സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

തേടിയെത്തുന്ന എന്‍റെ ദൈവം! നല്ലിടയന്‍റെ ‍ഞായര്‍

നല്ലിടയന്‍ - ഫാദര്‍ രൂപ്നിക്കിന്‍റെ മൊസൈക്ക് ചിത്രീകരണം. - RV

06/05/2017 12:55

പെസഹാക്കാലം 4-Ɔ൦വാരത്തെ സുവിശേഷചിന്തകള്‍ - ഫാദര്‍ വിവേക് വര്‍ഗ്ഗീസ് കൊല്ലംപറമ്പിലിന്‍റെ വചനവിചിന്തനം:

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 10, 1-10.

എറണാകുളത്ത് ചാത്യാത്ത് പള്ളി സന്ദര്‍ശിച്ച ഓര്‍മ്മ വരികയാണ്. പള്ളയിലേയ്ക്കുള്ള കവാടത്തിന്‍റെ പടവുകള്‍ കയറിച്ചെല്ലുന്നതും കാണുന്നത്, കരങ്ങള്‍ വിരിച്ചു നില്കുന്ന ക്രിസ്തുവിന്‍റെ വലിയ സന്നിധാനമാണ്. ഭൂഗോളത്തിന്‍റെ മുകളില്‍ ചവുട്ടിനില്ക്കുന്ന ബൃഹഗാത്രന്‍! താഴത്തെ ലിഖിതം... “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ സമാശ്വസിപ്പിക്കാം” (മത്തായി 11, 28). വിരിച്ച കരങ്ങള്‍പോലെ തന്നെ മനുഷ്യന്‍റെ തുറന്ന ഹൃദയ കവാടങ്ങളിലേയ്ക്കും ജീവിതങ്ങളിലേയ്ക്കും ദൈവം കടന്നുവരുന്നതുപോലെ!

 ‘ഞാനാകുന്നു ആടുകളുടെ വാതില്‍...(യോഹ. 10, 7). തച്ചനായിരുന്നതുകൊണ്ടാവണം ക്രിസ്തുവിന് വാതിലുകളോട് ഇത്രയും പ്രിയം. എനിക്കായി സദാ തുറന്നിട്ട വാതില്‍ ക്രിസ്തുവാണ്. മനുഷ്യന്‍റെ ആത്മീയതയിലേയ്ക്ക് ഇളംവെയിലും, ചെറുകാറ്റും, മഴയും, തുമ്പികളും പറന്നുവന്നു. ഒന്നാം മണിക്കൂറില്‍ പ്രവേശിച്ചാലും പോക്കുവെയിലിന്‍റെ പൊന്നുവീണ പതിനൊന്നാം യാമത്തില്‍ വന്നാലും നമ്മെ ആന്തരിക പ്രഭയുടെ നറുപുഞ്ചിരിയുമായി സ്വീകരിക്കാന്‍ ക്രിസ്തു കാത്തിരിക്കുന്നു, കരങ്ങള്‍ വരിച്ച് കാത്തുനില്‍ക്കുന്നു...!

