2017-05-09 09:52:00

സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം : മനുഷ്യരുടെ ശരണംവിളി


ആത്മമിത്രങ്ങള്‍ ഉപേക്ഷിച്ചാലും, ശത്രുക്കള്‍ വളഞ്ഞാലും പരിഭ്രമിക്കരുത്. ദൈവം വിശ്വാസ്യനും നല്ലവനുമായ സുഹൃത്താണ്! ഈ ഉറപ്പുതരുന്ന ഗീതമാണ് ബൈബിളിലെ സങ്കീര്‍ത്തനം 27.

( സങ്കീര്‍ത്തനപഠനം ഭാഗം 36).  

27-Ɔ൦ സങ്കീര്‍ത്തനപഠനത്തിന്‍റെ അവസാനഭാഗത്തേയ്ക്കു കടക്കുകയാണ് ഇവിടെ. ഈ പരമ്പരയിലെ കഴിഞ്ഞ ആറു ഖണ്ഡങ്ങളിലൂടെ, ഭാഗങ്ങളിലൂടെ ഈ സങ്കീര്‍ത്തനത്തിന്‍റെ,  ഈ ശരണഗീതത്തിന്‍റെ ഉള്ളിലേയ്ക്കു കടന്നുചെല്ലുവാനും രചയിതാവിന്‍റെ വീക്ഷണം മനസ്സിലാക്കുവാനും നാം പരിശ്രമിക്കുകയായിരുന്നു. പദങ്ങളുടെ വ്യാഖ്യാനം, ആത്മീയാവലോകനം എന്നിവയിലൂടെ സങ്കീര്‍ത്തനത്തിന്‍റെ ഉളളറകളിലേയ്ക്കു കടക്കുവാനും കഴിഞ്ഞ പരമ്പരകളിലൂടെ നാം പരിശ്രമിക്കുകയായിരുന്നു. ഒരു വ്യക്തി വളരെ വൈകാരികമായും വ്യക്തിപരമായും ദൈവത്തിലുള്ള ശരണം വരച്ചുകാട്ടാന്‍ ശ്രമിക്കുകയാണെന്ന്, 14 പദങ്ങള്‍ മാത്രമുള്ള ഈ സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനവും അവലോകനവും വെളിപ്പെടുത്തിത്തരുന്നു. അനുദിന ജീവിതപശ്ചാത്തലവും പരിസരവുമായി ഏറെ ബന്ധിപ്പെട്ടുകിടക്കുന്നതാണ് ഈ ഗീതം എന്നും പദങ്ങളുടെ പഠനം നമുക്ക് മനസ്സിലാക്കി തരുന്നു.  

ജരൂസലേം ദേവാലയത്തെക്കുറിച്ചുള്ള വാത്സല്യംനിറഞ്ഞ ഓര്‍മ്മകളുമായിട്ടാണ് സങ്കീര്‍ത്തകന്‍ ശരണത്തിന്‍റെ വികാരം പദങ്ങളില്‍ പ്രകടമാക്കുന്നത്. എന്നാല്‍ അടിസ്ഥാനപരമായും, നിങ്ങളെയും എന്നെയുംപോലെ അനുദിന ജീവിതത്തിലുണ്ടാകുന്ന വ്യഥകളും പ്രയായങ്ങളുമാണ് ദൈവത്തില്‍ ശരണപ്പെടുവാന്‍ ഗായകനെ, സങ്കീര്‍ത്തകനെ പ്രേരിപ്പിക്കുന്നതെന്ന് പദങ്ങളുടെ പഠനം വെളിപ്പെടുത്തിതരുന്നു.

ശത്രുക്കള്‍ എന്നെ വളയുകയും എന്നെ പീഡിപ്പിക്കുകയും

അകാരണമായി എന്നെ കുറ്റുമാരോപിക്കുകയും ചെയ്യുമ്പോള്‍

സങ്കീര്‍ത്തകന്‍ പറയുന്നു, തനിക്കാശ്രയം ദൈവമായ കര്‍ത്താവാണ്,

അവിടുന്നില്‍ ശരണപ്പെടാം... സന്തോഷിക്കാം.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലപിച്ചിരിക്കുന്നത്, ‍ഡാവിനയും സംഘവുമാണ്.

