2017-04-10 09:59:00

യുവജനങ്ങള്‍ മാതൃകയാക്കേണ്ട കന്യാനാഥയുടെ വിശ്വാസയാത്രയെക്കുറിച്ച്


2017-Ɔമാണ്ടിലെ ആഗോള യുവജനദിനത്തോടബന്ധിച്ച് പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍

1. ആമുഖം

ഓശാന ഞായര്‍ ദിനത്തില്‍, ഏപ്രില്‍ 9-Ɔ൦ തിയതി ഞായറാഴ്ചയാണ് ഇറ്റലിയില്‍ ദേശീയ തലത്തില്‍ യുവജനദിനം ആചരിക്കപ്പെട്ടത്.  ആഗോള സഭയുടെ 32-Ɔമത് ലോക യുവജനദിനമാണിത്. ഇന്ത്യയില്‍ അജപാലന കാരണങ്ങളാല്‍ ഓരോ  സഭാപ്രവിശ്യയിലും വ്യത്യസ്ത ദിനങ്ങളിലാണ് യുവജനദിനം കൊണ്ടാടുന്നത്. യുവനദിനത്തിന് ഒരുക്കമായി റോമിലെയും സമീപ രൂപതകളിലെയും യുവജനങ്ങളെ തലേനാള്‍, ശനിയാഴ്ച ജാഗരാനുഷ്ഠാനത്തിനായി മേരി മേജര്‍ ബസിലിക്കയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ക്ഷണിച്ചത് ശ്രദ്ധേയമാണ്. ഭാവിയുടെ ശക്തിയും പ്രതീക്ഷയുമായ യുവജനങ്ങള്‍ സുവിശേഷ സന്തോഷത്തിന്‍റെ സന്ദേശവാഹകരാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ ആഹ്വാനംചെയ്യുന്നു.  

യുവജനങ്ങളെ ഏറെ സ്നേഹിച്ച, ആധുനിക യുഗത്തിലെ രണ്ട് പാപ്പാമാരാണ് വിശുദ്ധരായ ജോണ്‍ പോള്‍ രണ്ടാമനും ജോണ്‍ ഇരുപത്തിമൂന്നാമനും! ഈ പുണ്യദേഹങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ - ലോക യുവജനാഘോഷങ്ങളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ! യുവജനങ്ങളെക്കുറിച്ചുള്ള സഭയുടെയും സമൂഹത്തിന്‍റെയും കാഴ്ചപ്പാടുകള്‍ക്ക് സുപ്രധാനമായ മാറ്റങ്ങള്‍ കുറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഉപജ്ഞാതാവാണ് വിശുദ്ധ ജോണ്‍ ഇരുപ്ത്തിമൂന്നാമന്‍ പാപ്പായും...! ഓശാന ഞായറിലെ യുവജനദിനത്തില്‍ വിശുദ്ധരായ ഈ പാപ്പാമാരുടെ മാധ്യസ്ഥതയില്‍ ലോകയുവതയെ സമര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ വര്‍ഷത്തെ യുവജനദിന സന്ദേശം ആരംഭിക്കുന്നത്.

