2017-04-26 08:32:00

തദ്ദേശജനതകളുടെ അവകാശങ്ങളെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തോ ഔസ


ഏപ്രില്‍ 24-ാംതീയതി ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍, അപ്പസ്തോലിക് ന്യുണ്‍ഷ്യോയും പരിശുദ്ധസിംഹാസനത്തിന്‍റെ ഐക്യരാഷ്ട്രസംഘടയ്ക്കുവേണ്ടിയുള്ള സ്ഥിരം നിരീക്ഷകനുമായ ആര്‍ച്ചുബിഷപ്പ് ബെര്‍ണദീത്തോ ഔസ ഐക്യരാഷ്ട്രസംഘടനയുടെ തദ്ദേശജനതകള്‍ക്കുവേണ്ടിയുള്ള സ്ഥിരം ഫോറത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് തദ്ദേശീയ ജനവിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചു സംസാരിച്ചത്. ഐക്യരാഷ്ട്രസംഘടന, തദ്ദേശീയജനതകളുടെ അവകാശപ്രഖ്യാപനം ന‌ടത്തിയതിന്‍റെ പത്താംവാര്‍ഷികത്തോടനുബന്ധ്ച്ച് പ്രഖ്യാപനനിര്‍വഹണത്തെക്കുറിച്ചുള്ള വിലയിരുത്തലിനായി സമ്മേളിച്ച ചര്‍ച്ചാവേദിയുടെ പതിനാറാമത്തെ സെഷനായിരുന്നു ഇത്.

രണ്ടുമാസങ്ങള്‍ക്കുമുമ്പ് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെ അനുസ്മരിച്ചു കൊണ്ടാരംഭിക്കുന്ന പ്രഭാഷണത്തില്‍, പാപ്പാ പല അവസരങ്ങളിലും അവരുടെ അതിജീവനാവശ്യങ്ങളുടെ വക്താവെന്നപോലെ, തദ്ദേശീയജനതകളുടെ തനിമ മാത്രമല്ല, നിലനില്‍പ്പുപോലും അപകടകത്തിലാണെന്ന കാര്യം ലോകജനതയുടെ ബോധതലത്തിലെത്തിക്കുന്നതിനു ശ്രമിക്കുന്നു എന്നു ചൂണ്ടിക്കാട്ടി.

തദ്ദേശീയ ജനവിഭാഗങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധം പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ പ്രഭാഷണം അവര്‍ അര്‍ഹിക്കുന്നത് ആദരവു മാത്രമല്ല, നമ്മുടെ കൃതജ്ഞതയും ഒപ്പം പിന്താങ്ങലുമാണ് എന്ന പ്രസ്താവനയോടെയാണ് അവസാനിക്കുന്നത്.








All the contents on this site are copyrighted ©.