സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

സമാധാനത്തിന്‍റെ സുകൃതിപ്പൂക്കള്‍ വിരിയിക്കാം – സുവിശേഷചിന്തകള്‍

ഉത്ഥാനത്തിന്‍റെ സന്തോഷം പങ്കുവയ്ക്കാം - RV

22/04/2017 12:24

വി. യോഹന്നാന്‍ 20, 19-31

ഫെബ്രുവരി 24, 1995 തിയതി രാത്രി പതിനൊന്നു മണി. ആ മാസത്തിലെ കണക്കുകളെല്ലാം ഏല്പിച്ച്, എഴുന്നേറ്റപ്പോഴേയ്ക്കും സുപ്പീരിയര്‍ ചോദിച്ചു. “സിസ്റ്റര്‍, ഈ രാത്രിതന്നെ ഇതെല്ലാം വേണമായിരുന്നോ? വെളുപ്പിന് യാത്രചെയ്യാനുള്ളതല്ലേ.” സിസ്റ്റര്‍ മറുപടി പറഞ്ഞു.  “അതേ, യാത്ര പുറപ്പെടുകയല്ലേ. എല്ലാം ക്ലീന്‍ ആയിരിക്കോട്ടെ എന്നു വചാരിച്ചു. ഇനിയെങ്ങാന്‍ തിരിച്ചെത്തിയില്ലെങ്കിലോ...?!” സുപ്പീരിയര്‍ ശകാരിച്ചു. “അങ്ങനെയൊന്നും പറയാതെ സിസ്റ്റര്‍...  പോയ്  കിടന്നുറങ്ങ്, നാളെ കാണാം. Good Nite!!”

പിറ്റെദിവസം രാവിലെ സിസ്റ്റര്‍ യാത്രപുറപ്പെട്ടു. ബസ്സ് ഗ്രാമവീഥി വിട്ട് നഗരത്തോട് അടുക്കുകയായിരുന്നു. പെട്ടന്ന് കുറെ വര്‍ഗ്ഗീയവാദികള്‍ ബസ്സു തടഞ്ഞുനിറുത്തി, കയറിച്ചെന്ന് സിസ്റ്ററെ വണ്ടിയില്‍നിന്നും വലിച്ചിറക്കി, കുത്തി, വകവരുത്തി. ഫ്രാസിസ്ക്കന്‍ ക്ലാരിസ്റ്റ് സഭാംഗമായ സിസ്റ്റര്‍ റാണിമരിയയായിരുന്നു അത്! കേരളത്തില്‍ പെരുമ്പാവൂരിനടത്ത് പുല്ലുവഴി ഗ്രാമത്തില്‍ വട്ടാലില്‍ പൈലി-ഏലീശ്വാ ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമത്തവള്‍, മേരിക്കുഞ്ഞ്! ആദിവാസികളെ പഠിപ്പിച്ചതിനും, അവകാശങ്ങളെപ്പറ്റി അവരെ ബോധവത്ക്കരിച്ചതിനും, അവരില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുത്തിനും, അവര്‍ക്ക് മൂല്യബോധം നല്കിയതിനുമായിരുന്നു ആ സന്ന്യാസിനിയുടെ ജീവിതം അന്ന് രക്തംകൊണ്ട് മുദ്രവയ്ക്കപ്പെട്ടത്. ഭാരതസഭയ്ക്ക് പ്രിയങ്കരിയായ റാണി മരിയയുടെ രക്തസാക്ഷിത്വം സഭ അംഗീകരിച്ച ധന്യമുഹൂര്‍ത്തം ആസന്നമായി! രക്തസാക്ഷിണിയായ റാണി മരിയയെ ഒരുത്ഭുതമൊന്നും കൂടാതെ ആസന്നഭാവിയില്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് സഭ ഉയര്‍ത്തുന്നതില്‍ നമുക്ക് സന്തോഷിക്കാം, ദൈവത്തിന് നന്ദിയര്‍പ്പിക്കാം!

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം ഇന്ന് വരച്ചുകാട്ടുന്നതും ഒരു രക്തസാക്ഷിയുടെ ബോധോദയ കഥയാണ്. ക്രിസ്തുവിന്‍റെ 12 ശിഷ്യന്മാരില്‍ ഒരാളായിരുന്ന തോമാശ്ലീഹയുടെ ക്രിസ്ത്വാനുഭവമാണ്. ഭാരതത്തിലേയ്ക്കു യാത്രപുറപ്പെടും മുന്‍പ് തന്‍റെ വിശ്വാസം ഉത്ഥിതന്‍റെ മുന്നില്‍ ഏറ്റുപറഞ്ഞ് ബലപ്പെടുത്തിയത് അവിടുത്തെ തിരുവിലാവ് സ്പര്‍ശിച്ചുകൊണ്ടും, “എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ!” എന്ന് ഉദ്ഘോഷിച്ചുകൊണ്ടുമായിരുന്നു.   