2. ആഗോളയുവജന സംഗമത്തിലേയ്ക്ക് ഒരു ക്ഷണം

2019, ജനുവരി 22-മുതല്‍ 27-വരെ മദ്ധ്യമേരിക്കയിലെ പനാമയില്‍ അരങ്ങേറാന്‍ പോകുന്ന ലോകയുവജന മാമാംങ്കത്തെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ടും, യുവജനങ്ങളെ അവിടേയ്ക്കു ക്ഷണിച്ചുകൊണ്ടുമാണ് 2017-ലെ  സന്ദേശം പാപ്പാ ഫ്രാന്‍സിസ് നല്കുന്നത്. യുവജനങ്ങളുമായുള്ള നേര്‍ക്കാഴ്ച മാനസാന്തരത്തിന്‍റെയും ഒപ്പം കൂട്ടായ്മയുടെയും അനുഭവമായി താന്‍ വിലമിതിക്കുന്നെന്ന് പാപ്പാ വിശേഷിപ്പിക്കുന്നു. മാത്രമല്ല അടുത്തുവരുന്ന മെത്രാന്മാരുടെ സിന‍ഡുസമ്മേളനവും യുവജനങ്ങളെ കേന്ദ്രികരിച്ചായതിനാല്‍, ഈ വര്‍ഷത്തെ യുവജനസംഗമവും അതിന്‍റെ ചുവടുപിടിച്ചുള്ളതാണെന്ന് പാപ്പാ എടുത്തുപറയുന്നു. യേശുവിന്‍റെ അമ്മയായ കന്യകാനാഥയുടെ വിശ്വാസയാത്രയാണ് യുവജനങ്ങള്‍ക്ക് മാതൃകയായി പാപ്പാ ഫ്രാന്‍സിസ് ഇത്തവണ നല്കുന്നത്. തന്‍റെ സ്തോത്രഗീതത്തിലൂടെയാണ് മറിയം വിശ്വാസജീവിതത്തിനുള്ള പ്രചോദനം യുവജനങ്ങള്‍ക്കും സകല ക്രൈസ്തവ മക്കള്‍ക്കും നല്കുന്നത്.

3.  മറിയത്തിന്‍റെ വിശ്വാസപൂര്‍ണ്ണമായ സ്നേഹയാത്ര

“ശക്തനായവന്‍ എന്നില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു” (ലൂക്ക 1, 49)! ജീവിതത്തിന്‍റെ വിനീതാവസ്ഥയില്‍ തന്നെ തൃക്കണ്‍പാര്‍ത്ത ദൈവത്തെയും, അവിടുത്തെ മഹല്‍ച്ചെയ്തികളെയും അംഗീകരിച്ചികൊണ്ട് എപ്രകാരം അവിടുന്ന് നന്ദിപറഞ്ഞു ജീവിക്കണമെന്ന് മറിയം നമ്മെ പഠിപ്പിക്കുന്നു. അതിന് നസ്രത്തിലെ യുവകന്യക ചെയ്തത്, തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ സന്ദര്‍ശിക്കാനും ശുശ്രൂഷിക്കാനും ഉടനെതന്നെ അവള്‍ ഇറങ്ങിപ്പുറപ്പെടുന്നു. വാര്‍ദ്ധക്യത്തില്‍ ഗര്‍ഭവതിയായ തന്‍റെ ചാര്‍ച്ചക്കാരി എലിസബത്തിനെ അവള്‍ ദീര്‍ഘദൂരം യാത്രചെയ്തു ചെന്ന്, പരിചരിച്ചു. ജീവിത സൗഭാഗ്യത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും സുഖത്തിലും സൗകര്യത്തിലും മയങ്ങി, മടിഞ്ഞ് മറിയം അടങ്ങിയിരുന്നില്ല. അങ്ങനെ ആയിരുന്നാല്‍ത്തന്നെ അവളെ ആരും ചേദ്യംചെയ്യില്ലായിരുന്നു. എന്നിട്ടും, വിശ്വാസത്താല്‍ പ്രചോദിതയായി അവള്‍ ഇറങ്ങിപ്പുറപ്പെട്ടു. അതിനായി ഏകദേശം 150 കി.മീറ്ററാണ്. അവള്‍ യാത്രചെയ്ത് അങ്ങനെ അവളുടെ ജീവിതത്തിന്‍റെ സത്ത വിശ്വാസമാണെന്ന് ഈ യാത്ര വ്യക്തമാക്കിത്തരുന്നു.