ഈസ്റ്റര്‍ കഴിഞ്ഞുള്ള 4-Ɔ൦ ഞായര്‍ സഭയില്‍ ‘നല്ലിടന്‍റെദിന’മായി ആചരിക്കപ്പെടുന്നു. തനിക്കുതന്നെ ക്രിസ്തു നല്കിയ ‘നല്ലിടയന്‍’ എന്ന വിശേഷണം അവിടുത്തെ പീഡകളുടെയും കുരിശു മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും വെളിച്ചത്തില്‍ ഉണര്‍വോടെ പുനര്‍പരിശോധിക്കാന്‍ ഈ ദിനം നമ്മെ ക്ഷണിക്കുകയാണ്. ‘നല്ലിടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നു’ (യോഹ 10, 11). പിതാവിന്‍റെ ഹിതം പൂര്‍ണ്ണമായും നിറവേറ്റിക്കൊണ്ട് കുരിശില്‍ അവിടുന്ന് സ്വയാര്‍പ്പണം ചെയ്തപ്പോഴാണ് ക്രിസ്തുവില്‍ ഈ വാക്കുകള്‍ അന്വര്‍ത്ഥമായത്. ക്രിസ്തുവാണ് നല്ലിടയനെന്ന് ഇതില്‍നിന്നും വ്യക്തമാകുകയാണ്. നിങ്ങള്‍ക്കും എനിക്കുംവേണ്ടി ജീവാര്‍പ്പണംചെയ്ത നല്ലിടയന്‍ അവിടുന്നാണ്. സ്നേഹിക്കുവോര്‍ക്കായ് സ്വയം ജീവനേകുന്ന സ്നേഹത്തിലും മീതെ സ്നേഹമുണ്ടോ?! അങ്ങനെ ക്രിസ്തുവാണ് സാക്ഷാന്‍ നല്ലിടയനെന്ന് വിശുദ്ധ യോഹന്നാന്‍ വാക്കുകളില്‍ സ്ഥാപിക്കുന്നു (10, 18). ആരും അവിടുത്തെ ജീവന്‍ പിടിച്ചെടുക്കുകയല്ല, സ്വഃമേധയാ അവിടുന്ന് അത്  അടുകള്‍ക്കായി സമര്‍പ്പിക്കുകയാണ്. കൂലിക്കാരായ വ്യാജ ഇടയാന്മാരുമായി തുറന്ന താരതമ്യം നടത്തിക്കൊണ്ടാണ് ക്രിസ്തു തന്നെത്തന്നെ നല്ലിടയനായി നിര്‍വ്വചിക്കുന്നത്.

‘പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ സമര്‍പ്പിക്കുന്നു’ (10, 15). കൂലിക്കാരനായ ഇടയനില്‍നിന്നും വ്യത്യസ്തമായി ആടുകളുടെ നന്മയും ജീവനും, പോഷണവും അല്ലാതെ മറ്റൊരു ചിന്തയുമില്ലാത്തവനാണ് നല്ലിടയന്‍. അതിനാല്‍ ആ ലക്ഷൃങ്ങളില്‍ എത്തിച്ചേരുവാന്‍വേണ്ടി അയാള്‍ സ്വജീവന്‍ സമര്‍പ്പിക്കാന്‍പോലും സന്നദ്ധനാകുന്നു.   ക്രിസ്തുവിന്‍റെ നല്ലിടയരൂപത്തില്‍ നാം കാണേണ്ടതും ധ്യാനിക്കേണ്ടതും ദൈവത്തിന്‍റെ പിതൃരൂപവും അവിടുത്തെ പരിപാലനയും നമ്മോട് ഓരോരുത്തരോടും ദൈവത്തിനുള്ള വാത്സല്യവും സ്നേഹവുമാണ്. ‘കണ്ടാലും, എത്ര വലിയ സ്നേഹമാണ് പിതാവു നമ്മോടു കാണിച്ചത്. നാം ദൈവമക്കളെന്നു വിളിക്കപ്പെടുക മാത്രമല്ല, നാം ദൈവമക്കളായി ഉയര്‍ത്തപ്പെടുന്നു’ (1യോഹ. 31).

