2017-04-26 18:45:00

സുവിശേഷകനായ വിശുദ്ധ മര്‍ക്കോസ് ഈജിപ്തിലെ സഭാസ്ഥാപകന്‍


ചൊവ്വാഴ്ചത്തെ തന്‍റെ ദിവ്യബലി അര്‍പ്പണത്തില്‍ ഈജിപ്തിലെ പാത്രിയര്‍ക്കിസ് തവാദ്രോസ് ദ്വിതിയനുവേണ്ടിയും അവിടത്തെ കോപ്റ്റിക്ക് ക്രൈസ്തവര്‍ക്കുവേണ്ടിയും പാപ്പാ ഫ്രാന്‍സിസ് പ്രത്യേകം പ്രാര്‍ത്ഥിച്ചു.

ആഗോള സഭ ചൊവ്വാഴ്ച അനുസ്മരിച്ച സുവിശേഷകനായ വിശുദ്ധ മര്‍ക്കോസ് ഈജിപ്തിലെ, വിശിഷ്യാ അലക്സാന്‍ഡ്രിയായിലെ ക്രൈസ്തവസമൂഹത്തിന്‍റെ സ്ഥാപകനാണെന്ന വസ്തുത പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിക്ക് ആമുഖമായി അനുസ്മരിപ്പിച്ചു. ഏപ്രില്‍ 25-Ɔ൦ തിയതി ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7 മണിക്ക് പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ സുവിശേഷകനും രക്ഷസാക്ഷിയുമായ വിശുദ്ധ മര്‍ക്കോസിന്‍റെ തിരുനാള്‍ ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിയാണ് ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവ സഹോദരങ്ങള്‍ക്കും അവരുടെ പിതാവായ പാത്രിയര്‍ക്കിസ് താവാദ്രോസ് ദ്വിതയനുംവേണ്ടി പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി അര്‍പ്പിച്ചത്.

വിശുദ്ധ മര്‍ക്കോസിന്‍റെ മാദ്ധ്യസ്ഥത്തില്‍ ഈജിപ്തിലെ ക്രൈസ്തവസമൂഹങ്ങള്‍ സമാധാനത്തിന്‍റെ നിറവ് അനുഭവിക്കാന്‍ ഇടയാവട്ടെയെന്ന് ദിവ്യബലിമദ്ധ്യേ പാപ്പാ പ്രാര്‍ത്ഥിച്ചു. ഏപ്രില്‍ 28, 29 വെള്ളി, ശനി ദിവസങ്ങളില്‍ ഈജിപ്തിലേയ്ക്കു നടത്തുന്ന അപ്പസ്തോലിക യാത്രയ്ക്ക് ഒരുക്കമായിട്ടാണ് ഈ പ്രത്യേക പ്രാര്‍ത്ഥന പാപ്പാ അര്‍പ്പിച്ചത്.








All the contents on this site are copyrighted ©.