2017-04-06 12:46:00

നാം നമ്മുടെ ചരിത്രത്തെക്കുറിച്ച് ചിന്തിക്കണം- പാപ്പാ


സ്വന്തം ചരിത്രത്തെക്കുറിച്ച്, അതില്‍ അടങ്ങിയിരിക്കുന്ന അനുഗ്രഹങ്ങളെയും ദുരിതങ്ങളെയും പാപങ്ങളെയും, കുറിച്ച് അല്പസമയം ചിന്തിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വ്യാഴാഴ്ച(06/04/17) താന്‍ അര്‍പ്പിച്ച പ്രത്യൂഷപൂജാവേളയില്‍ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പ്രായാധിക്യംമൂലം സന്താനം ഉണ്ടാകില്ല എന്ന മാനുഷികമായ യാഥാര്‍ത്ഥ്യം  നിലനില്‍ക്കെ, അസാധ്യമായത് സാധ്യമാക്കിക്കൊണ്ട്, ദൈവം വൃദ്ധന്‍ അബ്രഹാമിന് നല്കിയ പുത്രനെ അവിടന്നുതന്നെ ബലിയായി ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തെ പരീക്ഷിക്കുന്ന സംഭവം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

നമ്മുടെ ചരിത്രത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമുക്കതില്‍ ഉടമ്പടിയില്‍ വിശ്വസ്തനായ ദൈവത്തിന്‍റെ വിശ്വസ്തത ദര്‍ശിക്കാനാകുമെന്ന് പാപ്പാ പറഞ്ഞു.

ജീവിതത്തിലെ നിരവധിയായ മോശമായ കാര്യങ്ങളുടെ നടുവി‍ല്‍ ദൈവത്തിന്‍റെ  സ്നേഹത്തിന്‍റെ മനോഹാരിത, അവിടത്തെ കാരുണ്യത്തിന്‍റെ സൗഷ്ഠവം, പ്രത്യാശയുടെ സൗന്ദര്യം കണ്ടെത്താന്‍ നമുക്കു സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

നമ്മില്‍ ഓരോ വ്യക്തിയും ഒറ്റയ്ക്കല്ല, മറിച്ച് ഒരു ജനതയാണ് എന്ന് ചരിത്രം നോക്കിയാല്‍ നമുക്കു മനസ്സിലാകും എന്ന് വിശദീകരിച്ച പാപ്പാ സഭ ഒരു ജനമാണെന്നും ദൈവം സ്വപ്നം കണ്ട ഒരു ജനതയാണെന്നും ഉദ്ബോധിപ്പിച്ചു.

 

 








All the contents on this site are copyrighted ©.