സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

"പുനരുത്ഥാനം ഒരു ചരിത്രസത്യം" : ഫിലിപ്പോസ് മാര്‍ സ്റ്റേഫനോസ്

തിരുവല്ലയുടെയ സഹായമെത്രാന്‍, ഫിലിപ്മാപോസ്ര്‍ സ്റ്റേഫനോസ് - RV

15/04/2017 15:00

തിരുവല്ല  മലങ്കര അതിരൂപതയുടെ സഹായമെത്രാന്‍,  ഫിലിപ്പോസ് മാര്‍ സ്റ്റേഫനോസാണ് സന്ദേശം നല്കുന്നത്. കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തൊഴില്‍, ആരോഗ്യപരിപാലനം എന്നിവയ്ക്കായുള്ള കമ്മിഷനുകളുടെ വൈസ് ചെയര്‍മന്‍ കൂടിയാണ് അദ്ദേഹം. 

ത്തിക്കാന്‍ റേ‍ഡിയോയുടെ ശ്രോതാക്കള്‍ക്കും വിശ്വാസസമൂഹത്തിനും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പു തിരുനാളിന്‍റെ മംഗളങ്ങള്‍ ഏറെ സന്തോഷപൂര്‍വ്വം ആശംസിക്കുന്നു! ക്രൈസ്തവ വിശ്വാസരഹസ്യങ്ങളില്‍ ഏറ്റം പ്രധാനമായ സംഭവമാണ് യേശുവിന്‍റെ ഉയിര്‍പ്പ്! സൃഷ്ടിമുതല്‍ നമ്മുടെ കര്‍ത്താവിന്‍റെ പുനരുത്ഥാനംവരെയുള്ള സംഭവങ്ങളില്‍ കേന്ദ്ര ബിന്ദുവായിരിക്കുന്നത് യേശുവിന്‍റെ ഉയിര്‍പ്പാണ്. ക്രൈസ്തവര്‍ തങ്ങളുടെ പ്രാര്‍ത്ഥനകളിലും വിശുദ്ധ ബലികളിലും വിശ്വസിച്ച് ഏറ്റുപറയുന്ന ഏറ്റവും നിര്‍ണ്ണായകമായ സംഭവവും യേശുവിന്‍റെ ഉയിര്‍പ്പുതന്നെയാണ്.

വിശുദ്ധ പൗലോസ് സ്ലീഹാ കൊറീന്തോസിലെ സഭയെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. “ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം!”   (1 കൊറി. 15, 14). പ്രിയമുള്ളവരെ ഈ വചനത്തില്‍നിന്നും നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നത്, ക്രൈസ്തവസഭയുടെ നിലനില്പുതന്നെ വിശ്വാസരഹസ്യങ്ങളില്‍ അധിഷ്ഠിതമാണെന്നാണ്.

ഒരിക്കല്‍ റോമില്‍നിന്നും സ്വിറ്റ്സര്‍ലണ്ടിലേയ്ക്ക് യാത്രചെയ്യുമ്പോള്‍ ട്രെയിനില്‍ സഹയാത്രികനായിരുന്ന ഒരു യഹൂദസഹോദരന്‍ എന്നോട് പറയുകയുണ്ടായി, യേശിവിന്‍റെ പുനരുത്ഥാനമെന്നത് പൗലോസ് എന്നു പറയുന്ന മനുഷ്യന്‍ കെട്ടിച്ചമച്ച കഥകളുടെയും അവയുടെ വ്യാഖ്യാനങ്ങളുടെയും നാടകീയമായ ആവിഷ്ക്കാരങ്ങളാണെന്ന്. അത് ഒരു ചരിത്ര സത്യമല്ല. മറിച്ച് ഭാവനയുടെ സൃഷ്ടിയാണ്!

