2017-04-24 12:49:00

കാരുണ്യം: വിശ്വാസത്തിന്‍റെ താക്കോല്‍


മൂന്നു നാളത്തെ തണുപ്പിനുശേഷം വീണ്ടും വസന്തകാലത്തിന്‍റെ, സുഖകര മന്ദോഷ്ണകാലവസ്ഥ അനുഭവപ്പെട്ട, തെളിഞ്ഞ, ഒരു ദിനമായിരുന്നു ഈ ഞായറാഴ്ച (23/04/17) റോമില്‍. ഉയിര്‍പ്പുതിരുന്നാള്‍ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ചയായിരുന്നതിനാല്‍ അന്ന് ദൈവികകരുണയുടെ തിരുന്നാളും ആചരിക്കപ്പെട്ട പുണ്യദിനമായിരുന്നു. ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണം പകുതിയിലേറെയും വിശ്വാസികളാല്‍ നിറഞ്ഞിരുന്നു. ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ കൈയ്യടിയോടും ആരവങ്ങളോടുംകൂടെ  തങ്ങളുടെ ആനന്ദം അറിയിച്ചു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ, ഉത്ഥാനത്തിരുന്നാള്‍ കഴിഞ്ഞുവരുന്ന ആദ്യഞായറാഴ്ചയുടെ സവിശേഷതകളും ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗവും, അതായത്, ഉത്ഥിതന്‍ ശിഷ്യര്‍ക്ക് പ്രത്യക്ഷനായി പരിശുദ്ധാത്മാവിനെ നല്കുകയും പാപമോചനാധികാരം പ്രദാനം ചെയ്യുകയും ചെയ്യുന്നതും, കണ്ടേ വിശ്വസിക്കുകയുള്ളു എന്ന നിര്‍ബന്ധബുദ്ധികാട്ടിയ തോമാശ്ലീഹായും ഉള്ള ഒരവസരത്തില്‍  ഉത്ഥിതന്‍  പ്രത്യക്ഷപ്പെടുന്നതുമായ സംഭവവും രേഖപ്പെടുത്തിയിരിക്കുന്ന യോഹന്നാന്‍റെ   സുവിശേഷം ഇരുപതാം അദ്ധ്യായം 19 മുതല്‍ 31 വരെയുള്ള വാക്യങ്ങള്‍ തന്‍റെ  മദ്ധ്യാഹ്നപ്രാര്‍ത്ഥനാസന്ദേശത്തില്‍ പരാമര്‍ശവിഷയങ്ങളാക്കി.

പാപ്പായുടെ വിചിന്തനം :                          

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

കര്‍ത്താവായ യേശുവിന്‍റെ ഉത്ഥാനം ഓരോ ഞായറാഴ്ചയും നാം ആഘോഷിക്കുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ ഉയിര്‍പ്പുതിരുന്നാള്‍ കഴിഞ്ഞുവരുന്ന ഈ കാലത്തിലെ ഞായറാഴ്ച ഉപരി പ്രബുദ്ധദായക പൊരുളാര്‍ജ്ജിക്കുന്നു. സഭാപാരമ്പര്യത്തില്‍ ഉയിര്‍പ്പു കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ച, “ഇന്‍ ആല്‍ബിസ്” എന്നറിയപ്പെടുന്നു. എന്താണ് ഇതിന്‍റെ അര്‍ത്ഥം? പെസഹാജാഗര തിരുക്കര്‍മ്മ  വേളയില്‍ മാമ്മോദീസ സ്വീകരിച്ചവര്‍ നടത്തുന്ന ഒരനുഷ്ഠാനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പ്രയോഗം. തദ്ദവസരത്തില്‍ മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിക്കും  ഒരു വെള്ള വസ്ത്രം, “ആല്‍ബ”  ദൈവമക്കളുടെ നവമായ ഔന്നത്യത്തെ ദ്യോതിപ്പിക്കുന്നതിന് നല്കപ്പെട്ടിരുന്നു. അത് ഇന്നും തുടരുന്നു. നവജാതശിശുക്കള്‍ക്ക്  പ്രതീകാത്മകമായ ചെറിയ വസ്ത്രം നല്കപ്പെടുന്നു. എന്നാല്‍ മുതിര്‍ന്നവരാകട്ടെ, പെസഹാജാഗര ശുശ്രൂഷാവേളയില്‍ നാം കണ്ടതുപോലെ, തങ്ങളുടെ ആ യഥാര്‍ത്ഥ  വസ്ത്രം ധരിക്കുന്നു.  ആ ശ്വേതവസ്ത്രം, പണ്ടൊക്കെ, ഒരാഴ്ച, ഉയിര്‍പ്പു  കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ചവരെ, ധരിക്കുമായിരുന്നു. അതില്‍ നിന്നാണ് വെള്ള വസ്ത്രം മാറ്റുന്ന ഞായര്‍ എന്നര്‍ത്ഥം വരുന്ന “ഇന്‍ ആല്‍ബിസ് ദെപ്പൊണേന്തിസ്” എന്ന പേരു വന്നത്. അങ്ങനെ, ഇപ്പോള്‍ പുതുക്രിസ്ത്യാനികളായിത്തീര്‍ന്നവര്‍ വെള്ള വസ്ത്രം മാറ്റുകയും ക്രിസ്തുവിലും സഭയിലും പുതിയ ജീവിതം ആരംഭിക്കുകയും ചെയ്യുന്നു.

