2017-05-11 19:09:00

ഫാത്തിമ സന്ദേശം മറിയത്തിന്‍റെ മറ്റൊരു സ്തോത്രഗീതം


മെയ് 11-Ɔ൦ തിയതി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ വത്തിക്കാന്‍ ടെലിവിഷനു നല്കിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍...

ഫാത്തിമ സന്ദേശം മറിയത്തിന്‍റെ മറ്റൊരു സ്തോത്രഗീതമായിരുന്നെന്ന് കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. പാവങ്ങളായ മൂന്നു ഇടയക്കുട്ടികള്‍ക്കാണ് ഫാത്തിമയില്‍ കന്യകാനാഥ പ്രത്യക്ഷപ്പെട്ട് പ്രാര്‍ത്ഥനയുടെയും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം നല്കിയത്. അത് സമ്പന്നര്‍ക്കോ, അധികാരികള്‍ക്കോ, ശക്തന്മാര്‍ക്കോ ആയിരുന്നില്ല.

മറിയത്തിലെ വിനീതദാസിയെ കര്‍ത്താവ് കടാക്ഷിച്ചതുപോലെ, മഹായുദ്ധങ്ങളും കലാപങ്ങളും കഷ്ടപ്പാടും ദാരിദ്ര്യവും നടമാടുന്ന കാലത്ത് സമാധാനത്തിന്‍റെയും, അനുരഞ്ജനത്തിന്‍റെയും നീതിയുടെയും സന്ദേശം ഫാത്തിമയിലെ പാവപ്പെട്ട ഇടയക്കുട്ടികളിലൂടെ കന്യകാനാഥ ലോകത്തിനു നല്കിയത് മറിയത്തിന്‍റെ സ്തോത്രഗീതത്തിന്‍റെ (Magnificat) തനിയാവര്‍ത്തനമായിരുന്നെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യാഖ്യാനിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, സമൂഹം ‘വലിച്ചെറിയപ്പെട്ടവരായി കാണുന്ന’ അല്ലെങ്കില്‍ അധഃകൃതരായി കാണുന്നവരെയാണ് (the waste culture of today) സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സന്ദേശം ലോകത്തെ അറിയിക്കാനായി ദൈവം പ്രത്യേകമായി വിളിച്ചതും തിരഞ്ഞെടുത്തതും. പാപ്പായ്ക്കൊപ്പം ഫാത്തിമ സന്ദര്‍ശിക്കാന്‍ പോകുന്ന കര്‍ദ്ദിനാള്‍ പരോളിന്‍ മെയ് 11-Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാന്‍ ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് ഈ ചിന്തകള്‍ പങ്കുവച്ചത്. 








All the contents on this site are copyrighted ©.