2017-04-21 13:42:00

മാനവ ഔന്നത്യാവകാശങ്ങളുടെ അടിത്തറ തകര്‍ക്കുന്ന ആക്രമണങ്ങള്‍


മദ്ധ്യപൂര്‍വ്വദേശത്ത് അരങ്ങേറുന്ന ആക്രമണങ്ങള്‍ മാനവ ഔന്നത്യത്തിന്‍റെയും  മനുഷ്യാവകാശങ്ങളുടെയും കടയ്ക്ക് കത്തിവയ്ക്കുന്നവയാണെന്ന് ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ കുറ്റപ്പെടുത്തുന്നു.

ഐക്യരാഷ്ട്രസഭയില്‍- യുഎന്നില്‍- പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം യു എന്നിന്‍റെ സുരക്ഷാസമിതി പലസ്തീന്‍ പ്രശ്നമുള്‍പ്പടെയുള്ള മദ്ധ്യപൂര്‍വ്വദേശത്തെഅവസ്ഥയെ അധികരിച്ചുനടത്തിയ തുറന്ന ചര്‍ച്ചയില്‍ വ്യാഴാഴ്ച (20/04/17) സംസാരിക്കുകയായിരുന്നു.

സിറിയയില്‍ നടന്ന രാസായുധാക്രമണം അന്താരാഷ്ട്ര മാനവിക നിയമത്തിന്‍റെയും രാസായുധ ഉടമ്പടിയുടെയും കടുത്ത ധ്വംസനമാണെന്ന് ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ അപലപിച്ചു.

ഓശാന ഞായറാഴ്ച ഈജിപ്തില്‍ നിരപരാധികളായ പൗരന്മാര്‍ക്കും  പലായനം ചെയ്യുകയായിരുന്ന അഭയാര്‍ത്ഥികള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ തീര്‍ത്തും    ജുഗുപ്സാവഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പലസ്തീന്‍ പ്രശ്നത്തെപ്പറ്റി പരാമര്‍ശിച്ച ആര്‍ച്ച്ബിഷപ്പ് ഔത്സ സംഭാഷണത്തിലേര്‍പ്പെടാനും നല്ലമനസ്സുകാട്ടാനും ജനങ്ങളുടെ സമാധാനത്തിനായുള്ള ചിരകാലാഭിലാഷം സഫലമാക്കുന്നതിന് സമാഗമസംസ്കൃതിയുടെ പാതയില്‍ ചരിക്കാനും ഫ്രാന്‍സീസ് പാപ്പാ നല്കുന്ന ക്ഷ​ണം ഇസ്രായേലിന്‍റെയും പലസ്തീന്‍റെയും പ്രതിനിധികള്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി.

മതപരമായകാര്യങ്ങള്‍ വളച്ചൊടിക്കുന്നതും വിമുക്തിപ്രദാനം ചെയ്യാനകാത്ത സിദ്ധാന്തങ്ങളും ആ പ്രദേശത്തെ രക്തച്ചൊരിച്ചിലുകള്‍ക്ക് നിദാനമാണെന്ന വസ്തുത എടുത്തുകാട്ടുന്ന അദ്ദേഹം  ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ അവിടെ അരങ്ങേറിയിട്ടുള്ളത് അചിന്തനീയമായ പൈശാചിക പ്രവൃത്തികളാണെന്ന് കുറ്റപ്പെടുത്തുന്നു.

ആകയാല്‍ ദൈവത്തിന്‍റെ പേരുപറഞ്ഞ് ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ മതാനുയായികള്‍ നടത്തുന്നതിനെതിരെ ശക്തമായി ശബ്ദമുയര്‍ത്താനും നടപടികള്‍സ്വീകരിക്കാനും അദ്ദേഹം പരിശുദ്ധസിംഹാസനത്തിന്‍റെ നാമത്തില്‍ മതനേതാക്കളെ ആഹ്വാനം ചെയ്തു.  








All the contents on this site are copyrighted ©.