2017-04-19 10:45:00

വത്തിക്കാന്‍ ‘ക്രിക്കറ്റ് ടീം’ പോര്‍ച്ചുഗലിലേയ്ക്ക്


“വിശ്വാസ വെളിച്ചവുമായുള്ള ദേശാടനം” (Light of Faith Tour) എന്നു ശീര്‍ഷകം ചെയ്തിരിക്കുന്ന 18 അംഗ വത്തിക്കാന്‍ ടീമിന്‍റെ ഇത്തവണത്തെ പര്യടനം  പരിശുദ്ധ കന്യകാനാഥയുടെ ദര്‍ശനത്തിന്‍റെ നാടായ പോര്‍ച്ചുഗലിലേയ്ക്കാണ്.

ഏപ്രില്‍ 19-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍ ടീം യാത്ര പുറപ്പെട്ടു കഴിഞ്ഞു. ഏപ്രില്‍  19-മുതല്‍ 23-വരെയാണ്  ടീമിന്‍റെ പോര്‍ച്ചുഗല്‍ പര്യടനം. പോര്‍ച്ചുഗല്‍, സ്പെയിന്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ടീമുകളുമായി വത്തക്കാന്‍ ടീം  ഫാത്തിമയിലും ലിസ്ബണിലും മത്സരിക്കും. മെയ് 12, 13 തിയതികളില്‍ നടക്കാന്‍ പോകുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഫാത്തിമ അപ്പസ്തോലിക സന്ദര്‍ശനത്തിനു മുന്നോടിയാണ് വത്തിക്കാന്‍ ടീമിന്‍റെ പോര്‍ച്ചുഗലിലെ പ്രദര്‍ശനമത്സരങ്ങള്‍. കന്യകാനാഥയുടെ ഫാത്തിമ ദര്‍ശനത്തിന്‍റെ 100-Ɔ൦ വാര്‍ഷികം അവസരമാക്കിക്കൊണ്ടുകൂടിയാണ് വത്തിക്കാന്‍റെ ക്രിക്കറ്റ് താരങ്ങള്‍ പോര്‍ച്ചുഗല്‍ സന്ദര്‍ശിക്കുന്നത്.

കളിക്കൊപ്പം ക്രൈസ്തവൈക്യം, മതാന്തരസംവാദം എന്നീ ലക്ഷ്യങ്ങളുമുണ്ട് സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ  (Pontifical Council for Culture) ആഭിമുഖ്യത്തില്‍ 2013-ല്‍ സ്ഥാപിതമായ ടീമിനെന്ന് മാനേജറും ആത്മീയോപദേഷ്ടാവുമായ ഫാദര്‍ ഈമോണ്‍ ഹിഗിന്‍സ് വത്തിക്കാന്‍ റേഡിയോയോടു പറഞ്ഞു. കളിയിലൂടെ മതങ്ങളും സംസ്ക്കാരങ്ങളും സമൂഹങ്ങളും തമ്മില്‍ സൗഹൃദത്തിന്‍റെയും സമാധാനത്തിന്‍റെയും പാലം പണിയുകയാണ് വത്തിക്കാന്‍ ക്രിക്കറ്റ് ക്ലബിന്‍റെ ലക്ഷ്യമെന്ന് ഫാദര്‍ ഹിഗിന്‍സ് കൂട്ടിച്ചേര്‍ത്തു. ദൈവശാസ്ത്രത്തില്‍ ഉന്നതപഠനം നടത്തുന്ന വൈദികവിദ്യാര്‍ത്ഥികളും യുവവൈദികരുമാണ് വത്തിക്കാന്‍റെ അമേച്വര്‍ ടീം അംഗങ്ങള്‍. അധികം കളിക്കാരും പാക്കാസ്ഥാന്‍, ശ്രീലങ്ക, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിങ്ങനെ ക്രിക്കറ്റ് കമ്പമുള്ള രാജ്യക്കാരായ വൈദികരും വൈദികവിദ്യാര്‍ത്ഥികളുമാണെന്നും ഫാദര്‍ ഹിഗിന്‍സ് വെളിപ്പെടുത്തി.

റോമിലെ ഏതാനും ക്രിക്കറ്റ് ക്ലബുകളുമായി പരിശീലനമത്സരങ്ങള്‍ കളിച്ചും കഠിനമായ കായികപരിശീലനത്തില്‍ ഏര്‍പ്പെട്ടും വത്തികാന്‍ ടീം ഫാത്തിമ പര്യടനത്തിന് പ്രത്യേകമായി ഒരുങ്ങിയിട്ടുണ്ടെന്ന് ടീമിന്‍റെ ‘ഫാസ്റ്റ് ബൗളരും’ ഇന്ത്യക്കാരനുമായ ബ്രദര്‍ ജോസ് മാത്യു വത്തിക്കാന്‍ റേ‍ഡിയോയോടു പറഞ്ഞു. പോര്‍ച്ചുഗലില്‍ പ്രധാനമായും മൂന്നു മത്സരക്കളികള്‍ മാത്രമാണെങ്കിലും തിരികെ റോമിലെത്തിയാല്‍ വരുന്ന വേനലവധിക്കാലത്ത് ഇംഗ്ലിഷ്, ഐറിഷ്, ലാറ്റിനമേരിക്കന്‍ ടീമികളുമായും കളിക്കുമെന്ന് അറിയിച്ചു.

കളിയും ആത്മീയതയും കോര്‍ത്തിണക്കുന്നതാണ് വത്തിക്കാന്‍ ടീമിന്‍റെ പ്രത്യേകത. ക്രിക്കറ്റുകളിക്കുമെങ്കിലും പ്രഥവും പ്രധാനവുമായി തങ്ങള്‍ വൈദികവിദ്യാര്‍ത്ഥികളാണെന്ന് ബ്രദര്‍ ജോസ് മാത്യു സമര്‍ത്ഥിച്ചു. കളിയിലൂടെ ഉല്ലാവസവും ഒപ്പം, സമാധാനവും പങ്കുവയ്ക്കുകയും, പിന്നെ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പുക്കുന്ന കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്തുകയുമാണ് അടിസ്ഥാന ലക്ഷ്യമെന്നും പോര്‍ച്ചുഗലിലേയ്ക്ക് പുറപ്പെടും മുന്‍പ് ഏപ്രില്‍ 18-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ബ്രദര്‍ ജോസ് മാത്യു വ്യക്തമാക്കി. 








All the contents on this site are copyrighted ©.