Musical Version of Ps. 27

സന്തോഷിക്കുവിന്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍

ഇസ്രായേലിന്‍ നാഥന്‍ എഴുന്നള്ളുന്നു

ഇന്നത്തെ പ്രക്ഷേപണത്തില്‍ 27-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ പൊതുവായൊരു ആസ്വാദനം പങ്കുവച്ചുകൊണ്ട് ഏറെ മാനുഷിക വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ശരണഗീതത്തിന്‍റെ പഠനം നമുക്ക് ഉപസംഹരിക്കാം.   ദൈവം സര്‍വ്വനന്മയും സര്‍വ്വസ്വവും സര്‍വ്വവ്യാപിയുമാണ്. അവിടുന്ന് മനുഷ്യര്‍ക്ക് പ്രകാശവും സന്തോഷവും സുരക്ഷയും മോചനവും ശക്തിയും അഭയവുമാണ്. അതിനാല്‍ ദൈവികൈക്യം, ദൈവത്തിലുള്ള ശരണം പ്രാപിക്കല്‍ മതാത്മകതയുടെ അല്ലെങ്കില്‍ ആത്മീയതയുടെ പരമോന്നത സത്യമാണെന്നു മനസ്സിലാക്കാം. ശരണത്തിന്‍റെ ആവര്‍ത്തിക്കപ്പെടാവുന്ന സുകൃതം ഇതാണ്. ‘കര്‍ത്താവ് എന്‍റെ പ്രകാശവും രക്ഷയും ജീവന്‍റെ ശക്തിയുമാണ്.’  

ശരണംവിളിയുടെ അല്ലെങ്കില്‍ ദൈവത്തിലുള്ള ശരണപ്പെടലിന്‍റെ ഒരു തദ്ദേശീയ വീക്ഷണം ഈ ഘട്ടത്തില്‍‍ മനസ്സിലേയ്ക്കു കടന്നു വരുന്നത്.  മലയാളികള്‍ക്ക്, എന്തിന് ഭാരതീയര്‍ക്കാകമാനം പ്രിയപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളായ ശബരിമലയും മലായാറ്റൂര്‍ മലയുമാണ്. രണ്ടും വ്യത്യസ്ഥ വിശ്വാസ സമൂഹങ്ങളുടെ ആത്മീയസരണികളാണെങ്കിലും... ഏറെ സാരൂപ്യമുണ്ട്. ശബരിമലയില്‍ വസിക്കുന്ന ദുര്‍വാസാവിന്‍റെ, അയ്യപ്പന്‍റെ, മണികണ്ഠന്‍റെ സന്നിധിയിലേയ്ക്ക് ഭക്തന്മാര്‍ പുറപ്പെടുന്നത് ... ദൈവത്തില്‍ മനുഷ്യന്‍ അര്‍പ്പിക്കുന്ന പതറാത്ത പ്രത്യാശയുടെ ശരണം വിളികളുമായിട്ടാണ്.   തത്വമസിഃ എന്ന അടിസ്ഥാന ഭാരതീയ ലിഖിതമാണ്. that Thou art, you are that…  അഹഃ ബ്രഹ്മാസ്മിഃ, ദൈവം എന്നില്‍ വസിക്കുന്ന. ബ്രഹ്മന്‍ തന്നെ ആത്മന്‍... ഏറെ വ്യക്തിഗത ആത്മീയത തുളുമ്പുന്ന ഈ ശരണശാസ്ത്രമായിക്കണം, ഹൈന്ദവസഹോദരങ്ങള്‍ക്ക് ശബരിമല പ്രിയങ്കരമാകുന്നതിന്‍റെ പിന്നില്‍ എന്നുവേണം മനസ്സിലാക്കാന്‍.  അതുപോലെ ക്രൈസ്തവരുടെ ഇടയില്‍ കേരളത്തിലെ മലയാറ്റൂര്‍ മലകയറുമ്പോളുള്ള ശരണംവിളി... “പൊന്നുംകുരിശു മുത്തന്‍റെ വിളി” ആരുടെയും മനസ്സലിയിക്കുന്നതാണ്. ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. രണ്ടും സമാന്തരമായ ജനകീയ ഭക്തികളായി നിലകൊള്ളുന്നു. ഇന്നും ഒന്ന് കറുത്തവേഷ്ടിചുറ്റി വ്രതമമെടുത്തു അനുഷ്ഠിക്കപ്പെടുമ്പോള്‍, മറ്റൊന്നു കാവിയുടുത്ത് തപസ്സുനോറ്റുകൊണ്ടാണെന്നു മാത്രം. ദൈവത്തില്‍ ശരണപ്പെടുന്നവര്‍ ജീവിതത്തിന്‍റ ക്ലേശപൂര്‍ണ്ണമായ കല്ലുംമുള്ളിന്‍റെയും പാതകള്‍ താണ്ടി, ജീവിതാര്‍പ്പണത്തിന്‍റെ മലകയറുമ്പോള്‍ വ്യക്തി ആത്മവിശുദ്ധി പ്രാപിക്കുന്നു. ദൈവത്തില്‍ ലയിക്കുന്നു, സായുജ്യമടയുന്നു. കര്‍മ്മബന്ധങ്ങള്‍ അഴിയുന്നു, പാപബന്ധനങ്ങള്‍ അലിയുന്നു, വ്യക്തി ദൈവത്തില്‍ മുക്തനാക്കുന്നു. മുക്തിനേടുന്നു! അഹഃ ബ്രഹ്മാസ്മിഃ !   

