2017-04-28 13:58:00

സമാധാനത്തിന്‍റെ സന്ദേശവുമായി പാപ്പാ ഫ്രാന്‍സിസ് ഈജിപ്തില്‍


ഏപ്രില്‍ 28-Ɔ൦ തിയതി വെള്ളിയാഴ്ച  റോമില്‍ മഴയുള്ള ദിവസമായിരുന്നു. അനുഗ്രഹത്തിന്‍റെ ചെറുമഴ! പ്രാദേശിക സമയം രാവിലെ 10.15-ന് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍നിന്നും തന്‍റെ 18-Ɔ൦ അപ്പസ്തോലിക യാത്രയ്ക്ക് ഒരുക്കമായി റോമിലെ ഫ്യുമിചീനോ അന്തര്‍ദേശീയ വിമാനത്താവളത്തിലേയ്ക്ക് കാറില്‍ പുറപ്പെട്ടു. കൃത്യം 10.45-ന് പാപ്പാ വിമാനപ്പടവുകള്‍ കയറി, താഴെ കാത്തുനിന്നവരോട് യാത്രപറഞ്ഞു. അല്‍-ഇത്താലിയായുടെ A321 പ്രത്യേക വിമാനം 11-മണിയോടെ കിഴക്കിന്‍റെ തെളിഞ്ഞ ആകാശത്തിലേയ്ക്ക് പറന്നുയര്‍ന്നു.

പാപ്പാ ഫ്രാന്‍സിസിന്‍റെ രണ്ടുദിവസത്തെ ഈജിപ്ത് പരിപാടിയുടെ വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു:

ഏപ്രില്‍ 28, 29 വെള്ളി, ശനി ദിവസങ്ങളിലാണ് പാപ്പാ ഫ്രാന്‍സിസ് സമാധാനത്തിന്‍റെ സന്ദേശവുമായി പിരമിഡുകളുടെ നാടായ ഈജിപ്ത് സന്ദര്‍ശിക്കുന്നത്.

ബഹുഭൂരിപക്ഷം മസ്ലീങ്ങളുള്ള നാട്ടാണ് ഈജിപ്ത്. ആകെയുള്ള 9 കോടി ജനസംഖ്യയുടെ 10 ശതമാനം (90 ലക്ഷത്തോളം) ഓര്‍ത്തോഡോക്സ് ക്രൈസ്തവരാണ്.  0.1 ശതമാനം (ശരാശരി 4 ലക്ഷത്തോളം) മാത്രമാണ് കത്തോലിക്കര്‍. പൂര്‍വ്വപിതാവായ അബ്രാഹമില്‍ തുടക്കമിടുന്ന ദൈവജനത്തിന്‍റെ ചരിത്രം ആരംഭിച്ച നാടും (ഉല്പത്തി 12, 10-20), തന്‍റെ ശൈശവത്തിന്‍റെ ആദ്യഭാഗത്ത് ക്രിസ്തുവിന് അഭയമേകിയ നാടും ഇതുതന്നെ (മത്തായി 2, 13-23)! ക്രിസ്താബ്ദം 300-മാണ്ടില്‍ സുവിശേഷകനായ വിശുദ്ധ മര്‍ക്കോസാണ് ഈജിപ്തിലെ അലക്സാന്‍ഡ്രിയയില്‍ സഭ സ്ഥാപിച്ചത് എന്നതിന് ചരിത്ര രേഖകളുണ്ട്. പുരാതന സംസ്ക്കാരങ്ങളുടെയും മതങ്ങളുടെയും, ക്രിസ്തീയതയുടെയും പിള്ളത്തൊട്ടിലായ ഈജിപ്തില്‍ സമാധാനം പുനര്‍സ്ഥാപിക്കപ്പെടണം എന്ന ലക്ഷ്യവുമായിട്ടാണ് പ്രതിസന്ധികള്‍ക്കും രാഷ്ട്രീയ ആലസ്യങ്ങള്‍ക്കുംമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് രണ്ടുദിവസത്തെ സന്ദര്‍ശനം ഈജിപ്തിലേയ്ക്ക് നടത്തുന്നത്.

