2017-04-26 12:57:00

ഉത്ഥിതന്‍റെ വാഗ്ദാനം: പ്രത്യാശയില്‍ മുന്നേറാന്‍ പ്രചോദനം


വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍  ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടുക്കാഴ്ച പതിവുപോലെ ഈ ബുധനാഴ്ചയും  (26/04/17)  അരങ്ങേറി. മലയാളികളുള്‍പ്പടെ, വിവിധരാജ്യക്കാരായിരുന്ന പതിനായിരങ്ങള്‍ അവിടെ സന്നിഹിതരായിരുന്നു. കൂടിക്കാഴ്ചയ്ക്കായി പാപ്പാ  വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലേക്കു പ്രവേശിച്ചപ്പോള്‍ ചത്വരം കരഘോഷ- ആനന്ദാരവങ്ങളാല്‍ മുഖരിതമായി.

കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നവരില്‍ നിന്ന് 5 ബാലികാബാലന്മാരെ വാഹനത്തിലേറ്റി ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചെയ്തു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ അതില്‍നിന്ന് ഇറങ്ങിയ ഫ്രാന്‍സീസ് പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

“അക്കാലത്ത് യേശു നിര്‍ദ്ദേശിച്ചുതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്കു പോയി.18 യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എ​ല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു.19 ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. 20 പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”.(മത്തായി 28: 16,18-20)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് താന്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. “വാഗ്ദാനം പ്രദാനം ചെയ്യുന്ന പ്രത്യാശ” എന്നതായിരുന്നു പാപ്പായുടെ പരിചിന്തന വിഷയം.

 പ്രഭാഷണസംഗ്രഹം:      

“യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”. മത്തായിയുടെ സുവിശേഷത്തിലെ അവസാനത്തെതായ ഈ വാക്കുകള്‍ ഈ സുവിശേഷത്തിന്‍റെ   തുടക്കത്തില്‍ കാണുന്ന പ്രവാചകവചനത്തെ ഓര്‍മ്മിപ്പിക്കുന്നു: “ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും”.(മത്തായി 1,23) ലോകാവസാനം വരെ എല്ലാദിനങ്ങളിലും ദൈവം നമ്മോടുകൂടെ ആയിരിക്കും. ഈ സുവിശേഷം മുഴുവനും ഈ രണ്ടു വാക്യങ്ങള്‍ക്കിടയില്‍ ഒതുങ്ങിയിരിക്കുന്നു. കൂടെ ആയിരിക്കുക, വിശിഷ്യ, നമ്മോടുകൂടെ, അതായത് മനുഷ്യജീവികളോടുകൂടെ,  ആയിരിക്കുക എന്ന അനന്യതയാര്‍ന്ന നാമമുള്ളൊരു ദൈവത്തിന്‍റെ രഹസ്യം സംവേദനം ചെയ്യുന്ന വാക്കുകളാണിവ. ഒറ്റപ്പെട്ട ഒരു ദൈവമല്ല, നമ്മോടുകൂടെ ആയിരിക്കുന്ന ഒരുദൈവം. നമ്മുടേത് അതിവിദൂരതയില്‍ ആകാശത്തിനുള്ളില്‍ തടങ്കലിലാക്കപ്പെട്ട, അസന്നിഹിതനായ ഒരു ദൈവമല്ല; മറിച്ച്, മനുഷ്യനോട് ‌അതിരറ്റസ്നേഹമുള്ള, നമ്മില്‍ നിന്ന് വേറിട്ടു നില്ക്കാന്‍ കഴിയാത്ത, നമ്മോടു മൃദുലസ്നേഹമുള്ള ഒരു ദൈവമാണ് നമ്മുടേത്. എന്നാല്‍ നാമാകട്ടെ ബന്ധങ്ങളും സേതുബന്ധങ്ങളും ഭേദിക്കാന്‍ പ്രാപ്തരും. എന്നാല്‍ അവിടത്തേക്ക് അതു സാധ്യമല്ല.

നമ്മുടെ അസ്തിത്വം ഒരു തീര്‍ത്ഥാടനം, ഒരു യാത്ര ആണ്. ഇനിയും നമ്മുടെ ആത്മാവ് കുടിയേറുന്ന ഒരാത്മാവാണ്.  തീര്‍ത്ഥാടകരുടെയും യാത്രികരുടെയും കഥകളാല്‍ ഭരിതമാണ് ബൈബിള്‍. അബ്രഹാമിന്‍റെ വിളിയുടെ തുടക്കം ഈ കല്പനയോടുകൂടിയാണ്: “നിന്‍റെ ദേശം വിട്ടു പോകുക” (ഉല്‍പ്പത്തി 12,1) തന്‍റെ കാലത്തെ നാഗരികതയുടെ പിള്ളത്തൊട്ടിലും തനിക്ക് നല്ലവണ്ണം അറിയാവുന്നതുമായിരുന്ന ആ ദേശം വിട്ട് അബ്രഹാം പോകുന്നു.

