2017-04-21 13:19:00

ധന്യന്‍ ലൂയി അന്ത്വന്‍ ഒര്‍മിയെര്‍


"കാവല്‍ മാലാഖയുടെ സന്ന്യാസിനി സമൂഹ"ത്തിന്‍റെ സാഥാപകന്‍ ലൂയി അന്ത്വന്‍ ഒര്‍മിയെര്‍ ശനിയാഴ്‍ച(22/04/17) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും.

സ്പെയിനിലെ ഒബിയേദൊയില്‍ അന്നു നടക്കുന്ന വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുകര്‍മ്മത്തില്‍,. ഫ്രാന്‍സീസ് പാപ്പായുടെ പ്രതിനിധിയെന്ന നിലയില്‍, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഫ്രാന്‍സിലെ ക്വിയാന്‍ എന്ന സ്ഥലത്ത് 1809 ജൂലൈ 14നായിരുന്നു ധന്യന്‍ ലൂയി അന്ത്വന്‍ ഒര്‍മിയെറിന്‍റെ ജനനം. 1833 ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹത്തിന്‍റെ  അജപാലന ശുശ്രൂഷയില്‍ മുന്‍ഗണന യുവജനത്തിന്‍റെ വിദ്യഭ്യാസവും പരിശീലനവും ആയിരുന്നു.

യുവജനത്തിന്‍റെ വിദ്യഭ്യാസവും പരിശീലനവും ലക്ഷ്യം വച്ചുകൊണ്ട് “കാവല്‍ മാലാഖയുടെ സന്ന്യാസിനി സമൂഹം” ധന്യന്‍ ലൂയി അന്ത്വന്‍ 1839 ല്‍ സ്ഥാപിച്ചു. ഫ്രാന്‍സിലും അയല്‍ രാജ്യമായ സ്പെയിനിലുമായി തൊണ്ണൂറോളം വിദ്യാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു.

വിശ്വാസം, പ്രത്യാശ, ഉപവി എന്നീ ക്രിസ്തീയപുണ്യങ്ങളാലും മാനുഷിക ഗുണങ്ങളായ നന്മ, കൃതജ്ഞതാഭാവം, സൗമ്യത, സൗഹൃദം എന്നിവയാലും പൂരിതമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്ന അദ്ദേഹത്തില്‍ ദൈവികകാരുണ്യം എളിയവരോടും ബലഹീനരോടും പാവപ്പെട്ടവരോടും നിരപരാധികളോടുമുള്ള സമീപനത്തില്‍ തെളിഞ്ഞുനിന്നിരുന്നുവെന്ന് കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ പ്രകീര്‍ത്തിച്ചു.

1890 ജനുവരി 16 ന് ധന്യന്‍ ലൂയി അന്ത്വന്‍ ഒര്‍മിയെര്‍ മരണമടഞ്ഞു.

 








All the contents on this site are copyrighted ©.