2017-04-18 09:33:00

അസ്സീസ്സിയിലെ, ''പരിത്യാഗത്തിന്‍റെ കപ്പേള'', സമര്‍പ്പണത്തോടനുബന്ധിച്ച് പാപ്പായുടെ കത്ത്


 ''പരിത്യാഗത്തിന്‍റെ കപ്പേള'', അസ്സീസ്സിയുടെ പരിദര്‍ശനത്തിലെ പുതിയ മുത്ത്: ഫ്രാന്‍സീസ് പാപ്പാ

അസ്സീസ്സിയിലെ സാന്തമരിയ മജ്ജോറെ, കത്തീഡ്രല്‍ ദേവാലയത്തില്‍, പുതിയതായി പണിതീര്‍ത്ത വി. ഫ്രാന്‍സീസ് അസ്സീസ്സിയുടെ  ''പരിത്യാഗത്തിന്‍റെ കപ്പേള''യുടെ സമര്‍പ്പണത്തോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ നല്‍കിയ എഴുത്തിലാണ്, പാപ്പാ ഈ പുണ്യസ്ഥലത്തെ ഇപ്രകാരം വിശേഷിപ്പിക്കുന്നത്.  പുതുക്കിപ്പണിത ഈ കപ്പേളയുടെ സമര്‍പ്പണം  2017 മെയ്മാസം 20-നാണ്.

2013 ഒക്ടോബര്‍ നാലാം തീയതി പാപ്പാ അവിടെ നടത്തിയ സന്ദര്‍ശനത്തെ അനുസ്മരിച്ചു കൊണ്ടാരംഭിക്കുന്ന ഈ കത്ത് ഫ്രാന്‍സീസ് അസ്സീസ്സിയുടെ ആത്മീയതയെയും ദരിദ്രരായിരിക്കാനുള്ള നമ്മുടെ വിളിയെയും ഓര്‍മിപ്പിച്ചുകൊണ്ടുള്ള ശക്തമായ പ്രബോധനമാണ്. 

അസ്സീസ്സിയിലെ പുരാതന കത്തീഡ്രല്‍ ദേവാലയത്തില്‍, വി. ഫ്രാന്‍സീസ് അസ്സീസ്സി, പിതൃസ്വത്തുപേക്ഷിക്കുകയും ഉടുവസ്ത്രങ്ങള്‍പോലും ഉരിഞ്ഞുനല്‍കുകയും ചെയ്ത പ്രത്യേക സംഭവത്തിലേയ്ക്കു വെളിച്ചം വീശുന്നതിനായി പണിതീര്‍ത്ത പുതിയ കപ്പേളയെ പാപ്പാ ഇങ്ങനെ വിശേഷിപ്പിച്ചു:  ''അസ്സീസ്സിയുടെ മതാത്മക പരിദര്‍ശനത്തിന് ഒരു പുതിയ മുത്തുകൂടി നിങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ക്രിസ്തീയ സമൂഹത്തിനും തീര്‍ഥാടകര്‍ക്കും ലഭിച്ചിരിക്കുന്ന ഈ അവസരം തീര്‍ച്ചയായും ആത്മീയ, അജപാലനാത്മക ഫലങ്ങള്‍ ഉളവാക്കുമെന്നു നിങ്ങള്‍ക്കു പ്രതീക്ഷിക്കാം''. 

അസ്സീസ്സിയിലെ വി. ഫ്രാന്‍സീസിന്‍റെ ആത്മീയൗന്നത്യത്താല്‍ ആകൃഷ്ടനായി ആ പേരു സ്വീകരിച്ചുകൊണ്ടു പാപ്പാ സ്ഥാനം ഏറ്റെടുത്ത പാപ്പാ ഈ സംഭവം നടന്ന അന്നത്തെ ശാലയിലേക്കു നടത്തിയ ആദ്യത്തെ യാത്രയുടെ ആത്മീയഹര്‍ഷം അനുസ്മരിച്ചുകൊണ്ടു പറഞ്ഞു: ''വിശുദ്ധന്‍റെ ജീവിതത്തിലെ പ്രത്യേകം എടുത്തുപറയത്തക്ക ആ തീക്ഷ്ണതയില്‍ ഞാനും പുനരുജ്ജീവിപ്പിക്കപ്പെടുകയായിരുന്നു.  എല്ലാ ലൗകികവസ്തുക്കളും ഉപേക്ഷിച്ച്, തന്നെ കുടുംബത്തോടു ബന്ധിച്ചിരുന്ന പിതൃസ്വത്തില്‍ നിന്നും ഉടുവസ്ത്രത്തില്‍നിന്നുപോലും വിമോചിതനായി.  ഈ ഒരു പ്രവൃത്തിയിലേക്കു ആ യുവാവിനെ നയിച്ചത്, തന്‍റെ പിതാവിനോടുള്ള അനാദരവായിരുന്നില്ല, മറിച്ച്, തന്നെ സ്നേഹിക്കുന്നവരെക്കാളുപരി ക്രിസ്തുവിനെ സ്നേഹിക്കാന്‍ ജ്ഞാനസ്നാനപ്പെട്ട ഒരുവന്‍റെ കടമയെക്കുറിച്ചുള്ള ഓര്‍മയായിരുന്നു...''

 ''നിര്‍ഭാഗ്യവശാല്‍'', പാപ്പാ തുടര്‍ന്നു: ''സുവിശേഷപ്രഘോഷണമാരംഭിച്ചിട്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷവും വി. ഫ്രാന്‍സീസിന്‍റെ സാക്ഷ്യത്തിന്‍റെ എട്ടുനൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആഗോളപരമായ അസമത്വത്തിന്‍റെ പ്രക്രിയയും കൊല്ലുന്ന സമ്പദ് വ്യവസ്ഥയും (EG, 52-60)  നാം നേരിടുന്നു...  നാം ദരിദ്രരായിരിക്കാന്‍, നമ്മില്‍നിന്നുതന്നെ ഉരിയപ്പെട്ടവരായിരിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ദരിദ്രരോടൊത്തായിരിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്... വാക്കുകള്‍ കൊണ്ടുള്ളതല്ല, കൃപനിറഞ്ഞ സാക്ഷ്യം കൊണ്ടുള്ളതാണ് മനോജ്ഞമായ പ്രഭാഷണം... ദാനമായി നിങ്ങള്‍ക്കു കിട്ടി, ദാനമായിത്തന്നെ നിങ്ങള്‍ കൊടുക്കുവിന്‍.  നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ, വെള്ളിയോ പണമോ കരുതിവയ്ക്കരുത്.  യാത്രയ്ക്കു സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോ കൊണ്ടുപോകരുത്; വേല ചെയ്യുന്നവന്‍ ആഹാരത്തിന് അര്‍ഹനാണ് (മത്താ 10:8-10) ''  

വരുന്ന മെയ് 20-നു നടക്കുന്ന കപ്പേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആശംസകളും ആശീര്‍വാദവും നല്‍കിക്കൊണ്ട് അസ്സീസ്സി ബിഷപ്പ് ദൊമേനിക്കോ സൊറോന്തീനോയ്ക്കയച്ച ഈ കത്ത് 2017 ഏപ്രില്‍ 16-നു പ്രസിദ്ധപ്പെടുത്തി.

 








All the contents on this site are copyrighted ©.