പിതാവായ ദൈവം മനുഷ്യകുലത്തില്‍ വര്‍ഷിച്ച സ്നേഹപാരമ്യമാണ് ഇന്നത്തെ ആദ്യവായനയില്‍ വിശുദ്ധ യോഹന്നാന്‍റെ വാക്കുകളില്‍ പ്രകടമാകുന്നത്.  മെയ് 5-Ɔ൦ തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച 'ട്വിറ്റര്‍' ഇവിടെ അനുസ്മരണീയം... “ക്രിസ്തുവിനു മാത്രം നല്കാവുന്നൊരു നവീനതയാണ് നമ്മെ വിസ്മയം കൊള്ളിക്കുന്നത്. അത് നമ്മുടെ അനുദിന ജീവിതചുവടുവയ്പ്പുകളെ നയിക്കുന്ന അവിടുത്തെ കാരുണ്യവും സ്നേഹവുമാണ്!” സത്യമായും ദൈവസ്നേഹം ആശ്ചര്യപ്പെടുത്തുന്നതും അഗ്രാഹ്യവുമാണ്. കാരണം ക്രിസ്തുവിനെ നല്ലയിടയനായി നല്കുന്നതുവഴി മനുഷ്യരോടുള്ള പിതാവായ ദൈവത്തിന്‍റെ ശ്രേഷ്ഠവും അമൂല്യവും അപരിമേയവുമായ സ്നേഹമാണ് ലോകത്തിന് അനുഭവവേദ്യമാകുന്നത്. അളവുകളും അതിരുകളും വ്യവസ്ഥകളൊന്നുമില്ലാത്തതും, സ്വാര്‍ത്ഥതാല്പര്യങ്ങള്‍ ഒന്നുമില്ലാത്തതുമായ സ്നേഹം സമുന്നതവും ഉല്‍കൃഷ്ഠവുമാണ്. അങ്ങനെയുള്ള സ്നേഹത്തിന്‍റെ ആസ്വാദനം അല്ലെങ്കില്‍ അനുഭവം നമുക്ക് സന്തോഷം പകരുന്നു. നിര്‍ലോഭമായി നമുക്കതു ലഭിക്കുന്നതിനാല്‍ അതില്‍ നാം കൃതഞ്ജതാനിര്‍ഭരരാകയും ചെയ്യുന്നു. എന്നാല്‍, അതിനാല്‍ നാം വികാരാധീനരായി നന്ദിയാല്‍ നിറയുകയും, അത് ധ്യാനിക്കുകയും ചെയ്തതുകൊണ്ടു മാത്രമായില്ല. നല്ലിടയനെ നാം അനുകരിക്കുകകൂടി ചെയ്യേണ്ടിയിരിക്കുന്നു. വിശിഷ്യാ സഭയില്‍ അജപാനദൗത്യം എറ്റെടുത്തിരിക്കുന്ന വൈദികരും, മെത്രാന്മാരും നല്ലിടയനെ മാതൃകയാക്കേണ്ടിയിരിക്കുന്നു. അവര്‍ ആടുകളോട് കരുണകാണിക്കുകയും അവയ്ക്കായി സ്വയാര്‍പ്പണംചെയ്യുകയും ചെയ്ത നല്ലിടയനായ ക്രിസ്തുവിന്‍റെ മാതൃകയില്‍  ശുശ്രൂഷകരാകുവാനും സേവകരാകുവാനും വിളിക്കപ്പെട്ടവരാണ്.

