2017-04-17 10:47:00

ഫ്രാന്‍സീസ് പാപ്പായുടെ ഊര്‍ബി എത് ഓര്‍ബി സന്ദേശം - 2017 ഏപ്രില്‍ 16


 ഫ്രാന്‍സീസ് പാപ്പായുടെ  ഊര്‍ബി എത് ഓര്‍ബി സന്ദേശം.                                                                                                                 2017 ഏപ്രില്‍ 16

ക്രിസ്തുമസ്സിനും ഉയിര്‍പ്പുതിരുനാളിലും പാപ്പാമാര്‍ നല്‍കുന്ന ഊര്‍ബി എത് ഓര്‍ബി (URBI ET ORBI) സന്ദേശവും ആശീര്‍വാദവും പതിവുപോലെ ഈ ഉയിര്‍പ്പുതിരുനാളില്‍ ഫ്രാന്‍സീസ് പാപ്പായും നല്‍കി.  ''നഗരത്തിനും ലോകം മുഴുവനും വേണ്ടി'' എന്നാണ്, ഊര്‍ബി എത് ഓര്‍ബി എന്ന ലത്തീന്‍ പ്രയോഗത്തിന്‍റെ അര്‍ഥം.  ഈ സന്ദേശത്തില്‍, ഉയിര്‍ത്തെഴുന്നേറ്റ നല്ലിടയന്‍ ലോകം മുഴുവനെയും പ്രത്യാശയാല്‍ നിറയ്ക്കട്ടെ; പ്രത്യേകിച്ചും ഇന്നത്തെ കാലഘട്ടത്തിന്‍റെ പ്രതിസന്ധികളിലും പ്രയാസങ്ങളിലുംപെട്ട് ഉഴലുന്നവരുടെ സമീപത്തുണ്ടായിരിക്കട്ടെ എന്ന് പാപ്പാ ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അനുരഞ്ജനകൂദാശയുടെ സ്വീകരണം, ദിവ്യകാരുണ്യസ്വീകരണം പാപ്പായുടെ നിയോഗങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന എന്നീ യോഗ്യതകളോടുകൂടി ഈ ആശീര്‍വാദം സ്വീകരിക്കുന്ന വിശ്വാസികള്‍ക്ക് പൂര്‍ണദണ്ഡവിമോചനം ലഭിക്കുന്ന അവസരവുമാണിത്.  

2017-ലെ ഉയിര്‍പ്പുതിരുനാളില്‍ ഫ്രാന്‍സീസ് പാപ്പാ നല്‍കിയ ഊര്‍ബി എത് ഓര്‍ബി സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ, ഈസ്റ്റര്‍ ആശംസകള്‍!

ആദ്യശിഷ്യന്മാര്‍ നിറഞ്ഞ വിസ്മയത്തോടെ ഉദ്ഘോഷിച്ചത് ഇന്ന് ലോകം മുഴുവനിലും, സഭ നവീകരിക്കുകയാണ്: ''യേശു ഉയിര്‍ത്തെഴുന്നേറ്റു; പറഞ്ഞിരുന്നതുപോലെ സത്യമായും അവിടുന്ന് ഉയിര്‍ത്തെഴുന്നറ്റു''.

പെസഹായുടെ പുരാതന ആഘോഷം ഹെബ്രായജനത്തിന്‍റെ അടിമത്തത്തില്‍നിന്നുള്ള മോചനത്തിന്‍റെ ഓര്‍മയാചരണമായിരുന്നു. ഇവിടെ അതിന്‍റെ പൂര്‍ണത കൂട്ടിച്ചേര്‍ക്കപ്പെടുന്നു. യേശുക്രിസ്തു തന്‍റെ പുനരുത്ഥാനംവഴി  പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തില്‍നിന്ന് നമ്മെ മോചിപ്പിച്ച് നിത്യജീവിതത്തിലേക്കുള്ള വഴി നമുക്കായി തുറന്നു.  