അപ്പസ്തോലിക യാത്രയുടെ പരിപാടികള്‍ :

  1. വെളിയാഴ്ച 28 ഏപ്രില്‍

പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക് കെയിറോ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.  വിമാനത്താവളത്തിലെ ഹ്രസ്വമായ സ്വീകരണച്ചടങ്ങാണ് ആദ്യം. ഉടനം 9 കി.മി. അകലെ ഹേലിയോപൊളീസിലെ പ്രസിഡന്‍ഷ്യല്‍ പാലസിലേയ്ക്ക് പാപ്പാ യാത്രചെയ്യും. 2.30-ന് പ്രസിഡന്‍ഷ്യല്‍ പാലസിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങു നടക്കും. പ്രസിഡന്‍റ് അബ്ദുള്‍ ഫത്താ എല്‍-സീസ്സിയുമായി പാപ്പാ സ്വകാര്യ കൂടിക്കാഴ്ച നടത്തും.  തുടര്‍ന്ന് 10-കി.മീ. അകലെയുള്ള അല്‍-അസ്സാര്‍ യൂണിവേഴ്സിറ്റിയിലെത്തി ഈജിപ്തിലെ ഗ്രാന്‍ഡ് ഇമാമും, അവിടത്തെ ബഹുഭൂരിപക്ഷം സുന്നി മുസ്ലിങ്ങളുടെ നേതാവുമായ അഹമ്മദ് അല്‍-തയേബുമായി പാപ്പാ ഫ്രാന്‍സിസ് ആദ്യം സ്വകാര്യമായി നേര്‍ക്കാഴ്ച നടത്തും.

 അവിടെന്നും 8 കി.മീ. യാത്രചെയ്ത് 3.40-ന് അല്‍-അസ്സാര്‍ കേന്ദ്രത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന രാജ്യാന്തര സമാധാനസമ്മേളനത്തില്‍ പാപ്പാ പങ്കെടുക്കും.  ഗ്രാന്‍ഡ് ഇമാമും പാപ്പാ ഫ്രാന്‍സിസും സമ്മേളനത്തെ അഭിസംബോധനചെയ്യും. പാപ്പാ ഫ്രാന്‍സിസിന്‍റെ ഈജിപ്തിലെ പ്രഥമ ഔദ്യോഗിക പ്രഭാഷണമാണ് സമാധാന സമ്മേളനത്തില്‍ നല്കുന്നത് (Discourse 1).

വൈകുന്നേരം 4.40-ന്. പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിനു സമീപത്തുള്ള അല്‍-മാസ്സാ ഹോട്ടലില്‍ നടത്തപ്പെടുന്ന ഔദ്യോഗിക ചടങ്ങില്‍ രാഷ്ട്രത്തിന്‍റെ ഭരണാധിപന്മരെയും ജനങ്ങളെയും പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യും (Discourse 2). പ്രസിഡന്‍റ് എല്‍-സീസ്സി സ്വാഗതംപറയും.  

തുടര്‍ന്ന് പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെ, ഈജിപ്തിലെ കോപ്റ്റിക്ക്- ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ് തവാദ്രോസ് രണ്ടാമനുമായി 6 കി.മി. അകലെയുള്ള പുരാതന പാത്രിയര്‍ക്കല്‍ വസതയില്‍ പാപ്പാ ആദ്യം സ്വകാര്യ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയെ തുടര്‍ന്ന്, ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ പ്രതിനിധി സംഘത്തെ പാപ്പാ അഭിസംബോധനചെയ്യും (Discourse 3). പാത്രിയര്‍ക്കിസ് തവാദ്രോസ് പാപ്പായെ അഭിവാദ്യംചെയ്തും സംസാരിക്കും. 2016-ലെ ക്രിസ്തുമസ്സ്നാളില്‍ 24-പേരുടെ മരണത്തിന് ഇടയാക്കുകയും അനേകരെ മുറപ്പെടുത്തുകയും ചെയ്ത ഭീകരാക്രമണത്തിന് ഇരയായ പത്രോസ് ശ്ലീഹായുടെ നാമത്തിലുള്ള ദേവാലയം ഇരുസഭാദ്ധ്യക്ഷന്മാരും സന്ദര്‍ശിച്ച്, അവിടെ പ്രാര്‍ത്ഥിക്കും. പ്രതീകാത്മകമായി പുഷ്പാര്‍ച്ചനയും ദീപാര്‍ച്ചനയും നടത്തും. പാത്രിയര്‍ക്കല്‍ ഭവനത്തില്‍നിന്നും 100 മീറ്റര്‍ അടുത്താണ് ഈ ദേവാലയം.

