2017-04-07 16:31:00

പോപ്പുളോരും പ്രോഗ്രെസ്സിയോയുടെ 50 വര്‍ഷങ്ങള്‍


പോപ്പുളോരും പ്രോഗെസ്സിയോ, ''ജനതകളുടെ പുരോഗതി'' എന്ന ചാക്രികലേഖനത്തിന്‍റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സമഗ്രമാനവ വികസനത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റ് സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഗ്രസിന് ഫ്രാന്‍സീസ് പാപ്പാ, കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ എന്നിവര്‍ നല്‍കിയ സന്ദേശങ്ങളുടെ സംഗ്രഹം.  സമ്മേളനത്തെക്കുറിച്ചും പോപ്പുളോരും പ്രോഗെസ്സിയോ എന്ന ചാക്രികലേഖനത്തെ ക്കുറിച്ചും ചുരുക്കമായി പ്രതിപാദിച്ചുകൊണ്ട് സന്ദേശങ്ങളിലേക്കു കടക്കാം.

ആമുഖം

ഏപ്രില്‍ 3-4 തീയതികളിലായി നടന്ന ഈ സമ്മേളനത്തിന്‍റെ പ്രമേയം, ''സമഗ്രമാനവവികസന ത്തിനായുള്ള ശുശ്രൂഷയെക്കുറിച്ചുള്ള ശോഭനപ്രതീക്ഷകള്‍: പോപ്പുളോരും പ്രോഗെസ്സിയോയുടെ 50 വര്‍ഷങ്ങള്‍'' എന്നതായിരുന്നു. ഈ ഡിപ്പാര്‍ട്ടുമെന്‍റില്‍ ഉള്‍പ്പെടുന്ന വിവിധ പൊന്തിഫിക്കല്‍ കൗണ്‍സി ലുകളുടെ - അതായത്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കൗണ്‍സില്‍, അഭയാര്‍ഥിക ളുടെയും കുടിയേറ്റക്കാരുടെയും അജപാലന ശ്രദ്ധയ്ക്കുവേണ്ടിയുള്ള കൗണ്‍സില്‍, ആരോഗ്യരംഗത്തെ അജപാലന ശ്രദ്ധയ്ക്കുവേണ്ടിയുള്ള കൗണ്‍സില്‍, കോര്‍ ഊനും എന്നിവയിലെ – അംഗങ്ങളോടൊപ്പം മെത്രാന്‍സമിതികളുടെയും അവയുടെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷനുക ളുടെയും പ്രതിനിധികള്‍, അന്താരാഷ്ട്ര കത്തോലിക്കാ ഉപവിസംഘടനകളുടെ പ്രതിനിധികള്‍ മുതലായ വരാണ് പങ്കെടുത്തത്.

സമഗ്രമാനവവികസനത്തിനുവേണ്ടിയുള്ള ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സന്‍റെ ആമുഖപ്രഭാഷണത്തോടെ ആരംഭിക്കുകയും വിവിധ മേഖലകളില്‍ പ്രഗത്ഭരായവരുടെ പ്രബന്ധാവതരണങ്ങളാല്‍ സമ്പന്നമാക്കപ്പെടുകയും ചെയ്ത ഈ സമ്മേളനത്തിന്, ഏറ്റം ബലഹീനരാ യവര്‍ക്കു വേണ്ടിയുള്ള സഭയുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ എന്നതിന്‍റെ സാക്ഷിവിവര ണങ്ങള്‍ പ്രായോഗികമാനം നല്‍കി.

പോപ്പുളോരും പ്രോഗെസ്സിയോ

വാഴ്ത്തപ്പെട്ട പോള്‍ആറാമന്‍പാപ്പാ 1967 മാര്‍ച്ച് 26-നു പുറപ്പെടുവിച്ച ചാക്രികലേഖനമാണ് പോപ്പുളോരും പ്രോഗെസ്സിയോ.  പോപ്പുളോരും, പ്രോഗെസ്സിയോ എന്നീ രണ്ടു ലത്തീന്‍ വാക്കുകളോടെ ആരംഭിക്കുന്നതിനാല്‍ ഈ വാക്കുകള്‍ രേഖയുടെ പേരായിത്തീര്‍ന്നു. ജനതകളുടെ പുരോഗതി എന്നു മലയാളപരിഭാഷ. നിയതാര്‍ഥത്തില്‍, സഭയുടെ ആദ്യത്തെ സാമൂഹികപ്രബോധനമെന്നു വിളിക്കപ്പെടുന്ന ലെയോ പതിമൂന്നാമന്‍ പാപ്പായുടെ റേരും നൊവാരും  എന്ന 1891-ലെ  ചാക്രികലേഖനത്തിന്‍റെ പാരമ്പര്യത്തില്‍ എഴുതപ്പെട്ട ഇന്നു വരെയുള്ള 14 സുപ്രധാന സാമൂഹികപ്രബോധനങ്ങളില്‍ സവിശേഷശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ് ഈ ചാക്രികലേഖനം.

