2017-04-22 13:45:00

സാംസ്കാരിക പൈതൃകസംരക്ഷണം സുപ്രധാനം-ആര്‍ച്ച്ബിഷപ്പ് ഔത്സ


ജനതകളുടെ ചരിത്രപരമായ വേരുകള്‍ നശിപ്പിക്കുന്നതിന്‍റെ പിന്നിലുള്ളത് അവരുടെ  മാനവികതയുടെ കാതലായ ഒരു ഭാഗത്തെ ഇല്ലായ്മചെയ്യുകയെന്ന ലക്ഷ്യമാണെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

സംഘര്‍ഷകാലത്ത് അപകടത്തിലാകുന്ന സാസ്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കേണ്ടതിനെക്കുറിച്ച്, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷക സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ അടുത്തയിടെ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാസ്കാരികപൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പായ്ക്കുള്ള വീക്ഷണങ്ങള്‍ അവതരിപ്പിച്ച ആര്‍ച്ചുബിഷപ്പ് ഔത്സ, മനുഷ്യവ്യക്തിയെ സംരക്ഷിക്കുന്നതില്‍ അടങ്ങിയിരിക്കുന്ന സത്താപരമായ ഒരു മാനമാണ് സംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണം എന്ന പാപ്പായുടെ പ്രബോധനം ആവര്‍ത്തിച്ചു.

ഇന്ന് അടിയന്തിര പ്രാധാന്യമുള്ള ഒന്നാണ് സാംസ്കാരിക പൈതൃകസംരക്ഷണമെന്ന പാപ്പായുടെ വാക്കുകളും ആവര്‍ത്തിച്ച അദ്ദേഹം ഇറാക്ക് സിറിയ തുടങ്ങിയ ഇടങ്ങളില്‍ തീവ്രവാദികള്‍ ആരാധനായിടങ്ങളും സാംസ്കാരിക പൈതൃകങ്ങളും പുരാവസ്തുസൂക്ഷിപ്പു കേന്ദ്രങ്ങളും മറ്റും തകര്‍ത്ത സംഭവങ്ങള്‍ അനുസ്മരിച്ചു.








All the contents on this site are copyrighted ©.