2017-04-12 16:23:00

വത്തിക്കാനിലെ വിശുദ്ധവാരപരിപാടികള്‍


ഏപ്രില്‍ 13-Ɔ൦ തിയതി പെസഹാ വ്യാഴാഴ്ച   പ്രാദേശിക സമയം രാവിലെ 9.30-ന് പൗരോഹിത്യ കൂട്ടായ്മയുടെ ബലിയര്‍പ്പണവും തൈലാഭിഷേക കര്‍മ്മവും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തപ്പെടും.

ഏപ്രില്‍ 14-Ɔ൦ തിയതി ദുഃഖവെള്ളിയാഴ്ച  പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് - കുരിശാരാധന, കുരിശുചുംബനം, വചനപ്രഘോഷണം, ദിവ്യകാരുണ്യസ്വീകരണകര്‍മ്മം എന്നീ തിരുക്കര്‍മ്മങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാണ്.

ദുഃഖവെള്ളിയാഴ്ചത്തെ  കുരിശിന്‍റെവഴി  പ്രാദേശികസമയം രാത്രി 9.15-നാണ്. ചരിത്രപുരാതനമായ കൊളോസിയത്തില്‍  പാപ്പാ ഫ്രാന്‍സിസ് നയിക്കും.

രാത്രിയുടെ അന്ത്യയാമംവരെ നീളുന്ന ദീപംകൊളുത്തിയുള്ള ഈ കുരിശുയാത്രയുടെ അന്ത്യത്തില്‍ കൊളോസിയത്തിലെ വേദിയില്‍നിന്നുകൊണ്ട് പാപ്പാ വിശ്വാസികളെ അഭിസംബോധനചെയ്യും. തുടര്‍ന്നു നല്കുന്ന അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റോമാനഗരത്തിലെ ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്നത്. ക്രിസ്തുവര്‍ഷം 80-ല്‍ പണിതീര്‍ത്തിട്ടുള്ളതും, ശരാശരി 80,000-പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ളതും, കരിങ്കല്ലുകൊണ്ടു നിര്‍മ്മിതവുമാണ് അണ്ഡാകാരത്തിലുള്ള ഈ നടനശാല. റോമാസമ്പ്രാജ്യശക്തിയുടെ പ്രതീകമായി ഇന്നും കൊളോസിയം നിലകൊള്ളുന്നു.

ഫ്രഞ്ച് ദൈവശാസ്ത്ര-ബൈബിള്‍ പണ്ഡിതയും 2017-ലെ റാത്സിങ്കര്‍ പരുസ്ക്കാര ജേതാവുമായ  ആന്‍-മരീ പെലേത്തിയേരെയാണ് ഈ വര്‍ഷത്തെ കുരിശിന്‍റെവഴിയുടെ ധ്യാനവും പ്രാര്‍ത്ഥനകളും ഒരുക്കുന്നതിന് പാപ്പാ ഫ്രാന്‍സിസ് ക്ഷണിച്ചത്. കൊളോസിയത്തിലെ വിഖ്യാതമായ കുരിശിന്‍റെവഴി ഒരുക്കുന്ന നാലാമത്തെ വനിതയാണ് പ്രഫസര്‍ പെലേത്തിയേര്‍. കുടുംബിനിയും, അമ്മയും മുത്തച്ഛിയുമാണ് ഈ ശ്രേഷ്ഠവനിത. കൊളോസിയത്തിലെ കുരിശിന്‍റെവഴിയുടെ പുസ്തകങ്ങള്‍ വിവിധഭാഷകളില്‍ പ്രസാധര്‍ ലഭ്യമാക്കുന്നതും പതിവാണ്. വിശുദ്ധഗ്രന്ഥാധിഷ്ഠിതമാണ് ആന്‍-മരീ പെലേത്തിയേരുടെ ഇത്തവണത്തെ കുരിശിന്‍റെവഴി.

ഏപ്രില്‍ 15-Ɔ൦ തിയതി വലിയ ശനിയാഴ്ച  പെസഹാ ജാഗരാനുഷ്ഠാനം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രാദേശികസമയം രാത്രി 8.30-ന് ആരംഭിക്കും. പുത്തന്‍തീ ആശീര്‍വ്വാദം, ദീപാര്‍ച്ചന, പെസഹാപ്രഘോഷണം, ജലാശീര്‍വ്വാദം, ജ്ഞാനസ്നാനകര്‍മ്മം, ജ്ഞാനസ്നാനവ്രത നവീകരണം, പെസഹാബലിയര്‍പ്പണം എന്നിവയാണ് മുഖ്യഇനങ്ങള്‍. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഭാഷണം നടത്തും.

ഏപ്രില്‍ 16-Ɔ൦ തിയതി ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ 10-മണിക്ക് വിശുദ്ധപത്രോസിന്‍റെ ചത്വരത്തില്‍ വിശ്വാസികള്‍ക്കൊപ്പം പാപ്പാ സമൂഹബലിയര്‍പ്പിക്കും. മദ്ധ്യാഹ്നം 12 മണിക്ക് നഗരത്തോടും ലോകത്തോടും എന്ന അര്‍ത്ഥം വരുന്ന ‘ഊര്‍ബി എത് ഓര്‍ബി’ (Urbi et Orbi) എന്ന സന്ദേശം വിശുദ്ധപത്രോസിന്‍റെ ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്നും നല്‍കപ്പെടും. തുടര്‍ന്നുള്ള ‘സ്വര്‍ല്ലോകരാജ്ഞി’ (Regina Coeli) എന്ന പെസഹാക്കാല ത്രികാലപ്രാര്‍ത്ഥനയ്ക്കുശേഷം പാപ്പാ ഫ്രാന്‍സിസ് നല്കുന്ന അപ്പസ്തോലിക ആശീര്‍വ്വാദത്തോടെ വത്തിക്കാനിലെ ഈസ്റ്റര്‍ പരിപാടികള്‍ സമാപിക്കും.

 








All the contents on this site are copyrighted ©.