സമ്പന്നരാഷ്ട്രങ്ങളും ദരിദ്രരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രധാന പ്രമേയമാണ്. കാലഘട്ടത്തിന്‍റെ അടയാളങ്ങളെ വായിച്ചുകൊണ്ട്, ‘സാമൂഹികപ്രശ്നം സാര്‍വത്രിക മായിരിക്കുന്നു’വെന്ന് പാപ്പാ ഈ രേഖയില്‍ സൂചിപ്പിക്കുന്നു.  മാത്രമല്ല, എല്ലാ ജനതകളുടെയും പുരോഗതിയില്‍ സഭ എന്നും ബദ്ധശ്രദ്ധയാണെന്ന വസ്തുത ഓര്‍മിപ്പിച്ചുകൊണ്ട്, രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാമ്പത്തികാസമത്വത്തിന്‍റെ കാരണങ്ങള്‍ അപഗ്രഥിക്കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതിനു പോള്‍ ആറാമന്‍ പാപ്പാ പ്രത്യേകമായ ശ്രദ്ധ നല്‍കിയിട്ടുമുണ്ട്.

ആമുഖത്തിനു ശേഷം രണ്ടുഭാഗങ്ങളായിട്ടാണ് രേഖ ക്രമീകരിച്ചിരിക്കുന്നത്. ആമുഖത്തില്‍ മാ നവവികസനത്തെ സംബന്ധിച്ചു സഭയ്‍ക്കുള്ള ഔല്‍സുക്യം തന്‍റെ മുന്‍ഗാമികളായ മാര്‍പ്പാപ്പാമാരുടെ സാമൂഹികപ്രബോധനങ്ങളുടെ വെളിച്ചത്തില്‍ അവതരിപ്പിക്കുന്ന പാപ്പാ ''രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെത്തുടര്‍ന്ന് സുവിശേഷം ആവശ്യപ്പെടുന്ന കര്‍ത്തവ്യങ്ങളെക്കുറിച്ച് സഭയ്ക്കു നവീകൃതമായ ബോധ്യമുണ്ടായിട്ടുണ്ട്'' (No 1) എന്നേറ്റുപറയുന്നു.

ഒന്നാംഭാഗം ''മനുഷ്യന്‍റെ സമ്പൂര്‍ണവികസനത്തിന്'' എന്ന ശീര്‍ഷകത്തോടെ, ആദ്യം ആനുകാലികപ്രശ്നങ്ങളെ വിലയിരുത്തുന്നു. ഇവിടെ മനുഷ്യന്‍റെ അഭിലാഷങ്ങളും അടിസ്ഥാനാവശ്യങ്ങളും അവകാശങ്ങളും വിവരിക്കുന്ന പാപ്പാ കോളനിവാഴ്ചയുടെ ഗുണദോഷവിചാരവും നടത്തുന്നുണ്ട്. സഭയും വികസനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രതിപാദിക്കുമ്പോള്‍, മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും വികസനത്തെപ്പറ്റിയുള്ള ക്രൈസ്തവകാഴ്ചപ്പാടും വ്യക്തമാക്കുന്നുണ്ട്. പാപ്പാ പറയുന്നു: ''മനുഷ്യരുടെ ഏറ്റവും ഉത്‍കൃഷ്ടങ്ങളായ അഭിനിവേശങ്ങളില്‍ അവള്‍ പങ്കുകൊള്ളുന്നു. അവ സഫലമാകുന്നില്ലെന്നു കാണുമ്പോള്‍ അവള്‍ ദുഃഖിക്കുന്നു.  അവയുടെ പൂര്‍ണസാഫല്യം നേടാന്‍ മനുഷ്യരെ അവള്‍ സഹായിക്കുന്നു'' (No. 13). മാനവവികസനം, പാപ്പാ പറയുന്നു: അത് അവികലമായിരിക്കണം, പൂര്‍ണമായിരിക്കണം. അതായത്, മനുഷ്യവ്യക്തി മുഴുവന്‍റെയും നന്മയെ അതു വളര്‍ത്ത ണം. ഓരോ ജീവിതവും ദൈവവിളിയാണ്, അതിനാല്‍ സ്രഷ്ടാവ് ഒരു ജീവിതത്തിനു നിശ്ചയിച്ചിരി ക്കുന്ന ലക്ഷ്യത്തിലേക്കു എത്തുന്ന വിധത്തിലായിരിക്കണം (No.14, 15).  ഇവിടെ വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വത്തെ സൂചിപ്പിച്ചുകൊണ്ട്, വ്യവസായവത്‍ക്കരണത്തെക്കുറിച്ചും മുതലാളിത്തത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും സഭയുടെ കാഴ്ചപ്പാടുകള്‍ നിരത്തുന്നു.

