2017-04-25 16:12:00

''സുവിശേഷപ്രഘോഷണം വിനയപൂര്‍വം നടത്തുക’’. ഫ്രാന്‍സീസ് പാപ്പാ


സുവിശേഷകനായ വി. മര്‍ക്കോസിന്‍റെ തിരുനാളായ ഏപ്രില്‍ 25, ചൊവ്വാഴ്ചയില്‍, വിനയത്തോടെ സുവിശേഷപ്രഘോഷണം നടത്തേണ്ടതിനെക്കുറിച്ചാണ് പാപ്പാ വചനസന്ദേശം നല്കിയത്. മാര്‍പ്പാപ്പാ യുടെ ഉപദേശകസമിതിയിലെ കര്‍ദിനാള്‍മാരോടൊപ്പം അര്‍പ്പിച്ച ഈ ദിവ്യബലിമധ്യേ, യേശു ശിഷ്യ ന്മാരെ സുവിശേഷപ്രഘോഷണദൗത്യം ഏല്‍പിക്കുന്ന,  വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍നിന്നുള്ള ഭാഗം (വി. മര്‍ക്കോ 16:15-20) വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു:

യേശു ശിഷ്യര്‍ക്കു നല്കിയ ദൗത്യമിതാണ്: സുവിശേഷം പ്രഘോഷിക്കുക, ജറുസലെമില്‍ തങ്ങാതെ എല്ലാജനതകളോടും പോയി സുവിശേഷം പ്രഘോഷിക്കുക. സുവിശേഷപ്രഘോഷകന്‍ എപ്പോഴും സഞ്ചാരത്തിലാണ്.  സുവിശേഷപ്രഘോഷകര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് ഇല്ല. ജീവിതസുരക്ഷിതത്വം അന്വേഷിക്കുന്ന ഒരു പ്രഘോഷകന്‍ യഥാര്‍ഥത്തില്‍ സുവിശേഷപ്രഘോഷകനേയല്ല. സുവിശേഷ പ്രഘോഷണശൈലി വിനയത്തിന്‍റെതാണ്. മനുഷ്യന്‍റെ ശക്തിയാല്‍ പ്രഘോഷിക്കപ്പെടേണ്ടതല്ല, സുവിശേഷം.

എന്തുകൊണ്ടാണത് എന്നു വിശദീകരിച്ചുകൊണ്ടു പാപ്പാ തുടര്‍ന്നു: മഹത്വം വിനയത്തിലൂടെയുള്ള താണ്. സുവിശേഷ പ്രഘോഷണത്തിനു മാനുഷികശക്തിയില്‍ ആശ്രയിക്കുക എന്നത് ഒരു പ്രലോഭനമാണ്.  അതുകൊണ്ട് പത്രോസ്  ശ്ലീഹാ, ജാഗ്രതയോടെയിരിക്കുവിന്‍ എന്ന് ആവര്‍ത്തിച്ചുദ്ബോധിപ്പിക്കുന്നു; നിങ്ങളുടെ ശത്രുവായ പിശാച്, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചു നടക്കുന്നു (1 Pet 5:8).  അതുകൊണ്ട്, അവയെ വിജയിക്കുക, വിശ്വാസം മുറുകെപ്പിടിക്കുക. സത്യമായ പ്രഘോഷണം പ്രലോഭനത്തിനും പീഡനങ്ങള്‍ക്കും വിധേയമാണ്,  എന്നാല്‍ കര്‍ത്താവു നമ്മോടൊത്തുണ്ട്, അവിടുന്നു നമുക്കുവേണ്ടി പ്രവര്‍ത്തിക്കുകയും നമ്മുടെ ദൗത്യത്തിനു സ്ഥിരീകരണം നല്‍കുകയും ചെയ്യും.








All the contents on this site are copyrighted ©.