പാപത്തിന്‍റെ അധീശത്വത്തിനായി നാം നമ്മെത്തന്നെ വിട്ടുകൊടുക്കുമ്പോള്‍, ശരിയായ വഴി നമുക്കു നഷ്ടപ്പെടുകയും വഴിതെറ്റിയ ആടിനെപ്പോലെ, നാം അലഞ്ഞുതിരിയുകയും ചെയ്യുന്നു.  എന്നാല്‍ ദൈവംതന്നെ, നമ്മുടെ ഇടയന്‍തന്നെ, നമ്മെ തേടിയെത്തുന്നു. നമ്മെ രക്ഷിക്കാനായി കുരിശുമരണം പോലും ഏറ്റെടുക്കുന്നതിന് അവിടുന്നു തന്നെത്തന്നെ താഴ്ത്തി. ഇന്നു നമുക്കു പ്രഘോഷിക്കുവാന്‍ കഴിയും: ''നല്ല ഇടയന്‍ ഉയിര്‍ത്തിരിക്കുന്നു, ആടുകള്‍ക്കുവേണ്ടി ജീവന്‍ ത്യജിച്ചവന്‍, സ്വയം മരിക്കാന്‍ സന്നദ്ധനായവന്‍ ഉയിര്‍ത്തിരിക്കുന്നു, ഹല്ലേലുയ്യ'' (Roman Missal, IV Sunday of Easter, Communion antiphon).

എല്ലാ കാലഘട്ടങ്ങളിലും ഉയിര്‍ത്തെഴുന്നേറ്റവനായ ഇടയന്‍ നമ്മെ തളരാതെ അന്വേഷിക്കുകയാണ്. പീഡാനുഭവത്തിന്‍റെ മുദ്രകളോടെ, അവിടുത്തെ കരുണാര്‍ദ്രസ്നേഹത്തിന്‍റെ മുറിവുകളോടെ, അവിടുത്തെ വഴികളില്‍, അവിടുത്തെ ജീവിതവഴികളില്‍, തന്നെ അനുഗമിക്കുന്നതിന് ആകര്‍ഷിച്ചുകൊണ്ട്, അവിടുത്തെ സഹോദരീസഹോദരന്മാരെ, ലോകത്തിന്‍റെ മരുഭൂമികളിലൂടെ അലയുന്ന നമ്മെ, അന്വേഷിക്കുകയാണ്.  ഇന്നും പാപത്താലും അതിന്‍റെ വിവിധ രൂപങ്ങളാലും തകര്‍ക്കപ്പെട്ട നമ്മുടെ അനേകം സഹോദരീസഹോദരന്മാരെ അവിടുത്തെ ചുമലില്‍ വഹിക്കുകയാണ്.  