രണ്ടാം ഭാഗത്ത്, ''മനുഷ്യകുലത്തിന്‍റെ വികസനം ദൃഢൈക്യത്തിന്‍റെ ചൈതന്യത്തില്‍'' എന്ന ശീര്‍ഷകത്തില്‍, ജനതകളുടെ സാഹോദര്യത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍, ‘‘സമ്പന്നരാഷ്ട്രങ്ങളുടെ ആവശ്യത്തില്‍ കവിഞ്ഞുള്ള വസ്തുക്കള്‍ ദരിദ്രരാഷ്ട്രങ്ങളുടെ സേവനത്തിനായി നല്‍കണമെന്നു നാം ആവര്‍ത്തിച്ചു പറയുന്നു’’ എന്നു ശക്തിയുക്തം പ്രഖ്യാപിക്കുന്നു.  സമാധാനത്തെയും വികസനത്തെയും ബന്ധിപ്പിച്ചുകൊണ്ട് ചാക്രികലേഖനം ഉദ്ബോധിപ്പിക്കുന്നതിതാണ്: ‘‘സമാധാനത്തിന്‍റെ പുതിയ പേരാണ് വികസനം’’ (No 87).

സമഗ്രമാനവവികസനത്തിന്‍റെ പാത സമാധാനത്തിന്‍റേത്: ഫ്രാന്‍സീസ് പാപ്പാ

പോപ്പുളോരും പ്രോഗ്രെസ്സിയോ (ജനതകളുടെ പുരോഗതി) യുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധി ച്ചു ന‌‌ടന്ന അന്താരാഷ്ട്ര കോണ്‍ഗ്രസിനു ഫ്രാന്‍സീസ് പാപ്പാ നല്‍കിയ സന്ദേശം മാനവവികസനത്തിന്‍റെ സമഗ്രത ഊന്നിപ്പറഞ്ഞുകൊണ്ടുള്ളതായിരുന്നു. ‘പ്രിയ സഹോദരീസഹോദരന്മാരെ’ എന്ന അഭിസംബോധനയോടെ ആരം ഭിച്ച സന്ദേശം, സമഗ്രമാനവവികസനത്തിനുവേണ്ടി പ്രതിബദ്ധമായിരിക്കുന്ന പുതിയ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ അടിസ്ഥാനദിശയായിരുന്നത് പോള്‍ ആറാമന്‍ പാപ്പായുടെ (Integrate) 'സമുദ്ഗ്രഥിക്കുക' എന്ന ക്രിയാപദമായിരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടാണാരംഭിക്കുന്നത്. തുടര്‍ന്ന് സമുദ്ഗ്രഥിക്കുക എന്നതി ന്‍റെ വിശദമായ അര്‍ഥതലങ്ങളിലേക്കു പാപ്പാ പ്രവേശിച്ചു.

ഉദ്ഗ്രഥനത്തില്‍ ഭൂമിയിലെ വ്യത്യസ്ത ജനതകളുമായി നാം ഐക്യദാര്‍ഢ്യത്തിലാകുകയാണ്. നാടകീയമായരീതിയില്‍ വിഭവങ്ങളുടെ ആധിക്യമുള്ളവരും ഒന്നുമില്ലാത്തവരും ഉണ്ട്.  സമുദ്ഗ്രഥനത്തിന്‍റെ പാതയിലാണ് ജനതകളുടെ പ്രത്യാശയുടെയും സമാധാനത്തിന്‍റെയും ഭാവി. ഇവിടെ സാമൂഹികമായ സമുദ്രഥനത്തിനുള്ള വിവിധ മാതൃകകള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്.  ഓരോരുത്തരും സമൂഹത്തിന്‍റെ സാകല്യതയ്ക്കു സംഭാവന നല്‍കേണ്ടതുണ്ട്. പൊതുനന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യക്തികള്‍ ഒഴിവാക്കപ്പെടരുത്. 

