2017-04-26 19:05:00

സന്തോഷത്തില്‍ ജീവിക്കാന്‍ മനുഷ്യര്‍ സാഹോദര്യത്തില്‍ ഒന്നിക്കണം


വിശ്വസാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം നല്‍കുന്നതിന് 1984-ല്‍ അമേരിക്കയില്‍ സ്ഥാപിതമായ മാധ്യമ പ്രസ്ഥാനമാണ് TED TALK Foundation. ഇന്ന് രാജ്യാന്തരതലത്തില്‍ കേന്ദ്രങ്ങളുണ്ട്.

മാനവിക പുരോഗതിക്കായുള്ള  2017-ലെ ‘റ്റെഡ്’ സംവാദത്തില്‍ (TED TALK 2017) പാപ്പാ ഫ്രാന്‍സിസ് സന്ദേശം നല്കി.

ഏപ്രില്‍ 25-Ɔ൦ തിയതി ചൊവ്വാഴ്ച വെളുപ്പിനാണ് (പ്രാദേശിക സമയം 3.30-നാണ്) പാപ്പാ ഫ്രാന്‍സിസ് കാനഡയിലെ വാന്‍കോവറില്‍ സമ്മേളിച്ച 2017-ലെ TED TALk  എന്ന മാനവപുരോഗതിക്കും സമാധാനത്തിനുമായുള്ള രാജ്യാന്തര സംഗമത്തെ തത്സമയം ടെലിവിഷന്‍ ശൃംഖലയിലൂടെ അഭിസംബോധനചെയ്തത്. ശ്രദ്ധേയമായ മൂന്നു ചിന്താശകലങ്ങളിലൂടെ ആഗോളനന്മയ്ക്കായുള്ള തന്‍റെ അടിയുറച്ച നിലപാടുകള്‍ പാപ്പാ വ്യക്തമാക്കി.

1. മാനവകുലം സന്തോഷവും സമാധാനവും ആര്‍ജ്ജിക്കണമെങ്കില്‍ മനുഷ്യര്‍  സഹോദര്യത്തില്‍ ഒന്നിക്കണം എന്നായിരുന്നു പാപ്പാ പങ്കുവച്ച പ്രഥമചിന്ത.

ലോകത്ത് മനുഷ്യര്‍ പരസ്പര്യം സഹായിക്കാന്‍ സന്നദ്ധരാവണം. മനുഷ്യാസ്തിത്വം പാരസ്പരികമാണ്. എത്രത്തോളം മനുഷ്യര്‍ പരസ്പരം കൈകോര്‍ത്തു ജീവിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭാവിയുടെ കെട്ടുറപ്പ്. സാങ്കേതികതയും, കലയും കളിയും ഉല്ലാസവും വികസന പദ്ധതികളുമെല്ലാം മനുഷ്യനെ കേന്ദ്രീകരിച്ചായിരിക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സാകല്യസംസ്കൃതിയാണ് അതിനാല്‍ നമുക്കിന്ന് ആവശ്യമെന്നും പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു.

 2. അപരനെക്കുറിച്ചുള്ള കരുതലാണ് ഐക്യദാര്‍ഢ്യം.

മനുഷ്യന്‍റെ അന്വേഷണ ത്വര അന്യഗ്രഹങ്ങളിലേയ്ക്കും നവസാങ്കേതികതയിലേയ്ക്കും ഉയരുമ്പോള്‍ നമുക്കു ചുറ്റുമുള്ള സഹോദരങ്ങളെ മറന്നുപോകരുതെന്നും, അപരനെക്കുറിച്ചുള്ള കരുതലുമാണ് ഐക്യദാര്‍ഢ്യം. പാപ്പാ പ്രസ്താവിച്ചു. ഐക്യദാര്‍ഢ്യം  മനോഹരമായ വാക്കാണെങ്കിലും രാഷ്ട്രീയ, സമ്പത്തിക, ശാസ്ത്രീയ തലങ്ങളില്‍ അന്യവത്ക്കരിക്കപ്പെട്ടിരുന്ന വാക്കും ഇതുതന്നെയാണ്. പാപ്പാ ചൂണ്ടിക്കാട്ടി.

ഇന്ന് ലോകത്ത് തലപൊക്കുന്ന “വലിച്ചെറിയല്‍ സംസ്ക്കാരം” Culture of Waste ഭക്ഷണത്തിന്‍റെയും വസ്തുക്കളുടെയും കാര്യത്തില്‍ മാത്രമല്ല, നവമായ സാങ്കേതിക സാമ്പത്തിക ക്രമത്തില്‍ വ്യക്തികള്‍ വലിച്ചെറിയപ്പെടുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. എന്നാല്‍ ഐക്യദാര്‍ഢ്യം മനുഷ്യഹൃദയങ്ങളില്‍ സ്വതന്ത്രമായും സ്വാഭാവികമായും ഉണരേണ്ട പ്രതികരണവും സാമൂഹ്യ പ്രതിബദ്ധതയുമാണെന്ന് പാപ്പാ പ്രസ്താവിച്ചു. അപരനോടു കാണിക്കുന്ന സാഹാനുഭാവത്തിന്‍റെയും അനുകമ്പയുടെയും മനോഭാവത്തില്‍  സാഹോദര്യത്തിന്‍റെ നവമായൊരു ലോകം വളര്‍ത്തിയ കല്‍ക്കട്ടിയിലെ മദര്‍ തെരേസയെ പാപ്പാ പ്രാഭാഷണത്തില്‍ മാനവികൈക്യദാര്‍ഢ്യത്തിന്‍റെ പ്രതീകമായി ചൂണ്ടിക്കാട്ടി.  

3. കാരുണ്യത്തിന്‍റെ വിപ്ലമാണ് ഇന്നിന്‍റെ ലോകത്തിനാവശ്യം.

ഇതായിരുന്നു പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച മൂന്നാമത്തെ ചിന്ത. ജീവിത പരസരങ്ങളില്‍ ചുറ്റുമുള്ള എളിയവര്‍ക്കും പാവങ്ങള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും അനാഥര്‍ക്കുമായി നമ്മുടെ ചെവിയും കണ്ണും കരങ്ങളും – നമ്മുടെ അധരങ്ങള്‍ തുറക്കുന്നതാണ് കാരുണ്യത്തിന്‍റെ വിപ്ലവം, സഹാനുഭാവത്തിന്‍റെ വിപ്ലവം! അതിരുകള്‍ വിട്ടിറങ്ങി സ്നേഹവും സഹാനുഭാവവും കാണിച്ച, സുവിശേഷം ഉദ്ബോധിപ്പിക്കുന്ന  ‘നല്ല സമറിയക്കാര’ന്‍റെ മാതൃകയും പാപ്പാ പ്രഭാഷണത്തില്‍ ഉദാഹരിച്ചു.

അതിനാല്‍ ലോകത്തിന്‍റെ ഭാഗധേയം ഇന്ന് രാഷ്ട്രീയക്കാരുടെയോ, നേതാക്കളുടെയോ കരങ്ങളിലാണെന്ന് ചിന്തിക്കരുത്. അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്, തീര്‍ച്ച!. എന്നാല്‍ ചുറ്റമുള്ള സഹോദരങ്ങളെ നിങ്ങളും ഞാനുമായി തിരിച്ചറിയുന്ന കരുണയും മഹാമനസ്കതയുമുള്ളവരുടെ കരങ്ങളിലാണ് ലോകത്തിന്‍റെ ഭാവിയും ഭാഗധേയവും പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.