ഉയിര്‍ത്തെഴുന്നേറ്റവനായ ഇടയന്‍ ദുര്‍ഘടമാര്‍ഗത്തിലും ഏകാന്തതയിലും അതിര്‍ത്തികളിലും നഷ്ടപ്പെട്ടുപോയ അന്വേഷിച്ചു പോകുന്നു.  നമ്മുടെ സഹോദരീസഹോദരന്മാരിലൂടെ, ഇന്നും അവിടുന്നു ദയവോടും ബഹുമാനത്തോടുംകൂ‌ടെ, അവിടുത്തെ സ്വരം ശ്രവിക്കുന്നതിനു സഹായിച്ചുകൊണ്ട്, ഒരിക്കലും മറക്കാനാവാത്ത അവിടുത്തെ സ്വരം, ദൈവവുമായി സൗഹൃദബന്ധത്തില്‍ ആയിരിക്കാന്‍ വേണ്ടി പിറകില്‍നിന്നും വിളിക്കുന്ന ആ സ്വരം ശ്രവിക്കുന്നതിനായി അവരെ കണ്ടുമുട്ടുന്നതിനെത്തുന്നു.
അടിമത്തത്തിന്‍റെ എല്ലാത്തരത്തിലുമുള്ള, പഴയതും പുതിയതുമായ രൂപങ്ങളുടെ - മനുഷ്യത്വരഹിതമായ ജോലികള്‍, മനുഷ്യക്കടത്ത്, ചൂഷണം, വിവേചനം, ഗൗരവതരമായ മറ്റു ദുശ്ശീലങ്ങളുടെ അടിമത്വം എന്നിവയുടെ - ഇരകളായവരെ അവിടുന്ന് ഏറ്റെടുക്കുന്നു. നിഷ്ക്കളങ്കത ചൂഷണം ചെയ്യപ്പെട്ട കുഞ്ഞുങ്ങളെയും കൗമാരപ്രായത്തിലുള്ളവരെയും, സ്വന്തം ഭവനത്തിന്‍റെ ചുവരുകള്‍ക്കുള്ളില്‍ ത്തന്നെ അക്രമപ്രവൃത്തികളാല്‍ ആഴമായി മുറിവേല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെ, അവിടുന്ന് തനിക്കായി ഏറ്റെടുക്കുന്നു.  
ഉയിര്‍ത്തെഴുന്നേറ്റ ഇടയന്‍, സായുധ സംഘട്ടനങ്ങള്‍, ഭീകരാക്രമണങ്ങള്‍, കഠിനക്ഷാമം, മറ്റു പീഡനങ്ങള്‍ എന്നിവയാല്‍ തങ്ങളുടെ സ്വദേശങ്ങള്‍ ഉപേക്ഷിച്ചു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരുടെ അരികിലൂടെ നടക്കുന്നുണ്ട്.  നിര്‍ബന്ധിത കുടിയേറ്റത്തിനു വിധേയരായവരെ, അപ്പവും പ്രതീക്ഷയുമായി അവരുടെ യാത്രയില്‍ കണ്ടുമുട്ടുന്ന സഹോദരീസഹോദരന്മാരെ നല്കിക്കൊണ്ട് അവിടുന്നു സഹായിക്കുന്നുണ്ട്.

സങ്കീര്‍ണവും മിക്കവാറും നാടകീയവുമായ സാഹചര്യങ്ങളുടെ ഇന്നത്തെ ലോകത്തില്‍, നീതിക്കും സമാധാനത്തിനുമായി പ്രവര്‍ത്തിക്കുന്നവരുടെ ചുവടുവയ്പുകളെ അവിടുന്നു നയിക്കട്ടെ.  രാഷ്ട്രങ്ങളുടെ നേതാക്കള്‍ക്ക്, സംഘട്ടനങ്ങള്‍ വ്യാപിക്കുന്നതിനെ തടയുന്നതിനും ആയുധവ്യാപാരം നിര്‍ത്തലാക്കുന്നതിനുമുള്ള ധൈര്യം അവിടുന്നു പ്രദാനം ചെയ്യട്ടെ.
ഈ ദിവസങ്ങളില്‍, സിറിയയിലെ ജനങ്ങള്‍ക്ക്, ഭീതിയും മരണവും വിതച്ച തുടര്‍ച്ചയായ യുദ്ധങ്ങള്‍ക്കിരയായ ജനങ്ങള്‍ക്ക് ആശ്വാസവും സുരക്ഷിതത്വവും കൈവരുത്തുന്നതിനായി പ്രത്യേകമായി അധ്വാനിക്കുന്നവരുടെ പ്രയത്നങ്ങളെ അവിടുന്നു അനുഗ്രഹിക്കട്ടെ. മധ്യപൂര്‍വദേശങ്ങളില്‍ - വിശുദ്ധ സ്ഥലങ്ങള്‍ തുടങ്ങി, ഇറാക്ക്, യെമന്‍ എന്നീ പ്രദേശങ്ങളില്‍ - അവിടുന്നു സമാധാനമരുളട്ടെ.

ഉയിര്‍ത്തെഴുന്നേറ്റ നല്ലിടയന്‍, ദക്ഷിണസുഡാന്‍, സുഡാന്‍, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എന്നിവിടങ്ങളില്‍ നിരന്തരശത്രുത സഹിക്കുന്നവും ആഫ്രിക്കയിലെ ചിലഭാഗങ്ങളില്‍ അതിരൂക്ഷമായ ക്ഷാമം സഹിക്കുന്നവരുമായ ജനങ്ങളുടെ സമീപത്തുണ്ടായിരിക്കട്ടെ.