യാത്രാമദ്ധ്യേ, താന്‍ ഭാഗമാകാന്‍ പോകുന്ന ദൈവികതയുടെ അത്ഭുത സംഭങ്ങളെക്കുറിച്ച് മറിയം ധ്യാനിച്ചു കാണും. അതുപോലെ ജീവിത തീര്‍ത്ഥാടനങ്ങളില്‍ നാമും ദൈവിക നന്മകളെ ധ്യാനിക്കേണ്ടതാണ്. ജീവിത സംഭവങ്ങള്‍ കണ്‍മുന്‍പില്‍ തെളിയുന്നതും, അവയെക്കുറിച്ച് ധ്യാനിക്കുന്നതും നമ്മുടെ ജീവിതത്തിന്‍റെ ആത്മീയ തീര്‍ത്ഥാടനങ്ങളിലാണ്. അപ്പോള്‍ നാം അവയുടെ അര്‍ത്ഥം കണ്ടെത്തുകയും, ദൈവവിളിയെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുന്നു. അതുവഴി, ഒരുവശത്ത് ദൈവികൈക്യവും, മറുഭാഗത്ത്  സഹോദരസ്നേഹവും യുവജനങ്ങളുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു. ദൈവികവാഗ്ദാനങ്ങളില്‍ വിശ്വസിച്ച മറിയം ഭാഗ്യവതിയെന്നു വിളിക്കപ്പെടുന്നു.   മറിയം സ്വീകരിച്ച വലിയ ദാനവും സമ്മാനവും വിശ്വാസമാണ്. എന്നാല്‍ ദൈവം നല്കുന്ന അമൂല്യദാനമാണ് വിശ്വാസം! മറിയത്തിന്‍റെ വിശ്വാസത്തെയാണ് എലിസബത്ത് അംഗീകരിക്കുന്നതും അനുമോദിക്കുന്നതും. “സ്ത്രീകളില്‍ നീ അനുഗ്രഹീതയാണ്”! ഇങ്ങനെയാണ് എലിസബത്ത് പ്രസ്താവിക്കുകയും,  മറിയത്തെ അഭിനന്ദിക്കുകയും ചെയ്തത്.

4. മറിയത്തിന്‍റെ സ്തോത്രഗീതം ഒരു വിശ്വാസപ്രഘോഷണം

മറിയത്തിന്‍റെ പ്രതികരണം, ഒരു വിശ്വാസപ്രകരണമാണ്. ‘ശക്തനായവന്‍ എന്നില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.’  (ലൂക്ക 1, 46-55). ഈ വിശ്വാസപ്രകരണം ഒരു സ്തോത്രഗീതമായി ഉയരുന്നു.  മറിയത്തിന്‍റെ സ്തോത്രഗീതവും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രാര്‍ത്ഥനയും വിപ്ലവാത്മകമാണ്. വിശ്വാസം വിതുമ്പിനില്ക്കുന്ന  ആ പ്രാര്‍ത്ഥന തന്‍റെ വിനീതാവസ്ഥയെയും താഴ്മയെയുംകുറിച്ച് വ്യക്തമായ അവബോധവും ധാരണയും മറിയത്തിന് നല്കുന്നുണ്ട്. എന്നാല്‍ അതില്‍നിന്നും ദൈവികകാരുണ്യത്തിന്‍റെ അനുഭവം നിറഞ്ഞവളായും, കൂടുതല്‍ ആത്മവിശ്വാസം ഉള്ളവളായും മറിയം വളരുന്നു. തന്നോടും തന്‍റെ ജനത്തോടും ദൈവം കാണിച്ച കാരണ്യത്തിനും, ആ ജനത്തിനും തനിക്കും അവിടുന്ന് തുറന്നുതന്നിട്ടുള്ള രക്ഷയുടെ മാര്‍ഗ്ഗത്തിനും അവള്‍ ദൈവത്തെ സ്തുതിച്ച്, നന്ദിപറയുന്നു. അങ്ങനെ മനുഷ്യജീവിതത്തിന്‍റെ കേന്ദ്രം വിശ്വാസമാണെന്നും,  ദൈവികകാരുണ്യം മനുഷ്യജീവിതത്തിന്‍റെ ചാലകശക്തിയാവാണമെന്നും ഈ ഗീതം സകലരെയും, മാനവകുലം മുഴുവനെയും പഠിപ്പിക്കുന്നു.

5. യുവജനങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ദൈവികശക്തി

യുവതീയുവാക്കളുടെ ഹൃദയങ്ങളെ ദൈവം സ്പര്‍ശിച്ചാല്‍ അവര്‍ നല്ലകാര്യങ്ങളും, മഹത്തായ കാര്യങ്ങളും ചെയ്യാന്‍ മറിയത്തെപ്പോലെ കെല്പുള്ളവരായിത്തീരും. മനുഷ്യജീവിതം ഈ ഭൂമിയിലെ വെറുമൊരു ചുറ്റിത്തിരിയലല്ല,  മറിച്ച് അനുദിന ജീവിതത്തിന്‍റെ അനിശ്ചിതത്ത്വങ്ങള്‍ക്കും യാതനകള്‍ക്കുമിടയില്‍ ദൈവത്തില്‍ ആശ്രയിച്ചും, ശരണപ്പെട്ടുമുള്ളൊരു ജീവിതമാണ്.  യുവജനങ്ങള്‍ ചിന്തിച്ചേക്കാം, ദൈവമേ... ഞാനൊരു പാപിയാണേ, ഞാന്‍ അയോഗ്യനാണേ..! ഞാന്‍ എന്തുചെയ്യാനാണ്? എന്നാല്‍ ഓര്‍ക്കുക, വിളിക്കുന്ന ദൈവം നമ്മുടെ ബലഹീനതകളില്‍ തപ്പിത്തടയാന്‍ നമ്മെ അനുവദിക്കുന്നില്ല. അല്ലെങ്കില്‍ നമ്മുടെ അതിക്രമങ്ങളെ ഓര്‍ത്തു അവിടുന്നു വേവലാതിപ്പെടുന്നുമില്ല. മറിച്ച്, ഇനിയുള്ള ജീവിതത്തില്‍ നമുക്ക് എന്തുചെയ്യാനാകുമെന്നും, നമ്മളിലെ നന്മയെയും, നന്മചെയ്യാനുള്ള കരുത്തിനെയും കഴിവിനെയുമാണ് അവിടുന്നു കണക്കിലെടുക്കുന്നത്. യുവജനങ്ങളുടെ കുറവുകളല്ല, സ്നേഹവും സ്നേഹിക്കാനുള്ള കരുത്തും, സ്നേഹപ്രവൃത്തികള്‍ക്കുള്ള അവരുടെ ഓജസ്സുമാണ് അവിടുന്നു ഗൗനിക്കുന്നത്.

6. യുവജനങ്ങള്‍ക്ക് നന്മയുടെ പ്രയോക്താക്കളാകാം 

മറിയത്തെപ്പോലെ ചുറ്റുമുള്ള ലോകത്തെ നന്മപൂര്‍ണ്ണമാക്കാന്‍ നമുക്കു പരിശ്രമിക്കാം. യുവജനങ്ങളെ യേശു വിളിക്കുന്നു. അവിടുന്നു വിളിക്കുന്നത് ഇന്നിന്‍റെ ചരിത്രത്തില്‍ സല്‍പ്രവൃത്തികളിലൂടെ നന്മയുടെ മുദ്രപതിപ്പിക്കാനാണ്. എന്നോടു മാത്രമല്ല, എനിക്കു ചുറ്റുമുള്ളവരോടും കൈകോര്‍ത്തുനിന്നുകൊണ്ട് ജീവിതപരിസരങ്ങളില്‍ നന്മയുടെ അലയടി ഉയര്‍ത്താനാണ് അവിടുന്നു നമ്മെ വിളിക്കുന്നത്. യുവജനങ്ങളെ കരുതലോടെ ദൈവം കാക്കുകയും, അവിടുന്ന് അവരെ നയിക്കുകയും ചെയ്യുന്നു. നസ്രത്തിലെ യുവതിയെപ്പോലെ യുവജനങ്ങള്‍ക്ക് അവരുടെ സ്നേഹംകൊണ്ടും സത്യസന്ധമായ ജീവിതംകൊണ്ടും ഇന്നിന്‍റെ സാമൂഹികചുറ്റുപാടില്‍ നന്മയുടെ മുദ്രപതിപ്പിക്കാനും, ജീവിതപരിസരങ്ങളെ മെച്ചപ്പെടുത്താനും സാധിക്കും. ഇന്നത്തെ സമൂഹിക ചുറ്റുപാടുകള്‍ക്ക് യുവജനങ്ങളുടെ സാന്നിദ്ധ്യവും സഹായവും ആവശ്യമാണ്. നാളെയുടെ വാഗ്ദാനങ്ങളാണ് യുവജനങ്ങള്‍! ധീരരും നന്മയുടെ പ്രയോക്താക്കളുമായ യുവജനങ്ങള്‍ക്ക് അവരുടെ ജീവിതബോധ്യവും സ്വപ്നങ്ങളും ആദര്‍ശങ്ങളുംകൊണ്ട് അധഃപതനത്തിന്‍റെ അതിരുകള്‍ തകര്‍ത്ത്, നന്മയുടെയും നീതിയുടെയും പാതയിലൂടെ ഇന്നിന്‍റെ ലോകത്തെ നയിക്കാനും, ക്രൂരതയെ ലഘൂകരിക്കാനും, കൂടുതല്‍ ‍നന്മയുള്ളൊരു ലോകം വാര്‍ത്തെടുക്കാനും സാധിക്കും.

