2017-05-09 16:09:00

''വചനത്തിനു കീഴ്വഴങ്ങുന്നവരാകുക'': ഫ്രാന്‍സീസ് പാപ്പാ


നന്മയും സമാധാനവും സൗമ്യതയും കൈവരിക്കുന്നതിനു തിരുവചനത്തിനു കീഴ്വഴങ്ങുന്നവരാകാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഫ്രാന്‍സീസ് പാപ്പാ മെയ് ഒന്‍പതാംതീയതി, ചൊവ്വാഴ്ച സാന്താ മാര്‍ത്താ കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചനസന്ദേശം.

നടപടിപ്പുസ്തകത്തില്‍ നിന്നുള്ള ഈ ദിനങ്ങളിലെ വായനയിലെ, ‘’നിങ്ങള്‍ എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മല്ലടിക്കുന്നു’’ (അപ്പ 7:51) എന്നു വി. സ്തേഫാനോസ് യഹൂദാധികാരികളോടു പറയുന്ന വചനത്തിന്മേലുള്ള വിചിന്തനത്തിന്‍റെ തുടര്‍ച്ച തന്നെയായിരുന്നു പാപ്പായുടെ ഈ വചനസന്ദേശവും.  നടപടിപ്പുസ്തകത്തിലെ ആദ്യവായനയെ വ്യാഖ്യാനിച്ചുകൊണ്ടു പാപ്പാ പറഞ്ഞു: സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വത്തിനുശേഷം ജറുസലെമില്‍ വലിയ മതപീഡനമുണ്ടായി. അപ്പസ്തോലന്മാര്‍ അവിടെത്തന്നെ തുടര്‍ന്നുവെങ്കിലും വിശ്വാസികള്‍ ചിതറിക്കപ്പെട്ടു...  

ഇക്കാര്യം പാപ്പാ ഇങ്ങനെ വിശദീകരിച്ചു: ആദ്യം അവര്‍ യഹൂദരോടുമാത്രമേ പ്രസംഗിച്ചിരുന്നുള്ളു. എന്നാല്‍ ഇപ്പോഴാകട്ടെ, സൈപ്രസിലേക്കും, ഫിനീഷ്യയിലേക്കും അന്ത്യോഖ്യയിലേക്കും ചിതറിക്കപ്പെട്ട വിശ്വാസികള്‍ വിജാതീയരോടും സുവിശേഷം പ്രസംഗിച്ചുതുടങ്ങി, അങ്ങനെ ചെയ്യണമെന്നു പരി ശുദ്ധാത്മാവു പ്രേരിപ്പിച്ചതനുസരിച്ചാണത്.  അവര്‍ തിരുവചനത്തിനു കീഴ്പ്പെടുകയായിരുന്നു... വചനത്തോടുള്ള ഈ കീഴ്വഴക്കത്തിനു മൂന്നു പടികളാണുള്ളത് എന്നു പാപ്പാ ചൂണ്ടിക്കാട്ടി:  ആദ്യം വചനത്തെ സ്വീകരിക്കുക, തുറന്ന ഹൃദയത്തോടെ. രണ്ടാമതായി വചനത്തെ അറിയുക, അതാ യത് യേശുവിനെ അറിയുക.  മൂന്നാമതായി വചനത്തോടു നിരന്തരസമ്പര്‍ക്കമുണ്ടായിരിക്കുക. അതുവഴി പരിശുദ്ധാത്മാവിനു കീഴ്വഴങ്ങുന്നവരാകുകയാണു നമ്മള്‍.  ഇതിന്‍റെ ഫലമാണ്, നന്മ, ആനന്ദം, സമാധാനം, സ്വാത്മനിയന്ത്രണം, സൗമ്യത എന്നീ ഗുണങ്ങളെല്ലാം...

അങ്ങനെ അന്ത്യോഖ്യയിലെ വിശ്വാസികള്‍ക്കു മറ്റൊരു നാമമുണ്ടായി, ക്രിസ്ത്യാനികള്‍.  വിശ്വാസികള്‍ ആദ്യമായി 'ക്രിസ്ത്യാനികള്‍' എന്നു വിളിക്കപ്പെട്ടത് അന്ത്യോഖ്യയിലെ സഭാസമൂഹത്തിലാണെന്ന ഈ ചരിത്രസത്യം അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.