ദുഷ്ടതയുടെയും അന്ധകാരത്തിന്‍റെയും ശക്തികള്‍ നീതിയെയും നന്മയെയും അന്നുമിന്നും ശക്തമായി ആക്രമിക്കുന്നുണ്ട്. സോദോം ഗൊമോറാകളും, ഇരുമ്പുകോട്ടകളും, ഫറവോമാരുടെ വ്യാമോഹങ്ങളും, അടിമത്വവും സാമ്രാജ്യമോഹങ്ങളുമെല്ലാം തകര്‍ന്നു തരിപ്പണമായി എന്നോര്‍ക്കണം. വിശ്വാസിയുടെ സഹായവും, പ്രകാശവും, സുരക്ഷയും ശക്തിയുമായവന്‍ നിത്യനും അജയ്യനുമാണ്. പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയുംമദ്ധ്യേ സ്ഥിരതയോടെ ഭയരഹിതമായി നില്ക്കാന്‍ വിശ്വാസിക്കു കഴിയണമെങ്കില്‍ ദൈവികശരണം അനിവാര്യമാണെന്ന് സങ്കീര്‍ത്തകന്‍ നമ്മെ അനുസ്മരിപ്പിക്കുന്നു. നമ്മെ ഉദ്ബോധിപ്പിക്കുന്നു.

             Musical Version of Ps. 27

കര്‍ത്താവുതന്നെയാണെന്നും ജീവരക്ഷ

രക്ഷയുടെ സ്രോതസ്സില്‍നിന്നും ഞാന്‍ ജലം ശേഖരിക്കും

കര്‍ത്താവിനെന്നും ഞാന്‍ നന്ദിയര്‍പ്പിക്കും

അവിടുത്തെ നാമെന്നും നിങ്ങള്‍‍ വിളിച്ചപേക്ഷിക്കുവിന്‍.

ദൈവത്തിലുള്ള ശരണം നീതിമാന് എന്നും തുടര്‍ച്ചയായ സന്തോഷത്തിന്‍റെ ഉറവിടമാണ്. ഈ ലോകവാസം വെടിയുന്നതിനു മുമ്പായി ദൈവിക ശരണത്തിലൂടെ നിത്യസ്തുതിക്കായി നമ്മുടെ ഹൃദയവീണകള്‍ ഒരുക്കാം. നല്ല ചിന്തകളും ആഗ്രഹങ്ങളുംകൊണ്ടു നമ്മെത്തന്നെ നിറച്ച്, ദൈവത്തില്‍ ശരണപ്പെട്ടു ജീവിക്കാന്‍ സാധിച്ചാല്‍ നമുക്ക് ദൈവത്തെ പ്രാപിക്കാം. ദൈവത്തില്‍ ലയിക്കാം. ദൈവത്തില്‍ സായുജ്യമടയാം.  ദൈവത്തിന്‍റെ സുരക്ഷിതത്വം അടങ്ങിയിരിക്കുന്നത് അനര്‍ത്ഥങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിലല്ല. അതിലുപരിയായി ദൈവപരിപാലനയില്‍ മനുഷ്യന്‍ ആയിരിക്കുന്നതിലാണ്. നമ്മുടെ എളിയ ജീവിതങ്ങളെ വിജയിപ്പിക്കുന്ന ദൈവത്തിന് എന്നും സ്തുതിയുണ്ടായിരിക്കട്ടെ. വിശുദ്ധര്‍ക്കു സമൃദ്ധവും വ്യക്തവുമായ രക്ഷയുണ്ടാകുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് ജീവിതത്തില്‍ വിശ്വാസവും പ്രത്യാശയും ശക്തമാക്കാന്‍ പരിശ്രമിക്കാം. പ്രാര്‍ത്ഥനയും സ്തുതിയും ആരാധനയും, ഒപ്പം നമ്മുടെ ചുമതലകളും ദൈവത്തിന് അവകാശപ്പെട്ടതാണ്. ഭക്തിപൂര്‍വ്വം ദൈവത്തിന്‍റെ തിരുമുഖദര്‍ശനത്തിനായി ആഗ്രഹിക്കുന്നവര്‍ അവിടുത്തെ കല്പന അനുസരിക്കുകയാണ്. ദൈവം കൈയ്യൊഴിഞ്ഞാല്‍ ഒരു പ്രസ്ഥാനവും വിജയിക്കുകയില്ല. ദൈവത്താല്‍ നിത്യമായി ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയാണ് നരകം! ദൈവത്തിന്‍റെ വാഗ്ദനങ്ങള്‍ ഓര്‍ത്തോര്‍ത്ത് സങ്കീര്‍ത്തകനോടൊപ്പം നമുക്ക് പ്രാര്‍ത്ഥിക്കാം.