7. യുവജനങ്ങളുടെ  പാലകിയും അമ്മയും

നന്മയുടെയും സ്നേഹത്തിന്‍റെയും പാതയില്‍ ജീവിക്കാന്‍ കന്യകാനാഥ  പ്രചോദനമേകട്ടെ! അമ്മയോടു കൂടുതല്‍ അടുത്തു ജീവിക്കാനും സ്നേഹത്തില്‍ വളരാനും യുവജനങ്ങള്‍ക്കു സാധിക്കട്ടെ! ഇങ്ങനെ പാപ്പാ സന്ദേശത്തില്‍ ആശംസിക്കുന്നു. പരിശുദ്ധ കന്യകാനാഥ സകലരുടെയും അമ്മയാണ്. അമ്മയോടെന്നപോലെ ഈ നാഥയോട് നമുക്ക് സംവദിക്കാം. നമ്മുടെ കുടുംബത്തില്‍നിന്നും മുതിര്‍ന്നവരില്‍നിന്നും സ്വീകരിച്ചിട്ടുള്ള വിശ്വാസജീവിതത്തിന് ഈ അമ്മയ്ക്കൊപ്പം ദൈവത്തിന് നന്ദിയര്‍പ്പിക്കാം. നമ്മെ ശ്രവിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന നല്ലമ്മയാണ് കന്യകാനാഥ. യുവജനങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുകയും അവരുടെ ജീവിതപാതകളില്‍ യേശുവിന്‍റെ അമ്മ മാര്‍ഗ്ഗദീപമായി ചരിക്കുകയും ചെയ്യുന്നു. അങ്ങനെ കന്യകാനാഥയോടു ചേര്‍ന്നു ജീവിക്കുകയും, ചരിക്കുകയും ചെയ്താല്‍ യുവജനങ്ങള്‍ക്ക് വഴിതെറ്റുകയില്ല, അവര്‍ ജീവിതത്തില്‍ ദുഃഖിക്കേണ്ടിവരില്ലെന്നും പാപ്പാ ഉറപ്പുനല്ക്കുന്നു, ഉദ്ബോധിപ്പിക്കുന്നു.

8. യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള സിനഡുസമ്മേളനവും  ലോക യുവജനമേളയും

2018 ഒക്ടോബര്‍ മാസത്തിലാണ് ആഗോളസഭയിലെ മെത്രാന്മാരുടെ സിനഡു സമ്മേളനം വീണ്ടും നടക്കാന്‍ പോകുന്നത്. “യുവജനങ്ങളുടെ വിശ്വാസജീവിതവും ദൈവവിളിയും,” എന്ന വിഷയത്തെ ആധാരമാക്കിയാണ് ഈ സിനഡുസമ്മേളനം. യുവജനങ്ങള്‍ ഇന്ന് എപ്രകാരമാണ് അവരുടെ ജീവിതം നയിക്കുന്നതും, ജീവിതവെല്ലുവിളികളെ നേരിടുന്നതും എന്നെല്ലാമായിരിക്കും സിനഡുസമ്മേളനം വിലയിരുത്തുന്നത്. യുവജനങ്ങള്‍ എപ്രകാരം വ്യക്തിഗത വിളിയിലൂടെയും വിവേചനത്തിലൂടെയും അവരുടെ ജീവിതപദ്ധതി ക്രമപ്പെടുത്തുന്നു, രൂപീകരിക്കുന്നു. 