പ്രിയമുള്ളവരേ, നാം വിശ്വസിക്കുന്നു - യേശുക്രിസ്തു സത്യമായും ഉത്ഥാനംചെയ്തു. യേശുവിന്‍റെ പുനരുത്ഥാനം ഒരു ചരിത്ര സത്യമാണ്. റോമന്‍ ഗവര്‍ണ്ണറായിരുന്ന പൊന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് കുരിശില്‍ മരിച്ച് പുനരുത്ഥാനംചെയ്ത യേശു-സംഭവം ഒരു ചരിത്രസത്യമാണ്. യേശുവിന്‍റെ കബര്‍, ശവകുടീരം അടുത്തകാലത്ത് നവീകരിച്ച് തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തു എന്നു നമുക്ക് അറിയുവാന്‍ ഇടയായി. ഈ ചരിത്രസത്യം നമ്മെ സംബന്ധിച്ചിടത്തോളം ഒരു വിശ്വാസസത്യം കൂടിയാണ്. മനുഷ്യകുലം മുഴുവന്‍ അനുഭവിക്കുന്ന എല്ലാവിധമായിരിക്കുന്ന അടിമത്വങ്ങള്‍ക്കും വിശിഷ്യാ, മരണമാകുന്ന അനുഭവത്തിനും അര്‍ത്ഥവും വിമോചനവും പ്രദാനംചെയ്യുന്ന അനുഭവമാണ് യേശുവിന്‍റെ പുനരുത്ഥാനം. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കുമെന്ന് യേശു പഠിപ്പിച്ചു.

തത്വചിന്തകനായ സോക്രട്ടീസ് പറയുന്നു. മനുഷ്യന് അവന്‍റെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്താന്‍ കഴിയും, എന്നാല്‍ മരണമാകുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ മുന്‍പില്‍ മനുഷ്യന്‍ പകച്ചുനില്ക്കുകയാണ്. എന്നാല്‍ യേശു നമുക്ക് ഏറ്റവും അര്‍ത്ഥവത്തായ, ആശ്വാസകരമായ ഉത്തരം നല്‍കുന്നുണ്ട്. ‍”ഞാന്‍ പുനരുത്ഥാനവും ജീവനുമാകുന്നു” (യോഹ. 11, 25). യേശുവിന്‍റെ ഉയിര്‍പ്പുവഴി ഈ സന്ദേശമാണ് നമുക്കു ലഭിക്കുന്നത്. ദൈവം തന്‍റെ സ്നേഹത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. ആ സ്നേഹത്തില്‍ തന്‍റെ ഏകജാതനെ ഈ ലോകത്തിലേയ്ക്ക് ദൈവം അയച്ചു. ആ സ്നേഹത്തിന്‍റെ സുവിശേഷം ദൈവപുത്രന്‍ ലോകത്തില്‍ പ്രസംഗിച്ചു. ആ സ്നേഹത്തില്‍ താന്‍ പീഡകള്‍ സഹിച്ചു മരിച്ചു, ഉത്ഥാനംചെയ്തു. ഈ പീഡാനുഭവരഹസ്യങ്ങളുടെ അര്‍ത്ഥവും അനുഭവവുമാണല്ലോ, വലിയ ആഴ്ചയില്‍ നാം ധ്യാനിക്കുന്നത്. യേശു ഉത്ഥാനംചെയ്തുകൊണ്ട് മരണാനന്തര ജീവിതത്തിന്‍റെ വലിയ മാതൃക കാട്ടി. തന്നില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും അവിടുന്ന് നിത്യജീവന്‍ വാഗ്ദാനംചെയ്തു. മനുഷ്യന്‍റെ മരണവും ദൈവസ്നേഹത്തിന്‍റെ അടയാളമാണ്. അതിലൂടെ ദൈവികമായ സംസര്‍ഗ്ഗത്തിലേയ്ക്കും നിത്യജീവനിലേയ്ക്കും ദൈവം നമ്മെ നയിക്കുന്നു എന്ന പ്രത്യാശയുടെ സന്ദേശം നമുക്ക് ഉയിര്‍പ്പുതിരുനാളില്‍ ലഭ്യാമാവുകയാണ്. ഉയിര്‍പ്പ് പ്രത്യാശയുടെ സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും തിരുനാളാണ്.