“ഞാന്‍ ദൈവമേ, ഞാന്‍ അങ്ങയെ വിട്ടുപോകുകയോ ഉപേക്ഷിക്കുയോ ചെയ്യുകയില്ല. ഞാനങ്ങെ കൈവെടിയുകയില്ല,” അങ്ങനെ നമുക്ക് അവിടുത്തെ സന്നിധാനത്തില്‍ ശരണപ്പെടാം. പ്രാര്‍ത്ഥിക്കാം. ദൈവമേ, എന്നെ ഉപേക്ഷിക്കരുതേ, കൈവെടിയരുതേ! ആത്മമിത്രങ്ങള്‍ ഉപേക്ഷിച്ചാലും, ശത്രുക്കള്‍ വളഞ്ഞാലും... നാം പരിഭ്രമിക്കരുത്. ദൈവം മറ്റാരെക്കാളും വിശ്വാസ്യനും നല്ലവനുമായ സുഹൃത്താണ്.

Musical Version Ps. 27

ദൈവമഹത്വമാണെന്നും എന്‍റെ രക്ഷ

ഞാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു

ഒരുനാളും ഞാന്‍ ഭയപ്പെടുകയില്ല

എന്തെന്നാല്‍ എന്‍റെ ബലവും ഗാനവും കര്‍ത്താവാണ്.

ദൈവത്തിന്‍റെ രക്ഷയും വഴികളും തേടുന്നതില്‍ എത്ര താല്പര്യവും ശുഷ്ക്കാന്തിയും കാണിച്ചാലും അധികമാവുകയില്ല. ദൈവിക വഴിയിലൂടെ എന്നുംചരിക്കാം, അവിടുന്നില്‍ ശരണപ്പെടാം. ദൈവപിതാവിന്‍റെ, കരുണയുള്ള പിതാവിന്‍റെ പരിപാലനയിലും, കരുണാര്‍ദ്രമായ സ്നേഹത്തിലും, അനന്തമായ നന്മയിലും നമുക്ക് എന്നും സജീവമായി പ്രത്യാശിക്കുകയും വിശ്വസിക്കുകയും ശരപ്പെടുകയും ചെയ്യാം. എത്ര തിക്തമായ ജീവിതാനുഭവങ്ങളിലും പതറാതെ “കര്‍ത്താവിനായ് കാത്തിരിക്കുവിന്‍…,” എന്ന അരുളപ്പാടോടെയാണല്ലോ ഈ കീര്‍ത്തനം മംഗളമായി ഉപസംഹരിക്കപ്പെടുന്നത്. നമുക്കീ ചിന്ത എന്നുമെന്നും പ്രചോദനമാകട്ടെ! ദൈവമാണ് എന്‍റെ പ്രകാശവും രക്ഷയും....!

Musical Version of Ps. 27

ജനതകളുടെ ഇടയില്‍ കര്‍ത്താവിന്‍റെ പ്രവര്‍ത്തികള്‍

നിങ്ങള്‍ വിളംമ്പരംചെയ്യുവിന്‍

അവിടുത്തെ നാമം ഉത്തമമെന്നു നിങ്ങള്‍ പ്രഘോഷിക്കുവിന്‍

സന്തോഷത്തോടെ അവിടുത്തേയ്ക്കെന്നും

നിങ്ങള്‍ കീര്‍ത്തനം പാടുവിന്‍.

 








All the contents on this site are copyrighted ©.