2017-04-08 13:23:00

സിറിയയ്ക്കു വേണ്ടി പ്രാര്‍ത്ഥനയും ഉപവാസവും


നിഷ്ഠൂരാക്രമണങ്ങളുടെ  വേദിയായി മാറിയിരിക്കുന്ന സിറിയയ്ക്കുവേണ്ടി പെസഹാത്രിദിനത്തിന്‍റെ തലേന്ന്, ബുധനാഴ്ച (12/04/17) പ്രാര്‍ത്ഥനാ-ഉപവാസ ദിനം ആചരിക്കപ്പെടും.

കത്തോലിക്കാ അന്താരാഷ്ട്ര സമാധാന സംഘടനായ “പാക്സ് ക്രിസ്തി”യുടെയും അന്താരാഷ്ട്ര കത്തോലിക്കാ ഉപവിപ്രവര്‍ത്തന സംഘടനയായ കാരിത്താസിന്‍റെ  ഇറ്റാലിയന്‍ ഘടകത്തിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ ദിനാചരണം.

നിരപരാധികളായ അനേകരുടെ പീഢാസഹനങ്ങളും കുരിശും ക്രിസ്തുവിന്‍റെ  പിഢാനുഭവത്തിന്‍റെ രഹസ്യത്തിലും പെസഹായുടെ പ്രത്യാശയിലും ജീവിക്കാന്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നതിനാണ് ഈ പ്രാര്‍ത്ഥനാ-ഉപവാസദിനാചരണം പെസഹാത്രിദിനത്തിന്‍റെ തലേന്ന് നടത്തുന്നതെന്ന് ഇതെക്കുറിച്ചുള്ള പത്രക്കുറിപ്പില്‍  ഈ സംഘടനകള്‍ വ്യക്തമാക്കുന്നു.

ഏതൊരു യുദ്ധവും കുറ്റകൃത്യമാണെന്നും, അത്, ബുദ്ധിശൂന്യതയും നരകുലത്തിന്‍റെ  ആത്മഹത്യയും തിരിച്ചുകയറാനാകാത്ത സാഹസികതയും ആണെന്നും, സിറിയയില്‍ അരങ്ങേറുന്ന സായുധാക്രമണങ്ങളെയും രക്തച്ചൊരിച്ചിലുകളെയും സൂചിപ്പിച്ചുകൊണ്ട് പാക്സ് ക്രിസ്തിയും കാരിത്താസ് സംഘടനയും പറയുന്നു.

സായുധാക്രമ​ണമെന്ന ഭ്രാന്തമായ പ്രവര്‍ത്തനത്തിനറുതിവരുത്തുന്നതിന് നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിക്കാന്‍ ഈ സംഘനകള്‍ ഉത്തരവാദിത്വമുള്ള സകലരേയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.