കുരിശുമരണത്തോടെ ക്രിസ്തു തന്‍റെ ശിഷ്യന്മാരുടെ സ്മൃതിപഥത്തില്‍നിന്നും മെല്ലെമെല്ലെ മാറിമറയുകയായിരുന്നു. അവരുടെ ജീവിതത്തില്‍ ഇരുട്ടും ഭയവും കുമിഞ്ഞുകൂടി – ജീവിതം അര്‍ത്ഥശൂന്യമാകുന്നതുപോലെ! എന്നാല്‍ അവരുടെ വിഫലബോധത്തിന്‍റെ പടവുകളിലേയ്ക്കിതാ ഉത്ഥിതന്‍ കടന്നുചെല്ലുന്നു. യോഹന്നാന്‍ കുറിക്കുന്ന ഉത്ഥാനാനന്തരമുള്ള ആറ് പ്രത്യക്ഷീകരണങ്ങളിലും ശിഷ്യന്മാരുടെ പക്കലേയ്ക്ക് കടന്നുചെല്ലുന്നത് ക്രിസ്തുവാണ്,  അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നത് ഉത്ഥിതനായ ക്രിസ്തുവാണ്, ആദ്യചുവടുവയ്പ് അവിടുത്തേതാണ്!

ഇന്നത്തെ സുവിശേഷം സൂചിപ്പിക്കുന്നതുപോലെ, ഉത്ഥിതന്‍റെ പ്രത്യക്ഷീകരണങ്ങള്‍ അവസാനിക്കുന്നത് തന്‍റെ ശിഷ്യന്മാര്‍ക്ക് പ്രത്യേക പ്രേഷിതദൗത്യം നല്കിക്കൊണ്ടാണ്.  ‘നിങ്ങള്‍ ഭയപ്പെടരുത്. ലോകമെങ്ങും പോയി ഞാന്‍ പഠിപ്പിച്ച കാര്യങ്ങള്‍ അറിയിക്കുവിന്‍’ (മത്തായി 10, 27). ഉത്ഥിതന്‍റെ ആദ്യാശംസ “നിങ്ങള്‍ക്ക് സമാധാനം!” എന്നായിരുന്നു. സമാധാനാശംസ എപ്പോഴും സമാശ്വാസവും ധൈര്യവും പ്രത്യാശയും പകരുന്നതാണ്. ക്രിസ്തുവിന്‍റെ മനുഷ്യാവതാര ഉദ്ദ്യേശംതന്നെ ഭൂമിയില്‍ സമാധാനം സംസ്ഥാപിക്കുകയാണ്. മനുഷ്യഹൃദയങ്ങളില്‍‍ ശാശ്വതമായ ദൈവികശാന്തി പകരുന്നതിനും അനുരഞ്ജനത്തിന്‍റേയും രമ്യതയുടേയും സദ്വാര്‍ത്ത ലോകത്തെ അറിയിക്കുന്നതിനുമായിട്ടാണ് ശിഷ്യന്മാരെ ലോകത്തിന്‍റെ നാനാ അതിര്‍ത്തികളിലേയ്ക്കും ക്രിസ്തു പറഞ്ഞയച്ചത്.

