിടുന്ന് മറഞ്ഞിരിപ്പുണ്ട്. ക്രിസ്തുവിന്‍റെ ശരീരത്തെ  നാം അള്‍ത്താരയില്‍ ആരാധിക്കുന്നു. എങ്കില്‍ നമ്മുടെ സഹോദരങ്ങളില്‍ മറഞ്ഞിരിക്കുന്ന ക്രിസ്തുവിന്‍റെ മുറിപ്പാടുകള്‍ കാണാനുള്ള വിശ്വാസത്തിന്‍റെ കണ്ണുകളും നമുക്കുണ്ടാകണം. അവരെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും നമുക്കു സാധിക്കണം.  ഒരു ക്രിസ്ത്യാനി ക്രിസ്തുവിനെ ആരാധിക്കുന്നു,  അവിടുത്തെ തേടുന്നു. എങ്കില്‍ വേദനിക്കുന്ന, രോഗികളായ സഹോദരങ്ങളിലും ക്രിസ്തുവിന്‍റെ മുറിപ്പാടു കാണാന്‍ ക്രൈസ്തവന് സാധിക്കണം.

100 വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ങളെ ദൈവത്തിന് സമര്‍പ്പിക്കാന്‍ ഇടയക്കുട്ടികളോട് ആവശ്യപ്പെട്ട കന്യാകാനാഥ നിങ്ങളെയും എന്നെയും ഇന്നും ക്ഷണിക്കുന്നത് ദൈവത്തിനായി നമ്മളെത്തന്നെ സമര്‍പ്പിക്കാനാണ്. വിശുദ്ധരായ ഈ ഇടയക്കുട്ടികളെ – ഫ്രാന്‍സിസിനെയും ജസീന്തയെയും അനുകരിക്കാനാണ് ഫാത്തിമാനാഥ നമ്മോട് ആവശ്യപ്പെടുന്നത്. ജീവിതത്തിന്‍റെ സുഖദുഃഖങ്ങളുടെ ഓഹരിയുമായി ദൈവത്തിന് സ്നേഹോപഹാരങ്ങളായി തങ്ങളുടെ എളിയ ജീവിതങ്ങള്‍ സമര്‍പ്പിച്ച നവവിശുദ്ധരായ ഫ്രാന്‍സിസ്കൊയും ജസീന്തയും നമുക്ക് മാതൃകയും മാദ്ധ്യസ്ഥവുമാകട്ടെ!

രോഗികള്‍ക്കുള്ള പരിശുദ്ധകുര്‍ബ്ബാനയുടെ പ്രത്യേക ആശീര്‍വ്വാദമായിരുന്നു ആദ്യം. അവരുടെ അടുത്തേയ്ക്ക് ദിവ്യകാരുണ്യവുമായി  ചെന്ന് അവരെ പാപ്പാ ആശീര്‍വ്വദിച്ചു. തുടര്‍ന്ന് പൊതുവേദിയില്‍ സമാപാനശീര്‍വ്വാദം നല്കപ്പെട്ടു. ഫാത്തിമയുടെ മെത്രാന്‍, ബിഷപ്പ് അന്തോണിയോ സാഞ്ചസ് മാര്‍ത്തോ. പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു. ദിവ്യബലിക്കുള്ള കാസ പാപ്പാ അദ്ദേഹത്തിന് സമ്മാനമായി നല്കി.  തുടര്‍ന്ന് പാപ്പായും സഹകാര്‍മ്മികരും വേദി വിട്ടിറങ്ങിയപ്പോള്‍, കന്യകാനാഥയിലൂടെയും വിശുദ്ധരായ ഇടയക്കുട്ടികളിലൂടെയും ദൈവം ലോകത്തു വര്‍ഷിച്ച സകലനന്മകള്‍ക്കും നന്ദിപറഞ്ഞ് വിശ്വാസസമൂഹം ദൈവത്തെ പാടിസ്തുതിച്ചു പാടി. തുറന്ന വാഹനത്തില്‍ കയറി, പാപ്പാ ഫ്രാന്‍സിസ് എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ട് പൊതുവേദിയില്‍നിന്നും നീങ്ങി. തന്‍റെ ഫാത്തിമയിലെ താല്‍ക്കാലിക വസതിയായ കര്‍മ്മലനാഥയുടെ നാമത്തിലുള്ള തീര്‍ത്ഥാനടകരുടെ കേന്ദ്രത്തിലേയ്ക്ക് കാറില്‍ മടങ്ങി. പ്രാദേശിക സമയം മദ്ധ്യാഹ്നം 12.20-ന് അവിടെ എത്തിച്ചേര്‍ന്ന പാപ്പാ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കാത്തുനിന്ന പോര്‍ച്ചുഗലിലെ ദേശീയമെത്രാന്‍ സംഘത്തിലെ മെത്രാന്മാരെ ഓരോരുത്തരെയായി അഭിവാദ്യംചെയ്തു. തുടര്‍ന്ന് വത്തിക്കാന്‍ സംഘവും,  മെത്രാന്മാരും ചേര്‍ന്ന് പാപ്പായ്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു.