ഈ ഞായറാഴ്ചയ്ക്ക് മറ്റൊരു സവിശേഷതയുമുണ്ട്. രണ്ടായിരാമാണ്ടിലെ ജൂബിലിയില്‍ വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ ഈ ഞായറാഴ്ച ദൈവിക കരുണയ്ക്ക് സമര്‍പ്പിച്ചു. തീര്‍ച്ചയായും അത് മനോഹരമായ ഒരു അന്തര്‍ജ്ഞാനമായിരുന്നു. പരിശുദ്ധാരൂപിയാണ് അതിന് പ്രചോദനം പ്രദാനം ചെയ്തത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്  കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലി സമാപിച്ചത്. ദൈവത്തിന്‍റെ കാരുണ്യത്തില്‍ നിന്ന് പുറപ്പെടുന്ന വരപ്രസാദത്തിന്‍റ ശക്തിയാല്‍ ഉണര്‍ന്നെഴുന്നേല്ക്കാന്‍ ഈ ഞായര്‍ നമ്മെ ക്ഷണിക്കുന്നു. ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം ക്രിസ്തു ഊട്ടുശാലയില്‍ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്ന സംഭവവിവരണമാണ്. യേഹാന്നാന്‍ എഴുതുന്നു: യേശു അവരെ അഭിവാദ്യം ചെയ്തതിനു ശേഷം ഇപ്രകാരം പറയുന്നു: “പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു” (യോഹന്നാന്‍ 20:21)  ഇതു പറഞ്ഞതിനുശേഷം അവിടന്ന് അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് കൂട്ടിച്ചേര്‍ക്കുന്നു: പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും”  വാക്യം 23. ഇതാണ് ദൈവികകാരുണ്യത്തിന്‍റെ   പൊരുള്‍. അത് പാപമോചനം ആയിട്ടാണ് യേശുവിന്‍റെ ഉത്ഥാനദിനത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. പാപമോചനത്തിന്‍റെ സമൂര്‍ത്ത സന്ദേശം സകലര്‍ക്കും   എത്തിക്കുക എന്ന തന്‍റെ ദൗത്യമാണ് ഉത്ഥിതനായ യേശു പ്രഥമ ദൗത്യമായി സഭയ്ക്ക് ഏകുന്നത്. പാപപ്പൊറുതി പ്രഘോഷിക്കുക, ഇതാണ് ഒന്നാമത്തെ ദൗത്യം. അവിടത്തെ കാരുണ്യത്തിന്‍റെ ദൃശ്യ അടയാളമായ ഇത് കര്‍ത്താവുമായുള്ള നവീകൃത സമാഗമത്തിന്‍റെ ആനന്ദവും ഹൃദയസമാധാനവും അതില്‍ത്തന്നെ സംവഹിക്കുന്നു.