ജീവിതം സുഖപ്രദമാക്കാന്‍ ഇന്ന് മനുഷ്യന്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. എല്ലാ സൗകര്യങ്ങളും നമുക്കിന്ന് ലഭ്യമാണ്, എന്നിട്ടും സമാധാനമില്ലായ്മ ഇന്നത്തെ ലോകത്തിന്‍റെ മുഖലക്ഷണമാണ്. ദൈവസ്നേഹത്തിന് നമ്മുടെ ജീവിതങ്ങളെ പരിവര്‍ത്തനംചെയ്യാമെന്നും, പാപത്താല്‍ വിജനമായ മനുഷ്യഹൃദയങ്ങളില്‍ സുകൃതിപൂക്കള്‍ വിരിയിക്കാമെന്നും, സമാധാനം പുനര്‍സ്ഥാപിക്കാമെന്നുമാണ് ഉത്ഥിതന്‍ നല്കുന്ന സന്ദേശം. ദൈവസ്നേഹം അത്രത്തോളം അപാരമാണ്, അനന്തമാണ്! ഇന്ന് സഭ ദൈവിക കാരുണ്യത്തിന്‍റെ ഞായറാഴ്ചയായും ആചരിക്കുന്നു. ദൈവത്തില്‍നിന്നും മനുഷ്യനെ വേര്‍പെടുത്തുന്ന തിന്മയുടെ അതിരുകളിലേയ്ക്കാണ് മനുഷ്യപുത്രന്‍ താഴ്മയിലും മരണത്തോളമുള്ള ത്യാഗത്തിലും, കടന്നുവന്നതാണ് ദൈവികകാരുണ്യം! പോളണ്ടുകാരിയായ മരിയ ഫൗസ്റ്റീന കൊവാല്‍സ്ക്കയാണ് ദൈവികകാരുണ്യത്തിന്‍റെ ഭക്തിയുടെ പ്രയോക്താവ്, എന്ന വസ്തുതയും ഇവിടെ അനുസ്മരണീയമാണ്.

ഉത്ഥാനാനന്തരം, പിതാവിന്‍റെ പക്കലേയ്ക്കാണ് ക്രിസ്തു യാത്രയായത്. അവിടുന്ന് ദൈവമഹത്വത്തില്‍ പങ്കാളിയായിക്കൊണ്ട് നമുക്കായി പ്രത്യാശയുടെ ഭാവി തുറക്കുകയാണുചെയ്തത്. ഈസ്റ്ററിന്‍റെ പൊരുള്‍ ഇതാണ്: അതു വിമോചനത്തിന്‍റെ പുറപ്പാടാണ്. തിന്മയുടെയും പാപത്തിന്‍റെയും അടിമത്വത്തില്‍നിന്നും, സ്നേഹത്തിലേയ്ക്കും നന്മയിലേയ്ക്കുമുള്ള പുറപ്പാടാണത്. കാരണം ദൈവം ജീവനാണ്, അവിടുന്ന് നിത്യജീവനാണ്. ആ ദൈവിക ജീവനിലേയ്ക്കായിരിക്കണം നമ്മുടെയും പുറപ്പാട്. (ഇറനേവൂസ്, പാഷണ്ഡതകള്‍ക്കെതിരെ 4, 20, 5-7). തിന്മയുടെ അടിമത്വത്തില്‍നിന്നും നന്മയുടെ സ്വാതന്ത്ര്യത്തിലേയ്ക്കു മനുഷ്യരെ നയിക്കുന്ന ഉത്ഥാനപ്രഭ എല്ലായുഗങ്ങളിലും എക്കാലത്തും ജീവിത പരിസരങ്ങളില്‍ യാഥാര്‍ത്ഥ്യമാകേണ്ടതാണ്.

ജീവിതത്തില്‍ എത്രയോ മരുഭൂമികളാണ് ഇനിയും നമുക്ക് മറികടക്കാനുള്ളത്! ഹൃദയാന്തരാളത്തില്‍ ദൈവസ്നേഹമില്ലായ്മയുടെയും സഹോദരസ്നേഹമില്ലായ്മയുടെയും മരുഭൂമി വ്യാപിക്കുമ്പോള്‍ ദൈവം ഭരമേല്പിച്ച സൃഷ്ടിയുടെയും, അവിടുന്ന് ലോകത്ത് വര്‍ഷിക്കുന്ന നന്മകളുടെയും സംരക്ഷകര്‍ നാം തന്നെയാണെന്ന്, മനുഷ്യര്‍തന്നെയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നുണ്ട്. മരുഭൂമിയില്‍ മരുപ്പച്ച വിരിയിക്കാനും, ഉണങ്ങിയ അസ്ഥികള്‍ക്ക് ജീവന്‍ നല്കുവാനും ദൈവിക കാരുണ്യത്തിനേ കഴിയൂ. (എസേക്കിയ 37, 1-14). പ്രവാചകന്‍ ഇങ്ങനെ അനുസ്മരിപ്പിക്കുന്നുണ്ടല്ലോ!