ഉത്ഥിതനായ യേശു തന്‍റെ പ്രിയപ്പെട്ട ശിഷ്യന്മാര്‍ക്ക് പ്രത്യാക്ഷപ്പെട്ടുകൊണ്ട് അരുളിച്ചെയ്തു. എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്കുന്നു. പ്രിയമുള്ളവരേ, യേശു നല്കുന്ന ഈ സമാധാനം മറ്റ് ഏതു കാലഘട്ടത്തെക്കാളും അധികമായും ആധുനിക സഭയ്ക്കും സമൂഹത്തിനും അനിവാര്യമായ ആവശ്യമാണെന്ന് നാം തിരിച്ചറിയുകയാണ്. മറ്റേതു കാലഘട്ടത്തെക്കാളും അധികമായി ഇന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ അസ്വസ്ഥരാണ്. യുവജനങ്ങള്‍ അസ്വസ്ഥരാണ്. കുടുംബങ്ങളില്‍ അസ്വസ്ഥതകളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നു. നമ്മുടെ ചുറ്റുവട്ടങ്ങളില്‍ തൊഴില്ലായ്മയുടെയും മറ്റു സാമൂഹികമായ വലിയ പ്രതിസന്ധികള്‍ മനുഷ്യര്‍ അനുഭവിക്കുകയാണ്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നമുക്കു ചുറ്റും വര്‍ദ്ധിച്ചു വരുന്നു. മതങ്ങള്‍ തമ്മില്‍ മാത്സര്യങ്ങള്‍ നടക്കുന്നു. എവിടയുദ്ധങ്ങള്‍ നടക്കുന്നു. വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ മനുഷ്യനെ കൊന്നൊടുക്കുന്നു. അഭയാര്‍ത്ഥികള്‍ ഇന്ന് അതിരൂക്ഷമായി ലോകത്തിന്‍റെ ഗതിവിഗതികളെ ബാധിക്കുന്നു, സമാധാനത്തെ കെടുത്തുന്നു. അതിനാല്‍ ഈ സാഹചര്യങ്ങളിലെല്ലാം ലോകത്തിന്‍റെ ആവശ്യം സമാധാനമാണ്.

സമാധാനത്തിന്‍റെ ഉറവിടം ഭൗതികമായ സമ്പത്തോ,  ഭൗതികമായ സാഹചര്യങ്ങളെക്കാള്‍ അധികമായി വിശ്വാസത്തില്‍നിന്നും ഉരുത്തിരിയുന്ന സനേഹത്തിലൂടെ മാത്രമേ ഈ സമാധാനം കൈവരിക്കാന്‍ സാധ്യമാവുകയുള്ളൂ. ദൈവപുത്രനായ ക്രിസ്തു ദൈവിക സ്നേഹം പങ്കുവച്ചുകൊണ്ട് ഈ ലോകത്തില്‍ മനുഷ്യനായി അവതരിച്ച്, ആ സ്നേഹത്തില്‍ പാടുപീഡകള്‍ സഹിച്ച്, മരണംവരിച്ച് ഉത്ഥാനംചെയ്തുവെങ്കില്‍ ആ രക്ഷകന്‍റെ സ്നേഹപാതയിലൂടെ മാത്രമേ ലോകത്തില്‍ സമാധാനം കൈവരിക്കാന്‍ സാദ്ധ്യമാവുകയുള്ളൂ എന്ന് യേശുവിന്‍റെ ഉത്ഥാനസംഭവം നമ്മെ പഠിപ്പിക്കുന്നു. 