വൈകുന്നേരം 6.30-ന് വെള്ളിയാഴ്ചത്തെ ഔദ്യോഗിക പരിപാടികള്‍ സമാപിച്ച് വിശ്രമത്തിനായി  10 കി.മി. അകലെ കെയിറോയിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്ക് കാറില്‍ യാത്രചെയ്യും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി കെയിറോയിലെത്തിയിട്ടുള്ള യുവജനങ്ങളുമായി അവിടെവച്ച് പാപ്പാ അനൗപചാരികമായി കൂടിക്കാഴ്ച നടത്തും. രാത്രി ഭക്ഷണം കഴിച്ച് പാപ്പാ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ വിശ്രമിക്കും. 

  1. ശനിയാഴ്ച, ഏപ്രില്‍ 29-Ɔ൦ തിയതി

രണ്ടാം ദിനം രാവിലെ 8.50-ന് ഔദ്യോഗിക പരിപാടികള്‍ക്ക് പുറപ്പെടും മുന്‍പ് അവിടെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ എത്തുന്ന അംഗവൈകല്യമുള്ള  കുട്ടികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ശനിയാഴ്ചത്തെ ആദ്യ ഇനമായ ദിവ്യബലിയര്‍പ്പണത്തിനായി 19 കി.മി. അകലെയുള്ള സ്റ്റേഡിയത്തിലേയ്ക്ക് പാപ്പാ കാറില്‍ സഞ്ചരിക്കും. രാവിലെ 10 മണിക്കാണ് കെയിറോയിലെ വ്യോമസേനയുടെ മൈതാനിയിലാണ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണം. ദിവ്യബലിക്കു മുന്‍പ് സ്റ്റേഡിയത്തിനുള്ളില്‍ ജനമദ്ധ്യത്തിലൂടെ തുറന്ന ചെറിയ ഇലക്ട്രിക് കാറിലായിരിക്കും പാപ്പാ ബലിവേദിയിലേയ്ക്കു നീങ്ങുന്നത്.

പ്രസിഡന്‍റ്, അല്‍-സീസ്സി, കോപ്റ്റിക്ക് പാത്രിയര്‍ക്കിസ് താവാദ്രോസ്, ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് തെയെദോരൂസ്, കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ എന്നിവരും ഈജിപ്തിലെ ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്‍റ് സഭാവിഭാഗങ്ങളുടെ തലവാന്മാരും പാപ്പായുടെ സമൂഹബലിയര്‍പ്പണത്തില്‍ പങ്കെടുക്കും.  ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഭാഷണം നടത്തും (Discourse 4).  ദിവ്യബലിക്കുശേഷം  മദ്ധ്യാഹ്നം 12.15-ന് ഈജിപ്തിലെ മെത്രാന്മാര്‍ക്കൊപ്പം, വത്തിക്കാന്‍ സംഘത്തോടൊപ്പവും കെയിറോയിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ പാപ്പാ ഉച്ചഭക്ഷണം കഴിക്കും.

ഉച്ചതിരിഞ്ഞ് 03.15-ന് ഈജിപ്തിലെ വൈദികരും സന്ന്യസ്തരും വൈദിക വിദ്യാര്‍ത്ഥികളുമായി കെയിറോ നഗരപ്രാന്തത്തിലുള്ള മഹാനായ വിശുദ്ധ ലിയോയുടെ പേരിലെ കോപ്റ്റിക്-കത്തോലിക്കാ പാത്രിയര്‍ക്കല്‍ സെമിനരിയില്‍ പാപ്പാ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുത്ത്, സന്ദേശംനല്കും (Discourse 5).

ശനിയാഴ്ച വൈകുന്നേരം 4-മണിയോടെ 40 കി.മി. അകലെ കെയിറോ വിമാനത്താവളത്തില്‍ എത്തുന്ന പാപ്പാ ഔദ്യോഗിക യാത്രയയപ്പ് ചങ്ങില്‍ പങ്കെടുക്കും. 5.00-ന് മടക്കയാത്ര ആരംഭിക്കും. ശനിയാഴ്ച രാത്രി 8.30-ന് റോമിലെ ച്യംമ്പീനോ വിമാനത്താവളത്തില്‍ പാപ്പാ ഇറങ്ങി, കാറില്‍ വത്തിക്കാനിലേയ്ക്കു മടങ്ങും. 








All the contents on this site are copyrighted ©.