2017-04-20 17:57:00

ഇടയക്കുട്ടികളുടെ വിശുദ്ധപദപ്രഖ്യാപനം ഫാത്തിമയില്‍ മെയ് 13-ന്


ഫ്രാന്‍സീസ് മാര്‍ത്തോ, ജസീന്ത മാര്‍ത്തോ  എന്നീ  ഇടയക്കുട്ടികളെ മെയ് 13-Ɔ൦ തിയതി ഫാത്തിമയില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക്  ഉയര്‍ത്തും. മെയ് 12, 13 തിയതികളിലാണ് പാപ്പായുടെ പോര്‍ച്ചുഗല്‍ അപ്പസ്തോലിക സന്ദര്‍ശനം. ഫാത്തിമയില്‍ കന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്‍റെ 100-Ɔ൦ വാര്‍ഷികത്തോട് അനുബന്ധിച്ചാണ്  പോര്‍ച്ചുഗലിലേയ്ക്കുള്ള പാപ്പായുടെ അപ്പോസ്തോലിക യാത്ര. സന്ദര്‍ശനത്തിലെ രണ്ടാം ദിവസം മെയ് 13-Ɔ൦ തിയതിയാണ് ദൈവജനനിയുടെ ദര്‍ശനഭാഗ്യമുണ്ടായ കുട്ടികള്‍ ഫ്രാന്‍സിസും ജസീന്തയും വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്നത്.

വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ സംബന്ധിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ഏപ്രില്‍ 20-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ സമ്മേളിച്ച  കര്‍ദ്ദിനാള്‍ സംഘമാണ് (Consistory) ഇക്കാര്യം തീരുമാനിച്ചത്. ഫ്രാന്‍സിസ് മാര്‍ത്തോ (1908-1919), ജസീന്ത മാര്‍ത്തോ (1910-1920) രണ്ടുപേരും സഹോദരങ്ങളാണ്. ഫ്രാസിസ് 11-Ɔമത്തെ വയസ്സിലും, ജസീന്ത 10-Ɔമത്തെ വയസ്സിലും അപൂര്‍വ്വരോഗങ്ങളാല്‍ മരണമടഞ്ഞു.

ഫാത്തിമയിലെ ഗ്രോട്ടോയില്‍ പരിശുദ്ധ ദിവ്യജനനി പ്രത്യക്ഷപ്പെട്ടു സന്ദേശംനല്കിയ മൂന്നു ഇടയക്കുട്ടികളില്‍ ഒരാളും, പിന്നീട് കര്‍മ്മലീത്ത സന്ന്യാസിനിയുമായിത്തീര്‍ന്ന സിസ്റ്റര്‍ ലൂസിയ 2005-ലാണ് ലിസ്ബണിലെ കന്യകാലയത്തില്‍ മരണമടഞ്ഞത് (1907-2005). സിസ്റ്റര്‍ ലൂസിയയുടെ നാമകരണ നടപടിക്രമങ്ങള്‍ 2008-ല്‍ ആരംഭിച്ചിട്ടുണ്ട്. സിസ്റ്റര്‍ ലൂസിയയാണ് കന്യകാനാഥ വെളിപ്പെടുത്തിയ ഫാത്തിമ രഹസ്യങ്ങള്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുമായി പങ്കുവച്ചത്.

വിശുദ്ധരുടെ നാമകരണ നടപടിക്കായുള്ള വത്തിക്കാന്‍ സംഘം അന്വേഷണവും പഠനവും പൂര്‍ത്തിയാക്കിയിട്ടുള്ള സഭയിലെ മറ്റു 4 ഗണം വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദപ്രഖ്യാപനവും ഒക്ടോബര്‍ 15-Ɔ൦ തിയതി വത്തിക്കാനില്‍ നടത്തുവാനും കര്‍ദ്ദിനാള്‍ സംഘം തീരുമാനിച്ചതായി വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

1. ബ്രസീലിലെ നത്താള്‍ എന്ന സ്ഥലത്തെ രക്തസാക്ഷികള്‍ - അന്ത്രയ സൊവെറാള്‍, അംബ്രോസിയോ ഫ്രാന്‍സിസ്ക്കോ ഫേരോ എന്നീ വൈദികരും, അല്‍മായനായ മത്തയോ മൊരെയായും, മറ്റ് 27 സഹചാരികളും (1645).

2. ക്രിസബല്‍, അന്തോണിയോ, ജുവാന്‍ എന്നീ മെക്സിക്കന്‍ രക്തസാക്ഷികള്‍ (1527, 1529).

3. ഫൗസ്തീനോ മിഗ്വസ് എന്ന സ്പെയിന്‍കാരന്‍ പിയരിസ്റ്റ് വൈദകന്‍. അദ്ദേഹം കലസാന്‍സിയന്‍ സന്ന്യാസിനീ സഭയുടെ  (Congregation of the Daughters of the Divine Shepherdess of Calasazians) സ്ഥാപനുമാണ് (1831-1925).

4. ആഞ്ചലോ ആക്രി അല്ലെങ്കില്‍ ലൂക്കാ ഫല്‍ക്കോണെ. അദ്ദേഹം ഇറ്റാലിക്കാരനായ ഫ്രാന്‍സിസ്ക്കന്‍ കപ്പൂചിന്‍ വൈദികനാണ് (1669-1739).








All the contents on this site are copyrighted ©.