മെയ് 7-Ɔ൦ തിയതി ‘നല്ലിടയന്‍റെ ഞായാറാഴ്ച’ Good Shepherd’s Sunday രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണമദ്ധ്യേ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള 10 ഡീക്കന്മാരെ പാപ്പാ ഫ്രാന്‍സിസ് വൈദിശുശ്രൂഷയിലേയ്ക്ക് ഉയര്‍ത്തും. സഭയിലെ അജപാലകര്‍ ഭരണകര്‍ത്താക്കളല്ല, മറിച്ച്, നല്ലിടയന്‍റെ മാതൃകയില്‍ ജനമദ്ധ്യത്തില്‍ ജീവിക്കേണ്ട ശുശ്രൂഷകരും സേവകരുമാണ്.   “ഇസ്രായേലിന്‍റെ ഇടയനേ, അങ്ങയുടെ ആട്ടിന്‍പറ്റത്തെപ്പോലെ ജോസഫിനെ നയിച്ചവനേ, എന്നെ ചെവിക്കൊള്ളണമേ...”(സങ്കീര്‍ത്തനം 80, 1) എന്നാണല്ലോ സങ്കീര്‍ത്തകന്‍റെ പ്രാര്‍ത്ഥന. ദൈവത്തെ ഇടയനായി ഇസ്രായേല്‍ ജനം കണക്കാക്കിയിരുന്നു. ദൈവജനത്തെ നയിക്കുന്നവര്‍ ഇടയന്മാരാണ്. ദാവീദ് ഇടയച്ചെറുക്കനായിരുന്നു. പിന്നീട് രാജാവ് എന്ന നിലയിലും അദ്ദേഹം ഇസ്രായേലിന്‍റെ ഇടയനായിരുന്നു. എന്നാല്‍... ഇസ്രായേലില്‍ പിന്നീടു വന്ന ഇടയന്മാര്‍, ആടുകളെ പോറ്റുന്നതിനുപകരം തങ്ങളെത്തന്നെ പോറ്റുന്നവരായിത്തീര്‍ന്നു. “അവര്‍ കൊഴുത്ത ആടുകളെ കൊന്നുതിന്നുകയും, അതിന്‍റെ മേദസ്സു ഭക്ഷിക്കുകയും, രോമംകൊണ്ടു വസ്ത്രമുണ്ടാക്കി ധരിക്കുകയുംചെയ്തു. ദുര്‍ബ്ബലമായ ആടുകളെ അവര്‍ താങ്ങിയില്ല. മുറിവേറ്റവയെ വച്ചുകെട്ടിയില്ല. വഴിതെറ്റിയതിനെ തിരികെ കൊണ്ടുവന്നില്ല. കാണാതായതിനെ തേടിപ്പോയില്ല. മാത്രമല്ല, കഠിനമായും ക്രൂരമായും അവര്‍ അവയോടു പെരുമാറി. അവയെ തിരയാനോ, തേടുവാനോ ആരുമുണ്ടായില്ല” എന്ന് എസേക്കിയേല്‍ പ്രവാചകന്‍ പറയുന്നു (എസേക്കിയേല്‍ 34, 1-10).. അതിനാല്‍ ദൈവംതന്നെ ഇസ്രായേലില്‍ ഇടയനായി വരുമെന്ന്, എസേക്കിയേല്‍ പ്രവചിക്കുന്നു. “ഇതാ, ഞാന്‍തന്നെ എന്‍റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും, ഞാന്‍ അവയെ തേടിയിറങ്ങും, നയിക്കും” (എസെ. 34, 11). 

പുതിയനിയമത്തില്‍ വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ “ഞാനാണ് ആടുകളുടെ വാതില്‍, ഞാനാണ് നല്ല ഇടയന്‍” എന്ന് വായിക്കുന്നു (യോഹ. 10. 10-11).  അതിനാല്‍ ക്രിസ്തുവാണ് ആട്ടിന്‍പറ്റത്തെ ജീവനിലേയ്ക്കു നയിക്കുന്ന സ്നേഹകവാടം. അവിടുന്ന് നിത്യതയിലേയ്ക്കുള്ള വാതിലാണ്. “ഞാനാകുന്നു വഴിയും സത്യവും ജീവനും...”  (യോഹ. 14, 6).  ദൈവമേ, എന്തുകൊണ്ടാണ് ഈ വാതില്‍പ്പടികള്‍ അങ്ങ് ഉണ്ടാക്കിയിരിക്കുന്നത്? അങ്ങയുടെ വാതില്‍ തടിത്തരങ്ങള്‍ കൊണ്ടല്ല, മറിച്ച് സ്നേഹംകൊണ്ടുള്ളവയാണ്. അങ്ങേ അനന്തമായ സ്നേഹം കടമ്പയായി കുറുകെ കിടക്കുമ്പോള്‍ ആര്‍ക്കാണ് ആ സ്നേഹവലയം വിട്ട് വഴിതെറ്റിപ്പോകുവാന്‍ മനസ്സുവരിക.