സമഗ്രമായ ഉദ്ഗ്രഥനപ്രക്രിയയില്‍ വ്യത്യസ്തങ്ങളായ വ്യവസ്ഥകള്‍, സമ്പത്ത്, തൊഴില്‍, സംസ്ക്കാരം, കുടുംബജീവിതം, മതം എന്നിവയെല്ലാം ഉള്‍ച്ചേര്‍ക്കപ്പെടേണ്ടതുണ്ട്.  അവസാനമായി  ആത്മാവും ശരീരവും സമഗ്രതയില്‍ വീക്ഷിക്കപ്പെടണം, എന്നു പറഞ്ഞുകൊണ്ട് പാപ്പാ പോപ്പുളോരും പ്രോഗ്രെസ്സിയോ പതിനാലാം ഖണ്‍ഡികയില്‍ നിന്നുദ്ധരിച്ചു:

‘‘വികസനം സാമ്പത്തിക വളര്‍ച്ചയില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ സാധ്യമല്ല. അതു യാഥാര്‍ഥ്യമായിരിക്കണമെങ്കില്‍... മനുഷ്യവ്യക്തി മുഴുവന്‍റെയും നന്മയെ അതു വളര്‍ത്തണം’’.

പോപ്പുളോരും പ്രോഗ്രസിയോ: ഒരു നവ 'സാര്‍വത്രിക മാനവികത'യുടെ രൂപരേഖ                                                                              കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ 

ഏപ്രില്‍ 3, തിങ്കളാഴ്ച, ഈ അന്താരാഷ്ട്രകോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നവര്‍ക്കായി വി. പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമധ്യേ വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ നല്‍കിയ വചനസന്ദേശത്തിന്‍റെ സംഗ്രഹം.

വിവിധ പൊന്തിഫിക്കല്‍ കൗണ്‍സിലുകളെ ഒന്നിപ്പിച്ചുകൊണ്ട് 2017 ജനുവരി ഒന്നുമുതല്‍ പ്രവര്‍ത്തന മാരംഭിച്ച സമഗ്രമാനവവികസന പ്രോത്സാഹനത്തിനായുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റിനെക്കുറിച്ചും ഓരോ വ്യക്തിയുടെയും സമഗ്രവികസനമെന്ന സഭയുടെ ശുശ്രൂഷയെ അനുസ്മരിപ്പിച്ചുകൊണ്ടും ആരംഭിച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു

ഈ പുതിയ വകുപ്പ്, വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ പോപ്പുളോരും പ്രോഗ്രെസിയോ എന്ന സാമൂഹികപ്രബോധനരേഖയുടെ അമ്പതാം വര്‍ഷത്തില്‍ ആരംഭിച്ചത് ഒരു പരിപാലനയായി കണക്കാക്കുകയാണ്. പാപ്പാ ഈ രേഖയ്ക്കു പ്രാരംഭം കുറിച്ചത് 1963-ലാണെങ്കിലും ഇതു പ്രസിദ്ധീകരിക്കപ്പെട്ടത് 1967-ലാണ്.

ഇതില്‍ പോള്‍ ആറാമന്‍ പാപ്പാ, ഒരു നവ 'സാര്‍വത്രിക മാനവികത'യുടെ തത്വങ്ങള്‍ക്കു രൂപരേഖ വരയ്ക്കുന്നുണ്ട്.  ഇവ പിന്‍ഗാമികളായ വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായും ബെനഡിക്ട് പതി നാറാമന്‍ പാപ്പായും തങ്ങളുടെ രേഖകളില്‍ ഉപയോഗിക്കുമ്പോള്‍ ഫ്രാന്‍സീസ്പാപ്പാ തന്‍റെ സന്ദേശ ങ്ങളില്‍ അവ നിരന്തരമായി ആവര്‍ത്തിക്കുന്നു. 

ദൈവം ആല്‍ഫയും ഒമേഗയുമാണ്. ദൈവമാണ്, മാനവവികസനത്തിന്‍റെ ആരംഭവും ലക്ഷ്യവും. അത് അവിടുത്തെ ദാനവുമാണ്.  സുവിശേഷവായനയെ അടിസ്ഥാനമാക്കി, സമൂര്‍ത്തമായ പ്രവര്‍ത്തനപദ്ധതികള്‍ക്കായി എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ട് കര്‍ദിനാള്‍ തുടര്‍ന്നു:

ഉപവിയാണ്, രക്ഷയിലേക്കും സ്വര്‍ഗരാജ്യപ്രവേശനത്തിലേക്കും നയിക്കുന്നത്. പിതാവിനാല്‍ അനുഗ്ര ഹിക്കപ്പെട്ടവരേ വരുവിന്‍... എന്തെന്നാല്‍, എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു. നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു. (മത്താ 25,34-36).

ഈ വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ സമഗ്രമാനവവികസനാര്‍ഥമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വി ജയവും നേര്‍ന്നുകൊണ്ടാണ് കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.