അത് സാധാരണ ലൗകിക ചുറ്റുപാടുകളിലേയ്ക്കോ, സാങ്കേതിക വൈദഗ്ദ്ധ്യങ്ങളുടെ നേട്ടങ്ങളുമുള്ള ജീവിതം വൈവാഹിക-കുടുംബ, പൗരോഹിത്യ വിളിയിലേയ്ക്കോ, സന്ന്യാസ സമര്‍പ്പണത്തിലേയ്ക്കോ ആകാമെന്നും പഠിപ്പിക്കുന്നു. അതിനാല്‍ 2017-ലെ ലോകയുവജന ദിനാചരണവും, വിവിധ ഘട്ടങ്ങളിലൂടെ 2018-ല്‍ നടക്കുവാന്‍ പോകുന്ന യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള സിനഡു സമ്മേളനവും, പിന്നെ 2019-ല്‍ മദ്ധ്യമേരിക്കയിലെ പനാമയില്‍ സംഗമിക്കുന്ന ലോക യുവജന മാമാങ്കവും പടിപടിയായി നന്മയുടെ സാമൂഹീക ലക്ഷ്യങ്ങളിലേയ്ക്ക് കൈകോര്‍ത്തു നീങ്ങണമെന്നാണ് പാപ്പാ ഫ്രാന്‍സിസ് ആഗ്രഹിക്കുന്നത്.

യുവജനങ്ങള്‍ക്ക് ഗതകാലവുമായി - കടന്നുപോയ കാലവും തലമുറകളുമായി ബന്ധമില്ലെന്നു ചിന്തിക്കരുത്. വ്യക്തിഗത ചരിത്രത്തിന് കാലാതീതമായൊരു സാമൂഹ്യമാനമുണ്ട്. അത് യുവജനങ്ങളെ സംബന്ധിച്ച്, അല്ലെങ്കില്‍ ഇളയതലമുറയെ സംബന്ധിച്ച് അവരുടെ കാലഘട്ടത്തിനു മുന്‍പുള്ളതും, മുന്‍തലമുറയുമായി ബന്ധപ്പട്ടതുമാണ്. ജീവിതത്തോണിയില്‍ തിരമാലകള്‍ ആഞ്ഞടിക്കുമ്പോഴും, ജീവിതം ക്ലേശപൂര്‍ണ്ണമാകുമ്പോഴും, ദൈവത്തിന്‍റെ അദൃശ്യമായ കരങ്ങള്‍ നമ്മെ താങ്ങുകയും തുണയ്ക്കുകയും ചെയ്യുന്നു. കടന്നുപോകുന്ന ഒരു താല്‍ക്കാലിക സമൂഹമല്ല സഭ. കടുന്നുപോകയോ, ചിതറിപ്പോകയോ ചെയ്യുന്നൊരു ആള്‍ക്കൂട്ടവുമല്ലത്. മറിച്ച് ചരിത്രവും പാരമ്പര്യവുമുള്ള വിശ്വാസക്കൂട്ടായ്മയാണത്, സമൂഹമാണത്. പുരാതനപാരമ്പര്യങ്ങള്‍ കൈമുതലും അവകാശവുമായുള്ള സമൂഹം.... തലമുറകളായി അവ കൈമാറുകയും, പകര്‍ന്നുനല്‍കുകയും ചെയ്യുന്ന സമൂഹം...!