അതൊരു ഹെബ്രായ ശീലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. നാടോടി ഇടയന്മാര്‍ തങ്ങളുടെ ആടുകളുമായി പച്ചയായ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്രയിലാണ്. രാത്രിയില്‍ ഏതെങ്കിലും ഗുഹയിലേയ്ക്ക് അവയെ ആനയിക്കുന്നു. ഗുഹാമുഖം അടയ്ക്കുക സാദ്ധ്യമല്ല. അതുകൊണ്ട് ഇടയന്‍ ഗുഹാമുഖത്ത് കുറുകെ കിടക്കുന്നത്. അങ്ങനെയെങ്കില്‍, ഒരാടിന് പുറത്തു കടക്കണമെങ്കില്‍ ഇടയന്‍റെ നെഞ്ചില്‍ ചവിട്ടാതെ തരമില്ല. കള്ളനോ കുറുനിരക്കോ അകത്തു വരണമെങ്കിലും അയാള്‍ അറിയാതെ തരമില്ല. അതുകൊണ്ട് “ആടുകളുടെ വാതില്‍ ഞാനാണ്,” എന്നു ക്രിസ്തു പറഞ്ഞപ്പോള്‍ അവിടുത്തെ കേള്‍വിക്കാരുടെ മിഴികള്‍ സജലമായി. ക്രിസ്തു പറഞ്ഞ ഈ വരികള്‍ അസാധാരണമായ സംരക്ഷണത്തിന്‍റെ, ദൈവിക രക്ഷണത്തിന്‍റെ, കാരുണ്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുമാണ്. വീടുവിട്ടുപോയവരൊക്കെ അവനെ കുറുകെ കടന്നവരാണ്.   അതിനാല്‍ അഹിതമായ എന്തെങ്കിലും നമ്മുടെ  ജീവിതത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഇടയന്‍ അറിയാതിരിക്കുന്നില്ല എന്നതും ഉറപ്പാണ്. പരിഹാരമോ പ്രതിരോധമോ ഇല്ലാത്ത ചില ദുരന്തങ്ങള്‍ എന്‍റെ ഉമ്മറത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ എനിക്കായ കാവലിരിക്കുന്നവനും പരിക്കേല്‍ക്കുന്നുണ്ട് എന്നോര്‍ക്കണം! അതുകൊണ്ടാണ് ‘ക്രിസ്തു ഇപ്പോഴും ശരീരത്തില്‍ സഹിക്കുന്നു’വെന്ന് പൗലോസ് അപ്പസ്തോലന്‍ പറഞ്ഞത് (കൊളോ. 1, 24). അപ്പോള്‍ ‘വാതില്‍’ എത്ര ഹൃദ്യമായ സൂചനകളാണ് നമുക്കു നല്കുന്നത്!? തുറന്നിട്ട വാതില്‍ കണക്കെ മനോഹരമായ എത്രയോ ദൃശ്യങ്ങളുണ്ട് ഭൂമിയില്‍. എന്നാല്‍ കൊട്ടിയടയ്ക്കപ്പെട്ട വാതില്‍പോലെ ഭാരപ്പെടുത്തുന്നവയും ഈ ലോകത്തുണ്ട്. അസ്സീസിയിലെ ഫ്രാന്‍സിസിനെ ആധാരമാക്കി franco zeffirelli സംവിധാനംചെയ്ത ചലച്ചിത്രം Brother Sun and Sister Moon ഓര്‍മ്മിക്കുന്നുണ്ടോ! മഞ്ഞുപൊഴിയുന്ന തെരുവിലൂടെ ഒരു ഇറ തേടി ഫ്രാന്‍സിസും ലിയോയും അലയുകയാണ്. അവര്‍ക്കു മുന്‍പിലായി അതിവേഗത്തില്‍ വലിച്ചടയ്ക്കുന്ന വാതിലുകളുടെ ശബ്ദം കേല്‍ക്കാം. ഹൃദയമെന്ന വ്യാസംകുറഞ്ഞ കിണറ്റിലേയ്ക്ക് ആരോ അമ്മിക്കല്ല് എടുത്തിടുന്നതുപോലെ! മലയാളി അവന്‍റെ വാതിലുകള്‍ അടച്ചിടാന്‍ തുടങ്ങിയിട്ട് അധികം കാലമൊന്നും ആയിട്ടില്ല. അതു മാറ്റമല്ല, പുരോഗമനവുമല്ല. മറിച്ച് ഒരപകട സൂചനയാണ്. നാഗരികതയെന്ന രോഗാതുരതയുടെ അപകടസൂചനയാണത്. മാത്രമല്ല സ്വാര്‍ത്ഥതയുടെയും. ‘ഇയാളെ എനിക്കു ഭയമാണെ’ന്ന്, അയല്‍ക്കാരനെപ്പറ്റി പറഞ്ഞുപരത്തി വാതിലടച്ച് നല്ലതു ചമയുന്നവരുമുണ്ട്! അയാള്‍ ഒരു ഭീകരനായതുകൊണ്ടല്ല. മറിച്ച് നമ്മുടെ അകത്തളങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന സ്വാര്‍ത്ഥയാലാണ് നാം മറ്റൊരാളെ ഭയക്കുന്നത്. തുറന്നിട്ട ഭവനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദേവാലയങ്ങളാണ്. ‘അടച്ചിട്ട ഭവനങ്ങളില്‍ ദൈവം വസിക്കുന്നില്ല,’  എന്ന ഖലീല്‍ ജിബ്രാന്‍റെ വരികള്‍ ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്.