രാഷ്ട്രീയമായും സാമൂഹികമായും ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍, പ്രത്യേകിച്ച് അക്രമ പ്രവര്‍ത്തനത്തിലേക്കു നയിച്ചേക്കാവുന്ന അവസരങ്ങളിലും സമൂഹത്തിന്‍റെ പൊതുനന്മയ്ക്കായി സമര്‍പ്പിക്കുന്നവരുടെ യത്നങ്ങളെ, പ്രത്യേകിച്ച് ലാറ്റിനമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രയത്നങ്ങളെ ഉയിര്‍ത്തെഴുന്നേറ്റ യേശു ഫലവത്താക്കട്ടെ. സംവാദത്തിന്‍റെ പാലങ്ങള്‍ പണിയുന്നതിനും, ചൂഷണങ്ങള്‍ക്കെതിരായി പൊരുതുന്നതിനും തര്‍ക്കങ്ങളില്‍ സമാധാനപരമായ പരിഹാരങ്ങള്‍ അന്വേഷിക്കുന്നതിനും, നിയമത്തോടുള്ള പൂര്‍ണമായ ബഹുമാനത്തോടെ ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും വളര്‍ത്തുന്നതിനും ഇടയാകട്ടെ. ഇപ്പോഴും സംഘട്ടനങ്ങളാലും രക്തച്ചൊരിച്ചിലുകളാലും ഞെരുക്കപ്പെടുന്ന യുക്രൈനില്‍, ഐക്യം വീണ്ടെടുക്കാന്‍ നല്ല ഇടയന്‍ സഹായത്തിനെത്തട്ടെ. സംഘട്ടനങ്ങളുടെ ഫലമായുണ്ടായിരിക്കുന്ന ദാരുണ സഹനത്തിനിരയായവരുടെ സഹായത്തിനെത്തുന്നവരോടൊത്ത് അവിടുന്ന് സഹഗമിക്കട്ടെ.
ഉയിര്‍ത്തെഴുന്നറ്റ കര്‍ത്താവ്, യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നിരന്തരമായി അനുഗ്രഹം ചൊരിയട്ടെ. പ്രതിസന്ധിയും പ്രയാസങ്ങളും അനുഭവപ്പെടുന്ന നിമിഷങ്ങളില്‍, പ്രത്യേകിച്ചും വര്‍ധിച്ച തൊഴിലില്ലായ്മയില്‍ നിരാശയിലായിരിക്കുന്നവര്‍ക്ക്, യുവജനങ്ങള്‍ക്ക് അവിടുന്നു പ്രത്യാശ നല്‍കട്ടെ.
പ്രിയ സഹോദരീ സഹോദരന്മാരെ, ഈ വര്‍ഷം എല്ലാവിഭാഗത്തിലുംപെട്ട ക്രൈസ്തവര്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കുന്നത് ഒരുമിച്ചാണ്.  ഒരേ സ്വരത്തില്‍, ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും, നാം ഈ മഹാസന്ദേശം പ്രഘോഷിക്കുന്നു:  ''അരുള്‍ച്ചെയ്തിരുന്നതുപോലെ, കര്‍ത്താവ് സത്യമായും ഉയിര്‍ത്തെഴുന്നേറ്റു''.  യേശു, പാപത്തിന്‍റെയും മരണത്തിന്‍റെയും അന്ധകാരത്തെ നീക്കിക്കളഞ്ഞവന്‍, നമ്മുടെ ദിനങ്ങളെ സമാധാനസംപൂര്‍ണമാക്കട്ടെ.  ഉയിര്‍പ്പു തിരുനാള്‍ ആശംസകള്‍!

തുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പാ ആഘോഷപൂര്‍വമായ ഊര്‍ബി എത് ഓര്‍ബി ആശീര്‍വാദം നല്‍കി. 

 








All the contents on this site are copyrighted ©.