9. പനാമവരെ നീളുന്ന യുവജനമേളയുടെ ചരിത്രം

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ആഗോള യുവജനദിനാഘോഷത്തിന്‍റെ ഉപജ്ഞാതാവും മദ്ധ്യസ്ഥനും.1985-ല്‍ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ആഗോള യുവജനദിനത്തിന്‍റെ ചുവടുപിടിച്ച് വത്തിക്കാനില്‍ ഹോസാനാ ഞായര്‍ ദിനത്തില്‍ പാപ്പാ പ്രത്യേകമായി യുവജനങ്ങളെ ക്ഷണിച്ചിരുന്നു. അന്ന് റോമിലെ യുവജനങ്ങള്‍ കാഴ്ചവച്ച അവരുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന സാന്നിദ്ധ്യവും പരിപാടികളും പാപ്പായെ ആശ്ചര്യപ്പെടുത്തി. യുവജനങ്ങള്‍ എത്രത്തോളം സമകാലീന ലോകത്തിന് ശക്തിയും പ്രചോദനവും പകരാന്‍ പോരുന്നവരാണ്, എന്ന ചിന്തയാല്‍ നിറഞ്ഞ് പുണ്യശ്ലോകനായ പാപ്പാ 1986-ല്‍ പ്രഥമ ലോക യുവജന സംഗമം വത്തിക്കാനില്‍ വിളിച്ചുകൂട്ടി.  തുടര്‍ന്ന് ഓരോ വര്‍ഷവും ആഗോളസഭയില്‍ യുവജനദിനം ആചരിക്കുവാന്‍ തുടങ്ങി. മാത്രമല്ല, ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും വിവിധ രാജ്യങ്ങളിലായി ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലായി ആഗോളതലത്തില്‍ യുവജനങ്ങള്‍ സംഗമിക്കുന്ന രാജ്യാന്തര മേളയ്ക്കു തുടക്കമിട്ടു. അതില്‍ പാപ്പാ പങ്കെടുക്കുന്നതും പതിവായി. മേളിയില്‍ പാപ്പായുടെ സാന്നിദ്ധ്യം യുവജനങ്ങള്‍ക്ക് ഹരവുമായിത്തീര്‍ന്നു.

1986-ല്‍ റോമില്‍ പ്രഥമ ലോക യുവജനസംഗമം അരങ്ങേറി.

1987 – അര്‍ജന്‍റീനായിലെ ബ്യൂനസ് ഐരസില്‍

1989  - സ്പെയിനിലെ സാന്തിയോഗോ കൊമ്പസ്തേലയില്‍

1991 - പോളണ്ടിലെ സെസ്റ്റാച്ചോവയില്‍

1993 - അമേരിക്കയിലെ ഡെന്‍വറില്‍

1995 - ഫിലീപ്പീന്‍സിലെ മനിലാനില്‍

1997 - ഫ്രാന്‍സിലെ പാരീസില്‍

2000 - ജൂബിലി വര്‍ഷത്തില്‍ വീണ്ടും വത്തിക്കാനില്‍

2002 - കാനഡയിലെ ടൊറോന്‍റോയില്‍

2005 - ജര്‍മ്മനിയിലെ കൊളോണില്‍

2008  - ഓസ്ട്രേലിയായിലെ സിഡ്നിയില്‍

2011 - സ്പെയിനിലെ മാഡ്രിഡില്‍

2013  - ബ്രസീലിലെ റിയോ ദി ജന്നായിയോ

2016 – പോളണ്ടിലെ ക്രാക്കോയില്‍...

ഓരോ മേള കഴിയുമ്പോഴും അടുത്തു മേളയ്ക്കുള്ള വേദിയും ആപ്തവാക്യവും പാപ്പാതന്നെയാണ് പ്രഖ്യാപിക്കുന്നത്. ക്രാക്കോ യുവജന മേളയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് അറിയിച്ചു.  ‘2019-ല്‍ അടുത്ത ആഗോള യുവജന സംഗമം മദ്ധ്യമേരിക്കന്‍ രാജ്യമായ പാനാമയില്‍ ആഘോഷിക്കും. ഇതാ, കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വചനംപോലെ എന്നില്‍ നിറവേറട്ടെ!” എന്ന മേരിയന്‍ പ്രമേയമാണ് പനാമയിലെ‍ യുവജനസംഗമത്തിന് പാപ്പാ ഫ്രാന്‍സിസ് നല്കിയത്.