നാം എപ്പോഴും വാതില്‍ വയ്ക്കുന്നത് രണ്ട് ഇടങ്ങള്‍ക്ക് ഇടയിലാണല്ലോ. അമ്മവീട്ടില്‍ ഒഴിവുകാലം ചെലവഴിക്കാനെത്തിയ കുഞ്ഞിനെപ്പോലെ ഭൂമിയുടെ പ്രിയപ്പെട്ട വിരുന്നുകാരനായി ക്രിസ്തു വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മള്‍ പാര്‍ക്കുന്ന ഈ ലോകത്തിലും, ഇനി പാര്‍ക്കേണ്ട മറുലോകത്തിനുംമദ്ധ്യേ അവിടുന്നു വാതിലാകുന്നു. The door between our terestrial and celestial planes is Christ… ആകാശത്തുനിന്നു വീണ മന്നയല്ല, അവിടുന്ന്. ‘അനന്തതയില്‍ നിന്നെത്തിയ ജീവന്‍റെ അപ്പമാണ്’ അവിടുന്ന് (യോഹ. 6, 51). ‘അവിടുത്തെ ഭക്ഷിക്കുന്നവരൊക്കെ ജീവിക്കുമെന്നൊരു’ (യോഹ. 6, 58) വാഗ്ദാനമുണ്ട്. എവിടെയോ ആകാശവും ഭൂമിയും തമ്മില്‍ സന്ധിക്കുന്നുണ്ട്. പഴയ നിയമത്തില്‍, പുറപ്പാടില്‍ കുഞ്ഞാടിന്‍റെ രക്തമുദ്ര പേറുന്ന വാതില്‍പ്പടികള്‍ വിട്ടിട്ട് സംഹാരദൂതന്‍ കടന്നുപോയില്ലേ. അതുപോലെ നല്ലിടയനായ ക്രിസ്തുവിന്‍റെ വിരലടയാളം നെറ്റിയില്‍ പതിഞ്ഞിട്ടുള്ള ജീവിതങ്ങളെയും ഭവനങ്ങളെയും സ്പര്‍ശിക്കാന്‍ തിന്മയും മരണവും ഭയക്കുന്നുണ്ട്. അവ കടന്നു പോകുകതന്നെ ചെയ്യും...! 


(William Nellikkal)

06/05/2017 12:55