മനുഷ്യന്‍ അവന്‍റെ യാത്രയില്‍ ഒരിക്കലും തനിച്ചല്ല. സര്‍വ്വോപരി ക്രൈസ്തവന് ഒരിക്കലും താന്‍ പരിത്യക്തനാണെന്ന പ്രതീതിയുണ്ടാകില്ല.  എന്തെന്നാല്‍ നാം തനിച്ച് നീണ്ടയാത്ര പൂര്‍ത്തിയാക്കാന്‍ താന്‍ കാത്തിരിക്കില്ല പ്രത്യുത ഓരോ ദിനത്തിലും നമുക്കു തുണയായിരിക്കുമെന്ന് യേശു ഉറപ്പു നല്കിയിരിക്കുന്നു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്‍റെ ഈ കരുതല്‍ എത്ര നാള്‍ ഉണ്ടായിരിക്കും? നമ്മൊടൊപ്പം സഞ്ചരിക്കുന്ന യേശു എവിടം വരെ, എത്ര നാള്‍ നമ്മെ പരിപാലിക്കും? സുവിശേഷം നല്കുന്ന ഉത്തരത്തില്‍ സംശയത്തിന് തെല്ലിടപോലുമില്ല. ലോകാന്ത്യം വരെ നമ്മോടൊപ്പമുണ്ടായിരിക്കും. ആകാശവും ഭൂമിയും കടന്നുപോകും, മാനവപ്രതീക്ഷകള്‍ മാഞ്ഞുപോകും, എന്നാല്‍ സകലത്തെയുംകാള്‍ മഹത്തായ ദൈവത്തിന്‍റെ വചനം കടന്നുപോകില്ല. ദൈവത്തിന്‍റെ ഹൃദയത്തില്‍ നമ്മെക്കുറിച്ച് ഔത്സുക്യമില്ലാത്ത ഒരു ദിനം പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകില്ല. അവിടന്ന് നമ്മുടെ കാര്യത്തില്‍ ശ്രദ്ധയുള്ളവനാണ്, നമ്മോടൊപ്പം നടക്കുന്നു. അവിടന്ന് എന്തുകൊണ്ടിതു ചെയ്യുന്നു? ഉത്തരം ലളിതം. അവിടന്ന് നമ്മെ സ്നേഹിക്കുന്നു എന്നതു തന്നെ. ദൈവം നമ്മോടു കൂടെ നടക്കുന്നതിനെ ദൈവിക പരിപാലന എന്നും പറയും.

ക്രിസ്തീയ പ്രത്യാശ വാസ്തവത്തില്‍ അതിന്‍റെ വേരു കണ്ടത്തുന്നത് ഭാവിയുടെ ആകര്‍ഷണീയതയിലല്ല മറിച്ച്  ദൈവം നമുക്കു വാഗ്ദാനം ചെയ്യുകയും യേശുവില്‍ പൂര്‍ത്തിയാക്കുകയും ചെയ്ത സുരക്ഷിതത്വത്തിലാണ്.... സങ്കീര്‍ത്തകന്‍ പറയുന്നു: “കൂരിരുള്‍ താഴ്വരയിലൂടെ നടന്നാലും ഒരനര്‍ത്ഥവും ഞാന്‍ ഭയപ്പെടില്ല, എന്തെന്നാല്‍ അങ്ങ് എന്നോടൊപ്പമുണ്ട്” (സങ്കീര്‍ത്തനം 23,4). നാവികര്‍ നങ്കൂരമെന്ന  ഉപകരണം തീരത്തേക്ക് എറിയുകയും അതിന്‍റെ കയറില്‍ പിടിച്ച് കപ്പല്‍ തീരത്തേക്കടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. അതുപോലെ, വിശ്വാസമാണ് സ്വര്‍ഗ്ഗത്തില്‍ നമ്മുടെ നങ്കൂരം. സ്വര്‍ഗ്ഗത്തില്‍ നങ്കൂരം ഇട്ടതാണ് നമ്മുടെ ജീവിതം . എന്താണ് നാം ചെയ്യേണ്ടത്?. നങ്കൂരത്തിന്‍റെ കയറില്‍ മുറുകെപ്പിടിക്കുക എല്ലായ്പ്പോഴും.

ദൈവത്തിന്‍റെ വിശുദ്ധ ജനം യാത്രയിലാണ്, യാത്രികനായ മനുഷ്യന്‍, അവന്‍ നിവര്‍ന്നു നിന്ന്, പ്രത്യാശയില്‍ സഞ്ചരിക്കുന്നു. അവന്‍ എവിടെപ്പോയാലും അവനറിയാം ദൈവത്തിന്‍റെ സ്നേഹം മുന്നിലുണ്ടെന്ന്, ഉത്ഥിതനായ ക്രിസ്തുവിന്‍റെ വിജയത്തില്‍ നിന്ന് ഓടിയൊളിക്കുന്ന ഒരിടവും ലോകത്തിലില്ല. എന്താണ് ഉത്ഥിതനായ ക്രിസ്തുവിന്‍റെ വിജയം. അത് സ്നേഹത്തിന്‍റെ ജയം ആണ്. നന്ദി.‌

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 








All the contents on this site are copyrighted ©.