പെസഹായുടെ വെളിച്ചത്തില്‍ കാരുണ്യം അറിവിന്‍റെ യഥാര്‍ത്ഥരൂപമായി മനസ്സിലാക്കപ്പെടുന്നു. ഇത് വളരെ പ്രധാനപ്പെട്ടതാണ്, അതായത്, കാരുണ്യം അറിവിന്‍റ അസ്സല്‍ രൂപമാണ്. നമുക്കറിയാം, നിരവധി രൂപങ്ങളിലൂടെ നാം അറിവാര്‍ജ്ജിക്കുന്നു. ഇന്ദ്രിയങ്ങള്‍ വഴിയുള്ള അറിവ്, അതീന്ദ്രിയ ജ്ഞാനം, യുക്തിയാലുള്ള അറിവ്, അതുപോലുള്ള ഇതര രൂപങ്ങളും അറിവിനുണ്ട്. കാരുണ്യാനുഭവത്തിലൂടെയും അറിവിലെത്തിച്ചേരാം. കാരണം കാരുണ്യം ദൈവത്തിന്‍റെയും നമ്മുടെ അസ്തിത്വത്തിന്‍റെയും രഹസ്യം ഉപരിമെച്ചപ്പെട്ട രീതിയില്‍ ഗ്രഹിക്കുന്നതിന് മനസ്സിന്‍റെ  വാതില്‍ തുറക്കുന്നു. അക്രമവും, ശത്രുതയും പ്രതികാരവും അര്‍ത്ഥശൂന്യമാണെന്നും സ്വന്തം ഔന്നത്യത്തെ നഷ്ടപ്പെടുത്തുന്നതിനാല്‍ത്തന്നെ ഒരുവന്‍ ഈ വികാരങ്ങളോടെ ജീവിക്കുന്ന പ്രഥമ ഇരയാണ് അവനെന്നും മനസ്സിലാക്കിത്തരുന്നു. കാരുണ്യ ഹൃദയത്തിന്‍റെ വാതിലും തുറന്നിടുകയും മറ്റുള്ളവരും, വിശിഷ്യ പുറന്തള്ളപ്പെട്ടവരും സഹദോരങ്ങളും ഏക പിതാവിന്‍റെ  മക്കളുമാണെന്ന അവബോധം അവരി‍ല്‍ ഉളവാക്കുന്നതിന്, അവരോടുള്ള സാമീപ്യം പ്രകടിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. സമാശ്വാസം ആവശ്യമുള്ളവരെ തിരിച്ചറിയാനും ഉചിതമായ സാന്ത്വനദായ വചനം കണ്ടെത്താനും അനുകൂലസാഹചര്യം കാരുണ്യം ഒരുക്കുന്നു.

സഹോദരീസഹോദരന്മാരേ, കാരുണ്യം ഹൃദയത്തെ തപിതമാക്കുന്നു, പങ്കുവയ്ക്കുകയും പങ്കുചേരുകയും ചെയ്തുകൊണ്ട് മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് ഔത്സുക്യമുള്ളവരാകാന്‍  നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, കാരുണ്യം, നീതിയുടെയും അനുരജ്ഞനത്തിന്‍റെയും സമാധാനത്തിന്‍റെയും ഉപകരണമാകാന്‍ സകലരെയും പ്രതിജ്ഞാബദ്ധരാക്കുന്നു. കാരുണ്യം വിശ്വാസജീവിതത്തിന്‍റെ  താക്കോലും യേശുവിന്‍റെ ഉത്ഥാനത്തെ ദൃശ്യമാക്കിത്തീര്‍ക്കുന്ന സമൂര്‍ത്തരൂപവും ആണെന്നത് നാം മറക്കരുത്.

വിശ്വാസമുള്ളവരായിരിക്കാനും എല്ലം ആനന്ദത്തോടെ ജീവിക്കാനും നമ്മെ സഹായിക്കുന്നതിന് കാരുണ്യനാഥയായ മറിയത്തോട് നമുക്കു പ്രാര്‍ത്ഥിക്കാം.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്     ഉയിര്‍പ്പുകാലത്തു ചൊല്ലുന്ന “സ്വിര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.

ആശീര്‍വ്വാദാനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരായ തീര്‍ത്ഥാടകരെപ്രത്യേകം അഭിവാദ്യം ചെയ്തു.

സ്പെയിനലെ ഒബിയേദൊയില്‍ ശനിയാഴ്ച(22/04/17) ലൂയി അന്ത്വന്‍ ഒര്‍മിയെര്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നവവാഴ്ത്തപ്പട്ടവന്‍ തന്‍റെ മാനുഷികവും ആദ്ധ്യാത്മികവുമായ സേവനങ്ങള്‍ വിദ്യഭ്യാസരംഗത്തു ചിലവഴിച്ചതും കാവല്‍ മാലാഖയുടെ നാമത്തിലുള്ള സന്ന്യാസിനി സമൂഹം സ്ഥാപിച്ചതും അനുസ്മരിച്ചു.    

തനിക്ക് ഉയിര്‍പ്പുതിരുന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നവര്‍ക്ക് നന്ദിപ്രകാശിപ്പിക്കുകയും അവരെ എല്ലാവരെയും തന്‍റെ ആശംസകള്‍ അറിയിക്കുകയും ചെയ്ത പാപ്പാ   എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിക്കുയും  തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുകയും എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ചെയ്തു. ഇറ്റാലിയന്‍ ഭാഷയില്‍ അറിവെദേര്‍ചി അതായത് വീണ്ടും കാണമെന്ന് പറഞ്ഞുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.