4. മടക്കയാത്ര   ഭക്ഷണത്തെ തുടര്‍ന്ന്, അധികം വൈകാതെ, എല്ലാവരോടും യാത്രപറഞ്ഞ്,  43 കി.മി. അകലെയുള്ള മോന്തെ റിയാല്‍ വിമാനത്താവളത്തിലേയ്ക്ക് പാപ്പാ കാറില്‍ പുറപ്പെട്ടു. വഴിയുടെ പാര്‍ശ്വങ്ങളില്‍ കാത്തുനിന്ന ജനങ്ങളെ കാറിലിരുന്ന് ആശീര്‍വ്വദിച്ചും അഭിവാദ്യംചെയ്തുകൊണ്ടുമാണ് പാപ്പാ മുന്നോട്ടു നീങ്ങിയത്. പാപ്പായെ യാത്ര അയക്കാന്‍ പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ്, അന്തോണിയോ കോസ്താ വിമാനത്താവളത്തില്‍ സന്നിഹിതനായിരുന്നു. ഒപ്പം ദേശീയപ്രതിനിധി സംഘവും, സഭാ പ്രതിനിധികളും വിശ്വാസികളുടെ വലിയൊരു കൂട്ടവും നന്ദിയോടെ പാപ്പായെ യാത്രയാക്കി.

നവയുഗത്തിന്‍റെ ചരിത്രസന്ധിയില്‍ മനോഹരമായ ഒരു ആത്മീയ സംഭവത്തിന് ശുഭസമാപ്തി കുറിച്ചുകൊണ്ട് പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.45-ന് പാപ്പാ ഫ്രാന്‍സിസ് വിമാനപ്പടവുകള്‍ കയറി. യാത്ര അയക്കാന്‍ എത്തിയ എല്ലാവരെയും തിരിഞ്ഞുനിന്ന് ആശീര്‍വ്വദിച്ചു. അങ്ങകലെ കന്യകാനാഥയുടെ ദര്‍ശനസ്ഥാനമായ കോവാ ദെ ഈരിയയിലെ ബസിലിക്കയുടെ, നീലാകാശത്തിനുമപ്പുറം തെളിഞ്ഞുനിന്ന താഴികക്കുടവും കുരിശും വീക്ഷിച്ചശേഷം ആത്മനിര്‍വൃതിയോടെ പാപ്പാ വിമാനത്തിലേയ്ക്കു കയറി. കൃത്യം 3.00 മണിക്ക് പോര്‍ച്ചുഗലിന്‍റെ  A320  വിമാനം മെഡിറ്ററേനിയന്‍റെ പടിഞ്ഞാറന്‍ ചക്രവാളങ്ങളെ ലക്ഷ്യമാക്കി പറന്നുയര്‍ന്നതോടെ ഫാത്തിമയിലേയ്ക്കുള്ള 19-Ɔമത് അപ്പസ്തോലിക തീര്‍ത്ഥാടനത്തിന് തിരശീലവീണു.








All the contents on this site are copyrighted ©.