ആയതിനാല്‍ ഈ കാലഘട്ടം, ഉയര്‍പ്പിന്‍റെ കാലഘട്ടം അനുരഞ്ജനത്തിന്‍റെ കാലഘട്ടമാണ്. മനുഷ്യസമൂഹം മുഴുവന്‍ സ്നേഹത്തില്‍ അനുരഞ്ജനപ്പെടേണ്ടിയിരിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ അനുരഞ്ജനത്തിലും സഹവര്‍ത്തിത്വത്തിന്‍റെയും മനോഭാവത്തില്‍ വളരേണ്ടിയിരിക്കുന്നു. മതങ്ങള്‍ തമ്മില്‍ അനുരഞ്ജനത്തിന്‍റെ സഹവര്‍ത്തിത്വത്തിലും ദര്‍ശനത്തില്‍, കാഴ്ചപ്പാടില്‍ ജീവിക്കേണ്ടിയിരിക്കുന്നു. യേശുവിന്‍റെ കല്ലറയില്‍, കുഴിമാടത്തില്‍ ഉത്ഥാനസമയത്ത് മരണബന്ധനത്തിന്‍റെ വാതില്‍തുറന്ന്, പാറക്കെട്ടുകള്‍ തകര്‍ത്ത് ക്രിസ്തു ഉത്ഥിതനായി സമാധാനം ലഭ്യമായതുപോലെ, നമ്മുടെ ജീവിതത്തിന്‍റെ കല്ലുകളെ മാറ്റി, പ്രതിസന്ധികളെ മാറ്റി, കര്‍ത്താവിനെ നേരില്‍ക്കാണുവാനും, ഉയര്‍പ്പിന്‍റെ അനുഭവം ഉണ്ടാകുവാനും സാധിക്കട്ടെ. ആ ഉയിര്‍പ്പിന്‍റെ അനുഭവം വ്യക്തിപരമായി നമ്മെ സംബന്ധിച്ചിടത്തോളം പാപത്തില്‍നുന്നുമുള്ള ഉയിര്‍പ്പായിരിക്കാം, അടിമത്വത്തില്‍നിന്നുള്ള ഉയിര്‍പ്പായിരിക്കാം. പരാജയത്തില്‍നിന്നുള്ള ഉയിര്‍പ്പായിരിക്കാം, ബന്ധനങ്ങളില്‍ത്തില്‍നിന്നുള്ള ഉയിര്‍പ്പായിരിക്കാം മദ്യത്തില്‍നിന്നോ ലഹരിയില്‍നിന്നോ ഉള്ള ഉയിര്‍പ്പായിരിക്കാം. അങ്ങനെ മനുഷ്യസമൂഹം മുഴുവനും, സമൂഹത്തിലെ വ്യക്തികള്‍ മുഴുവന്‍ അനുഭവിക്കുന്ന വിവിധങ്ങളായ ബന്ധനങ്ങളില്‍നിന്നു മോചനം പ്രാപച്ച്, ദൈവം തരുന്ന സമാധാനം, ദൈവപുത്രനായ യേശുക്രിസ്തു തന്‍റെ ഉത്ഥാനത്തിലൂടെ വാഗ്ദാനം ചെയ്യുന്ന സമാധാനം പ്രാപിക്കുവാന്‍, അനുഗ്രഹം പ്രാപിക്കുവാന്‍ നമ്മെ സഹായിക്കട്ടെ!

ഉത്ഥിതനായ യേശുവിന്‍റെ എല്ലാവിധമായിരിക്കുന്ന അനുഗ്രഹങ്ങളും, ഉത്ഥിതന്‍ നല്കുന്ന പരിശുദ്ധാത്മാവിന്‍റെ കൃപകള്‍ ജീവിതത്തില്‍ സമാധാനം അനുഭവിക്കാനും അതു പങ്കുവയ്ക്കുവാനും നമ്മെ സഹായിക്കട്ടെ! ആത്മീയാനുഭവങ്ങളുടെ ആഴങ്ങള്‍ അനുഭവിക്കുവാന്‍ ഉത്ഥിതനായ ഈശോയും അവിടുത്തെ പരിശുദ്ധാത്മാവും നമ്മെ സഹായിക്കട്ടെ! ഉയിര്‍പ്പു തിരുനാളിന്‍റെ എല്ലാവിധമായിരിക്കുന്ന അനുഗ്രഹങ്ങളും മാന്യശ്രോതാക്കള്‍ക്കും വിശ്വാസസമൂഹത്തിനും സഭമുഴുവനും ലോകത്തിനു മുഴുവനായും ‍ഞാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസിക്കുന്നു.         


(William Nellikkal)

15/04/2017 15:00