10. യുവജനങ്ങള്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് രചിച്ച പ്രാര്‍ത്ഥന

ദൈവികകാരുണ്യത്തില്‍ ആശ്രയിച്ചുകൊണ്ട് ലോകനന്മയ്ക്കായി യുവജനങ്ങള്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് രചിച്ച ഹ്രസ്വപ്രാര്‍ത്ഥന ഇവിടെ ഉരുവിട്ടുകൊണ്ട് ഈ ചിന്താമലരുകള്‍ കന്യകാനാഥയ്ക്കു സമര്‍പ്പിക്കാം.

ദൈവമേ, കാരുണ്യവാനായ പിതാവേ, ഞങ്ങളോടുള്ള അങ്ങേ അതിരറ്റ സ്നേഹം ക്രിസ്തുവില്‍ പ്രകടമാക്കുക മാത്രമല്ല,  ആശ്വാസദാതാവായ പരിശുദ്ധാത്മാവിലൂടെ അത് സമൃദ്ധമായി ഞങ്ങളില്‍ വര്‍ഷിക്കുകയും ചെയ്തുവല്ലോ. ഈ ലോകത്തെ ഓരോ സ്ത്രീയുടെയും പുരുഷന്‍റെയും ഭാവിയും ഭാഗധേയവും ഞങ്ങള്‍ ഇന്ന് അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. വിവിധ നാട്ടുകാരും ഭാഷക്കാരും സംസ്ക്കാരങ്ങളില്‍പ്പെട്ടവരുമായ യുവജനങ്ങളെ ഞങ്ങള്‍ അങ്ങേ സംരക്ഷണയ്ക്ക് സമര്‍പ്പിക്കുന്നു. ഇന്നത്തെ ലോകത്തിന്‍റെ കെട്ടുപിണഞ്ഞ സാമൂഹ്യാന്തരീക്ഷത്തില്‍ യുവജനങ്ങളെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ. പനാമാ സംഗമത്തില്‍നിന്നും നന്മയുടെ ഫലങ്ങള്‍ സമൃദ്ധമായി കൊയ്തെടുക്കുവാന്‍ യുവജനങ്ങളെ യോഗ്യരാക്കണമേ.

സ്വര്‍ഗ്ഗീയപിതാവേ, ഞങ്ങള്‍ അങ്ങേ ദൈവികകാരുണ്യത്തിന്‍റെ സാക്ഷികളാവട്ടെ. സംശയാലുക്കളുടെ ശങ്ക അകറ്റുവാനും, നിരാശരായവര്‍ക്ക് പ്രത്യാശ പകരുവാനും, വിഘടിച്ചു നില്ക്കുന്നവരെ സ്നേഹിക്കുവാനും, പാപികളായവര്‍ക്ക് മാപ്പുനല്കുവാനും, ദുഃഖാര്‍ത്ഥരായവര്‍ക്ക് സന്തോഷം പകര്‍ന്നുകൊടുക്കുവാനും ഞങ്ങളെ അങ്ങു പ്രാപ്തരാക്കണമേ. അങ്ങേ കാരുണ്യത്തിന്‍റെ സ്നേഹാഗ്നി ഞങ്ങള്‍ക്കു ചുറ്റും, ഞങ്ങളിലും ഹൃദയ പരിവര്‍ത്തനത്തിന്‍റെയും മാനസാന്തരത്തിന്‍റെയും ജ്വാല തെളിയിച്ച് ഞങ്ങളുടെ ജീവിതങ്ങളുടെയും ഈ ലോകത്തിന്‍റെയും മുഖം അങ്ങ് നവീകരിക്കണമേ. കാരുണ്യത്തിന്‍റെ അമ്മയായ പരിശുദ്ധ കന്യകാനാഥേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. യുവജനസംഗമത്തിന്‍റെ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായേ, ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ.

ആമേന്‍.

 








All the contents on this site are copyrighted ©.