കൊച്ചുമകള്‍ ചോദിച്ചതാണ്. “ഭൂപടത്തിലെ മുഴുവന്‍ വരകളും ദൈവം വരച്ചതാണോ,  ഡാഡീ, സാദ്ധ്യമല്ലല്ലോ!” “സത്യമായിട്ടും അല്ല.” ഭാഷയുടേയും ജാതിയുടേയും വര്‍ണ്ണത്തിന്‍റേയും സംസ്ക്കാരങ്ങളുടേയും അതിര്‍വരമ്പുകള്‍ മനുഷ്യന്‍ കോറിയിട്ടതാണ്. എന്‍റെ വരയ്ക്കു പുറത്തുള്ളവരോട് ഞാന്‍ ഉള്ളിന്‍റെ ഉള്ളില്‍ യുദ്ധം പ്രഖ്യാപിക്കുകയാണ്. ചായക്കടയില്‍‍‍‍   എതിര്‍ മേശയില്‍ ഇരിക്കുന്നവനും, ഓഫീസില്‍ അടുത്തു ജോലിചെയ്യുന്നവള്‍ക്കും, യാത്രയില്‍ അടുത്ത സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇടയില്‍ അകല്‍ച്ചയുടേയും വിഭജനത്തിന്‍റേയും അതിര്‍വരമ്പുകളുടെ അദൃശ്യരേഖകള്‍ വരയ്ക്കപ്പെടുന്നുണ്ട്. കുടുംബങ്ങള്‍, സമൂഹങ്ങള്‍, രാഷ്ട്രങ്ങള്‍ ഇന്ന് എവിടെയും ഏപ്പോഴും അന്തഃച്ഛിദ്ര വിധേയമാകുകയാണ്. സമാധാനം അന്യവത്ക്കരിക്കപ്പെടുകയാണ്. 

കൊച്ചുകൊച്ചു യുദ്ധങ്ങളുടേയും കലഹത്തിന്‍റേയും ദുരന്തഭൂമിയിലാണ് നാം ഈസ്റ്റര്‍ ആചരിച്ചത്. ഈ പെസഹാക്കാലത്ത്, വീണ്ടും നമുക്ക് സമാധാന ദൂതനായ അസ്സീസിയിലെ ഫ്രാന്‍സിസിനെ അനുസ്മരിക്കുന്നത് നല്ലതാണ്. ഫ്രാന്‍സിസിനോടൊപ്പം പ്രാര്‍ത്ഥിക്കാം, കാരണം, അതിരുകളില്ലാത്ത ലോകം സ്വപ്നം കണ്ട മനുഷ്യനാണ് ഫ്രാന്‍സിസ്. “ദൈവമേ, എന്നെ  അങ്ങേ സമാധാനദൂതനാക്കണമേ... സമാധാനദൂതനാക്കണമേ...! ദൈവമേ, ഞങ്ങളെ അങ്ങേ സമാധാനദൂതരാക്കണേ!”  

വലിയ വീടായിട്ടാണ്, തറവാടായിട്ടാണ് ഫ്രാന്‍സിസ് ഈ വിശ്വം വിഭാവനംചെയ്തത്. ഫ്രാന്‍സിസ് സ്വന്തം വീട് ഉപേക്ഷിക്കുയല്ല ചെയ്തത്, മറിച്ച് അത് വലുതാക്കുകയായിരുന്നു. അസ്സിസിയിലെ വീടുവിട്ടിറങ്ങിയ ഫ്രാന്‍സിസ് പതുക്കെ പതുക്കെ സ്വാര്‍ത്ഥതയുടെ മതിലുകള്‍ പൊളിച്ച്, തന്‍റെ ആത്മീയ ഭവനത്തിന്‍റെയും ഭാവനയുടെയും ചുവരുകള്‍ വസ്തൃതമാക്കി. മനുഷ്യജീവിതത്തിന്‍റെ മേല്‍ക്കൂര ആകാശത്തോളം ഉയര്‍ത്തിക്കെട്ടുകയായിരുന്നു. ഒപ്പം കിളിക്കൂടിന്‍റെ ഇഴയടുപ്പത്തില്‍ അയാള്‍ എല്ലാവരെയും എല്ലാറ്റിനെയും സഹോദരാ, സഹോദരീ, എന്നു വിളിച്ച് തന്നിലേയ്ക്ക് അടുപ്പിച്ചു. ഫ്രാന്‍സിസിന്‍റെ ‘സഹോദരന്‍ ചെന്നായ’യും, ‘സഹോദരി ചന്ദ്രിക’യുമൊക്കെ നമുക്ക് മറക്കാനാകുമോ?! ആത്മീയ ബോധ്യങ്ങളുടെ ഭൂമികയില്‍ പ്രവേശിച്ച ഒരാള്‍ക്കു മാത്രമേ സമാധാനത്തെക്കുറിച്ചും വിശ്വസാഹോദര്യത്തെക്കുറിച്ചും ചിന്തിക്കാനാവൂ.


(William Nellikkal)

22/04/2017 12:24